ഒരു നൂറ്റാണ്ടിലേറെ ജീവിച്ച കെ ആര് ഗൗരിയമ്മ താന്‍ പിന്നിട്ട പോന്ന പതിറ്റാണ്ടുകളുടെ മൂകസാക്ഷിയായിരുന്നില്ല. ആധുനിക കേരളത്തെ അടിമുടി പുനര്‍നിര്‍മ്മിച്ച സ്ഥായിയായ വിപ്ലവങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു. ഐക്യകേരളത്തിലെ ആദ്യത്തെ മന്ത്രിസഭയില്‍ റവന്യൂ വകുപ്പ് കയ്യാളിയ ഗൗരിയമ്മയുടെ നേതൃത്വത്തിലാണ് കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക ചരിത്രത്തില്‍ വഴിത്തിരിവായി മാറിയ ഭൂപരിഷ്കരണ ബില്‍ അവതരിപ്പിക്കുകയും പ്രാബല്യത്തില്‍ വരുത്തുകയും ചെയ്തത്. ആണ്‍കോയ്മ നിറഞ്ഞുനിന്നിരുന്ന രാഷ്ട്രീയ വേദികളില്‍ ഗൗരിയമ്മ താന്‍ പോരിമയോടെ ഒറ്റയ്ക്കു നിന്നു പൊരുതി. അചഞ്ചലമായിരുന്നു അവരുടെ നിശ്ചയദാര്‍ഢ്യം. രാഷ്ട്രീയ നേതാവെന്ന നിലയിലും ഭരണാധികാരിയെന്ന നിലയിലും ആരുടെയും മുന്നില്‍ തലകുനിക്കാത്ത വ്യക്തിത്വം.
1964 ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന് സി പി ഐ (എം) രൂപീകൃതമായപ്പോള്‍ ജീവിതസഖാവായ ടി വി തോമസ് സി പി ഐ ക്കൊപ്പം നില്ക്കാന് തീരുമാനിച്ചു. ആ ഘട്ടത്തില്‍ പ്രണയത്തിനും ദാമ്പത്യത്തിനുമപ്പുറം പ്രത്യയശാസ്ത്ര നിലപാടിനെയാണ് ഗൗരിയമ്മ മുറുകെപ്പിടിച്ചത്. അവര്‍ സി പി ഐ എമ്മിനോടൊപ്പം ഉറച്ചു നിന്നു.
വര്‍ഷങ്ങള്‍ക്കു ശേഷം 1987 ല്‍ ഇടതുുപക്ഷജനാധിപത്യ മുന്നണി കേരളത്തില്‍ അധികാരത്തില്‍ വന്നു. “കേരം തിങ്ങും കേരളനാട് കെ ആര് ഗൗരി ഭരിക്കട്ടെ” എന്നൊരു മുദ്രാവാക്യം പ്രചാരണഘട്ടത്തില്‍ അലയടിച്ചിരുന്നെങ്കിലും ഇ കെ നായനാരെയാണ് പാര്‍ട്ടി മുഖ്യമന്ത്രിസ്ഥാനത്തേയ്ക്കു തെരഞ്ഞെടുത്തത്. ഗൗരിയമ്മ ആ മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായി.
ഗൗരിയമ്മയുടെ ആരാധകരായ ആ സ്ത്രീകള്‍ പല പ്രത്യയശാസ്ത്രങ്ങളിലും വിശ്വസിക്കുന്നവരാണ്. അവര്‍ക്ക് ഗൗരിയമ്മ ഒരു സ്വാതന്ത്ര്യപ്രതീകമാണ്. വിമുക്തമായ സ്ത്രീത്വത്തിന്റെ പ്രത്യക്ഷോദാഹരണമാണ്. ആ കാഴ്ചയില്‍ രാഷ്ട്രീയമായ വിയോജിപ്പുകള്‍ക്ക് ഒരു സ്ഥാനവുമില്ല.
