ഉദാത്തമായ സംസ്‌കൃതികള്‍ പേറുന്ന പാരമ്പര്യ ഇടങ്ങളെയും സ്മാരകങ്ങളെയും കാലാതിവര്‍ത്തിയായി സൂക്ഷിക്കുവാന്‍ ആഹ്വാനം ചെയ്താണ് ഏപ്രില്‍ 18 ലോക പൈതൃക ദിനമായി ആചരിക്കാന്‍ യുനെസ്‌കോ 1983 ല്‍ തീരുമാനമെടുത്തത്.
ഇറ്റലിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പൈതൃക ഇടങ്ങള്‍ പട്ടികയിലുള്ളത്. ചൈനയില്‍ നിന്ന് 47 ഉം സ്‌പെയ്‌നില്‍ നിന്ന് 44 ഉം പൈതൃക ഇടങ്ങള്‍. മാനവ സംസ്‌കൃതിയോളം പഴക്കവും പാരമ്പര്യവും അവകാശപ്പെടാന്‍ പോന്ന, അല്ലെങ്കില്‍ മാനവചരിത്രത്തിന്റെ അടയാളപ്പെടുത്തലുകളായ ഈ സംസ്‌കാരിക തനിമകളെ കാത്തുസൂക്ഷിക്കാന്‍ മാനവസമൂഹം എന്നും കടപ്പെട്ടിരിക്കുന്നു. കാരണം പിന്നിട്ടകാലത്തെപ്പറ്റി വരും തലമുറയോട് സംവദിക്കാന്‍ മണ്‍മറയാതെ നില്‍ക്കുന്നത് ഈ പൈതൃകങ്ങള്‍ മാത്രമാണ്.
ലോകത്തില്‍ സംരക്ഷിക്കപ്പെടേണ്ട ഇടങ്ങള്‍ യുണെസ്കോയുടെ ലോക പൈതൃക സമിതിയാണ് കണ്ടെത്തുന്നത്. ഇതുവരെ 142 രാജ്യങ്ങളില്‍ നിന്നുള്ള 851 ഇടങ്ങള്‍ ലോക പൈതൃക പട്ടികയിലുണ്ട്. ഇതില്‍ സംസ്കാര സമ്പന്നമായ ഇന്ത്യയില്‍ നിന്ന് 27 ഇടങ്ങള്‍ക്കും സ്ഥാനമുണ്ട്
ഋഗ്വേദ പുരാണ ലിഖിതങ്ങള്‍, അജന്താ – എല്ലോറ ഗുഹകള്‍, കൊനാര്‍ക്കിലെ സൂര്യ ക്ഷേത്രം, മഹാബലിപുരത്തെ ചരിത്ര സ്മാരകങ്ങള്‍, ഖജരാഹോ, ചോള ക്ഷേത്രങ്ങള്‍, മഹാബോധി ക്ഷേത്ര സമുച്ചയം, സാഞ്ചിയിലെ ബുദ്ധ സ്മാരകങ്ങള്‍, ജന്തര്‍ മന്ദിര്‍, ആസാമിലെ കാസിം രെംഗാ ദേശീയ ഉദ്യാനം, ചെങ്കോട്ട, ചത്രപതി ശിവജി ടെര്‍മിനല്‍, നീലഗിരി, ഡാര്‍ജിലിംഗ്, ഷിംല, തുടങ്ങി മലയോര റെയില്‍വെ പാതകള്‍, പശ്ചിമഘട്ട മലനിരകള്‍ തുടങ്ങിയവ ഭാരതത്തെ പ്രതിനിധീകരിക്കുന്നു.