Thursday, November 21, 2024

പരമ്പരാഗത ലൈബ്രറികൾക്ക് പകരമാവാൻ ഡിജിറ്റല്‍ ലൈബ്രറികള്‍ – കൃഷ്ണദാസ്/ സുനീഷ് കെ.

മലയാളപ്രസാധകലോകത്തെ ഒരു ഹരിതസാന്നിധ്യമായാണ് ഗ്രീന്‍ബുക്‌സ് കടന്നുവരുന്നത്. ശ്രദ്ധേയമായ നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ട് 16 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ അത് നിസ്സാരമായൊരു ചരിത്രമല്ല. എഴുത്തും വായനയും വിപണിയുമെല്ലാം ബഹുവിധ വെല്ലുവിളികളെ നേരിടുന്ന കാലഘട്ടത്തില്‍ മികച്ച വായനയിലേക്ക് ആനയിക്കുന്ന കൃതികള്‍കൊണ്ട് സജീവമാകാന്‍ ഗ്രീന്‍ബുക്‌സിന് കഴിഞ്ഞു. ഇക്കാലമത്രയും ഗ്രീന്‍ബുക്‌സിന് നയിച്ചുകൊണ്ടിരിക്കുന്നത് കൃഷ്ണദാസ് എന്ന എഴുത്തുകാരന്‍ കൂടിയായ പ്രസാധകനാണ്. വായനയെയും പുസ്തകങ്ങളെയും കുറിച്ച് നിലപാടും

നിരീക്ഷണപാടവവമുള്ള കൃഷ്ണദാസിന്റെ സാരഥ്യത്തില്‍ ഗ്രീന്‍ബുക്‌സ് പുതിയ വിപണിയുടെയും സാങ്കേതികവിദ്യയുടെയും പടവുകള്‍ ആവേശപൂര്‍വം നടന്നുകയറുകയാണ്. ഇപ്പോഴിതാ പുസ്തകലോകത്തെ പുതിയ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്ന ഗ്രീന്‍ബുക്‌സ് പോര്‍ട്ടല്‍ ഒരുങ്ങിക്കഴിഞ്ഞു. കോവിഡാനന്തരപുസ്തകവിപണിയുടെയും വായനയുടെയും പശ്ചാത്തലത്തില്‍ കൃഷ്ണദാസ് സംസാരിക്കുന്നു.

1. എഴുത്തുകാരന്‍ കൂടിയായ ഒരു പ്രസാധകനാണ് താങ്കള്‍. എഴുത്തുകാരന്റെ ഭാഗത്തുനിന്നുകൊണ്ട് അല്ലങ്കില്‍ എഴുത്തുകാരന്റെ ദൃഷ്ടിയിലെ ഒരു പ്രസാധകനാകാന്‍ സാധിക്കാറുണ്ടോ?
ഉ: എഴുത്തുകാരനാവുക എന്നത് ആത്മീയതയിലേക്കിറങ്ങിയുള്ള സാഹിത്യപ്രവര്‍ത്തനമാണ്. അതൊരു സ്വപ്‌നസദൃശ്യമായ ജോലികൂടിയാണ്. എന്നാല്‍  പ്രസാധകന്‍ പുസ്തകങ്ങളും ജേണലുകളും വില്‍ക്കുന്ന വ്യക്തിയാണ്. പ്രത്യക്ഷത്തില്‍ ഇത് രണ്ടും യോജിച്ചുപോകുന്നവയല്ല. ഇണങ്ങാത്ത ഈ രണ്ടു കണ്ണികളെ സംയോജിപ്പിച്ചു കൊണ്ടുപോകുക എന്നത് ഒരു വെല്ലുവിളിതന്നെയാണ്. ഒരു പ്രസാധകന് സ്വപ്‌നജീവിയാകാന്‍ സാധിക്കില്ല. അതൊരു നിലനില്പിന്റെ കൂടി പ്രശ്‌നമാണ്. ആയതിനാല്‍  പൂര്‍ണമായും എഴുത്തുകാരന്റെ ദൃഷ്ടിയിലെ പ്രസാധകനാകാന്‍ പ്രയാസമുണ്ട്. എന്നാല്‍, നല്ല സൃഷ്ടികളെ കണ്ടെത്താനും പുതിയ പ്രതിഭകളോട് നീതിപുലര്‍ത്താനും അയാള്‍ പരമാവധി ശ്രമിക്കും. ഇനിയും കണ്ടെത്തപ്പെടാത്ത പുതിയ സാഹിത്യത്തിന്റെ മേന്മ അയാള്‍ വായനക്കാര്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ ശ്രമിക്കും. എന്നാല്‍ ഒരു പ്രസാധകന്‍ എങ്ങനെ ഈ മേഖലയെ അതിജീവിക്കുന്നു എന്ന് പല എഴുത്തുകാരും വായനക്കാരും മനസ്സിലാക്കാറില്ല. പാപ്പരായ ഒട്ടേറെ പ്രസാധകരുടെ കഥകള്‍ പറയാന്‍ നമുക്കുണ്ട്, ആത്മഹത്യ ചെയ്തവരുടെയും.
