മുല്ലനേഴി
(16 മെയ് 1948-22 ഒക്‌റ്റോബര്‍ 2011)
കെ ബി വേണു
എല്ലാ അര്‍ത്ഥത്തിലും സര്‍വതലസ്പര്‍ശിയാണ് മുല്ലനേഴിയുടെ കവിതകള്‍. നിഷ്‌കളങ്കവും അഗാധവുമായ മനുഷ്യസ്‌നേഹവും കനിവിന്റെ നീരുറവ പോലെ തെളിഞ്ഞ ശുഭചിന്തയുമായി നമ്മുടെ ഭാഷയിലെ എല്ലാ നല്ല പ്രവണതകളെയും മുല്ലനേഴി സ്വാംശീകരിച്ചു. സ്വന്തം കാലഘട്ടത്തിലെ പുരോഗമനാത്മകമായ സാമൂഹ്യമുന്നേറ്റങ്ങള്‍ക്കൊപ്പമാണ്, പാടിപ്പുകഴ്ത്തപ്പെടാനാഗ്രഹിക്കാത്ത കവി നടന്നത്. കവി, ഗാനരചയിതാവ്, നടന്‍, നാടകകൃത്ത്, അദ്ധ്യാപകന്‍, രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്നിങ്ങനെ വിവിധമേഖലകളില്‍ തികഞ്ഞ സത്യസന്ധതയോടെ പ്രവര്‍ത്തിച്ച കവിയുമായി സുദീര്‍ഘമായ ഒരഭിമുഖം നടത്താന്‍ ഭാഗ്യമുണ്ടായി.
മാഷിന്റെ പത്താം ചരമവാര്‍ഷിക ദിനമാണിന്ന്. ആ അഭിമുഖത്തില്‍ നിന്നുള്ള ഒരു ചോദ്യവും ഉത്തരവും ഓര്‍ക്കുന്നു.
ചോദ്യം: എതിര്‍പ്പിന്റെ രാഷ്ട്രീയമാണ് മാഷിന്റെ പല കവിതകളുടെയും മുഖമുദ്ര..
ഉത്തരം: “എഴുപത്തഞ്ചിലോ എഴുപത്തിയാറിലോ മറ്റോ ഞാന്‍ വ്യഭിചാരികള്‍ എന്നൊരു കവിത എഴുതിയിട്ടുണ്ട്. രാമര്‍മ്മപുരം സ്‌കൂളില്‍ നിന്ന് ഒരു ദിവസം വൈകുന്നേരം വരുമ്പോള്‍ “പട്ടണവേശ്യകളെ മൊട്ടയടിച്ചു” എന്നൊരു വാര്‍ത്ത ഈവനിങ് പത്രത്തില്‍ കണ്ടു. അന്ന് ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുമ്പോള്‍ എന്റെ മനസ്സാകെ അസ്വസ്ഥമായി. ഈ സ്ത്രീകള്‍ വ്യഭിചാരികളായത് കാമദാഹം തീര്‍ക്കാനല്ല. കണ്ടമാനം കാശുണ്ടാക്കാനുമല്ല. ഒരു പക്ഷേ ഭര്‍ത്താവിന് മരുന്ന് വാങ്ങിക്കാനോ കുട്ടികള്‍ക്ക് ആഹാരം കൊടുക്കാനോ ആയിരിക്കും അവര്‍ക്ക് കിട്ടുന്ന പണം ഉപയോഗിക്കുന്നത്. അതേ സമയം പഞ്ചനക്ഷത്ര ഹോട്ടലുകളിലും മറ്റും ഇതൊക്കെ നടക്കുന്നുണ്ടാകും. കാമാസക്തി മനുഷ്യനും മൃഗങ്ങള്‍ക്കും ഉണ്ട്. പക്ഷേ മനുഷ്യനെപ്പോലെ കാമാസക്തി കൊണ്ട് ദുഷ്പ്രവൃത്തി ചെയ്യുന്ന മറ്റൊരു ജീവിയും ഉണ്ടാകില്ല. ഈ വാര്‍ത്ത വായിച്ച് വീട്ടിലെത്തിയിട്ട് ചായ കുടിക്കാന്‍ പോലും എനിക്ക് തോന്നിയില്ല. ഞാന്‍ ഒരു കുറിപ്പെഴുതി. കവിത എന്ന് അതിനെ വിളിക്കാമോ എന്നറിയില്ല.
തേക്കിന്‍കാട്ടിലെ
തെക്കേ ഗോപുരനടയില്‍
തേച്ചിട്ടും തേച്ചിട്ടും
തേമാനം വരാത്ത
നാക്കും നാഭിയുമുള്ള
നാലു യുവതികളുടെ തല
സ്വതന്ത്രഭാരതത്തിലെ നിയമപാലകര്‍
മുണ്ഡനം ചെയ്യിച്ചൂ പോലും;
മുണ്ഡനം ചെയ്താലും
മുടി വളരും
മുണ്ഡനം ചെയ്തത്
മുണ്ടഴിക്കാതിരിക്കാനാണത്രേ!
ഹ്ങും…….
മുണ്ടഴിക്കുന്നത്
മുടി കൊണ്ടാണല്ലോ!
മുറുക്കിയുടുത്ത മുണ്ട്
വിശന്നു വയറൊട്ടുമ്പോള്‍
താനേ……
അയഞ്ഞഴിയും.
ആളിക്കത്തുന്ന ജഠരാഗ്നിയില്‍
സദാചാരം
സദാ………..ചാരമാകും.
അപ്പോള്‍,
മുണ്ടഴിപ്പിക്കുന്നതാഹാരം,
മുണ്ഡനം ചെയ്യിക്കുന്നതാചാരം.
മുണ്ടഴിപ്പിക്കുന്നതും
മുണ്ഡനം ചെയ്യിപ്പിക്കുന്നതും
ഒറ്റത്തുറുകണ്ണനായ
ഒരാള്‍ തന്നെയാണെന്നറിയുമ്പോള്‍,
വ്യഭിചാരികളാരാണ്?
പട്ടിണി മാറ്റേണ്ട ഉത്തരവാദിത്വം ഞാനടക്കമുള്ള സമൂഹത്തിനാണ്. എന്റെ കൈ കഴുകിയിട്ടല്ല ഞാനിതു പറയുന്നത്. ഞാനടക്കമുള്ള സമൂഹമാണ് ഇവരെപ്പോലെയുള്ള പാവപ്പെട്ട സ്ത്രീകളെ വ്യഭിചാരത്തിലേക്ക് തള്ളിവിടുന്നത്. നമ്മളുള്‍പ്പെടുന്ന സമൂഹത്തിന്റെ ഭാഗമാണല്ലോ പൊലീസും. ആ പോലീസ് അവരെ ശിക്ഷിക്കുന്നു. അതാണ് അതിലെ വൈരുദ്ധ്യം. സത്യത്തില്‍ വ്യഭിചരിക്കുന്നത് നമ്മളാണ്. നമ്മുടെ തലകളാണ് മുണ്ഡനം ചെയ്യേണ്ടത്.”
എന്നും കാലത്തിനൊപ്പം, പലപ്പോഴും കാലത്തിനും മുന്‍പേയും നടന്ന കവിക്ക് പ്രണാമം.
ലിങ്കില്‍ ക്ലിക് ചെയ്യുക
ഹൃദയം പുഷ്പിക്കുന്ന ഋതു (മുല്ലനേഴി)
https://greenbooksindia.com/mullanezhi/hridayam-pushpikkunna-ruthu-mullanezhi