കൃഷ്ണദാസ്
ജ്യോതിരാജുമായി ഒരു സുദൃഢബന്ധം കൈവന്നത് ജീവിതത്തിന്റെ സായാഹ്നകാലത്താണ് എന്നത് ഒരു യാദൃച്ഛികത മാത്രമായിരിക്കാം. മുഷിഞ്ഞു കിടക്കുന്ന ഒരു മനസ്സിന്റെ അതൃപ്തിയും വ്യാകുലതയുമായിരുന്നു വി ബി ജ്യോതിരാജ്. ഒരുകാലത്ത് സാഹിത്യനഭസ്സിലേയ്ക്ക് ഉയരുകയും, പിന്നീട് ചിറകു താഴ്ത്തുകയും ചെയ്ത ജ്യോതിരാജിന്റെ മനോഹരമായ സംഭാവനകള്‍ പങ്കിട്ടവരാണ് നമ്മുടെ എഴുത്തുകാരും വായനക്കാരും.
ഗ്രീന്‍ ബുക്‌സിന്റെ പത്രാധിപ സമിതിയംഗമായിരുന്നു
വി ബി ജ്യോതിരാജ്
എഴുത്തിലും രാഷ്ട്രീയത്തിലും പരാജയപ്പെടുന്ന മനുഷ്യരുടെ വൈകാരികതകള്‍ എനിക്ക് ഉള്‍ക്കൊള്ളാനാകുമായിരുന്നു. അങ്ങിനെയൊരു കൈവഴിയിലായിരുന്നു ഞങ്ങള്‍ കണ്ടുമുട്ടിയത്. “ഞാന്‍ പ്രതിഫലം ഒന്നും പ്രത്യേകമായി ആഗ്രഹിക്കുന്നില്ല. ഞാന്‍ അക്ഷരങ്ങളെയാണ് സ്‌നേഹിക്കുന്നത്.” ജ്യോതിരാജിന്റെ വാക്കുകള്‍ എന്നെ ഇപ്പോഴും ഉണര്‍ത്തുന്നു.
ആത്മനിന്ദയും അനുഭൂതിയും തീവ്രമായ വേദനയും പീഡനവും അനുഭവിപ്പിക്കുന്ന രചനകളാണ് ജ്യോതിരാജിന്റേത്.
പിന്നീട് വായനയുടെയും വിലയിരുത്തലിന്റെയും ഒരു വലിയ ലോകത്തേയ്ക്കാണ് അദ്ദേഹം കയറിച്ചെന്നത്. സംശുദ്ധമായൊരു ചുവപ്പന്‍ ലോകം അദ്ദേഹത്തിന്റെ സ്വപ്നങ്ങളില്‍ നിറഞ്ഞു നിന്നു. പിന്നീട് പല വായനകളിലും അദ്ദേഹം കുഴഞ്ഞുവീഴുന്നതും കാണാമായിരുന്നു.
“ഒരാള്‍ക്കൂട്ടം മുഴുവനും എന്നെ നോക്കികൊണ്ട് കൈകള്‍ വീശിക്കാണിക്കുന്നു. ഇല്ല, എന്നെയാവില്ല! സംശയപൂര്‍വ്വം ഞാന്‍ കൈയുയര്‍ത്തിക്കാണിച്ചതും ഒരാരവത്തോടെ ഏതാണ്ട് എല്ലാവരും ഒരേപോലെ ഒരേ താളത്തിലങ്ങനെ കൈകള്‍ വീശുകയാണ്. എന്റെ മുന്‍പില്‍ നടന്നു പോകുന്നത് ലെനിന്‍ ആണെന്ന് അപ്പോഴാണ് അറിയുന്നത്. അവര്‍ കൈ വീശുന്നതും അയാള്‍ക്കാണോ? അതോ അതിനും മുന്‍പ് നടന്നു പോകുന്ന അഡോള്‍ഫ് ഹിറ്റ്‌ലര്‍ക്കോ? ആര്‍ക്കറിയാം..”
ഗ്രീന്‍ ബുക്‌സിന്റെ പുതിയ ലോകസാഹിത്യവും അക്ഷരപ്പൊലിമകളും അദ്ദേഹം ഒപ്പിയെടുത്തു. എനിക്ക് ലോകസാഹിത്യ ക്ലാസിക്കുകള്‍ പരിചയപ്പെടുത്താന്‍ ഏറ്റവും കരുത്തു തന്നത് വി ബി ജ്യോതിരാജ് തന്നെയായിരുന്നു.
മലയാളത്തിന്റെ ഇത്തിരി വട്ടത്തില്‍ നിന്നു സമകാലിക മിഡില്‍ ഈസ്റ്റും, തുര്‍ക്കിയും, റഷ്യയും, പാരിസും, കിഴക്കന്‍ യൂറോപ്പുമെല്ലാം അദ്ദേഹത്തിന്റെ വായനകളില്‍ തീര്‍ത്ത വസന്തം അപാരമായിരുന്നു.
മരണവും സംത്രാസവും ഉന്മാദവും ജ്യോതിരാജിന്റെ കഥകളെ വേറിട്ടൊരു വായനയിലേക്ക് നയിക്കുന്നു.
ഇതിനിടെ അദ്ദേഹത്തിന്റെ ചില കൃതികളും ഗ്രീനിലൂടെ പുറത്തു വന്നു. ആശുപത്രിയില്‍ കിടക്കുമ്പോഴും അവസാനശ്വാസം എന്നപോലെ എഴുത്ത് തുടര്‍ന്നുകൊണ്ടിരുന്നു.
ഒരു നല്ല സഹപ്രവര്‍ത്തകനേയും, സാഹിത്യകാരനെയും സാഹിത്യ പ്രവര്‍ത്തകനെയും, മനുഷ്യസ്‌നേഹിയെയും
നമുക്ക് നഷ്ടപ്പെട്ടു. ആദരാഞ്ജലികള്‍!
1. ഭ്രാന്തന്‍ പൂക്കളിലെ ചുകപ്പ്
https://greenbooksindia.com/v-b-jyothiraj/branthanppookkalile-chukappu-jyothiraj
2. വി ബി ജ്യോതിരാജിന്റെ കഥകള്‍
https://greenbooksindia.com/v-b-jyothiraj/v-b-jyothirajinte-kathakal-jyothiraj