ഭഗത് സിങ്
(28 സെപ്തംബര്‍ 1907-23 മാര്‍ച്ച് 1931)
“They may kill me, but they cannot kill my ideas. They can crush my body, but they will not be able to crush my spirit.”
-Bhagat Singh
“ഇന്ത്യ അസ്വതന്ത്രയായിരിക്കുന്നിടത്തോളം എൻ്റെ വധു മരണം മാത്രമായിരിക്കും” എന്നു പ്രഖ്യാപിച്ച ധീര രക്തസാക്ഷി ഭഗത് സിങ്ങിൻ്റെ നൂറ്റിപ്പതിന്നാലാം ജന്മദിനമാണിന്ന്.
ബ്രിട്ടീഷ് സര്‍ക്കാരിൻ്റെ ജനവിരുദ്ധമായ മര്‍ദ്ദകനയത്തിന് ഔദ്യോഗിക പരിവേഷം ചാര്‍ത്തി വെളുപ്പിച്ചെടുക്കാനായി രൂപീകരിക്കപ്പെട്ട ഒരു നിയമനിര്‍മ്മാണ സഭ സ്വാതന്ത്ര്യ പൂര്‍വ്വ ഇന്‍ഡ്യയിലുണ്ടായിരുന്നു. 1929 ഏപ്രില്‍ 8 ന് ആ കേന്ദ്ര നിയമനിര്‍മ്മാണ സഭ ഒരു തൊഴിലാളി വിരുദ്ധ ബില്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ രാജ്യമെങ്ങും പ്രതിഷേധം അലതല്ലുകയായിരുന്നു. ബില്‍ സഭയിലവതരിപ്പിച്ച് നിമിഷങ്ങള്‍ക്കകം ഹാളിനുള്ളില്‍ കൈബോംബുകള്‍ വീണു പൊട്ടി. സന്ദര്‍ശക ഗ്യാലറിയില്‍ നിന്ന് ചരിത്രപ്രസിദ്ധമായ മുദ്രാവാക്യം ഉയര്‍ന്നു: “ഇന്‍ക്വിലാബ് സിന്ദാബാദ്.”
“ബധിരരുടെ ചെവി തുറപ്പിക്കാനാണ് ഈ ബോംബുകള്‍’ എന്നെഴുതിയ ചുവപ്പുനിറമുള്ള ലഘുലേഖകളും സ്‌ഫോടനത്തോടൊപ്പം സഭയില്‍ ചിതറി വീണു. രണ്ടു ചെറുപ്പക്കാരാണ് ആ സാഹസകൃത്യം ചെയ്തത്. ഒരാള്‍ ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ രക്തനക്ഷത്രമായി ഇന്നും ജ്വലിക്കുന്ന ഭഗത് സിങ്. മറ്റൊരാള്‍ ഭട്‌കേശ്വര്‍ ദത്ത്.
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യൻ യുവത്വത്തിനു വേണ്ടി പുനരാവിഷ്ക്കരിക്കപ്പെട്ട ഉജ്വലമായ കൃതിയാണ് ഭഗത് സിങ്ങിൻ്റെ ജയിൽ ഡയറി. മുതലാളിത്തത്തിൻ്റെ പ്രലോഭനങ്ങളിൽ കുടുങ്ങി ദിശാബോധം നഷ്ടമാകുന്ന ഒരു യുവതലമുറയല്ല നമുക്കുവേണ്ടത് എന്ന് ഓർമ്മിപ്പിക്കുന്ന പുസ്തകം. ഭഗത് സിങ്ങിൻ്റെയും കൂട്ടാളികളുടെയും വീരമൃത്യു സംഭവിച്ചിട്ട് തൊണ്ണൂറാണ്ടു തികഞ്ഞു. കാലവും കഥയും മാറിയെങ്കിലും ഭഗത് സിങ്ങ് ആർക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ചുവോ ആ ജനത ഇപ്പോഴും നിസ്വരും നിരാലംബരുമാണ്. ഈ കൃതിയുടെ ആന്തരിക പ്രാധാന്യം അതുതന്നെയാണ്.
