നവമാനവസമൂഹത്തിനുവേണ്ടി എന്തെല്ലാം ചെയ്യണം, അതിന്റെ പ്രായോഗികത എന്ത്, എങ്ങനെ തുടങ്ങിയവയെക്കുറിച്ചുള്ള ഒരു അന്വേഷണമാണിത്. പ്രപഞ്ചത്തിന്റെ പരിണാമം മുതല്‍ ഊര്‍ജ്ജത്തിന്റെയും പരിണാമസിദ്ധാന്തത്തിന്റെയും സചേതനചിന്തയുടെയും ആന്തരികലോകങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന കൃതി. പ്രപഞ്ചം – അടിസ്ഥാന ശാസ്ത്രനിഗമനങ്ങള്‍, ഊജ്ജം, മനുഷ്യന്റെ പരിണാമം, ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന വൈജ്ഞാനിക ഗ്രന്ഥം.
യുക്തിയുടെയും ശാസ്ത്രീയചിന്തയുടെയും പരീക്ഷണനിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ ആധുനിക മനുഷ്യന്‍ ഒട്ടനവധി പ്രപഞ്ചരഹസ്യങ്ങളെ അനാവരണം ചെയ്യുവാന്‍ ശ്രമിച്ചിട്ടുണ്ട്. കുറെയധികം നിഗമനങ്ങളും അഭിപ്രായങ്ങളും ഉരുത്തിരിഞ്ഞ് വന്നിട്ടുമുണ്ട്. എങ്കില്‍പോലും പ്രപഞ്ചത്തെക്കുറിച്ച് വ്യക്തവും കൃത്യവുമായ ഒരു തിയറി ഉരുത്തിരിഞ്ഞ് വന്നിട്ടില്ല. ഒരു പരീക്ഷണശാലയിലും നമുക്ക് പ്രപഞ്ചത്തെ പുനര്‍നിര്‍മ്മിക്കുവാനോ പരീക്ഷണനിരീക്ഷണങ്ങളിലൂടെ അതിന്റെ ഉല്‍പ്പത്തിയും ഇന്നത്തെ രൂപത്തിലേക്കുള്ള പരിണാമവും പഠനവിധേയമാക്കുവാനോ കഴിയില്ല. പ്രപഞ്ചത്തിലെ നിഗൂഢതകളെ പരീക്ഷണങ്ങളിലൂടെമാത്രം കണ്ടെത്താനാകില്ല.
ഏതൊരു വസ്തുവിന്റെയും രൂപീകരണത്തിന്റെ തുടക്കം ഒരു ചിന്ത അല്ലെങ്കില്‍ ആശയമാണ്. മനുഷ്യന്‍ അവന്റെ ബുദ്ധിയും യുക്തിയും ചിന്താശേഷിയുമനുസരിച്ച് ഒരു ആശയം രൂപീകരിക്കുകയും അവയ്ക്ക് രൂപഭാവങ്ങള്‍ നല്‍കുകയും ചെയ്യുമ്പോഴാണ് ഒരു വസ്തു അഥവാ രൂപം ഉണ്ടായിത്തീരുന്നത്.
ഏതൊന്നിന്റെയും അടിസ്ഥാനപരമായ ചിന്തയെ അല്ലെങ്കില്‍ യുക്തിയെ ലോജിക്ക് എന്ന ഇംഗ്ലീഷ് വാക്കിലൂടെ സൂചിപ്പിക്കുന്നു. ഏതൊരു നിര്‍മ്മിതിയെയും രൂപപ്പെടുത്തലുകളെയും മനസ്സിലാക്കുവാനുള്ള ഏറ്റവും ലളിതമാര്‍ഗ്ഗം ആ നിര്‍മ്മിതിക്ക് പിന്നിലുള്ള ലോജിക്ക് മനസ്സിലാക്കുകയാണ്.
ഇന്നു നമ്മള്‍ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന പ്രപഞ്ചത്തെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും അവയുടെ സ്വഭാവസവിശേഷതകളെയും ശാസ്ത്രീയമായും യുക്തിഭദ്രമായും വിലയിരുത്താന്‍ സാധിക്കണം.
അതിലൂടെ പ്രപഞ്ചത്തിന്റെ നിലനില്‍പ്പിനാധാരമായ തത്ത്വശാസ്ത്രം അഥവാ ലോജിക്കിനെ കണ്ടെത്താന്‍ കഴിയും. ഇതിനെ പഠനവിധേയമാക്കിയാല്‍ പ്രപഞ്ചത്തെക്കുറിച്ചുള്ള എല്ലാ നിഗൂഢതകളെയും അനാവരണം ചെയ്യുവാന്‍ നമുക്കു സാധിക്കും. പ്രപഞ്ച ഉല്‍പ്പത്തിയെക്കുറിച്ചും ഇന്നത്തെ രൂപത്തിലേക്കുള്ള അതിന്റെ പരിണാമത്തെക്കുറിച്ചും എല്ലാവര്‍ക്കും മനസ്സിലാകുന്ന ഒരു പൂര്‍ണ്ണമായ തിയറി ഉരുത്തിരിയണം. പ്രപഞ്ചോല്‍പ്പത്തിയേയും അതിന്റെ പരിണാമത്തെയും അപഗ്രഥിക്കുവാനും അതിന്റെ തത്ത്വശാസ്ത്രം മനസ്സിലാക്കുവാനും സഹായിക്കുന്ന രണ്ട് ശാസ്ത്രസത്യങ്ങളുണ്ട്.
