എല്ലുറപ്പ്, പേശീബലം തുടങ്ങിയ വിശേഷണങ്ങളാണ് കോവിലൻ്റെ ഭാഷാശൈലിയുമായി സാഹിത്യനിരൂപകര്‍ നിരന്തരം ചേര്‍ത്തുവയ്ക്കാറുള്ളത്. കോവിലൻ്റെ ഭാഷയ്ക്ക് കരുത്തിൻ്റെ കാതലുള്ളതു കൊണ്ട് ഒരിക്കലും ആ വിശേഷണങ്ങള്‍ ക്ലീഷേ ആയിട്ടില്ല. കരസേനയിലും നാവികസേനയിലും സേവനമനുഷ്ഠിച്ചിട്ടുള്ള കോവിലന് സൈനികാഭ്യാസത്തോടൊപ്പം ഭാഷയെയും കഠിനവ്യായാമത്തിലൂടെ സുദൃഢമാക്കിയിരുന്നു. തീരെ ദുര്‍മ്മേദസ്സില്ലാത്ത ആ ഭാഷാശരീരവും ദ്രാവിഡപ്പഴമയുടെ വീര്യമുള്ള മനസ്സും കൊണ്ട് ആരെയും സുഖിപ്പിക്കാന്‍ കോവിലന് തുനിഞ്ഞിട്ടില്ല. കണ്ണീരിൻ്റെ ഉപ്പും വിയര്‍പ്പിൻ്റെ തിളപ്പും ചോരയുടെ തുടിപ്പുമാണ് അദ്ദേഹം പറഞ്ഞ കഥകളില്‍ അനുവാചകര്‍ അനുഭവിക്കുന്നത്.
കോവിലനെ സാഹിത്യാചാര്യനായി സ്വയം വരിച്ചയാളായിരുന്നു മാടമ്പ് കുഞ്ഞുകുട്ടന്. കോവിലൻ്റെ സമ്പൂര്ണ്ണകഥകള്ക്കുള്ള ആമുഖത്തില്‍ മാടമ്പ് എഴുതി: “കോവിലനെപ്പറ്റി കനകം കെട്ടി അലങ്കരിച്ച ചില വിശേഷണങ്ങള്‍ പ്രചരിച്ചിരുന്നു. ജീവിതത്തിൻ്റെ പരുക്കന്‍ മുഖവുമായി പ്രത്യേക ബന്ധമുണ്ടായിരുന്ന എഴുത്തുകാരന് എന്നാണ് പ്രയോഗിച്ചു കണ്ടിട്ടുള്ളത്. വിശപ്പിൻ്റെ കഥാകാരന് എന്നുമുണ്ട്. ‘ഈ പാപ്പന് വയറ്റത്തേയ്ക്കേ നോക്കൂ’ എന്ന് ഒരു എടപ്രായക്കാരി ബന്ധു പറഞ്ഞുവത്രേ. വയറാണ് കാര്യം. വയറു നിറച്ചുണ്ടിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. ”
കോവിലൻ്റെ കഥകളില്‍ വിശപ്പ് ഒരു സാന്നിദ്ധ്യമാണ്. അദ്ദേഹം സൃഷ്ടിച്ച കഥാലോകത്തില്‍ മുഖ്യധാരാസമൂഹത്തിൻ്റെ പുറമ്പോക്കുകള്ക്കാണ് കൂടുതല്‍ ഇടമുള്ളത്. അവിടങ്ങളില്‍ പാര്‍ക്കുന്നവരുടെ ശബ്ദങ്ങളാണ്, വര്‍ത്തമാനങ്ങളാണ് കോവിലനിലൂടെ മുഴങ്ങിക്കേള്‍ക്കുന്നത്. സംഭാഷണങ്ങള്‍ക്ക് കോവിലന് വലിയ പ്രാധാന്യം കല്പിച്ചിരുന്നു. ആര് ആരോടു പറഞ്ഞു എന്നൊക്കെ വിശദമാക്കിയില്ലെങ്കില്പ്പോലും വേറിട്ടു കേള്‍ക്കുന്ന ആ പേച്ചുകള്‍ കഥാപാത്രങ്ങളുടെ ആന്തരിക സംഘര്‍ഷങ്ങളിലേയ്ക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നു.
കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍ മാത്രമല്ല, കഥ പറയുന്നയാളുടെ വര്‍ത്തമാനവും കോവിലനു പ്രധാനമാണ്. ഐതിഹാസികമാനങ്ങളുള്ള ഒരു ദേശചരിത്രം പറയുന്ന തട്ടകം എന്ന മാസ്റ്റര്‍പീസ് കോവിലന് ആരംഭിക്കുന്നത് വളരെ ലളിതമായാണ്:
“ഉണ്ണീരി മൂപ്പന് ചന്തയ്ക്കു പോയി.”
