ഒരു ഗ്രാമീണജീവിതത്തിന്റെ ഉള്‍ത്തുടിപ്പാര്‍ന്ന നോവല്‍.
അപ്പൂപ്പന്‍പ്ലാവിന്റെയും മുത്തശ്ശിമാരുടെയും നാട്ടുനന്മയുടെയും കഥ. കല്യാണിയുടെയും മാധവന്റെയും പ്രണയജീവിതം.
അവരുടെ മക്കളുടെയും പേരമക്കളുടെയും സ്വപ്നങ്ങള്‍.
കഠിനാദ്ധ്വാനത്തിന്റെ നാള്‍വഴികള്‍ താണ്ടി ഉയരങ്ങള്‍ കീഴടക്കി, തങ്ങളുടെ തലമുറയെ പുതുപാഠം പഠിപ്പിച്ചവര്‍. പ്രണയത്തിന്റെയും സാഹോദര്യത്തിന്റെയും കൂട്ടായ്മയുടെയും അദ്ധ്വാനമഹത്വത്തിന്റെയും കഥ പറയുന്ന ഈ രചന, കാലത്തിന്റെ നൈര്‍മ്മല്യത്തെ തോറ്റിയുണര്‍ത്തുന്നു. മാധവന്റെയും കല്യാണിയുടെയും അവരുടെ കുടുംബത്തിന്റെയും ചരിത്രത്തില്‍ നിന്നു തുടങ്ങിയ നോവല്‍, കേരളത്തിന്റെ രണ്ടു കാലഘട്ടത്തെ അടയാളപ്പെടുത്തുന്നു. ഭാഷയുടെ തെളിമയും ബന്ധങ്ങളുടെ ഇഴയടുപ്പവും സൂക്ഷ്മമായി പകര്‍ത്തുന്നതില്‍ എഴുത്തുകാരിയുടെ രചനാവൈഭവം പ്രകടമാണ്. തോല്‍പ്പിക്കാനാവാത്ത ഇച്ഛാശക്തിയുടെ വക്താക്കളായ കല്യാണീമാധവജീവിതം സഫലമായിരുന്നു എന്ന് കാനഡയിലിരുന്ന് കൊച്ചുമകളുടെ ഓര്‍മ്മകളിലൂടെ അനാവരണം ചെയ്യുന്നു. എന്നാല്‍ കല്യാണിയുടെ അന്ത്യത്തില്‍ മക്കള്‍ കൊടുത്ത വിധിയെന്ത് എന്ന ദുഃഖം വായനക്കാരന്റേതുമായി മാറ്റുന്ന മനോഹരമായ എഴുത്ത്. ആകാംക്ഷയോടെ വായിച്ചു പോകാവുന്ന മികവുറ്റ നോവല്‍.

എന്റെ വായനക്കാര്‍ക്ക്,
പ്രശസ്ത എഴുത്തുകാരി Ann Patchett ”The Dutch House” എന്ന നോവലില്‍ പറഞ്ഞ ഒരു വാക്യമുണ്ട്. ”We overlay the present on to the past, we look back through the lens of what we know now. So, we are not seeing it as the people we were, we’re seeing it as the people we are, and that means the past has been radically altered.” ”കഴിഞ്ഞകാലത്തെ ഇന്നത്തെ അവസ്ഥയില്‍നിന്ന് നമ്മള്‍ തിരിഞ്ഞ് നോക്കുമ്പോള്‍, നമ്മളെ നമ്മള്‍ കാണുന്നത് അന്നായിരുന്ന വ്യക്തികള്‍ ആയിട്ടല്ല, ഇന്ന് നമ്മള്‍ ആരാണോ, നമ്മുടെ ചിന്തകളും വിചാരങ്ങളും എങ്ങനെയാണോ, അതിനനുസരിച്ചാവും. അതിനര്‍ത്ഥം നമ്മുടെ ഭൂതകാലം ആത്യന്തികമായി മാറിമറിഞ്ഞിരിക്കുന്നു.”
ജീവിതം വച്ച് നീട്ടിയ പരീക്ഷണങ്ങളുടെ ഫലമായി ഉണ്ടായ പരിവര്‍ത്തനത്തിന്റെ പുതിയ മുഖമാണ് എന്നിലെ എഴുത്തുകാരിക്ക്. ഭൂതകാലം എനിക്ക് എന്നും കയ്പും മധുരവും നിറഞ്ഞ ഓര്‍മ്മകളുടെ കൂടാണ്. മറവി ഒരനുഗ്രഹമാണെന്ന് പറയുമെങ്കിലും ആ അനുഗ്രഹം എനിക്ക് ലഭിച്ചിട്ടില്ല. അതില്‍ ഞാന് ഏറെ സന്തോഷവതിയാണ് താനും. മാറിമറഞ്ഞ ജീവിതരീതികളും ഗ്രാമീണപശ്ചാത്തലവും എന്നും എപ്പോഴും മനസ്സില്‍ നില്‍ക്കുന്ന ഓര്‍മ്മകളാണ്. ഒരു കഥ എഴുതണം എന്ന് ചിന്തിച്ചപ്പോള്‍ എനിക്ക് എഴുതാന്‍ എന്റെ മനസ്സിലുള്ള ഒരു പഴയകാലമേ ഉണ്ടായിരുന്നുള്ളൂ. അത് പകര്‍ത്തുന്നതില്‍ ഞാനനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്. നന്ദി രേഖപ്പെടുത്തുവാന്‍ ഒരുപാട് പേരുണ്ട്. എന്റെ ഒപ്പം നിന്നവര്‍ക്ക്, എന്റെ കൂട്ടുകാര്‍ക്ക്, എന്നെ ഇഷ്ടമുള്ളവര്‍ക്ക്, എന്നെ അറിയാവുന്നവര്‍ക്ക്, എന്റെ എഡിറ്റര്‍ക്ക്, എന്റെ മനസ്സിലുള്ള കഥ ഇന്ന് ഈ രൂപത്തില്‍ നിങ്ങളുടെ കൈയിലിരിക്കുന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഗ്രീന്‍ ബുക്‌സ് കുടുംബത്തിന്, എല്ലാറ്റിനുപരി ഇത് വായിക്കാനായി കൈയിലെടുത്ത എന്റെ വായനക്കാര്‍ക്ക്…
സ്‌നേഹത്തോടെ,
ആശ അഭിലാഷ്