ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറുകളിലെ ബാള്‍ക്കന്‍ യുദ്ധപരമ്പരകളുടെ ഫലമായി ബന്ധങ്ങളാകെ വിച്ഛേദിക്കപ്പെട്ട മനുഷ്യരുടെ ദുരന്തകഥയാണ് ഗൊറാൻ വൊജ്നോവിക്കിൻ്റെ യൂഗോസ്ലാവ്യ മൈ ഫാദര്‍ ലാന്‍ഡ് എന്ന നോവലിൻ്റെ പ്രമേയം. യൂഗോസ്ലാവ് പീപ്പിള്‍സ് ആര്‍മിയില്‍ പ്രവര്‍ത്തിച്ചിരുന്ന പിതാവ് നെദെല്കോയെക്കുറിച്ചറിയുന്നതിനായി മകന് വ്ലാദാന് ബൊറോയേവിക് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്നു. യൂഗോസ്ലാവ്യയുടെ ശിഥിലീകരണത്തെത്തുടര്‍ന്നുണ്ടായ ആഭ്യന്തരയുദ്ധത്തില്‍ കൊല്ലപ്പെട്ടെന്ന് കരുതപ്പെടുന്ന പിതാവിനെക്കുറിച്ചുള്ള അന്വേഷണം ബൊറോയേവിക്കിനു മുന്നില്‍ അസുഖകരമായ ചില കുടുംബ രഹസ്യങ്ങളുടെ നിലവറ തുറക്കുന്നു. 1991 ല്‍ ജന്മനാട്ടില് നടന്ന ദുരന്തസംഭവങ്ങളുടെ ഓര്‍മ്മകള്‍ അയാളില്‍ ഉണരുന്നു. താന്‍ യഥാര്‍ത്ഥത്തില്‍ ഒരു യുദ്ധക്കുറ്റവാളിയുടെ മകനാണെന്ന് തിരിച്ചറിയുന്ന ബൊറോയേവിക് പിതാവിനെ കണ്ടെത്തുന്നതിനു വേണ്ടി ബാള്‍ക്കന്‍ മേഖലയിലാകെ യാത്ര ചെയ്യുന്നു. കലാപകലുഷിതമായിരുന്ന ഒരു കാലഘട്ടത്തിലെ ദുരന്തകഥാപാത്രങ്ങളാണ് അയാളുടെ കുടുംബാംഗങ്ങളും.
വൊജ്നോവിക് ഒരെഴെത്തുകാരന് മാത്രമല്ല – ചലച്ചിത്രകാരനുമാണ്. അതുകൊണ്ടു തന്നെ നോവലിൻ്റെ ആഖ്യാനത്തില്‍ ചലച്ചിത്രകലയുടെ പ്രകടമായ സ്വാധീനമുണ്ടെന്ന് നിരൂപകര്‍ ചൂണ്ടിക്കാണിക്കുന്നു. ബാള്‍ക്കന്‍ മേഖലയ്ക്കുമപ്പുറത്തേയ്ക്കു പടരുന്ന രാഷ്ട്രീയമാനങ്ങളുള്ള നോവലാണ് യൂഗോസ്ലാവ്യ, മൈ ഫാദര്‍ലാന്‍ഡ്. ഭാഷയുടെയും സംസ്കാരത്തിൻ്റെയും സങ്കീര്‍ണ്ണ വൈവിദ്ധ്യങ്ങളുള്ള സ്വദേശത്തെക്കുറിച്ച് സൂക്ഷ്മമായി പഠിച്ചിട്ടുള്ള വൊജ്നോവിക്കിൻ്റെ സംഭാഷണ പ്രധാനമായ കഥനശൈലി പാരായണക്ഷമവും സജീവവുമാണ്. കുടുംബചരിത്രത്തെ ദേശത്തിൻ്റെ ചരിത്രവുമായി ചേര്ത്തുവയ്ക്കുകയെന്ന ക്ലേശകരമായ രചനാദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നു, വൊജ്നോവിക്.
1980 ജൂണ്‍ 11 ന് സ്ലോവേനിയയിലെ ലുബിജാനയില് ജനിച്ച ഗൊറാന്‍ വൊജ്നോവിക്ക് കവി കൂടിയാണ്. പതിനെട്ടാം വയസ്സില്‍ത്തന്നെ അദ്ദേഹം ആദ്യകവിതാസമാഹാരം പുറത്തിറക്കി. സതേണ്‍ സ്കം ഗോ ഹോം, ദി ഫിഗ് ട്രീ എന്നിവയാണ് വൊജ്നോവിക്കിൻ്റെ ഇതര നോവലുകള്‍. പിരാന്‍-പിരാനോ (2010), നെകോക് സോ ബിലി ല്യൂഡ്ജെ (2013) ചെഫുഴ്സ് റൗസ് (2013) എന്നിവയാണ് സംവിധാനം ചെയ്ത സിനിമകള്‍. നിരവധി ഹ്രസ്വ ചിത്രങ്ങളും അദ്ദേഹത്തിൻ്റേതായുണ്ട്.
ലിങ്കിൽ ക്ലിക് ചെയ്യുക
നഷ്ടപൈതൃകങ്ങൾ (ഗൊറാൻ വൊജ്നോവിക്)
https://greenbooksindia.com/Modern/nashtapaithrukangal-goran-vojnovic