“ദൈവത്തിന് ഇടയ്ക്കിടെയുണ്ടാകാറുള്ള മറവി കാരണം സംഭവിച്ച വലിയൊരു പിഴവാണ് എന്റെ ജീവിതമെന്നു തോന്നിയിട്ടുണ്ട്. ചിലപ്പോള്‍ ദൈവത്തിന് ഇക്കാര്യത്തില്‍ എന്തെങ്കിലും കടുത്ത യുക്തിയുണ്ടായേക്കാം. നേരത്തേ സൂചിപ്പിച്ചതു പോലെ, എന്റെ മനസ്സ് കാല്പാദങ്ങളിലാണെന്ന് വീണ്ടും പറയേണ്ടിയിരിക്കുന്നു. സ്വന്തം കാലില്‍ പതിയിരിക്കുന്ന ശാപത്തെ പിടിച്ചു നിര്‍ത്താന്‍ എനിക്കാകില്ല. ഒന്നു വെറുതെ വിട്ടിരുന്നെങ്കില്‍ ഇഷ്ടം പോലെ നടക്കാമായിരുന്നു. ബോധം മറയുന്നതുവരെ നടക്കണമെനിക്ക്. ഈ കാലുകള്‍ ശരിക്കുമെന്നെ എങ്ങോട്ടാണ് നയിക്കുന്നതെന്ന് ഒന്നറിയണമല്ലോ…“
ഇവള്‍ റീമ.
നിലയ്ക്കാത്ത സംഘര്‍ഷങ്ങളിലൂടെ നിരന്തരം കടന്നു പോകുന്ന, എപ്പോഴും പലായനം ചെയ്യാന്‍ വിധിക്കപ്പെട്ട ഒരു ജനതയുടെ പ്രതീകമാണ് വിചിത്രവും സവിശേഷവുമായ മാനസികാവസ്ഥയുള്ള ഈ സിറിയന്‍ പെണ്‍കുട്ടി. സമകാലിക അറബ് സാഹിത്യത്തിലെ ശ്രദ്ധേയ സാന്നിദ്ധ്യമായ സമര്‍ യസ്ബക്കിന്റെ ഏറ്റവും പുതിയ നോവലായ നീലമഷിപ്പേനയിലെ (ദി ബ്ലൂ പെന്‍) കേന്ദ്രകഥാപാത്രം.
നോവലിസ്റ്റ്, ചെറുകഥാകൃത്ത്, മാദ്ധ്യമപ്രവര്‍ത്തക, ചലച്ചിത്ര സംവിധായിക, തിരക്കഥാകൃത്ത്, മനുഷ്യാവകാശ പ്രവര്‍ത്തക എന്നീ നിലകളില്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സജീവപ്രവര്‍ത്തനം നടത്തുന്ന സമര്‍ യസ്ബക് സിറിയന്‍ തുറമുഖനഗരമായ ലത്താക്കിയയ്ക്കടുത്തുള്ള ജബ്‌ല പട്ടണത്തില്‍ 1970 ലാണ് ജനിച്ചത്.
യസ്ബക്കിന്റെ ദി ബ്ലൂ പെന്‍ എന്ന ഏറ്റവും പുതിയ നോവല്‍ നീലമഷിപ്പേന എന്ന പേരില്‍ ഗ്രീന്‍ ബുക്‌സിനു വേണ്ടി അറബിക്കില്‍ നിന്നു നേരിട്ടു പരിഭാഷപ്പെടുത്തിയത് ഡോ എന്‍ ഷംനാദ് ആണ്.
തിശ്‌രീന്‍ സര്‍വ്വകലാശാലയില്‍ പഠനം പൂര്‍ത്തിയാക്കിയ യസ്ബക് 1999 ല്‍ ബാഖ ഖരീഫ് എ കഥാസമാഹാരം പ്രസിദ്ധീകരിച്ചു കൊണ്ട് സാഹിത്യജീവിതം ആരംഭിച്ചു. സമകാലിക സിറിയയിലെ സ്ത്രീകളുടെ ദുരിതകഥകളാവിഷ്‌കരിക്കുന്ന നാലു നോവലുകള്‍ വിപ്ലവത്തിനു മുമ്പു തന്നെ സമര്‍ എഴുതി – ഹെവന്‍ലി ഗേള്‍ (2002), ക്ലേ (2005), സിനമണ്‍ (2008), ഇന്‍ ഹെര്‍ മിറേഴ്‌സ് (2010).
“ഈ യുവതികള്‍ മുസ്ലീങ്ങളാണെങ്കിലും പടിഞ്ഞാറന്‍ ജീവികളാണ്. അവര്‍ക്ക് സിറിയെക്കുറിച്ച് ഒന്നും അറിയില്ല. തോക്കുമേന്തി കുതിരപ്പുറത്തു വരുന്ന അസാമാന്യമായ ലൈംഗികോര്‍ജ്ജമുള്ള അറബിപ്പടയാളിയെ സ്വപ്നം കാണാന്‍ ഈ യുവതികള്‍ക്കിഷ്ടമാണ്. വൈദേശികവും അതിവൈകാരികവുമായ ഈ രതികല്പന വെറും ക്ലീഷേ മാത്രമാണ്.”