ഗാന്ധിജിയുടെ അഹിംസാസിദ്ധാന്തത്തിന് എന്നും എതിരായിരുന്ന ഭഗത് സിങ് സ്വാതന്ത്ര്യത്തിനു വേണ്ടി ചോര ചിന്തിയ ധീരന്‍മാരുടെ കഥകള്‍ കേട്ടും കണ്ടുമാണ് വളര്‍ന്നത്. ഇപ്പോള്‍ പാകിസ്ഥാനില്‍ ഉള്‍പ്പെട്ട പശ്ചിമ പഞ്ചാബിലെ ലായപ്പൂര്‍ ജില്ലയില്‍ ബന്‍ഗ എന്ന ഗ്രാമത്തില്‍ കിഷന്‍ സിങ്ങിൻ്റെയും വിദ്യാവതിയുടെയും അഞ്ചു മക്കളില്‍ രണ്ടാമനായി ജനിച്ച ഭഗത് സിങ്ങിന് 12 വയസ്സുള്ളപ്പോഴാണ് ലോക മനസ്സാക്ഷിയെ നടുക്കിയ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടക്കുന്നത്. നിരപരാധികളായ മനുഷ്യരുടെ ചോര വീണു ചുവന്ന ജാലിയന്‍ വാലാ ബാഗിലെ മണ്ണ് വാരിയെടുത്ത് ഒരു കുപ്പിയില്‍ സൂക്ഷിച്ച് നിത്യവും അതില്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്നു, ഭഗത് സിങ്.
“ഇന്‍ഡ്യയും ഇംഗ്ലണ്ടും തമ്മിലുള്ള ബന്ധത്തിനു നടുവില്‍ ഭഗത് സിങ്ങിൻ്റെ ജഡം എന്നും തൂങ്ങിനില്‍ക്കുക തന്നെ ചെയ്യും.”
-ജവഹര്‍ ലാല്‍ നെഹ്‌റു
സൈമണ്‍ കമ്മീഷന്‍ ബഹിഷ്‌കരണത്തോടനുബന്ധിച്ച് 1928 ഒക്ടോബര്‍ 30 ന് ലാലാ ലജ് പത് റായിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തില്‍ പങ്കെടുത്തവരെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു. ഗുരുതരമായി പരുക്കേറ്റ ലജ് പത് റായി രണ്ടാഴ്ചയ്ക്കു ശേഷം മരിച്ചു. അന്നത്തെ ലാത്തിച്ചാര്‍ജ്ജിനു നേതൃത്വം നല്‍കിയ അസിസ്റ്റൻ്റ് പൊലീസ് സൂപ്രണ്ട് ജോണ്‍ സോണ്ടേഴ്‌സിനെ ലാഹോറിലെ പൊലീസ് ക്വാര്‍ട്ടേഴ്‌സിനു മുന്നില്‍ വച്ച് ഭഗത് സിങ് വെടിവെച്ചു കൊന്നു.
അസംബ്ലിയില്‍ ബോംബെറിഞ്ഞതുമായി ബന്ധപ്പെട്ട് ഭഗത് സിങ്ങിനും ദത്തയ്ക്കുമെതിരെ ചുമത്തിയ കേസിൻ്റെ വിചാരണ 1929 മെയ് 7 ന് ആരംഭിച്ചു. കോടതിയില്‍ ഹാജരാക്കപ്പെട്ട സത്യവാങ്മൂലങ്ങളെക്കുറിച്ചും തെളിവുകളെ സംബന്ധിച്ചും ധാരാളം തര്‍ക്കങ്ങളും വിവാദങ്ങളും നിലനിന്നിരുന്നു. ഭഗത് സിങ്ങിനെ അറസ്റ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തിൻ്റെ കയ്യിലുണ്ടായിരുന്ന തോക്കിനെച്ചൊല്ലിയുള്ളതായിരുന്നു പ്രധാന വിവാദം. അറസ്റ്റിലാകുമ്പോൾ ഭഗത് സിങ് തോക്ക് താഴേക്കു ചൂണ്ടി പിടിച്ചിരിക്കുകയായിരുന്നു എന്നായിരുന്നു അസംബ്ലി ഹാളില്‍വെച്ച് അദ്ദേഹത്തെ അറസ്റ്റു ചെയ്ത പൊലീസ് ഉദ്യോഗസ്ഥന്‍ സെര്‍ജൻ്റ് ടെറിയുടെ മൊഴി. ദത്തിനുവേണ്ടി വാദിക്കാന്‍ അഭിഭാഷകന്‍ ഉണ്ടായിരുന്നു, എന്നാല്‍ ഭഗത് സിങ് സ്വയം കേസ് വാദിച്ചു.
