ലോകചരിത്രത്തിലെ ഏറ്റവും അപകടകാരിയ ഏകാധിപതികളിലൊരാളായിരുന്ന അഡോള്‍ഫ് ഹിറ്റ്‌ലര്‍ ഗത്യന്തരമില്ലാതെ ജീവനൊടുക്കിയത് 1945 ല്‍ ഇതേ ദിവസമാണ്. ഒന്നാം ലോകയുദ്ധത്തില്‍ പരാജയമേറ്റുവാങ്ങിയ ജര്‍മ്മനിയിലാകമാനം പടര്‍ന്നു പിടിച്ച നിരാശയും വിഷാദവും മുതലെടുത്തുകൊണ്ടാണ് ഹിറ്റ്‌ലര്‍ ഒരു രാഷ്ട്രീയ നേതാവായി ഉയര്‍ന്നു വന്നത്. ജര്‍മ്മന്‍ ദേശീയവാദവും ജൂതവിദ്വേഷവും കമ്യൂണിസ്റ്റു വിരോധവുമായിരുന്നു ഹിറ്റ്‌ലര്‍ ഉപയോഗിച്ച പ്രധാന രാഷ്ട്രീയായുധങ്ങള്‍. കമ്യൂണിസം ഒരു ജൂത ഗൂഢാലോചനയുടെ ഭാഗമാണെന്നു പ്രചരിപ്പിക്കാന്‍ ഹിറ്റ്‌ലര്‍ക്കു മടിയുണ്ടായിരുന്നില്ല. 1919 ല്‍ ജര്‍മ്മന്‍ പട്ടാളത്തിലെ ഒരു സാധാരണ അംഗമായിരിക്കെത്തന്നെ ഹിറ്റ്‌ലര്‍ ജൂതരോടും മാര്‍ക്‌സിസ്റ്റുകളോടുമുള്ള ശത്രുത വെളിപ്പെടുത്തുന്ന കത്തുകളും ലഘുലേഖകളും എഴുതിയിരുന്നു. നാത്‌സി പാര്‍ട്ടി രൂപീകരിക്കപ്പെട്ടതിനു ശേഷം പട്ടാളത്തില്‍ നിന്നു വിടുതല്‍ നേടി പൂര്‍ണ്ണ സമയ പാര്‍ട്ടി പ്രവര്‍ത്തകനായി മാറിയ ഹിറ്റ്‌ലര്‍ ജനങ്ങളെ ആവേശം കൊള്ളിക്കുന്ന പ്രസംഗങ്ങളിലൂടെ അതിവേഗം നേതൃസ്ഥാനത്തേയ്ക്കുയര്‍ന്നു. സ്വസ്തിക ചിഹ്നത്തോടു കൂടിയ നാസി പാര്‍ട്ടി പതാക ഹിറ്റ്‌ലറാണ് രൂപകല്പന ചെയ്തത്.
ഫാസിസത്തിന്റെ ബൈബിള്‍ എന്നു വിശേഷിപ്പിക്കാവുന്ന കൃതിയാണിത്. സങ്കീര്‍ണ്ണമായ വര്‍ത്തമാനകാല സാഹചര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മെയ്ന്‍ കാംഫ് നല്‍കുന്ന വെളിപാടുകള്‍ അമ്പരപ്പിക്കുന്നവയാണ്.
1923 നവംബറില്‍, പാളിപ്പോയ ഒരു പട്ടാള അട്ടിമറിയെത്തുടര്‍ന്ന് ജയിലിയായ ഹിറ്റ്‌ലര്‍ എന്റെ പോരാട്ടം (മെയ്ന്‍ കാംഫ്) എന്ന ആത്മകഥയുടെ ആദ്യ വോള്യം എഴുതാനാരംഭിച്ചു. രണ്ടു വോള്യങ്ങളുള്ള ഈ പുസ്തകം ഒരാത്മകഥ എന്നതിനപ്പുറം ഹിറ്റ്‌ലറുടെ രാഷ്ട്രീയ മാനിഫെസ്റ്റോ കൂടിയാണ്. കണ്ണില്‍ച്ചോരയില്ലാത്ത ഒരു ഏകാധിപതിയുടെ വികലമായ മാനസികാവസ്ഥയുടെ വേരുകള്‍ തേടിപ്പോകുന്നവര്‍ക്ക് ഈ പുസ്തകം ഉപകാരപ്പെടും. ഫാസിസം ആഴത്തില്‍ വേരുകളാഴ്ത്തിയിരിക്കുന്ന വര്‍ത്തമാനകാല ലോകസാഹചര്യത്തില്‍ ചരിത്ര വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകമാണിത്.
