പ്രശസ്ത മാദ്ധ്യമ പ്രവർത്തകൻ രാജൂ റാഫേൽ രചിച്ച ആംസ്റ്റർഡാമിലെ സൈക്കിളുകൾ എന്ന യാത്രാവിവരണ ഗ്രന്ഥത്തെക്കുറിച്ച്
ഷീബ അമീർ
എസ്.കെ. പൊറ്റെക്കാട്ട് മുതല്‍ ചിന്ത രവീന്ദ്രന്‍ വരെ സമ്പന്നമാക്കിയ മലയാള സഞ്ചാര സാഹിത്യശാഖയിലെ വേറിട്ടൊരു പുസ്തകമാണ് പത്രപ്രവര്‍ത്തകനും മാധ്യമ പരിശീലകനുമായ രാജു റാഫേല്‍ രചിച്ച
ആസ്റ്റംര്‍ഡാമിലെ സൈക്കിളുകള്‍. ഗ്രീൻ ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുസ്തകത്തിൻറെ പേരു സൂചിപ്പിക്കുന്നതുപോലെ ഹോളണ്ടിൻറെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമിലെ ജനങ്ങള്‍ക്കിടയില്‍ സൈക്കിളെന്ന ഗതാഗത മാധ്യമത്തിനുള്ള പ്രാധാന്യമാണ്
ആസ്റ്റര്‍ഡാമിലെ സൈക്കിളുകള്‍ വായനക്കാരനു മുന്നില്‍ പ്രധാനമായും അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ സൈക്കിള്‍ പ്രേമികളെ സംബന്ധിച്ചിടത്തോളം അനുപമമായ ഒരു വായനാസുഖം ഈ പുസ്തകം നല്‍കുന്നു.
അതേസമയം, അത്ര സൈക്കിള്‍ പ്രേമമില്ലാത്ത കേരളീയര്‍ക്ക് ഹോളണ്ട്, ബെല്‍ജിയം എന്നീ രാജ്യങ്ങളെക്കുറിച്ചും അവരുടെ ജീവിത സംസ്കൃതിയെക്കുറിച്ചും ആഴത്തിലുള്ള വിജ്ഞാനം അതീവ ഹൃദ്യമായ ഭാഷയില്‍ ഈ പുസ്തകം പകര്‍ന്നു നല്‍കുന്നു. താരതമ്യം ചെയ്യാനാവാത്തവിധം ലളിത സുന്ദരമായ രചനാ ശൈലിയാണ്
ആംസ്റ്റര്‍ഡാമിലെ സൈക്കിളുകളുടെ ഏറ്റവും വലിയ സവിശേഷത. താന്‍ കണ്ട കാഴ്ചകള്‍ വായനക്കാരനു മുന്നില്‍ അവതരിപ്പിക്കുകയല്ല; മറിച്ച്, വാക്കുകളിലൂടെ വായനക്കാരനെ ആ കാഴ്ചകളുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ് ഗ്രന്ഥകാരന്‍.
ഹോളണ്ടില്‍ റേഡിയോ നെതര്‍ലൻഡ്സിൻറെ കീഴിലുള്ള അന്താരാഷ്ട്ര മാധ്യമ പഠന കേന്ദ്രത്തില്‍ പത്രപ്രവര്‍ത്തക അധ്യാപക പരിശീലനത്തില്‍ പങ്കെടുത്തിരുന്ന കാലത്തെ അനുഭവങ്ങളാണ് രാജു റാഫേല്‍ പുസ്തകത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. പഠനകാലത്ത് ഹോളണ്ടില്‍ ഉടനീളവും ബെല്‍ജിയം, ജര്‍മനി തുടങ്ങിയ സമീപ രാജ്യങ്ങളിലും സൈക്കിളില്‍ ചുറ്റിക്കറങ്ങിയതിൻറെ അനുഭവക്കുറിപ്പുകളാണ് ഈ പുസ്തകം.
അതേസമയം, വെറുമൊരു സൈക്കിള്‍ സഞ്ചാര കൃതിയായി
ആംസ്റ്റര്‍ഡാമിലെ സൈക്കിളുകളെ പരിമിതപ്പെടുത്താന്‍ ശ്രമിച്ചില്ലെന്നും ഹോളണ്ടിലെ പൊതുകാഴ്ചകളും സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളും സൈക്കിള്‍ എന്ന കണ്ണാടിയിലൂടെ സൂക്ഷ്മമായി നോക്കിയപ്പോള്‍ ഉണ്ടായ വേറിട്ട അനുഭവമാണ് ഈ പുസ്തകമെന്നും ഗ്രന്ഥകാരന്‍ പറയുന്നു.
ലോകത്തിൻറെ സാംസ്കാരിക തലസ്ഥാനമെന്ന് അറിയപ്പെടുന്ന ഹേഗിനെക്കുറിച്ചുള്ള അധ്യായം അതിമനോഹരമാണ്. ഹേഗിലെ പോളിറ്റ്ബ്യൂറോ കെട്ടിടത്തിലേയ്ക്കുള്ള വഴികാട്ടിയായ ബോര്‍ഡ് കണ്ട് ഹോളണ്ടിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആസ്ഥാന മന്ദിരം കാണാനുള്ള കൗതുകത്താല്‍ അവിടേയ്ക്കു സൈക്കിളോടിക്കുന്നതും അവിടെയെത്തുമ്പോള്‍ ഡച്ച് ഭാഷയിലെ പോളിറ്റ് ബ്യൂറോയുടെ അര്‍ഥം മനസ്സിലാകുമ്പോള്‍ അന്തം വിടുന്നതുമെല്ലാം അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.
ലിങ്കിൽ ക്ലിക്ക് ചെയ്യുക.