കെ ബി വേണു
സാക്ഷാല്‍ വൈക്കം മുഹമ്മദ് ബഷീര്‍ ‘സാഗരഗര്‍ജ്ജനം’ എന്നു വിശേഷിപ്പിച്ച അനുപമമായ പ്രസംഗശൈലി സുകുമാര്‍ അഴീക്കോടിന്‍റെ
എഴുത്തിലും പ്രകടമായിരുന്നു. അഴീക്കോട് മാഷിന്‍റെ ലേഖനങ്ങള്‍ വായിക്കുമ്പോള്‍ ഉയര്‍ന്നും താണും ഒഴുകി നീങ്ങുന്ന ആ ശബ്ദത്തിന്‍റെ മുഴക്കവും കേള്‍ക്കാം. പ്രസംഗവേദി തന്‍റെ രണ്ടാമത്തെ വീടാണെന്ന് ഒരിക്കല്‍ മാഷ് പറഞ്ഞു. ജീവിതത്തില്‍ അത്രയേറെ സമയം അദ്ദേഹം പ്രസംഗവേദികളില്‍ ചെലവഴിച്ചിരുന്നു. സംവേദനത്തിന്‍റെ ഈ അരങ്ങുകളിലാണ് മാഷിന്‍റെ നര്‍മ്മോക്തികളേറെയും പിറന്നു വീണത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് കലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാംപസ്സില്‍ ഒരു സെമിനാറില്‍ അഴീക്കോട് സംസാരിക്കുകയായിരുന്നു. പ്രൗഢമായ സദസ്സ്. പക്ഷേ വിചാരിച്ചതുപോലെ ഉഷാറാകുന്നില്ല, മാഷിന്‍റെ പ്രസംഗം. അപ്പോഴാണ് അപ്രതീക്ഷിതമായി പോഡിയത്തില്‍ വച്ചിരുന്ന മൈക്ക് മാഷിന്‍റെ കൈ തട്ടി നിലത്തു വീണത്. ആരോ വന്ന് മൈക്ക് യഥാസ്ഥാനത്തു വച്ചു. “എന്‍റെയൊക്കെ കൈ തട്ടിയാലും വീഴുന്ന മൈക്ക് ഉണ്ട്, അല്ലേ?..” ആവശ്യത്തിലേറെ മെലിഞ്ഞ സ്വശരീരത്തെ പരിഹസിച്ചുകൊണ്ട് മാഷ് പ്രസംഗം പുനരാരംഭിച്ചു. സദസ്യര്‍ ഒന്നിളകിയിരുന്നു ചിരിച്ചു. ആ ചിരിയില്‍ നിന്ന് ഊര്‍ജ്ജം കൈക്കൊണ്ട് മാഷ് കത്തിക്കയറി. പിന്നെ ‘സിക്സറു’കളുടെ പെരുമഴയായിരുന്നു എന്നു പറയേണ്ടതില്ലല്ലോ.