2. ഗ്രീന്‍ബുക്സ് പതിനാറുവര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഇത്രയും കാലത്തെ പ്രസാധനസപര്യയെ വിലയിരുത്തുമ്പോള്‍ പ്രധാനമായി എന്തൊക്കെയാണ് എടുത്തുപറയാനുള്ളത്?
ഉ: നീണ്ട ഒരു പ്രസാധകജീവിതം നീണ്ടുപോയ പ്രവാസം പോലെ തന്നെ ഒരുപാട് അനുഭവങ്ങള്‍ നിറഞ്ഞതാണ്. ഈയിടെ എഴുത്തും പ്രസാധനവും എന്ന ശീര്‍ഷകത്തില്‍ കുറെ എഴുതിവെയ്ക്കുകയുണ്ടായി. എഴുതുമ്പോള്‍ സത്യസന്ധത ആവശ്യമാണ്. എഴുത്തിനും തിളക്കമേകുന്നതും ആ ഘടകമത്രെ. അത് ചിലപ്പോള്‍ വിപരീതഫലം ചെയ്യും. ആയതിനാല്‍ പാതിവഴി നിര്‍ത്തി. വേണമെങ്കില്‍ ഇനിയും തുടരാം. ഇവിടെ ഒരു നേര്‍രേഖ വരയ്ക്കാന്‍ നമുക്കാകില്ല. എഴുത്തും പ്രസാധനവും കെട്ടിമറിയുന്ന ഈ രംഗം പലപ്പോഴും വളരെ കുത്സിതമായാണ് അനുഭവപ്പെടുക. എന്നാലും ഭാവനാസമ്പന്നമായ ഒരു പ്രസാധനമേഖല കെട്ടിപ്പടുക്കാന്‍ സാധിച്ചു. കുറെ നല്ല പുസ്തകങ്ങളും സഹൃദയരും എഴുത്തുകാരുമായി ഇടപഴകി. പ്രവാസസാഹിത്യ (Diaspora) ത്തിനു  ഊന്നല്‍ നല്‍കി. അതിലുപരി ആധുനിക ലോകസാഹിത്യത്തിന്റെ മണ്ഡലത്തിലേക്ക് ഒരു മുന്നേറ്റം നടത്താന്‍ കഴിഞ്ഞു. ഒരു വലിയ ലോകഭൂപടത്തെ മലയാളത്തിലേക്ക് കൊണ്ടുവന്നു. അതൊക്കെ തുടര്‍ന്നുപോരുന്ന പ്രക്രിയകള്‍ ആണ്. ഇതിനൊക്കെ നന്ദിപറയേണ്ടത് പ്രാഥമികമായി ഞാന്‍ പ്രതിനിധീകരിക്കുന്ന ടീമിനാണ്. ഇതിന്റെ സാമ്പത്തികഭദ്രത ഉറപ്പാക്കിയ, വലിയ മനസ്സിനുടമകളായ നിക്ഷേപകരോടും, നല്ലവരായ സഹപ്രവര്‍ത്തകരോടും.
3. കോവിഡ്കാലത്തിന്റെ പ്രതിസന്ധി മറ്റെല്ലാ മേഖലകളെയുമെന്നതുപോലെ പുസ്തകവിപണിയെയും കാര്യമായി ബാധിച്ചിട്ടുണ്ട്. എന്നാല്‍ വിപണിയിലെത്തുന്ന പുതിയ പുസ്തകങ്ങളുടെ എണ്ണത്തില്‍ ഒട്ടും കുറവില്ല. ഈ അര്‍ത്ഥത്തില്‍ കോവിഡ് നമ്മുടെ വായനാസമൂഹത്തെ ബാധിച്ചില്ലെന്ന് കരുതാനാവുമോ?
ഉ:കോവിഡ് പ്രസാധകമേഖലയെ സാരമായി ബാധിച്ചുവെന്നത് തന്നെയാണ് സത്യം. അതിനുമുമ്പേ സാമ്പത്തികമേഖലയിലെ പരിഷ്‌കാരങ്ങള്‍, കേരളം കണ്ടിട്ടിട്ടില്ലാത്ത മറ്റു പ്രകൃതിദുരന്തങ്ങള്‍ എന്നിവയും ഇതേ അവസ്ഥതന്നെ ഉണ്ടാക്കി. വിപണിയിലെത്തുന്ന പുസ്തകങ്ങള്‍ക്ക് കുറവുണ്ടായില്ല എന്ന് വാദം അംഗീകരിച്ചാല്‍ തന്നെ വില്പന ശുഷ്‌ക്കമായിരുന്നു. കടകള്‍ അടഞ്ഞുകിടന്നു എന്നതാണ് സത്യം. നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലും എവിടെയും ലോക്ഡൗണുകള്‍ തന്നെയായിരുന്നു. എന്നാല്‍ അതോടൊപ്പം ഈ വിപണിശൂന്യതയെ അതിജീവിക്കാന്‍ പുതിയ ഒരു വിപണി ഉയര്‍ന്നുവരികയും ചെയ്തു. ഓണ്‍ലൈന്‍മേഖലക്ക് പുസ്തകവ്യാപാരത്തില്‍ ഉണ്ടായ ഉയര്‍ച്ചയാണ് പുതിയ കാര്യം. എല്ലാ  ലോകദുരന്തങ്ങളും  ശാസ്ത്ര സാങ്കേതികമേഖലയുടെ മറ്റൊരു മുന്നേറ്റത്തിന് കാരണമാകുന്നു എന്നൊരു സത്യവും ഇവിടെ സംഭവിക്കുന്നു.
4. ഗ്രീന്‍ബുക്സ് ആരംഭിക്കുന്ന കാലത്തെ ഒരു അന്തരീക്ഷമല്ല ഇന്ന് പുസ്തകവിപണയിലുള്ളത്. പ്രസാധകരുടെയും പുസ്തകങ്ങളുടെയും എണ്ണം എത്രയോ മടങ്ങാണ് വര്‍ദ്ധിച്ചിരിക്കുന്നത്. സ്വാഭാവികമായും നിലവാരമില്ലാത്ത പുസ്തകങ്ങളും ധാരാളമായി ഇറങ്ങിക്കൊണ്ടിരിക്കുന്നുണ്ട്. വാസ്തവത്തില്‍ ഇത്തരം പ്രവണതകളും മത്സരവും ഒരു പരിധിവരെ ജനങ്ങളെ പുസ്തകങ്ങളില്‍ നിന്നും അകറ്റുകകൂടി ചെയ്യുന്നില്ലേ?
ഉ: പുസ്തകരംഗത്തെ മത്സരം വര്‍ദ്ധിച്ചു എന്നത് വലിയ ഒരു സത്യം. റിസോഴ്സ് കൂടുതല്‍ ഉള്ളവര്‍ വലിയ കേമന്മാരായി. തത്ഫലമായി  ഈ രംഗത്ത് വിഭാഗീയത ഉയര്‍ന്നുവന്നു. സാഹിത്യരംഗത്തെ ജേണലുകളും പത്രാധിപന്മാരും വിഭാഗീയതയുടെ ആശാന്മാരായി. അതിന്റെ മറവില്‍ ശരാശരി സാഹിത്യകാരന്മാര്‍ വരെ വലിയവരായി ഉപരോധിക്കപ്പെട്ടു. ചരിതം അവരെ തട്ടിമാറ്റും എന്നത് വേറൊരു കാര്യം.