ഒന്നാമത്തെ ശാസ്ത്രസത്യം പ്രപഞ്ചത്തില്‍ ഊര്‍ജ്ജം പുതുതായി ഉണ്ടാകുകയോ നശിക്കുകയോ ചെയ്യുന്നില്ല എന്നതാണ്. എന്നാല്‍ ഊര്‍ജ്ജം പ്രപഞ്ചമാകെ നിറഞ്ഞുനില്‍ക്കുന്നു. അതുകൊണ്ട് പ്രപഞ്ചത്തില്‍ നമ്മള്‍ കാണുന്നതും കേള്‍ക്കുന്നതും അനുഭവപ്പെടുന്നതും അറിയുന്നതും എല്ലാം നിലനില്‍ക്കുന്ന ഊര്‍ജ്ജത്തിന്റ വിവിധ രൂപങ്ങളായിരിക്കും (ഊര്‍ജ്ജരൂപങ്ങള്‍).
ഒരു സംഗതി നശിക്കുന്നുമില്ല പുതുതായി ഉണ്ടാകുന്നുമില്ല. എന്നാല്‍ നിലനില്‍ക്കുകയും ചെയ്യുന്നു. ഇതില്‍നിന്ന് പ്രപഞ്ചം എന്നത് നിലനില്‍ക്കുന്ന, നശിക്കുകയോ പുതുതായി ഉണ്ടാകുകയോ ചെയ്യാത്ത ഊര്‍ജ്ജംതന്നെ ആണെന്ന് യുക്തിഭദ്രമായി വിലയിരുത്താം. പ്രപഞ്ചം എന്നത് ഒരു ഊര്‍ജ്ജസഞ്ചലനമാണ്.
രണ്ടാമത്തെ ശാസ്ത്രസത്യം പരിണാമപ്രക്രിയയാണ്. ഭൂമിയിലെ ജൈവവൈവിധ്യം ശാസ്ത്രകാരന്മാരെ എന്നും കുഴക്കിയിരുന്നു. ഒരു പരിണാമപ്രക്രിയയിലൂടെയാണ് ഭൂമിയില്‍ ജൈവവൈവിധ്യം രൂപംകൊണ്ടത് എന്ന് അവര്‍ കണ്ടെത്തി. അത് ശാസ്ത്രീയമായി തെളയിക്കുകയും ചെയ്്തു. ഭൂമിയില്‍ നിലവില്‍ കണ്ടെത്തിയിരിക്കുന്ന ഏറ്റവും ശ്രേഷ്ഠ ഊര്‍ജ്ജരൂപമായ മനുഷ്യന്‍ പരിണാമപ്രകിയയിലൂടെയാണ് ഉരുത്തിരിഞ്ഞു വന്നിരിക്കുന്നത് എന്ന് ശാസ്ത്രീയമായി കണ്ടെത്തുകയും ശാസ്ത്രലോകം അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. മനുഷ്യന്‍ പരിണാമപ്രക്രിയയിലൂടെയാണ് ഉരുത്തിരിഞ്ഞുവന്നതെങ്കില്‍ പ്രപഞ്ചത്തിലുള്ള എല്ലാം പരിണാമ പ്രക്രിയയിലൂടെ ആയിരിക്കും ഉണ്ടായി വന്നിട്ടുള്ളത്. മനുഷ്യന്‍ കുരങ്ങില്‍നിന്നുണ്ടായി കുരങ്ങ് മറ്റൊന്നില്‍നിന്നുണ്ടായി. അത് മറ്റൊന്നില്‍നിന്നുണ്ടായി. മനുഷ്യനില്‍നിന്ന് പുറകോട്ടു പോയാല്‍ തുടക്കം ഊര്‍ജ്ജകണങ്ങളില്‍ ചെന്ന് അവസാനിക്കുവാനാണ് സാധ്യത. ഊര്‍ജ്ജസഞ്ചലനമായ പ്രപഞ്ചത്തില്‍ വൈവിധ്യമാര്‍ന്ന രൂപങ്ങള്‍ ഉണ്ടായിവരാന്‍ കാരണമായ പരിണാമ പ്രക്രിയയെ യുക്തിഭദ്രമയി കാര്യകാരണ തെളിവുകള്‍ സഹിതം വിശദീകരിക്കുവാന്‍ സാധിക്കണം. അതിലൂടെ പ്രപഞ്ചത്തിന്റെ ഇന്നത്തെ രൂപത്തിലുള്ള രൂപീകരണത്തിന് പിന്നിലുള്ള ലോജിക്ക് അനാവരണം ചെയ്യപ്പെട്ടേക്കാം. അത് പ്രപഞ്ചത്തിലെ എല്ലാ നിഗൂഢതകളും അനാവരണം ചെയ്‌തേക്കാം.
ഡോ. സെബാസ്റ്റ്യന്‍ ജോസഫ്