സര്‍ഗലയതാളങ്ങള്‍ തെറ്റുന്നു
ജീവരഥ ചക്രങ്ങള്‍ ചാലിലുറയുന്നു
ബോധമാം നിറനിലാവൊരു തുള്ളിയെങ്കിലും
ചേതനയില്‍ ശേഷിക്കുവോളം
നിന്നില്‍ നിന്നുരുവായി
നിന്നില്‍ നിന്നുയിരാര്‍ന്നൊരെന്നില്‍
നിന്നോര്‍മകള്‍ മാത്രം
-ഒ എന്‍ വി കുറുപ്പ് (ഭൂമിക്കൊരു ചരമഗീതം)
ഭൂമിയുടെ സര്‍ഗലയതാളങ്ങള്‍ തെറ്റുമ്പോള്‍ കവികളുടെ ക്രിയാത്മക ജീവിതത്തിൻ്റെ രഥചക്രങ്ങളും തകര്‍ന്നു പോകുന്നു. കവിത പ്രകൃതിയുടെ നിറങ്ങളുമായും ഗന്ധങ്ങളുമായും തെളിനീരൊഴുക്കുകളുമായും എത്രമേല്‍ ഇഴചേര്‍ന്നിരിക്കുന്നുവെന്നറിയാന്‍ ലോകസാഹിത്യചരിത്രം വായിച്ചാല്‍ മാത്രം മതിയാകും. ആദിമകാലത്തെ പേരറിയാക്കവികളിലൂടെ, ഇതിഹാസ സ്രഷ്ടാക്കളായ ഋഷികവികളിലൂടെ, ഷെല്ലിയും കീറ്റ്‌സും റോബര്‍ട്ട് ഫ്രോസ്റ്റും വാള്‍ട് വിറ്റ്മാനുമൊക്കെയുള്‍പ്പെടുന്ന പാശ്ചാത്യകവികളിലൂടെ, വൈലോപ്പിള്ളിയും ഇടശ്ശേരിയും സുഗതകുമാരിയും ഒ എന്‍ വി യും സച്ചിദാനന്ദനുമൊക്കെയടങ്ങുന്ന ആധുനിക മലയാള കവികളിലൂടെ കവിതയിലെ പ്രകൃത്യുപാസന തുടര്‍ന്നു പോരുന്നു. ആ വലിയ തുടര്‍ച്ച എത്ര കാലമുണ്ടാകുമെന്നറിയില്ല.
കേവലം അക്കാദമിക് ചര്‍ച്ചാവിഷയം എന്നതിനുപരിയായി പ്രകൃതി സംരക്ഷണത്തിൻ്റെ പ്രാധാന്യം നിത്യജീവിതത്തിലെ പ്രായോഗിക യാഥാര്‍ത്ഥ്യമായി ലോകം തിരിച്ചറിയാന്‍ തുടങ്ങിയപ്പോഴാണ് ജൂണ്‍ 5 ലോകപരിസ്ഥിതി ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്ര സഭ തീരുമാനിച്ചത്.
പ്രകൃതിയുടെ നിലനില്‍പ്പിനു വേണ്ടിയുള്ള വലിയൊരു പ്രതിരോധ പ്രവര്‍ത്തനത്തിലാണ് വര്‍ത്തമാനകാല ലോകം. പ്രകൃതിദുരന്തങ്ങളുടെയും മഹാമാരികളുടെയും രൂപത്തില്‍ പലതരം ഭസ്മാസുരന്‍മാര്‍ ഭൂമിയെ ചാമ്പലാക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നു. സ്വയംകൃതാനര്‍ത്ഥങ്ങളോടാണ് മനുഷ്യൻ്റെ വർത്തമാനകാല യുദ്ധങ്ങൾ. ആ പോരാട്ടത്തിലെ ഒരായുധം മാത്രമാണ് സര്‍ഗപ്രവര്‍ത്തനം. മനുഷ്യൻ്റെ നിലനില്പാണ് സര്‍വ്വപ്രധാനം.
കേവലം അക്കാദമിക് ചര്‍ച്ചാവിഷയം എന്നതിനുപരിയായി പ്രകൃതി സംരക്ഷണത്തിൻ്റെ പ്രാധാന്യം നിത്യജീവിതത്തിലെ പ്രായോഗിക യാഥാര്‍ത്ഥ്യമായി ലോകം തിരിച്ചറിയാന്‍ തുടങ്ങിയ ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിലാണ് ജൂണ്‍ 5 ലോകപരിസ്ഥിതി ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്ര സഭ തീരുമാനിച്ചത്. അക്കാലം മുതല്‍ ഒരു ചടങ്ങുപോലെ തൈകള്‍ നട്ടുകൊണ്ട് നമ്മള്‍ ആ ദിവസം ആചരിച്ചു പോന്നു. കേരളത്തില്‍ മാറിമാറി വന്ന സര്‍ക്കാരുകളൊന്നും ആദ്യകാലത്ത് ഈ വിഷയം ഗൗരവമായെടുത്തിരുന്നില്ല. ഒരു പ്രമുഖരാഷ്ട്രീയ കക്ഷിയുടെ മുഖ്യ അജണ്ട തന്നെ കാട്ടില്‍ നിന്ന് മരം മുറിച്ചു കടത്തലായിരുന്നു. അതിനെ എതിര്‍ത്ത സുഗതകുമാരിയെപ്പോലുള്ള എഴുത്തുകാരെ ‘മരക്കവികള്‍’ എന്ന് ആക്ഷേപിക്കാനും അക്കൂട്ടര്‍ മടിച്ചില്ല. ‘മരങ്ങളുണ്ടായിട്ടാണോ കടലില്‍ മഴ പെയ്യുന്നത്?’ എന്നായിരുന്നു അവരുടെ ചോദ്യം.
വികസനത്തിൻ്റെ പേരിലുള്ള പ്രകൃതി ചൂഷണം തുടര്‍ന്നു കൊണ്ടിരിക്കേ, വളരെപ്പെട്ടെന്നു തന്നെ ഭൂമി പ്രതികരിച്ചു തുടങ്ങി. നമ്മുടെ ഋതുഭേദങ്ങളുടെ കലണ്ടര്‍ തെറ്റി. മഴ പെയ്യേണ്ട കാലത്ത് വരള്‍ച്ചയുണ്ടാകാന്‍ തുടങ്ങി. മഞ്ഞുകാലത്ത് പെരുമഴയുണ്ടായി. അല്ലെങ്കില്‍ത്തന്നെ നാശോന്‍മുഖമായിരുന്ന കാര്‍ഷികരംഗം വലിയ തിരിച്ചടികള്‍ നേരിടാന്‍ തുടങ്ങി. കേരളത്തിൻ്റെ നെല്ലറകള്‍ ശൂന്യമായിത്തുടങ്ങി. പ്രകൃതിസംരക്ഷണമെന്നത് വെറുതെ ദിനാചരണങ്ങളില്‍ ഒതുക്കിനിര്‍ത്തേണ്ടതല്ലെന്ന ബോധം ഉദിച്ചപ്പോഴേയ്ക്കും പ്രകൃതി മനുഷ്യനോടുള്ള കലഹവും പ്രതികാരവും ആരംഭിച്ചിരുന്നു. കേരളത്തിൻ്റെ സമീപകാല ചരിത്രത്തിൽ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഈ യുദ്ധത്തിൻ്റെ രേഖകളുണ്ട്. പുതിയ തലമുറയെ കൂടുതല്‍ക്കൂടുതല്‍ പ്രകൃതിയോടടുപ്പിക്കുക മാത്രമാണ് ഈ യുദ്ധം സമാധാനപരമായി അവസാനിപ്പിക്കാന്‍ മനുഷ്യനു മുന്നിലുള്ള മാര്‍ഗ്ഗങ്ങളിലൊന്ന്.