നിലപാടുള്ള  നിരൂപകന്മാര്‍ക്കു സാഹിത്യത്തില്‍ സ്ഥാനമില്ലാതെ ആയി. നിലനിന്നവര്‍ പ്രസാധകരുടെ   കൂലി എഴുത്തുകാരും വാഴ്ത്തുപാട്ടുകാരും മാത്രമായി. ഈ പ്രക്രിയ നമ്മുടെ സാഹിത്യത്തിന്റെ അന്തസ്സത്തയെ കാര്യമായി നശിപ്പിച്ചിട്ടുണ്ട്.  നിലവാരമില്ലാത്തവർ നില നിൽക്കില്ല . എന്നാൽ നല്ല വായന നിലനില്‍ക്കുമെന്നു ഞാൻ കരുതുന്നു .
ആഗോളമായി സ്വയം പ്രസാധനമേഖല Self Publication  ഈ കാലഘട്ടത്തില്‍ വികസിച്ചു എന്നതും മറ്റൊരു യാഥാര്‍ഥ്യമാണ്. എഴുത്തും പുസ്തകവും ആര്‍ക്കും കൈവരിക്കാം എന്നൊരു നിലവന്നു. ആ മേഖലയിലും മേന്മയേറിയ പുസ്തകങ്ങള്‍ ഉണ്ട്. ഇന്ന് സോഷ്യല്‍ മീഡിയയുടെ വികാസം ഒരുപാട് പോസിറ്റീവ് ഊര്‍ജ്ജം ഉള്‍ക്കൊള്ളുന്നതാണ്.
5. അച്ചടിവായന അവസാനിക്കുന്നുവെന്ന് പറഞ്ഞുതുടങ്ങിയിട്ട് കാലമേറെയായെങ്കിലും ഇപ്പോഴും മലയാളികള്‍ അച്ചടിച്ച പുസ്തകങ്ങള്‍ തന്നെയാണ് കൂടുതലും വായിക്കുന്നത്. ക്വിന്റില്‍ അടക്കമുള്ള വായനാപരിഷ്‌കാരങ്ങള്‍ വന്നുകഴിഞ്ഞിട്ടുണ്ട്. ഒരു പ്രസാധകന്‍ എന്ന നിലയില്‍ മലയാളിയുടെ വായനാപരിണാമങ്ങളെ ഇത്തരം സാങ്കേതികവികാസത്തെ മുന്‍നിര്‍ത്തി നിരീക്ഷിക്കാമോ?
ഉ: ശാസ്ത്രസങ്കേതികവിദ്യയുടെ മുന്നേറ്റമാണ്  ഇപ്പോള്‍ വ്യാപകമായ Paperless സംസ്‌കാരം. പഴയ പുസ്തകസങ്കല്പത്തിന് ഒരു റൊമാന്റിക് ബന്ധനം എന്നതില്‍ കവിഞ്ഞു വലിയ പ്രാധാന്യമൊന്നുമില്ല. വലിയ പുസ്തകഗോഡൗണുകള്‍ ഇല്ലാതാകും. ഡിജിറ്റല്‍പുസ്തകങ്ങളുടെ വ്യാപനത്തിന്റെ കാലമാണിത്. ഇന്ന് കേരളത്തില്‍ റിലീസ് ചെയ്യുന്ന ഒരു പുസ്തകം ലോകത്തിലെ ഏതൊരു മലയാളിയിലേക്കും തല്‍ക്ഷണം എത്തപ്പെടുന്നു. ഡിജിറ്റലൈസേഷനും ഇലക്‌ട്രോണിക്‌സ്‌വ്യാപനവും ലോകത്തെ ഒരു ചെറിയ ഗ്രാമമമാക്കി. ഇനി നമുക്ക് അന്യഗ്രഹങ്ങളിലേക്കു പറക്കാം എന്നൊരു സ്ഥിതി കൈവന്നിരിക്കുന്നു. കേരളീയസമൂഹത്തിന്റെ പരമ്പരാഗത ലൈബ്രറികളെ ഡിജിറ്റല്‍ ലൈബ്രറികള്‍ പകരം വെക്കും. പുതിയ കാലവും തലമുറയും അതിലേക്കു തന്നെയാണ് നീങ്ങുന്നത്. ആവശ്യക്കാര്‍ക്ക് പുസ്തകക്കടയില്‍ പോയാല്‍ ഒറ്റ പുസ്തകം പ്രിന്റ് ചെയ്തുതരാനുള്ള സംവിധാനം ആയിക്കഴിഞ്ഞു എന്ന് പറയാം. വലിയൊരു മാറ്റം  ഈ മേഖലയില്‍ സംഭവിക്കുന്നു.