അപ്പോഴാണ് അപ്രതീക്ഷിതമായി പോഡിയത്തില്‍ വച്ചിരുന്ന മൈക്ക് മാഷിന്‍റെ കൈ തട്ടി നിലത്തു വീണത്. ആരോ വന്ന് മൈക്ക് യഥാസ്ഥാനത്തു വച്ചു. “എന്‍റെയൊക്കെ കൈ തട്ടിയാലും വീഴുന്ന മൈക്ക് ഉണ്ട്, അല്ലേ?..” ആവശ്യത്തിലേറെ മെലിഞ്ഞ സ്വശരീരത്തെ പരിഹസിച്ചുകൊണ്ട് മാഷ് പ്രസംഗം പുനരാരംഭിച്ചു. സദസ്യര്‍ ഒന്നിളകിയിരുന്നു ചിരിച്ചു. ആ ചിരിയില്‍ നിന്ന് ഊര്‍ജ്ജം കൈക്കൊണ്ട് മാഷ് കത്തിക്കയറി. പിന്നെ ‘സിക്സറു’കളുടെ പെരുമഴയായിരുന്നു
ആയിരത്തിത്തൊള്ളായിരത്തി എണ്‍പത്-തൊണ്ണൂറുകളിൽ ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് ഒരു സാംസ്കാരിക പരിപാടിയിലേയ്ക്ക് അഴീക്കോട് മാഷിനെ ക്ഷണിച്ചിരുന്നു. ലീലാവതിട്ടീച്ചറും സാനുമാഷുമൊക്കെയുള്ള പരിപാടിയാണ്. സ്വാഗതം പറഞ്ഞത് ഞങ്ങളുടെ ഇംഗ്ലീഷ് വിഭാഗത്തിലെ പ്രൊഫസര്‍ പി ജെ ജോസഫ് ആണ്. (പൊതുവേ അല്‍പം വലിച്ചു നീട്ടി സംസാരിക്കുന്ന പ്രകൃതക്കാരനാണ് പി ജെ ജോസഫ് സാര്‍. ക്ലാസ്സിന്‍റെ തുടക്കത്തില്‍ വാക്കുകള്‍ക്കിടയില്‍ ഏതാണ്ട് മുപ്പതു സെക്കന്‍ഡൊക്കെ ഗ്യാപ് വരും.) അതുകൊണ്ട് സാമാന്യം ദീര്‍ഘിച്ചു, പ്രൊഫസർ പി ജെ ജെ യുടെ സ്വാഗത പ്രസംഗം. പിന്നീട് അഴീക്കോട് പ്രസംഗിക്കാനെഴുന്നേറ്റു. “പത്തു നാല്‍പതു കൊല്ലമായി പ്രസംഗം ഒരു തൊഴില്‍ പോലെ കൊണ്ടു നടക്കുന്നതു കൊണ്ട് എപ്പോഴൊക്കെയാണ് പ്രസംഗിക്കേണ്ടത് എന്നെനിക്കറിയാം. അതുപോലെ എപ്പോഴൊക്കെ പ്രസംഗിക്കരുതെന്നും അറിയാം. ഉദാഹരണത്തിന് തൃശ്ശൂരില്‍ നിന്ന് ഇത്രയും ദൂരം കാര്‍ യാത്ര ചെയ്തു വന്നതിനു ശേഷം പ്രസംഗിക്കാന്‍ പാടില്ലാത്തതാണ്. ഇത്രയും ദീര്‍ഘമായ സ്വാഗത പ്രഭാഷണത്തിനു ശേഷവും പ്രസംഗിക്കാന്‍ പാടില്ല…” ഞങ്ങളുടെ അദ്ധ്യാപകനു നേരെയുള്ള ആക്രമണമാണ്. എല്ലാവരും പൊട്ടിച്ചിരിച്ചു. പക്ഷേ, അന്ന് കൃതജ്ഞത പ്രകാശിപ്പിക്കാന്‍ നിയുക്തനായ കെ എ ജോണി എന്ന വിദ്യാര്‍ത്ഥി (ഞങ്ങളുടെ ഡിപ്പാര്‍ട്മെന്‍റിലെ എം എ വിദ്യാര്‍ത്ഥി, ഇപ്പോള്‍ മാതൃഭൂമിയില്‍) ചിരിച്ചില്ല.
“പ്രൊഫസര്‍ പി ജെ ജോസഫിന്‍റെ ദീര്‍ഘമായ സ്വാഗതഭാഷണത്തെക്കുറിച്ച് അഴീക്കോടു മാഷ് പറഞ്ഞപ്പോള്‍ മദ്രാസില്‍ മാര്‍പ്പാപ്പയുടെ സന്ദര്‍ശനവേളയില്‍ അദ്ദേഹം നടത്തിയ ഒന്നരമണിക്കൂര്‍ നീണ്ട സ്വാഗതപ്രസംഗമാണ് എന്‍റെ ഓര്‍മ്മയില്‍ വന്നത്” എന്ന് ജോണി കൃതജ്ഞതാപ്രസംഗത്തിൽ പറഞ്ഞപ്പോൾ വീണ്ടും കയ്യടിയുയര്‍ന്നു. അന്ന് ജോണി ഏതാണ്ട് സുകുമാര്‍ അഴീക്കോടിന്‍റെ സ്റ്റൈലില്‍ ഖദര്‍ ജുബ്ബയും മുണ്ടും ധരിച്ചാണ് നടപ്പ്. ഞങ്ങളുടെ കോളേജില്‍ ജോണിയായിരുന്നു “പ്രസംഗകലയിലെ കമലഹാസന്‍.” (കടപ്പാട് പ്രാഞ്ചിയേട്ടന്‍ എന്ന സിനിമ). യോഗം കഴിഞ്ഞ് ജോണിയെ മാഷ് അടുത്തേയ്ക്കു വിളിച്ചു പരിചയപ്പെടുകയൊക്കെ ചെയ്തു.
സാഹിത്യജീവിതത്തിലും വ്യക്തിജീവിതത്തിലും അഴീക്കോട് മാഷിന് പലരുമായും കലഹങ്ങളുണ്ടായിരുന്നു. പല കലഹങ്ങളും എന്നെന്നേയ്ക്കുമായി അവസാനിപ്പിച്ചിട്ടാണ് അദ്ദേഹം ജീവിതത്തിന്‍റെ അരങ്ങൊഴിഞ്ഞത്. ചങ്ങമ്പുഴയെയും ജി ശങ്കരക്കുറുപ്പിനെയും അതിനിശിതമായി വിമര്‍ശിച്ച അഴീക്കോട് കുറേക്കാലം ബാലചന്ദ്രന്‍ ചുള്ളിക്കാടുമായും കലഹത്തിലായിരുന്നു. ഈ പിണക്കം ഏതാണ്ടൊക്കെ മാറുന്നത് എം എന്‍ കാരശ്ശേരി മാഷ് കാരണമാണ്. കൈരളി ടി വി യുടെ ആദ്യകാലങ്ങളില്‍ സാംസ്കാരിക കൈരളി എന്നൊരു പ്രതിവാര പരിപാടി എം എന്‍ കാരശ്ശേരി മാഷ് അവതരിപ്പിച്ചിരുന്നു. ഈയുള്ളവനായിരുന്നു അതിന്‍റെ സംവിധായകന്‍ (ടെലിവിഷന്‍ ഭാഷയില്‍ നിര്‍മ്മാതാവ്.) അഴീക്കോട് മാഷെയും ചുള്ളിക്കാടിനെയും ഒരു ദീര്‍ഘസംവാദത്തില്‍ ഒന്നിപ്പിക്കാന്‍ കാരശ്ശേരി മാഷ് പദ്ധിതിയിട്ടു. തൃശ്ശൂരില്‍ അഴീക്കോട് മാഷിന്‍റെ വസതിയില്‍ വച്ച് ആ സംവാദം ഞങ്ങള്‍ ഷൂട്ട് ചെയ്തു. ഇരുവരും അത്യുത്സാഹത്തോടെ സംസാരിച്ചു. അതിനിടെ മാഷിന്‍റെ അയല്‍ വീട്ടിലെ നായ നിരന്തരം കുരച്ചുകൊണ്ടിരുന്നത് ഷൂട്ടിങ്ങിന് പലപ്പോഴും തടസ്സം സൃഷ്ടിച്ചു. “പട്ടിക്കു പോലും സഹിക്കുന്നില്ല..” എന്ന് കമന്‍റടിക്കാതിരിക്കാന്‍ മാഷിനു കഴിഞ്ഞില്ല.
