‘ഇല്ല്യേപ്പോണതാര്?
കുഞ്ഞൂഞ്ഞമ്മേടമ്മ.
കൂടെപ്പോണതാര്?
വേലക്കാരന് പാപ്പി.
എന്തുടുത്തു പോണ്?
പട്ടുടുത്തു പോണ്.
പട്ടിൻററ്റത്തെന്ത്?
കാക്കപ്പൊന്നും നൂലും
ആര്ക്കണിയാന് പൊന്ന്?
ആര്ക്കറിയാം പെണ്ണേ!’
–സിപ്പി പള്ളിപ്പുറം
എ പി അനിൽകുമാർ
കുട്ടിത്തത്തിന് ഒരു താളമുണ്ടല്ലോ. ആ താളത്തിൽ അലിഞ്ഞാടി കഥ പറഞ്ഞ ഒരാളാണ് സിപ്പി പള്ളിപ്പുറം.
അമ്പത് കൊല്ലമായി കുട്ടിത്തത്തിന്റെ ഈ ചൊല്ലേറും ചൊല്ല് മലയാളത്തിൽ നില നിർത്തിയതിൽ സിപ്പി മാഷിനെ കഴിഞ്ഞേ മലയാളത്തിൽ ആരും പരിഗണിക്കപ്പെടൂ. ഒരു മനുഷ്യായുസ്സു മുഴുവൻ കുട്ടികളോട് സംവദിക്കാൻ കഴിഞ്ഞ സിപ്പി മാഷിൻറെ ജീവിതം എത്രയോ ധന്യമാണ്.
ഒരു ജീവിതത്തിന് ആവശ്യമായ സാംസ്കാരിക അവബോധവും താളവും രസവും പദസമ്പത്തും കുട്ടികളിൽ നിറയ്ക്കാൻ തൻറെ ബാലസാഹിത്യ ശ്രമങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് സിപ്പി മാഷിന് തീർച്ചയായും അഭിമാനിക്കാം.
എഴുപത്തിയെട്ടാം പിറന്നാളാഘോഷിക്കുന്ന പ്രശസ്ത ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറത്തെക്കുറിച്ച് നാടകൃത്തും സംവിധായകനും നടനുമായ
എ പി അനിൽകുമാർ.
ചുമ്മാ പറഞ്ഞു പോകൽ എന്നതിനപ്പുറം ജീവിതത്തെ ജീവിക്കാൻ കൊള്ളാവുന്നതാക്കുന്ന ജീവിത പാഠങ്ങളാണ് ഓരോ കഥയിലും കവിതയിലും മധുരം പുരട്ടി അരനൂറ്റാണ്ട് കാലം സിപ്പി മാഷ് കേരളത്തിലെ ബാലമനസുകൾക്ക് പകർന്നത്. തൻറെ ചുറ്റുപാടുകളിൽ നിന്നും പാരമ്പര്യ താളങ്ങളിൽ നിന്നും പ്രചോദനവും ഉള്ളടക്കവും കണ്ടെത്തി കൃത്യമായ ഒരിടത്തു നിക്ഷേപിക്കാൻ സിപ്പി മാഷിനു കഴിഞ്ഞു. യന്ത്രവൽക്കരണത്തിലൂടെയും ആധുനികതയിലൂടെയും നഗരവൽക്കരണത്തിലൂടെയും പടികടത്തപ്പെടാൻ തുടങ്ങിയ ഒരു അമ്മൂമ്മത്താളത്തെയാണ് സിപ്പി മാഷ് കണ്ടെത്തി പുന:പ്രതിഷ്ഠ നടത്തിയത്.


ഭാഷയുടെ നാവുളുക്കൽ അതിജീവിക്കാനും, നിറവുള്ള പദങ്ങൾ മറന്നു പോകാതിരിക്കാനും മാഷിൻറെ കൃതികൾ മലയാളിയെ സഹായിച്ചിട്ടുണ്ട്. കുട്ടിത്തത്തിൻറെ ലാവണ്യബോധവും വലിയവരുടെ സാംസ്കാരിക നിർമ്മിതിക്കായുള്ള ലക്ഷ്യബോധവും സിപ്പി മാഷിൽ സജീവമാണ്.
കഥകളുടേയും കവിതകളുടേയും പേരുകൾ തെരഞ്ഞെടുക്കുമ്പോൾ മുതൽ ഈ ലാവണ്യബോധം പ്രകടമാകുന്നു. മരവും കല്ലും പൂവും കായും പക്ഷികളും മൃഗങ്ങളും കാറ്റും മഴയും മലയും യക്ഷ കിന്നര ഗന്ധർവരും അപ്പൂപ്പൻ താടിയും മേഘവും വരെ സിപ്പി മാഷിലൂടെ മലയാളി ബാല്യത്തോട് സംസാരിച്ചു. മലയാളത്തിൻറെ മധുര ബാല്യത്തെ നിർണ്ണയിച്ചതിൽ സിപ്പി മാഷിൻറെ സംഭാവനകൾ എന്നും ഉയർന്നു തന്നെ നിൽക്കും.