6. സോഷ്യല്‍മീഡിയയുടെ പ്രഭാവം ശക്തമായിക്കൊണ്ടിരിക്കുന്ന ഒരു കാലം കൂടിയാണിത്. പുസ്തകങ്ങളുടെ ജയപരാജയങ്ങളും വിപണിയുമെല്ലാം സോഷ്യല്‍മീഡിയ നിയന്ത്രിച്ചുതുടങ്ങിയോ എന്ന സംശയവും അസ്ഥാനത്തല്ല. സമകാലികമായി വലിയ ജനപ്രീതിനേടിയെന്ന് അവകാശപ്പെടാവുന്ന പല പുസ്തകങ്ങളും നിലവാരത്തില്‍ അത്രയൊന്നും മികവു പുലര്‍ത്തിയിരുന്നില്ലെന്ന് പില്‍ക്കാലത്ത് ബോധ്യപ്പെടുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അത്തരം പുസ്തകങ്ങളെക്കുറിച്ചുള്ള ഗൗരവപൂര്‍ണ്ണമായ നിരീക്ഷണങ്ങളും കുറിപ്പുകളുമെല്ലാം പുറത്തുവരുന്നത് വളരെ വൈകിയുമാണ്. എന്താണ് പറയാനുള്ളത്?
ഉ: നേരത്തെ പറഞ്ഞതുപോലെ സോഷ്യല്‍മീഡിയക്ക് പ്രാധാന്യം കൈവന്ന നാളുകള്‍ ആണ് നമുക്ക് മുമ്പില്‍ ഉള്ളത്. വാര്‍ത്താവിനിമയത്തിനു കുത്തകവിനിമയശക്തികളെ അതിജീവിക്കാന്‍ കരുത്തുണ്ടാകുന്നു. എന്നാല്‍ ആശയപോരാട്ടങ്ങളുടെ വളര്‍ച്ചയില്‍ ഭരണകൂടഭീകരതയും വളരും. സോഷ്യല്‍ മീഡിയ നിരോധിക്കപ്പെടുകയോ ഭീകരമായി നിയന്ത്രിക്കപ്പെടുകയോ ചെയ്യാം. പുതിയ കരിനിയമങ്ങള്‍ രൂപപ്പെടാം. പുസ്തകകാര്യത്തില്‍ മുന്നേറ്റവും വീഴ്ചയും ഉണ്ട്. പക്ഷെ നന്മയുടെ ശക്തികള്‍ക്ക് വിജയിക്കാതിരിക്കാന്‍ ആകില്ല. ഇരുട്ട് ഉണ്ടാകുമെങ്കിലും പ്രഭാതത്തിനു കടന്നുവരാതിരിക്കാന്‍ ആകില്ലല്ലോ. എഴുത്തുകാരുടെ സാധാരണ രചനകളെ കൊട്ടിഘോഷിക്കുന്നത് സംബന്ധിച്ചും അവ അക്കാദമികമൂല്യമുള്ള ചരക്കുകളായി മാറുന്നതിനെ സംബന്ധിച്ചും ഞാന്‍ നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്. പക്ഷെ കാലം അവയെ തുറന്നുകാട്ടും എന്ന് തന്നെ ഞാന്‍ പ്രതീക്ഷിക്കുന്നു.
7. ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ താങ്കള്‍ ശ്രദ്ധേയനാകുന്നത് പ്രവാസജീവിതക്കുറിപ്പുകളായ ‘ദുബായ്പുഴ’യിലുടെയാണ്. എന്നാല്‍ ജീവിതത്തിന്റെ നിരര്‍ത്ഥകതയും അരാജകതയും ദാര്‍ശനികമായൊരു ഔന്നത്യത്തിലൂടെ അടയാളപ്പെടുത്തുന്ന ‘കടലിരമ്പങ്ങളാ’യിരിക്കും താങ്കളുടെ ശ്രദ്ധേയമായ രചനയാണ്. രചനാനുഭവം പങ്കുവെയ്ക്കാമോ?
ഉ: സ്വന്തം മുരിങ്ങാചുവട്ടിലിരുന്നേ നമുക്ക് എഴുതാനാകു. സാഹിത്യത്തെ സംബന്ധിച്ച ഒരു വലിയ സിദ്ധാന്തമാണ് അത്. യൗവ്വനനിറവില്‍ മരുഭൂമികളില്‍ എത്തപ്പെട്ട ഒരുവന് എഴുത്തിന്റെ വഴികാട്ടുന്നതു മരുഭൂമിയുടെ നിഗൂഢമായ പരപ്പും ശൂന്യതയുമാണ്, മരുഭൂമിക്കും അപാരമായ സൗന്ദര്യമുണ്ട് എന്ന് എന്നെ ബോധിപ്പിച്ചത് വില്‍ഫ്രഡ് തിസീജിയരുടെ Arabian Sands എന്ന പുസ്തകമാണ്. ദുബായ്പുഴ എഴുതിയത് ഒരു ആശുപത്രിവാസക്കാലത്താണ്. മരുനഗരങ്ങളില്‍ ജീവിച്ച മനുഷ്യരുടെ കണ്ണുനീരും ചിരിയുമാണത്.melancholy വെറും ദുഃഖമല്ല, അതിനു ജീവിതത്തെ കുറിച്ചുള്ള ഒരു ആഴ്ചക്കാഴ്ചയുണ്ട്. ഈ മൗലികതകൊണ്ട് അത് വര്‍ഷങ്ങള്‍ക്കു ശേഷവും വായിക്കപ്പെടുന്നു. വിപണിയില്‍ ഇപ്പോഴും സജീവമാണ് ആ പുസ്തകം എന്നത് എന്നെ സന്തോഷിപ്പിക്കുന്നു. ഓര്‍മ്മകള്‍ക്ക് എഴുത്തിന്റെ തിളക്കമുണ്ടായി എന്നതില്‍ കവിഞ്ഞ് അതൊരു സത്യപുസ്തകമാണ്.
എന്നാല്‍ കടലിരമ്പങ്ങള്‍ക്ക് fictional സ്വഭാവമാണ്. അതൊരു നോവല്‍ ആകുമോ എന്ന conventional ഭയം ഉണ്ടായിരുന്നു. പ്രവാസത്തിന്റെ ആകാശത്തിന് കീഴെയിരുന്ന് ഒരു വലിയ ലോകത്തെ ചേര്‍ത്തുവെക്കുകയാണ് ഞാന്‍ ചെയ്തത്. ആഖ്യാനത്തിനു വേണ്ട അസംഖ്യം തലങ്ങളും അതില്‍ നിറയെ ഉണ്ട്. പുതിയകാലത്ത് ഒരു പഴയ ബാബേല്‍ മധ്യപൂര്‍വദേശത്തിലേക്കു തിരിച്ചുവന്നു. ലോര്‍ക്കയുടെയും ബോറിസ് പാസ്റ്റര്‍നാകിന്റെയും ശകലങ്ങള്‍ അതില്‍ കോറിയിട്ടത് വെറും യാദൃച്ഛികതയല്ല. നിരര്‍ത്ഥകമായ ഒരു ലോകം ഒരു  വിഷാദചിന്തയില്‍ വിറകൊള്ളുന്നു എന്നൊക്കെ പറഞ്ഞാലും തെറ്റില്ല . ഇനിയും വായിച്ചുതീരാത്ത ഒരു നോവല്‍ ആണത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.