“പത്തു നാല്‍പതു കൊല്ലമായി പ്രസംഗം ഒരു തൊഴില്‍ പോലെ കൊണ്ടു നടക്കുന്നതു കൊണ്ട് എപ്പോഴൊക്കെയാണ് പ്രസംഗിക്കേണ്ടത് എന്നെനിക്കറിയാം. അതുപോലെ എപ്പോഴൊക്കെ പ്രസംഗിക്കരുതെന്നും അറിയാം. ഉദാഹരണത്തിന് തൃശ്ശൂരില്‍ നിന്ന് ഇത്രയും ദൂരം കാര്‍ യാത്ര ചെയ്തു വന്നതിനു ശേഷം പ്രസംഗിക്കാന്‍ പാടില്ലാത്തതാണ്. ഇത്രയും ദീര്‍ഘമായ സ്വാഗത പ്രഭാഷണത്തിനു ശേഷവും പ്രസംഗിക്കാന്‍ പാടില്ല…”
മുനയുള്ള വാക്കുകള്‍ അവസരോചിതമായി പ്രയോഗിക്കുന്നതില്‍ പ്രഗത്ഭരായ അഴീക്കോടും ചുള്ളിക്കാടും ഇടയ്ക്കിടെ ഞങ്ങളെ രസിപ്പിച്ചു കൊണ്ടിരുന്നു. രണ്ട് എപ്പിസോഡുകളിലായി ഒരു മണിക്കൂര്‍ നീണ്ട ആ സംഭാഷണം സാംസ്കാരിക കൈരളിയില്‍ സംപ്രേഷണം ചെയ്തു. അതിന്‍റെ റെക്കോഡൊക്കെ കൈരളി ടി വി യുടെ ലൈബ്രറിയിൽ സൂക്ഷിച്ചു വച്ചിട്ടുണ്ടാകുമോ? അറിയില്ല.
സാഹിത്യത്തിലും ജീവിതത്തിലും പോരാളിയായിരുന്ന അഴീക്കോട് മാഷ് തെരഞ്ഞെടുപ്പു ഗോദായിലും ഇറങ്ങിയിട്ടുണ്ട്. 1962 ല്‍ തലശ്ശേരി ലോക് സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന മാഷിനെ എതിരിട്ടത് പ്രശസ്ത സാഹിത്യകാരന്‍ എസ് കെ പൊറ്റെക്കാടാണ്. വിജയം പൊറ്റെക്കാടിനായിരുന്നു. “കോണ്‍ഗ്രസ്സുകാരനായി മരിക്കണമെന്നായിരുന്നു എന്‍റെ ആഗ്രഹം. പക്ഷേ എന്‍റെ മരണത്തിനു മുന്‍പേ കോണ്‍ഗ്രസ് മരിച്ചുപോയി” എന്ന് പ്രസംഗിച്ച അഴീക്കോട് മാഷ് കോണ്‍ഗ്രസ്സുകാരെയും എതിര്‍ചേരിയിലാക്കി.
1926 മെയ് 12ന് കണ്ണൂര്‍ ജില്ലയിലെ അഴീക്കോട്ട് ജനിച്ച മാഷ് കൂടുതൽക്കാലവും ജീവിച്ചത് തൃശ്ശൂരിലായിരുന്നു.
വായനയും എഴുത്തും പ്രസംഗവുമായി കേരളത്തിന്‍റെ സാംസ്കാരിക വേദികളില്‍ സജീവസാന്നിദ്ധ്യമായി നിറഞ്ഞുനിന്ന അഴീക്കോട് മാഷ് അവിവാഹിതനായിരുന്നു. മാഷിന്‍റെ പഴയ പ്രണയവും ഒരുകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.
ജീവിതത്തിന്‍റെ സായംകാലത്ത് മാഷ് അര്‍ബ്ബുദ ബാധിതനായി. 2012 ജനുവരി 24 ന് ആ ശബ്ദം എന്നെന്നേയ്ക്കുമായി നിലച്ചു. പക്ഷേ, അഴീക്കോടിന്‍റെ പ്രസംഗം ഒരിക്കലെങ്കിലും കേട്ടിട്ടുള്ള ആരും പതിഞ്ഞ ശബ്ദത്തില്‍ തുടങ്ങി നിമ്നോന്നതമായി ഒഴുകിനീങ്ങുന്ന വാക്കുകളുടെ ആ മഹാനദിയിലെ ഓളങ്ങള്‍ മറക്കില്ല.
പ്രണാമം.
സാഹിത്യവും രാഷ്ട്രീയവും (സുകുമാർ അഴീക്കോട്)
https://greenbooksindia.com/sukumar-azheecode/sahithyavum-rashtreeyavum-sukumar-azheecode
തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ (സുകുമാർ അഴീക്കോട്)
https://greenbooksindia.com/sukumar-azheecode/therenjedutha-prabandhangal-sukumar-azheecode-sukumar-azheecode