ഇരുന്നൂറോളം കൃതികൾ അദ്ദേഹത്തിൻറേതായി നമുക്ക് ലഭിച്ചു. സമാഹരിക്കപ്പെടാത്ത എത്രയോ കൃതികൾ ഇനിയുമുണ്ട്. കേന്ദ്ര-സംസ്ഥാന സാഹിത്യ അക്കാദമി അവാർഡുകൾ ഉൾപ്പടെ നിരവധി പുരസ്ക്കാരങ്ങളാൽ സമൂഹം അദ്ദേഹത്തെ ആദരിച്ചു. അദ്ധ്യാപകൻ എന്ന നിലയിൽ രാഷ്ട്രപതിയുടെ പുരസ്ക്കാരവും നേടി. കാട്ടിലെ കഥകൾ ഇംഗ്ലീഷിലേക്കും, തത്തകളുടെ ഗ്രാമം തമിഴ്- ഗുജറാത്തി, തെലുഗ് ഭാഷകളിലേക്കും ക്രേന്ദ്ര സാഹിത്യ അക്കാഡമി വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1943 മെയ് 18-ന് എറണാകുളം ജില്ലയിലെ വൈപ്പിൻ പള്ളിപ്പുറത്താണ് സിപ്പി മാഷ് ജനിച്ചത്. 1966 മുതൽ പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്കൂളിൽ അദ്ധ്യാപകനായിരുന്നു. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഗവേണിംഗ് ബോഡി അംഗമായി നാലു തവണ പ്രവർത്തിച്ചിട്ടുണ്ട്. സമസ്ത കേരള സാഹിത്യ പരിഷത്തിൻറെ എക്സിക്യൂട്ടിവ് അംഗം എന്ന നിലയിലും പ്രവർത്തിച്ചുവരുന്നു.
ചെണ്ട, പൂരം, അപ്പൂപ്പൻതാടിയുടെ സ്വർഗ്ഗയാത്ര, ആനയ്ക്ക് തുമ്പിക്കൈ ഉണ്ടായതെങ്ങനെ?, നൂറ് നേഴ്സറിപ്പാട്ടുകൾ, ചാഞ്ചാടുണ്ണീ ചാഞ്ചാട് (50 നാടൻപാട്ടുകൾ), നൂറ് അക്ഷരപ്പാട്ടുകൾ, നൂറ് ഗണിതഗാനങ്ങൾ, തത്തമ്മേ പൂച്ച പൂച്ച, മിന്നാമിനുങ്ങ്, ഉണ്ടനും ഉണ്ടിയും പുലിയച്ചനും, ഭൂമിയിൽ സുഗന്ധം ഉണ്ടായതെങ്ങനെ?, തേൻതുള്ളികൾ, ചന്ദനപ്പാവ, മയിലും മഴവില്ലും, കാട്ടിലെ കഥകൾ, കുറുക്കൻ കഥകൾ, ഗുരുഭക്തിയുടെ കഥകൾ, ഉണ്ണിക്ക് നല്ല കഥകൾ, നമ്പൂര്യച്ചനും ഭൂതവും, പാവയ്ക്കക്കുട്ടൻ, കുരങ്ങാട്ടിയും കള്ളനോട്ടുകാരും, പാൽക്കിണ്ണം, സ്വർണ്ണക്കമ്പിളി, കഥകളിപ്പൈങ്കിളി, തത്തകളുടെ ഗ്രാമം, പപ്പടം പഴം പായസം, ഒരിടത്ത് ഒരിടത്ത് ഒരു കുഞ്ഞുണ്ണി, അമ്മപ്രാവും കുഞ്ഞിപ്രാവും എന്നിവയാണ് പ്രധാനകൃതികൾ.
ലിങ്കിൽ ക്ലിക് ചെയ്യുക
പ്രിയ അനിൽ …
എന്റെയും ബാല്യകാലത്തെ രസിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തതാണ് മാഷിന്റെ കഥകൾ..അദ്ദേഹത്തിൽ നിന്നും നേരിട്ടു കഥകൾ കേൾക്കാൻ കഴിഞ്ഞ ശിഷ്യനെന്ന നിലയിൽ
മാഷിനെപ്പറ്റി എഴുതാൻ കഴിഞ്ഞതും ഒരു ഗുരുത്തമാണ്.