കൃഷ്ണദാസ്
കാദർക്കയ്ക്കു പിന്നാലെ ഫാത്തിമ താത്തയും പോയി.
കാദർക്കയും ഫാത്തിമ താത്തയും അബുദാബിയിൽ വന്ന കാലം ഇന്നലെ എന്ന പോലെ. ഒന്നിലേറെ തവണ വന്നിട്ടുണ്ട്. ഒരിക്കൽ കുടുംബസമേതമായിരുന്നു. കാദർക്കയ്ക്ക് അവിടെ ബന്ധക്കാരുണ്ട്. എന്നാലും അനേഷിച്ചിറങ്ങിയപ്പോൾ ആദ്യമേ തേടിയത് എന്നെയായിരുന്നു. കാരണം കോഴിക്കോട്ടെ ദേശാഭിമാനി വാരികയുടെ ഇടുങ്ങിയ ആപ്പീസിൽ മൊട്ടിട്ട ബന്ധമാണ്. അന്ന് ഐവി ദാസേട്ടൻ ഉണ്ട്, സിദ്ധാർത്ഥൻ ഉണ്ട്. സന്ദർശക കസേരയിൽ കാദര്ക്കയുണ്ട്, ഞാനുണ്ട്. എല്ലാം ഒരു പഴയ കാലം.
കാദര്ക്ക മരിച്ചപ്പോൾ ഞാൻ ഒന്നും എഴുതിയില്ല. അതിന് ഏതാനും മാസങ്ങൾക്കു മുമ്പ് അദ്ദേഹത്തിൻറെ വസതിയിൽ എത്തിയിരുന്നു. ഫാത്തിമ താത്തയോട് ഓർമയുണ്ടോ എന്ന് ചോദിച്ചു. അബുദാബിയിൽ മുഴുവൻ കൊണ്ടു നടന്നത് ഞാനായിരുന്നു. മനോഹരമായ കോർണിഷ് പാതയിലൂടെ നടക്കുമ്പോൾ കുലച്ചു നിൽക്കുന്ന ഈത്തപ്പഴം കണ്ടു ചാടിയതും ചിരിച്ചതും.
പിന്നീട് ദുബായിപ്പുഴയിൽ കാദര്ക്ക “സ്വർണപ്പല്ലു കാട്ടി ചിരിച്ചു” എന്നെഴുതി. ഉടൻ കാദർക്കയുടെ കത്ത് വന്നു – “എനിക്കില്ലാത്ത ഒരു സ്വർണപ്പല്ല് കൃഷ്ണദാസ് എനിക്ക് വെച്ച് തന്നു. അതൊന്നു ഊരിയെടുക്കണേ.” ഞാൻ ആ വാചകം ജാള്യതയോടെ വെട്ടി മാറ്റി.
ആ ദിവസം തന്നെ അബുദാബിയിലെ ജമാ അത് ഇസ്ലാമിക്കാർ കാദർക്കയെയും തേടി വന്നു. രണ്ടു മണിക്കൂർ കാദർ എന്ന ഇസ്ലാമിനെ അവർ ഇട്ടു പൊരിച്ചു. ഒരു മൽപ്പിടുത്തം കഴിഞ്ഞു വന്ന പോലെ. അന്ന് അദ്ദേഹം പിന്നെയും കുറെ കഥകൾ പറഞ്ഞു. ചെറുപ്പം മുതലേ അന്ധവിശ്വാസങ്ങൾക്കെതിരെയാണ് അദ്ദേഹം എഴുതിയത്. നാട്ടുപ്രമാണിമാരുടെ കണ്ണിൽ അതൊക്കെ കരടുകൾ ആയിരുന്നു.
അടുത്ത കാലത്ത് ഒരു ദിവസം തൃശൂർ എത്തിയപ്പോൾ പുതിയ ഓഫീസിൽ അദ്ദേഹം ഭാവുകങ്ങളുമായി എത്തി, നന്മകൾ നേർന്നു.
കാദർക്കയെപ്പറ്റി എഴുതുമ്പോൾ വാക്കുകൾ ഇടതടവില്ലാതെ വരുന്നു – മനസ്സിൽ നിറയുന്ന ആ ഹൃദയ ശുദ്ധിയുടെ വലുപ്പം. ആ സാധ്വിയും ഇപ്പോൾ നമ്മെ വിട്ടു പിരിഞ്ഞു.
എൻറെ അശാന്തമായ മനസ്സ് ഒന്നു തണുക്കട്ടെ. പുറത്തു മഴ പെയ്യുകയാണ്.