പക്ഷേ, പതിയെപ്പതിയെ പാര്‍ട്ടിയുമായി അവര്‍ക്ക് അസ്വാരസ്യങ്ങളുണ്ടായി. അച്ചടക്കലംഘനത്തിന്റെ പേരില്‍ താമസിയാതെ സി പി ഐ എമ്മില്‍ നിന്നു പുറത്തായ ഗൗരിയമ്മ ജനാധിപത്യ സംരക്ഷണ സമിതി എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചു. യു ഡി എഫിനോടൊപ്പമായിരുന്നു ഗൗരിയമ്മയുടെ പിന്നീടുള്ള കുറേ വര്‍ഷങ്ങള്‍. യു ഡി എഫുമായി തെറ്റിപ്പിരിഞ്ഞ് വീണ്ടും ഇടതു പാളയത്തിലെത്തിയെ ഗൗരിയമ്മ പക്ഷേ വീണ്ടും സി പി ഐ എമ്മില്‍ അംഗമായില്ല – അതിനുള്ള ആലോചനകള്‍ നടന്നിരുന്നു എങ്കിലും.
കക്ഷിരാഷ്ട്രീയത്തിനതീതമായി കേരളത്തിലെ ജനങ്ങള്‍ ഗൗരിയമ്മയെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തു. അവരെ ഒരിക്കലെങ്കിലും നേരിട്ടു കാണണമെന്നും സംസാരിക്കണമെന്നുമുള്ള ആഗ്രഹം കൊണ്ടുനടന്ന ഒരുപാടു മലയാളികളുണ്ട്. പ്രത്യേകിച്ചും സ്ത്രീകള്‍. വ്യക്തിജീവിതത്തിലും രാഷ്ട്രീയ വഴികളിലുമേറ്റ എതിര്‍പ്പുകളെയും പരാജയങ്ങളെയും വകവയ്ക്കാതെ ഒറ്റയ്ക്കു നടന്നുവന്ന ഗൗരിയമ്മയുടെ ആരാധകരായ ആ സ്ത്രീകള്‍ പല പ്രത്യയശാസ്ത്രങ്ങളിലും വിശ്വസിക്കുന്നവരാണ്. അവര്‍ക്ക് ഗൗരിയമ്മ ഒരു സ്വാതന്ത്ര്യപ്രതീകമാണ്. വിമുക്തമായ സ്ത്രീത്വത്തിന്റെ പ്രത്യക്ഷോദാഹരണമാണ്. ആ കാഴ്ചയില്‍ രാഷ്ട്രീയമായ വിയോജിപ്പുകള്‍ക്ക് ഒരു സ്ഥാനവുമില്ല.
ജനങ്ങളോടുള്ള പ്രതിബദ്ധതയില്‍ ഗൗരിയമ്മയ്ക്കും വിവേചനങ്ങളുണ്ടായിരുന്നില്ല. സ്നേഹിച്ചും ശാസിച്ചും കലഹിച്ചും അവര്‍ ജനങ്ങള്‍ക്കൊപ്പം ജീവിച്ചു.
മുന്നോട്ടു കുതിക്കുന്ന കേരളത്തോടൊപ്പമായിരുന്നു ഗൗരിയമ്മ. കേരളം ഗൗരിയമ്മയ്ക്കൊപ്പവും.
ഒളിമങ്ങില്ല, കേരളത്തിന്റെ പെണ്പെരുമക്കാലത്തിന്റെ ഈ രക്തനക്ഷത്രത്തിന്.
ലിങ്കിൽ ക്ലിക് ചെയ്യുക
പെണ്സഖാവ്: ഗൗരിയമ്മയുടെ സംഭവബഹുലമായ ജീവിതകഥ
(ആഷാ രാജന് ചെങ്ങഴിക്കോട്)
https://greenbooksindia.com/Biography/pensaghavu-asha-rajan-chengazhikode