8. ലോകവായനയുടെ ഒരു സമകാലികപരിച്ഛേദം കൂടിയാണ് ഗ്രീന്‍ബുക്സിന്റെ പുതിയ പുസ്തകങ്ങളെന്ന് പറയാം. പുസ്തകങ്ങള്‍ തേടിയുള്ള താങ്കളുടെ യാത്രകളെക്കുറിച്ച് പറയാമോ? അന്യഭാഷാപുസ്തകങ്ങളോടുള്ള മലയാളികളുടെ പൊതുസമീപനമെന്താണ്?
ഉ: മലയാളി സ്വന്തം സാഹിത്യത്തേക്കാള്‍ വായിച്ചത് ഇതര ഇന്ത്യന്‍ സാഹിത്യവും  വിദേശ സാഹിത്യവുമാണ്, അതിപ്പോഴും അങ്ങനെതന്നെ. ആ നില തുടരുകയേയുള്ളൂ. ലോകസാഹിത്യത്തിന്റെ ഒരു  പരിച്ഛേദമാണ് ഗ്രീന്‍ബുക്‌സ് ഇവിടേയ്ക്ക് കൊണ്ടുവരുന്നത്. പുതിയ കൃതികളും പേരുകളും മലയാളത്തില്‍ വന്നുചേരാന്‍ കുറച്ചു സമയമെടുത്തേക്കും. എന്നാല്‍ ഉള്ളടക്കപ്രധാനത്താല്‍ (content value) അവ ശ്രദ്ധനേടിയെടുക്കും എന്ന കാര്യത്തില്‍  സംശയമില്ല. ഉദാഹരണത്തിന് പോസ്റ്റ് കമ്മ്യൂണിസ്റ്റ്‌റഷ്യയിലെ സാഹിത്യം. മിഖായേല്‍ ഷിസ്‌കിന്‍, മറീന സ്റ്റെപ്‌നോവ തുടങ്ങിയ സമകാലറഷ്യയിലെ പ്രശസ്ത എഴുത്തുകാരുടെ രചനകളാണ് ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്നത്. മറ്റൊരു നേട്ടം ലോകസാഹിത്യത്തിലെ എഴുത്തുകാരുമായി ലഭിക്കുന്ന വ്യക്തിബന്ധങ്ങള്‍. തുര്‍ക്കിയിലെ ബുര്‍ഹാന്‍ സോമെന്‍സ്, അള്‍ജീരിയയിലെ യാസ്മിന ഖാദറാ, ടുണിഷ്യയിലെ ഹബീബ് സാല്‍മീ, ഇറാക്കിലെ സിനാന്‍ അന്റോണ്‍ എന്നിവര്‍ ഉദാഹരണങ്ങള്‍. ലോകത്തെമ്പാടുമുള്ള ലിറ്റററി ഏജന്റുമാരെയും പ്രമുഖ പ്രസാധകരെയും കണ്ടുമുട്ടാനാകുന്നു. പ്രശസ്ത ഫ്രഞ്ച് പ്രസാധകനായ ഗലിമാഡിന്റെ ചെയര്‍മാന്‍ Antione Gallimard ഡല്‍ഹിയില്‍ വന്നപ്പോള്‍ നേരിട്ടുള്ള ഒരു സംഭാഷണത്തിന് ക്ഷണിക്കപ്പടുകയുണ്ടായി. ഫ്രഞ്ച്‌മേഖലയില്‍ മലയാളത്തെ കൂട്ടിയിണക്കിയതിനുള്ള പ്രതിഫലമാണത്. ആയതിനാല്‍ എന്റെ പുസ്തകയാത്രകള്‍ നിഷ്ഫലമായിട്ടില്ല എന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. നമ്മുടെ സാഹിത്യത്തിന്റെ പരിമിതികള്‍ തുലനം ചെയ്യാനും ഇതുകൊണ്ട് നമുക്കാകുന്നു. ലോകസാഹിത്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ നമ്മള്‍ കുണ്ടന്‍കിണറ്റിലെ തവളകള്‍ മാത്രമാണ്. പുസ്തകയാത്രകള്‍ തന്ന അനുഭവം വളരെ വിശാലമാണ്. അവയെപ്പറ്റി കുറെയേറെ എഴുതാന്‍ കിടക്കുന്നു. പല കാരണങ്ങളാല്‍ അത് സാധിച്ചിട്ടില്ല.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles