ഞാനാരുടെ തോന്നലാണ്?
-കുഞ്ഞുണ്ണി
“പൊക്കമില്ലായ്മയാണെന്റെ പൊക്കം” എന്ന് കുഞ്ഞുണ്ണി മാഷ് എഴുതിയപ്പോള്‍ ഉടലിന്റെ പൊക്കക്കുറവിനെക്കുറിച്ചുള്ള അപകര്‍ഷ ബോധം അദ്ദേഹത്തെ തെല്ലും അലട്ടിയിരുന്നിട്ടുണ്ടാകില്ല. ധിഷണയുടെ അസാധാരണമായ കരുത്തുകൊണ്ട് കീഴടക്കാനാകാത്ത ഉയരങ്ങളൊന്നും ലോകത്തിലില്ലെന്ന ആത്മവിശ്വാസമാണ് ആ വരികളിലുള്ളതെന്ന് കുഞ്ഞുണ്ണി മാഷുടെ കാവ്യപ്രപഞ്ചത്തിലൂടെ സഞ്ചരിച്ചാല്‍ ആര്‍ക്കും ബോദ്ധ്യപ്പെടും. മലയാളത്തിലെ ആധുനിക എഴുത്തുകാരില്‍ തെളിഞ്ഞ ദാര്‍ശനിക ഭാവത്തിന്റെ ഔന്നത്യം അടിമുടി പുലര്‍ത്തിയവരില്‍ ഒന്നാം നിരയിലാണ് കുഞ്ഞുണ്ണി മാഷുടെ സ്ഥാനം.
“കുഞ്ഞില്‍ നിന്നുണ്ണുന്നവന്‍ കുഞ്ഞുണ്ണി”
എന്നെഴുതുക വഴി കുട്ടികളോടും കുട്ടിക്കവിതകളോടുമുള്ള അചഞ്ചലമായ ആഭിമുഖ്യം വെളിപ്പെടുത്തിയതു കൊണ്ടാകാം കുഞ്ഞുണ്ണി മാഷിനെ ഒരു കുട്ടിക്കവിയായി ലോകം വാഴ്ത്തുന്നത്.
കുഞ്ഞുണ്ണി ഒരു ബാലസാഹിത്യകാരന്‍ മാത്രമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ജീവിതാന്ത്യം വരെ അവിവാഹിതനായിത്തുടര്‍ന്ന മാഷ് പ്രണയത്തെയും ദാമ്പത്യത്തെയും പലപ്പോഴും കവിതകളില്‍ കുറിക്കു കൊള്ളും വിധം വിശകലനം ചെയ്തു.
ഇത്തിരിപ്പോന്ന വാക്കുകളില്‍ ഒത്തിരിപ്പോന്ന ആകാശവും നക്ഷത്രങ്ങളും സൃഷ്ടിക്കാന്‍ കുഞ്ഞുണ്ണിക്കു കഴിഞ്ഞു. മൂന്നു വാക്കുകള്‍കൊണ്ട് നാലാമതൊരു നക്ഷത്രം എന്ന ചൊല്ല് കുഞ്ഞുണ്ണിയുടെ കാര്യത്തില്‍ അന്വര്‍ത്ഥമാകുന്നു. ആ നക്ഷത്ര ഗീതങ്ങള്‍ ചൊരിയുന്ന പ്രകാശ രശ്മികളില്‍ ജീവിതത്തിന്റെ വലിപ്പച്ചെറുപ്പങ്ങളും ന്യായാന്യായങ്ങളും നന്മതിന്മകളും അനാവൃതമാകുന്നു. മനുഷ്യബോധത്തിന്റെ അടിത്തട്ടിലുള്ള ഉണ്മ ഉന്മീലിതമാകുന്നു.
എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം
എന്നെഴുതിയ കുഞ്ഞുണ്ണിയെപ്പോലെ ബന്ധങ്ങളുടെ അന്തഃസാര ശൂന്യതയെ മറ്റാരാണ് അപഗ്രഥിച്ചിട്ടുള്ളത്?
ഞാനൊരു കാക്കവി
പെണ്ണര കണ്ടിട്ടില്ലാത്തതിനാലാവാം
കണ്ടുകഴിഞ്ഞാല്‍
ഞാനൊരരക്കവിയാമോ
അഥവാ
വെറുമൊരരയ്ക്കാക്കവിയാമോ
എന്നെഴുതുമ്പോള്‍ അദ്ദേഹം കവിതയും വനിതയും തമ്മില്‍ ഉണ്ടെന്നു പൊതുവെ പറയപ്പെടുന്ന ബന്ധത്തെ മറ്റൊരു കാഴ്ച്പ്പാടില്‍ നിര്‍വ്വചിക്കുന്നു. “ഞാന്‍ ആരുടെ തോന്നലാണ്?” എന്ന ചോദ്യത്തിലെ അസ്തിത്വവ്യഥയുടെ വ്യാപ്തി കുഞ്ഞുണ്ണിയെ മലയാള കവിതയിലെ ഏറ്റവും വലിയ ദാര്‍ശനിക കവികളിലൊരാളാക്കുന്നു.
കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ കൃതികളാണ് മാഷിനെ കുട്ടിക്കാലം മുതല്‍ക്കേ സ്വാധീനിച്ചിരുന്നത്.
മന്ത്രിയായാല്‍ മന്ദനാകും
മഹാ മാര്‍ക്സിസ്റ്റുമീമഹാ ഭാരതഭൂമിയില്‍
ആദ്യകാലത്ത് കമ്യൂണിസ്റ്റ് അനുഭാവിയായിരുന്ന മാഷിന് ഇങ്ങനെ എഴുതാന്‍ കരുത്തു നല്‍കിയത് കുഞ്ചന്‍ നമ്പ്യാരുടെ കവിതാക്കളരിയായിരിക്കണം.
ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠന്‍ മൂസതിന്റെയും അതിയാരത്തു നാരായണിഅമ്മയുടെയും മകനായി 1927 മേയ് 10-ന് ജനിച്ച കുഞ്ഞുണ്ണിമാഷ് അദ്ധ്യാപനമാണ് ഉപജീവന മാര്‍ഗ്ഗമാക്കിയത്. കോഴിക്കോട്ടാണ്
ഔദ്യോഗിക ജീവിതത്തിന്റെ ഏറിയ ഭാഗവും അദ്ദേഹം
ചെലവഴിച്ചത്. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തി കുറേക്കാലം കൈകാര്യം ചെയ്ത കുഞ്ഞുണ്ണി മാഷ് കുട്ടേട്ടന്റെ അവതാരമെടുത്ത് ഒരുപാടു കുട്ടികളെ എഴുത്തിന്റെ വഴിയിലേയ്ക്ക് കൊണ്ടുവന്നു.
മലയാളത്തിലെ തലപ്പൊക്കമുള്ള കവികളിലൊരാളായ, ഉടലു കൊണ്ടു മാത്രം കുറിയവനായിരുന്ന, മഹാമനീഷിയായിരുന്ന കുഞ്ഞുണ്ണി കുറുങ്കവിതകളില്‍ ആഴമുള്ള ദാര്‍ശനിക സമുദ്രങ്ങള്‍ ബാക്കി വച്ചുകൊണ്ട് 2006 മാര്‍ച്ച് 26 ന് അന്തരിച്ചു.
സര്‍ഗപ്രക്രിയയെക്കുറിച്ചുള്ള കുഞ്ഞുണ്ണി മാഷുടെ പല കാഴ്ചപ്പാടുകളിലൊന്ന് ഈ വരികളിലുണ്ട്….
കാലമില്ലാതാകുന്നു
ദേശമില്ലാതാകുന്നു
കവിതേ നീയെത്തുമ്പോള്‍
ഞാനുമില്ലാതാകുന്നു..
കുഞ്ഞുണ്ണി: ജീവിതരേഖകൾ (പി ആര്‍ ജയശീലന്‍)
https://greenbooksindia.com/autobiography/kunjunni-jeevitharekhakal-jayaseelan