ദാരിദ്ര്യവും സാമൂഹിക അസമത്വങ്ങളും ചൂഷണവും ലൈംഗികതയുമായിരുന്നു ഈ നോവലുകളുടെ മുഖ്യപ്രമേയങ്ങള്‍. സങ്കീര്‍ണ്ണ മാനസികാവസ്ഥയുള്ള സ്ത്രീ കഥാപാത്രങ്ങളുടെ സാന്നിദ്ധ്യം ഈ നോവലുകളെ വ്യതിരിക്തമാക്കി.
സിറിയയില്‍ ബാഷര്‍ അല്‍ അസ്സദ് നയിക്കുന്ന മര്‍ദ്ദക ഭരണകൂടത്തിന്റെ കണ്ണിലെ കരടായി മാറിയ സമര്‍ 2011 ല്‍ നാടുവിടാന്‍ നിര്‍ബന്ധിതയായി. പക്ഷേ, കലാപകലുഷിതമായ ജന്മനാട്ടിലെ സഹജീവികളുടെ നിലയ്ക്കാത്ത വിലാപങ്ങള്‍ സമറിനെ നൊമ്പരപ്പെടുത്തിക്കൊണ്ടിരുന്നു. തുര്‍ക്കി അതിര്‍ത്തിയിലൂടെ നുഴഞ്ഞു കയറി പല തവണ അവര്‍ സിറിയയിലെത്തി. അത്തരമൊരു യാത്രയുടെ വിശദവിവരണമാണ് ദി ക്രോസ്സിങ് എന്ന കൃതി. ഒരു ഡോക്യുഫിക്ഷന്‍ പോലെ സചേതനമായ ഈ പുസ്തകത്തെ ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യത്തെ രാഷ്ട്രീയ ക്ലാസ്സിക്’ എന്നാണ് ദി ഒബ്‌സര്‍വര്‍ പത്രം വിശേഷിപ്പിച്ചത്.
യസ്ബക്കിന്റെ ദി ബ്ലൂ പെന്‍ എന്ന ഏറ്റവും പുതിയ നോവല്‍ നീലമഷിപ്പേന എന്ന പേരില്‍ ഗ്രീന്‍ ബുക്‌സിനു വേണ്ടി അറബിക്കില്‍ നിന്നു നേരിട്ടു പരിഭാഷപ്പെടുത്തിയത് ഡോ എന്‍ ഷംനാദ് ആണ്. ലോകമെങ്ങുമുള്ള വായനക്കാരുടെയും നിരൂപകരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ ദി ക്രോസിങ് എന്ന കൃതിയുടെ പരിഭാഷ 2019 ല്‍ വ്രണിത പലായനങ്ങള്‍ എന്ന പേരില്‍ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചു. ഹരിത സാവിത്രിയാണ് പരിഭാഷക.
സിറിയയുടെ കലുഷിതമായ രാഷ്ട്രീയ സാമൂഹ്യാവസ്ഥയെ സൂക്ഷ്മമായി വിശകലനം ചെയ്തുകൊണ്ട് വളരെ വിമര്‍ശനാത്മകമായി യസ്ബക് പലപ്പോഴും സംസാരിച്ചിട്ടുണ്ട്. ഐസിസില്‍ ചേരുന്ന പാശ്ചാത്യ മുസ്ലിം യുവതികളെക്കുറിച്ച് ഒരിക്കല്‍ യസ്ബക് പറഞ്ഞു – “ഇവര്‍ സിറിയന്‍ സ്ത്രീകളുടെ ജീവിതാവസ്ഥ കൂടുതല്‍ക്കൂടുതല്‍ ഭീകരമാക്കുകയാണ്. ഈ യുവതികള്‍ മുസ്ലീങ്ങളാണെങ്കിലും പടിഞ്ഞാറന്‍ ജീവികളാണ്. അവര്‍ക്ക് സിറിയെക്കുറിച്ച് ഒന്നും അറിയില്ല. തോക്കുമേന്തി കുതിരപ്പുറത്തു വരുന്ന അസാമാന്യമായ ലൈംഗികോര്‍ജ്ജമുള്ള അറബിപ്പടയാളിയെ സ്വപ്നം കാണാന്‍ ഈ യുവതികള്‍ക്കിഷ്ടമാണ്. വൈദേശികവും അതിവൈകാരികവുമായ ഈ രതികല്പന വെറും ക്ലീഷേ മാത്രമാണ്. പടിഞ്ഞാറന്‍ നാടുകളിലെ ജീവിതം മടുത്ത ഈ സ്ത്രീകള്‍ക്ക് എങ്ങനെയെങ്കിലും വ്യവസ്ഥിതിയോടു കലഹിക്കണമെന്നു മാത്രമേ താത്പര്യമുള്ളൂ.”
സിറിയയില്‍ ഇപ്പോള്‍ അക്രമസംഭവങ്ങള്‍ ആര്‍ക്കും ഭീഷണിയായി അനുഭവപ്പെടുന്നില്ല. അക്രമങ്ങള്‍ അവിടെ ജീവിതയാഥാര്‍ത്ഥ്യത്തിന്റെ ഭാഗമാണ്. ഐസിസും അമേരിക്കയുമൊക്കെ സിറിയയെ ഒരു പരീക്ഷണശാലയായി ഉപയോഗിക്കുകയാണ്. എങ്ങനെ ഒരു രാഷ്ട്രത്തെ നശിപ്പിക്കാം എന്നതിനെക്കുറിച്ചുള്ള പരീക്ഷണങ്ങള്‍ നടത്താനുള്ള ലബോറട്ടറിയാണ് അവര്‍ക്ക് സിറിയ.
ദി ക്രോസ്സിങ് എന്ന കൃതിയുടെ ഉപസംഹാരമായി യസ്ബക് എഴുതി – ‘ലോകം മുഴുവന്‍ ഐസിസിനെക്കുറിച്ചോര്‍ത്ത് ഭയക്കുന്ന സമയത്ത് അസ്സദിന്റെ വിമാനങ്ങള്‍ ഇദ്‌ലിബിലും ദമാസ്‌കസ്സിലും ഹോംസിലും അലെപ്പോയിലും ജീവിക്കുന്ന സാധാരണ ജനങ്ങള്‍ക്കുമേല്‍ ബോംബുകള്‍ വര്‍ഷിക്കുന്നു. ലോകം മുഴുവന്‍ ഐസിസിന്റെ വിശ്വരൂപം ഒന്നുകൂടി വ്യക്തമാകാന്‍ കാത്തിരിക്കുകയാണ്. ആ സമയത്തുതന്നെ നിരപരാധികളായ ജനങ്ങള്‍ ഭരണകൂടത്തിന്റെ മോര്‍ട്ടാര്‍ ബോംബുകള്‍ക്കും ഇസ്ലാമിക തീവ്രവാദത്തിന്റെ വാളുകള്‍ക്കും ഇരയാവുകയാണ്. അന്താരാഷ്ട്രതലത്തില്‍ കൂടിയാലോചനകള്‍ വളരെ പതുക്കെ നടക്കുന്നുണ്ട്. ആ സമയം കൊണ്ട് രക്തം ചാലുപോലെ ഒഴുകുകയും ലക്ഷക്കണക്കിന് ആളുകള്‍ക്ക് വീട് നഷ്ടപ്പെടുകയും അവര്‍ അഭയാര്‍ത്ഥികളാകുകയും ചെയ്യുന്നു. സിറിയ ഇനി ഒരിക്കലും പഴയതുപോലെയാവില്ല.”
ഇങ്ങനെ അശുഭാപ്തി വിശ്വാസത്തോടെ ഒരിക്കല്‍ എഴുതിയ യസ്ബക് നീലമഷിപ്പേനയിലെ ആഖ്യാതാവായ റീമയിലൂടെ സ്വന്തം ജനതയുടെ ഉയിര്‍ത്തെഴുന്നേല്‍പ് സ്വപ്നം കാണുകയാണോ?
കിഴക്കന്‍ ഗൂതയിലെ ഒരച്ചടിശാലയുടെ ഉപേക്ഷിക്കപ്പെട്ട നിലവറയില്‍ ബന്ധനസ്ഥയായി കിടന്നുകൊണ്ട് കഥ പറയുന്ന റീമ ഒരു പ്രതീകമാണ്. കാരണം കയ്യിലാകെയുള്ള നീലപ്പേനയിലെ മഷി തീരുന്നതു വരെ അവള്‍ എഴുതിക്കൊണ്ടേയിരിക്കും. മഷിക്കൊപ്പം തീരുന്നത് അവളുടെയും സിറിയന്‍ ജനതയുടെയും ജീവിതമാണെങ്കില്‍പ്പോലും…
എപ്പോഴും നടന്നുകൊണ്ടിരിക്കാനാണല്ലോ, അവള്‍ക്കാഗ്രഹം….
ഈ പുസ്തകങ്ങള്‍ വാങ്ങിക്കാന്‍
1. നീലമഷിപ്പേന
https://greenbooksindia.com/novels/neela-mashippena-samar-yazbek
2. വ്രണിത പലായനങ്ങള്‍
https://greenbooksindia.com/world-classics/vranitha-palayanangal-haritha-savithri-samar-yazbek