ലാഹോറില്‍ ഇവര്‍ ബോംബു നിര്‍മ്മിക്കാനുപയോഗിച്ചിരുന്ന സ്ഥലം പൊലീസ് കണ്ടെത്തി. അവിടെ നിന്ന് മറ്റുള്ളവരെക്കൂടി അറസ്റ്റു ചെയ്തു. സോണ്ടേഴ്സ് വധക്കേസിലും അസംബ്ലിയില്‍ ബോംബെറിഞ്ഞ കേസിലുമാണ് ഭഗതിന് വിചാരണ നേരിടേണ്ടി വന്നത്. ഹന്‍സരാജ് വോഹ്റ, ജയഗോപാല്‍ എന്നീ സുഹൃത്തുക്കളുടെ മൊഴിയാണ് ഭഗത്തിനെതിരെ സുപ്രധാന തെളിവായി മാറിയത്. സോണ്ടേഴ്സ് വധത്തില്‍ പങ്കുണ്ടായിരുന്ന ഇവരുടെ മൊഴികള്‍ കേസില്‍ നിര്‍ണ്ണായകമായി. സോണ്ടേഴ്സ് കേസിൻ്റെ വിധി വരുന്നതുവരെ ബോംബെറിഞ്ഞ കേസില്‍ ശിക്ഷ പ്രഖ്യാപിക്കുന്നത് നീട്ടിവെച്ചു. സിങ്ങിനെ ഡല്‍ഹി ജയിലില്‍ നിന്ന് മിയാന്‍വാലി ജയിലിലേക്കു മാറ്റി. 1930 മെയ് അഞ്ച് മുതല്‍ 1930 സെപ്തംബര്‍ 10 വരെയാണ് വിചാരണ നടന്നത്. 1930 ഒക്ടോബര്‍ 7 ന് പ്രത്യേക കോടതി സുഖ്ദേവ്, ഭഗത് സിംഗ്, രാജ് ഗുരു എന്നിവരെ മരണം വരെ തൂക്കിലിടാന്‍ വിധിച്ചു. ബാക്കിയുള്ള 12 പേരെ ജീവപര്യന്തം തടവിനും വിധിച്ചു. 1931 മാര്‍ച്ച് 24 ന് വധശിക്ഷ നടപ്പാക്കാനായിരുന്നു കോടതി ഉത്തരവ്. എന്നാല്‍ ഭഗത് സിങ്ങിനെപ്പോലും മുന്‍കൂറായി അറിയിക്കാതെ വധശിക്ഷ പതിനൊന്നു മണിക്കൂറോളം നേരത്തേയാക്കി. 1931 മാര്‍ച്ച് 23 വൈകീട്ട് 7.30 ന് ഭഗത് സിങ്, രാജ് ഗുരു, സുഖ്ദേവ് എന്നിവരെ തൂക്കിലേറ്റി. പുറത്തു കാത്തുനിന്ന ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അറിയിക്കാതെ ജയിലിൻ്റെ പുറകിലെ മതിലു പൊളിച്ച് മൃതദേഹങ്ങള്‍ ലാഹോറില്‍ നിന്ന് അറുപതു കിലോമീറ്റര്‍ അകലെയുള്ള ഗന്ധ സിങ് വാല ഗ്രാമത്തില്‍ വെച്ച് അഗ്നിക്കിരയാക്കി. ചാരം സത്ലജ് നദിയിലെറിഞ്ഞു.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഏറ്റവും ക്രൂരമായ ഈ വധശിക്ഷയോട് സുഭാഷ് ചന്ദ്രബോസ് പ്രതികരിച്ചത് ഇങ്ങനെയാണ്: “രാജ്യമെങ്ങും സ്വാധീനം ചെലുത്തിയ വിപ്ലവാവേശത്തിൻ്റെ പ്രതീകമാണ് ഭഗത് സിങ്. ആ ചൈതന്യം അജയ്യമാണ്. അതില്‍ നിന്നു കൊളുത്തിയ തീനാളം കെടുത്താന്‍ ആര്‍ക്കുമാകില്ല.”
ലിങ്കില്‍ ക്ലിക് ചെയ്യുക
ഭഗത് സിങ്ങിൻ്റെ ജയില്‍ ഡയറി
https://greenbooksindia.com/bhagath-Singh-Binoy-Viswam/bhagat-singhinte-jail-diary-bhagath-singh-binoy-viswam
വിവര്‍ത്തനം: ബിനോയ് വിശ്വം