ക്രാന്തദര്‍ശികളായ എഴുത്തുകാര്‍, വിശിഷ്യാ കവികള്‍, എത്രയോ മുന്‍പു തന്നെ ഈ ദുരന്തകാലം പ്രവചിച്ചിരുന്നു. പടര്‍ന്നു പന്തലിച്ച് ശീതളച്ഛായ പകര്‍ന്നു നില്‍ക്കുന്ന മാമരത്തെ പരമശിവനോട് ഉപമിച്ചുകൊണ്ട് യശശ്ശരീരയായ സുഗതകുമാരി ടീച്ചര്‍ എഴുതിയ ഈ കവിത ഒരു പ്രാര്‍ത്ഥന കൂടിയാണ്. പാലാഴിമഥനത്തിനിടെ വാസുകി എന്ന ഉഗ്രസര്‍പ്പം വമിച്ച കാളകൂട വിഷം ലോകസംരക്ഷണാര്‍ത്ഥം കുടിച്ചു നീലകണ്ഠനായി മാറിയ പരമശിവനെപ്പോലെയാണ് ഈ തണല്‍വൃക്ഷം. സംഹാരമൂർത്തിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പരമശിവൻ്റെ മറ്റൊരു മുഖം.
സര്‍ഗ്ഗലയതാളങ്ങള്‍ തെറ്റുന്ന ഈ കാലഘട്ടത്തില്‍ മരക്കവികളെന്ന് സുഗതകുമാരിയെയും കൂട്ടരെയും ആക്ഷേപിച്ച രാഷ്ട്രീയ ധുരന്ധരന്‍മാര്‍ക്കു മുന്നില്‍ പ്രസിദ്ധമായ ഈ “മരക്കവിത” സമര്‍പ്പിക്കുന്നു.
തണുത്ത പൂന്തണല്‍ വീശി പടര്‍ന്നു ചൂഴ്ന്നു നില്ക്കുന്ന
മരത്തിന്റെ തിരുമുടിക്കിതാ തൊഴുന്നേന്‍
നീലകണ്ഠ സ്വാമിയെപ്പോല്‍ വിഷം താനേ ഭുജിച്ചിട്ട്
പ്രാണവായു തരുന്നോനായിതാ തൊഴുന്നേന്‍
പ്രകൃതി പ്രമേയമായ ചില പുസ്തകങ്ങൾ ഗ്രീൻ ബുക്സിൽ നിന്ന്
കണ്ടൽക്കാട്: മലയാളത്തിൻ്റെ പരിസ്ഥിതി കഥകൾ (എസ് മഹാദേവൻ തമ്പി)
https://greenbooksindia.com/ecology-environment/kandalkkadu-mahadevan-thampi
ആകാശങ്ങളുടെ അവകാശികൾ
(എസ് മഹാദേവൻ തമ്പി)
https://greenbooksindia.com/ecology-environment/aakasangalude-avakasikal-mahadevan-thampi
അസ്ഥികൾക്കു മേൽ ഉഴുതുമറിക്കട്ടെ, നിൻ്റെ കലപ്പകൾ
(ഓൾഗ ടോകാർചുക്)
https://greenbooksindia.com/novels/asthikalkkumel-uzhuthumarikkatte-ninte-kalappakal-olga-tokarczuk
കാടേ കഥ പറയൂ (ബിഭൂതിഭൂഷൺ ബന്ദ്യോപാദ്ധ്യായ)
https://greenbooksindia.com/bibhutibhushan-bandopadhyay/kade-katha-parayu-bibhutibhushan-bandopadhyay
കാട്ടിലും മേട്ടിലും (ബിഭൂതിഭൂഷൺ ബന്ദ്യോപാദ്ധ്യായ)
https://greenbooksindia.com/kaatilum-metilum-bibhutibhushan-bandopadhyay