ഹിറ്റ്‌ലറുടെ ഭ്രാന്തന്‍ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ജര്‍മ്മനിയിലെ ഒരു വിഭാഗം ശാസ്ത്രജ്ഞരും ബുദ്ധിജീവികളും പ്രയത്‌നിച്ചു കൊണ്ടിരുന്നു. എങ്ങനെ ചുരുങ്ങിയ സമയം കൊണ്ട് പരമാവധി മനുഷ്യരെ കൊന്നൊടുക്കാം എന്നതു സംബന്ധിച്ചൊക്കെ ഹിറ്റ്‌ലര്‍ക്കു വേണ്ടി അവര്‍ ഗവേഷണം നടത്തി. കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളും ഗ്യാസ് ചേംബറുകളുമൊക്കെ അത്തരം ഹീന ഗവേഷണങ്ങളുടെ പരിണതഫലങ്ങളായിരുന്നു.
കുലീന രക്തമുള്ളവര്‍ മാത്രം ഭൂമിയില്‍ നിലനിന്നാല്‍ മതി എന്ന ക്രൂരവും മനുഷ്യരഹിതവുമായ പ്രത്യയശാസ്ത്രം ഹിറ്റ്‌ലര്‍ അടിച്ചേല്‍പിച്ചു. കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളില്‍ ലക്ഷക്കണക്കിനു നിരപരാധികള്‍ ഹിറ്റ്‌ലറുടെ വംശവെറിയുടെ ഇരകളായി മരിച്ചു. 1939 സെപ്തംബര്‍ ഒന്നാം തിയതി ജര്‍മ്മനി പോളണ്ടിനെ ആക്രമിച്ചതോടെ ആരംഭിച്ച രണ്ടാം ലോകയുദ്ധം ഹിറ്റ്‌ലര്‍ക്ക് ജൂതജനതയെ കൂട്ടക്കൊല ചെയ്യാനുള്ള കുരുതിക്കളം കൂടിയായിരുന്നു.
1941 ല്‍ സോവിയറ്റ് യൂണിയനിലും യൂറോപ്പിലും അധിനിവേശ പരമ്പരകള്‍ തുടര്‍ന്ന ഹിറ്റ്‌ലര്‍ക്ക് അധികകാലം വിജയങ്ങളാവര്‍ത്തിക്കാനായില്ല. 1945 ല്‍ സഖ്യകക്ഷികള്‍ ജര്‍മ്മന്‍ സൈന്യത്തെ പരാജയപ്പെടുത്തി. ആ വര്‍ഷം ഏപ്രില്‍ 29 ന് സോവിയറ്റ് സൈന്യം ഹിറ്റ്‌ലറുടെ ഒളിത്താവളം വളഞ്ഞു. ആ ദിവസം ഹിറ്റ്‌ലര്‍ തന്റെ കാമുകി ഈവാ ബ്രൗണിനെ വിവാഹം ചെയ്തു. ഏപ്രില്‍ 30 ന് ചെമ്പടയ്ക്കു പിടി കൊടുക്കാതിരിക്കാനായി ഹിറ്റ്‌ലര്‍ ഈവാ ബ്രൗണിനൊപ്പം ആത്മഹത്യ ചെയ്തു. അവരുടെ മൃതദേഹങ്ങള്‍ സോവിയറ്റ് സേന ചുട്ടെരിച്ചു.
ഹിറ്റ്‌ലറും ഈവ ബ്രൗണും
ഹിറ്റ്‌ലര്‍ മരിച്ചിട്ട് എഴുപത്തിയാറു വര്‍ഷം കഴിഞ്ഞു. പക്ഷേ, രണ്ടാം ലോകയുദ്ധത്തിന്റെ മുറിവുകളില്‍ ഇപ്പോഴും ചോര പൊടിയുന്നു.
പുസ്തകങ്ങള്‍ വാങ്ങാന്‍ ലിങ്കുകള്‍ ക്ലിക് ചെയ്യുക
എന്റെ പോരാട്ടം (വിവര്‍ത്തനം കെ പി ബാലചന്ദ്രന്‍)
https://greenbooksindia.com/autobiography/ente-porattom-mein-kampf-adolf-hitler
അഡോള്‍ഫ് ഹിറ്റ്‌ലര്‍ അവസാനദിനങ്ങള്‍ (യോ ആഹിം ഫെസ്റ്റ്)
വിവര്‍ത്തനം: തോമസ് ചക്യത്ത് (ജര്‍മ്മനില്‍ നിന്നു നേരിട്ടുള്ള പരിഭാഷ)
https://greenbooksindia.com/Modern/adolf-hitler-avasanadinangal-joachim-fest