ഇന്‍ഡ്യന്‍ സിനിമയുടെ സുവര്‍ണ്ണ കാലഘട്ടത്തിലെ ഏറ്റവും തിളക്കമുള്ള താരസാന്നിദ്ധ്യങ്ങളിലൊന്നായിരുന്നു നര്‍ഗീസിന്റേത്. ഫാത്തിമ റഷീദ് എന്നാണ് യഥാര്‍ത്ഥ പേര്. ആറാം വയസ്സില്‍ തലാക് ഇശ്ക് എന്ന സിനിമയില്‍ ബാലതാരമായി അഭിനയിച്ചു കൊണ്ട് നര്‍ഗീസ് ചലച്ചിത്രജീവിതമാരംഭിച്ചു. 1935 ലായിരുന്നു അത്. ആ സിനിമയില്‍ സ്വീകരിച്ച നര്‍ഗീസ് എന്ന പേര് തുടര്‍ന്നും ഉപയോഗിക്കുകയായിരുന്നു.
മെഹ്ബൂബ് ഖാന്റെ തഖ് ദീര്‍
എന്ന ചിത്രത്തില്‍ നായികയായി അഭിനയിക്കുമ്പോള്‍ നര്‍ഗീസിന് പതിന്നാലു വയസ്സായിരുന്നു പ്രായം. ആ സിനിമ വന്‍ വിജയമായതോടെനര്ഗീസ് ശ്രദ്ധിക്കപ്പെട്ടു. ഹുമയൂണ്‍, മേള, അനോഖാ പ്യാര്‍, ആഗ് തുടങ്ങിയ ചിത്രങ്ങളിലൂടെ തുടക്കത്തില്‍ത്തന്നെ നര്‍ഗീസ് പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കി. ദിലീപ് കുമാറിന്റെയും രാജ് കപൂറിന്റെയും നായികയായി അഭിനയിച്ചതോടെ നര്‍ഗീസ് താരമായി. 1951 ല്‍ പുറത്തുവന്ന രാജ് കപൂറിന്റെ ആവാര എന്ന ചിത്രം ഇന്‍ഡ്യയിലും വിദേശരാജ്യങ്ങളിലും വന്‍ വിജയമായിരുന്നു.
രാജ് കപൂറുമൊത്ത് നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ച നര്‍ഗീസ് അദ്ദേഹവുമായി പ്രണയത്തിലുമായിരുന്നു. പിന്നീട് ഓസ്‌കര്‍ നാമനിര്‍ദ്ദേശം വരെ ലഭിച്ച മദര്‍ ഇന്‍ഡ്യ എന്ന പ്രശസ്ത സിനിമയില്‍ ഒരുമിച്ചഭിനയിച്ച വിഖ്യാത നടന്‍ സുനില്‍ ദത്തിനെ നര്‍ഗീസ് വിവാഹം കഴിച്ചു. നടന്‍ സഞ്ജയ് ദത്ത്, രാഷ്ട്രീയ നേതാവായ പ്രിയ ദത്ത്, നമ്രത എന്നിവരാണ് മക്കള്‍.
വിവാഹശേഷം കുറച്ചു കാലം അഭിനയ രംഗത്തു സജീവമായിരുന്നില്ല. 1967 ല്‍ പുറത്തു വന്ന രാത് ഓര്‍ ദിന്‍ ആണ് അവസാന ചിത്രം. കാന്‍സര്‍ ബാധിതയായിരുന്ന നര്‍ഗീസ് 1981 മെയ് 3 ന് അന്തരിച്ചു.