എങ്ങനെയാണ് ആ ചന്തയ്ക്കു പോക്ക് എന്ന വിവരണമാണ് പിന്നെ:
“ഏഴരവെളുപ്പിനെണീറ്റ് കുളിച്ചു കുറിയിട്ട് കുടുമയില്‍ തെച്ചിപ്പൂ ചൂടി ഉണ്ണീരിക്കുട്ടി പുറപ്പാടൊരുങ്ങി.
അരമടിശ്ശീല കെട്ടി അരിവാള്‍ ചുറ്റി ഉണ്ണീരി പുറപ്പെട്ടു. എൻറച്ഛാ, എൻറമ്മേ ഒരു കരിക്ക് കന്നിനെ വേണം. വാണിയംകുളം ചന്തയ്ക്കു പോയ് വരട്ടെ. അച്ഛനെ വണങ്ങി, അമ്മയെ വണങ്ങി ഉണ്ണീരിക്കുട്ടി യാത്ര ചോദിച്ചു. പാളപ്പൊതിയും പാണക്കോലും എടുത്ത് ഉണ്ണീരി മുറ്റത്തേയ്ക്കിറങ്ങി. അലരിത്തറയില്‍ പറക്കുട്ടിയെ കുമ്പിട്ട് കല്ത്തറയില് മലവായിയെ തൊഴുത് പടിപ്പുരയില്‍ ഇറയത്തുവെച്ച ഓലക്കുടയെടുത്ത് ഗുരുവിനെ സ്മരിച്ച് ഗുരുനാഥന്മാരെ സ്മരിച്ച് ഉണ്ണീരി പടിക്കെട്ടിറങ്ങി..”
ഒരു വലിയ കഥ തുടങ്ങുകയാണ്. കഥപറച്ചിലിൻ്റെ ഈ ശൈലി ഒരു കോമരത്തിൻ്റെ അരുളപ്പാടിനെ ഓര്‍മ്മിപ്പിക്കുന്നു. പരസ്പരബന്ധമില്ലെന്നും ദുരൂഹമെന്നും ആദ്യവായനയില്‍ അനുഭവപ്പെട്ടേയ്ക്കാവുന്ന ഭാഷയില്‍ കോവിലന് കഥ പറഞ്ഞു തുടങ്ങുന്നു. താളുകള്‍ മറിഞ്ഞു മറിഞ്ഞു പോകെ ആ മൊഴികള്‍ വായനക്കാരന് അടുത്തു കേള്‍ക്കാനാകുന്നു.
എണ്ണമറ്റ കീഴാള വംശപരമ്പരകളുടെ വിയര്‍പ്പും ചോരയും വീണ മണ്ണു കുഴച്ചു മെനഞ്ഞ കഥാശില്പങ്ങളാണ് കോവിലൻ്റേത്.
പുരാവൃത്തങ്ങളും ദേശവൃത്താന്തങ്ങളും കുമിഞ്ഞുകൂടിയ കഥാപരിസരം തെളിഞ്ഞു വരുന്നു. ഇതാണ് കോവിലന് ആഖ്യാനത്തില്‍ സൃഷ്ടിച്ച ക്രാഫ്റ്റ്. കഠിനാനുഭവങ്ങളുടെ തഴമ്പുള്ള കൈകള്‍ കൊണ്ട് കോവിലന് മെനഞ്ഞെടുത്ത കഥാശില്പങ്ങള് കാലത്തെ അതിജീവിക്കുന്നു. എണ്ണമറ്റ കീഴാള വംശപരമ്പരകളുടെ വിയര്‍പ്പും ചോരയും വീണ മണ്ണു കുഴച്ചാണ് ആ ശില്പങ്ങള് നിര്‍മ്മിച്ചിട്ടുള്ളത്. കുളിര് നിലാവിനേക്കാള്‍ കൊടും ചൂടിനെ ഇഷ്ടപ്പെട്ടിരുന്ന കോവിലൻ്റെ രചനകള്‍ ആഴത്തിലനുഭവിക്കുന്ന വായനക്കാരിലേയ്ക്ക് അവയില്‍ നിര്‍ലീനമായ കാരുണ്യത്തിൻ്റെ നീരുറവകള്‍ വന്നു നിറഞ്ഞു കൊണ്ടിരിക്കുന്നു.
കോവിലൻ്റെ കൃതികൾ ഗ്രീൻ ബുക്സിൽ നിന്ന്
കോവിലൻ: സമ്പൂർണ്ണ കഥകൾ
https://greenbooksindia.com/kovilan-sampoorna-kathakal-kovilan?search=Kovilan&category_id=0
കോവിലൻ: മലയാളത്തിൻ്റെ സുവർണ്ണകഥകൾ
https://greenbooksindia.com/malayalathinte-suvarnakathakal-kovilan-kovilan
തോറ്റങ്ങൾ
https://greenbooksindia.com/thottangal-kovilan
ഹിമാലയം
https://greenbooksindia.com/himalayam-kovilan
താഴ്വരകൾ
https://greenbooksindia.com/thazhvarakal-kovilan
തകർന്ന ഹൃദയങ്ങൾ
https://greenbooksindia.com/thakarnna-hridayangal-kovilan