Saturday, July 27, 2024

വിദ്വാന്‍ കെ പ്രകാശത്തിന്റെ ഓര്‍മ്മയില്‍

വിദ്വാന്‍ കെ പ്രകാശം
(22 ജൂണ്‍ 1909 – 30 ഓഗസ്റ്റ് 1976)

Vidwan K Prakasathinte Kavithakalവിശ്വമഹാകാവ്യമായ വ്യാസമഹാഭാരതത്തിന്റെ ഗദ്യപരിഭാഷയിലൂടെ സാഹിത്യലോകത്തില്‍ ചിരപ്രചിഷ്ഠ നേടിയ വിദ്വാന്‍ കെ പ്രകാശത്തിന്റെ നാല്പത്തിയഞ്ചാം ചരമവാര്‍ഷികമാണിന്ന്. ഇന്‍ഡ്യന്‍ ഭാഷകളിലുണ്ടായ മഹാഭാരത പരിഭാഷകളില്‍ ഏറ്റവും ശ്രേഷ്ഠമാണ് പ്രകാശത്തിന്റെ കൃതി. 1965 മുതല്‍ 1968 വരെ നീണ്ടു നിന്ന അക്ഷീണ പരിശ്രമത്തിലൂടെയാണ് നാല്പതു വോള്യങ്ങളുള്ള ഈ ബൃഹദ് വിവര്‍ത്തന പരമ്പര
അദ്ദേഹം പൂര്‍ത്തിയാക്കിയത്. മകള്‍ സത്യഭാമയുടെ മരണമേല്പിച്ച മാനസികാഘാതം മറികടക്കാനാണ് പ്രകാശം ഈ ഉദ്യമത്തിലേര്‍പ്പെട്ടത്. ഇത്രയും വലുപ്പമുള്ള ഒരു ഗ്രന്ഥം പ്രസിദ്ധീകരിക്കാന്‍ അക്കാലത്തെ പ്രസാധകരാരും തയ്യാറാകാതിരുന്നതിനാല്‍ പ്രകാശം തന്നെ ഉദാരമതികളായ സുഹൃത്തുക്കളുടെയും ചില സ്ഥാപനങ്ങളുടെയും സഹായത്തോടെ തന്റെ ലക്ഷ്യം പൂര്‍ത്തീകരിച്ചു. ആദ്യ രണ്ടു വോള്യങ്ങള്‍ അച്ചടിച്ചതിനു ശേഷം അദ്ദേഹം സ്വന്തമായി ഒരു പ്രസ് വാങ്ങി. മൂന്നു മുതല്‍ നാല്പതു വരെയുള്ള വോള്യങ്ങള്‍ ആ പ്രസ്സില്‍ അച്ചടിച്ചു. ആദ്യ വോള്യം 1968 സെപ്തംബറില്‍ കോഴിക്കോട്ടു വച്ചും നാല്പതാം വോള്യം 1973 ഏപ്രിലില്‍ ഡല്‍ഹിയില്‍ വച്ചും പ്രകാശനം ചെയ്തു.
തൃശ്ശൂര്‍ സ്വദേശിയായ പ്രകാശം മുപ്പതു വര്‍ഷം ഹൈസ്‌കൂള്‍ അദ്ധ്യാപകനായിരുന്നു. കവിയായി സാഹിത്യജീവിതം ആരംഭിച്ച അദ്ദേഹത്തിന്റെ കവിതാസമാഹാരങ്ങള്‍ പുറത്തിറങ്ങിയ കാലത്ത് വായനക്കാരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു.
ഗ്രാമീണകുസുമങ്ങള്‍, പ്രേമാഞ്ജലി, ബാഷ്പവര്‍ഷം, മിന്നല്‍പ്പിണരുകള്‍, സ്മൃതിമണ്ഡലം, ചിതറിയ ചിത്രങ്ങള്‍, പ്രണയപ്രകര്‍ഷം തുടങ്ങിയവയാണ് പ്രകാശത്തിന്റെ കാവ്യസമാഹാരങ്ങള്‍. ജീന്‍ വാല്‍ ജീന്‍ (പാവങ്ങളുടെ സംഗ്രഹം), റിപ്‌വാന്‍ വിങ്കിള്‍, ഡേവിഡ് കോപ്പര്‍ഫീല്‍ഡ്, ഷേയ്ക്‌സ്പിയര്‍ കഥകള്‍ എന്നീ വിവര്‍ത്തന കൃതികളും പ്രസിദ്ധീകരിച്ചു.
ആയുര്‍വ്വേദത്തിലും ജ്യോതിഷത്തിലും പാണ്ഡിത്യമുണ്ടായിരുന്ന പ്രകാശം ജ്യോതിഷ സംബന്ധിയായ ഒരു ആധികാരിക ഗ്രന്ഥം രചിക്കാന്‍ പദ്ധതിയിട്ടിരുന്നു. ആ പുസ്തകത്തിന്റെ രചനയാരംഭിച്ച് അധികം വൈകാതെ അദ്ദേഹം രോഗബാധിതനായി. 1976 ഓഗസ്റ്റ് 30 ന് നിര്യാതനായി. ഈയിടെ അന്തരിച്ച പ്രശസ്ത വിവര്‍ത്തകന്‍ കെ പി ബാലചന്ദ്രന്‍ വിദ്വാന്‍ കെ പ്രകാശത്തിന്റെ പുത്രനാണ്.
മഹത്തായ ഒരിതിഹാസകൃതി മലയാളികളിലേയ്‌ക്കെത്തിക്കുന്നതിനു വേണ്ടി വ്യക്തിപരമായ ത്യാഗങ്ങള്‍ അനുഭവിക്കാന്‍ തയ്യാറായ കെ പ്രകാശത്തിനോട് സാഹിത്യലോകം എന്നും കടപ്പെട്ടിരിക്കുന്നു.

ലിങ്കില്‍ ക്ലിക് ചെയ്യുക
വിദ്വാന്‍ കെ പ്രകാശത്തിന്റെ കവിതകള്‍
https://greenbooksindia.com/Vidwan-k-prakasam

 

 

 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles