I’m full of fears and I do my best to avoid difficulties and any kind of complications. I like everything around me to be clear as crystal and completely calm.
– Alfred Hitchcock
നാല്‍പ്പത്തിയാറു തവണ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടും ഒരിക്കല്‍പ്പോലും മികച്ച സംവിധായകനുള്ള ഓസ്‌കര്‍ പുരസ്‌കാരം ലഭിക്കാതെ പോയ സംവിധായകനാണ്ആല്‍ഫ്രഡ് ഹിച്‌കോക്ക്. പക്ഷേ അവാര്‍ഡുകള്‍ക്കതീതനായിരുന്നു അദ്ദേഹം. 1980 ഏപ്രില്‍ 29 ന് എണ്‍പതാം വയസ്സില്‍ വെള്ളിത്തിരയോടും ജീവിതത്തോടും വിടപറയുമ്പോഴേയ്ക്കും അവാര്‍ഡുകള്‍ക്കപ്പുറത്തുള്ള അത്യുത്കൃഷ്ടമായ ഒരു പദവി ലോകചലച്ചിത്രവേദിയില്‍ ഹിച്‌കോക്ക് നേടിയിരുന്നു.
വിഗ്രഹഭഞ്ജകരുടെ കൂട്ടമായിരുന്ന ഫ്രഞ്ച് നവതരംഗസിനിമയിലെ പ്രമുഖ സംവിധായകര്‍ പോലും ഹിച്‌കോക്കിനെ ഒരു പരിപൂര്‍ണ്ണ ചലച്ചിത്രകാരനായി കണക്കാക്കിയിരുന്നു. ഹിച്‌കോക്കുമായി പല തവണ നടത്തിയ അഭിമുഖങ്ങളുടെ അടിസ്ഥാനത്തില്‍ ഫ്രഞ്ച് ന്യൂവേവ് സിനിമയുടെ പതാകാവാഹകരിലൊരാളായ ഫ്രാന്‍സോ ട്രൂഫോ ഹിച്‌കോക് ട്രൂഫോ എന്നൊരു ബൃഹദ്ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട്.
സ്വദേശമായ ബ്രിട്ടനിലോ പിന്നീട് അമൂല്യമായ ചലച്ചിത്ര സംഭാവനകളുമായി മിന്നിത്തിളങ്ങിയ ഹോളിവുഡ്ഡിലോ കേവലമൊരു സസ്‌പെന്‍സ് ത്രില്ലര്‍ സംവിധായകനെന്നതിലുപരിയുള്ള അംഗീകാരം ഹിച്‌കോക്കിന് ലഭിച്ചിരുന്നില്ല. ആഴത്തിലുള്ള പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും വിധേയമാക്കേണ്ടവയാണ് ഹിച്‌കോക്കിന്റെ ചലച്ചിത്രങ്ങളെന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്തിക്കൊടുക്കുന്നതില്‍ ട്രൂഫോ അടക്കമുള്ള നവതരംഗ ചലച്ചിത്രകാരന്‍മാര്‍ വഹിച്ച പങ്ക് നിസ്സാരമല്ല.
കാണികളെ ഉദ്വേഗത്തിന്റെ അസ്വസ്ഥനിമിഷങ്ങളിലൂടെ അവസാന ഫ്രെയിം വരെ പിടിച്ചിരുത്തുന്ന ഹിച്‌കോക്കിന്റെ സൃഷ്ടികളില്‍ മനുഷ്യമനസ്സിന്റെ സമസ്ത സങ്കീര്‍ണ്ണ ചോദനകളും നിറച്ചുവച്ചിട്ടുണ്ട്.
അമേരിക്കക്കാര്‍ ഹിച്‌കോക്കിനെ ബഹുമാനിക്കുന്നത് അദ്ദേഹം പ്രണയരംഗങ്ങള്‍ കൊലപാതകസീനുകള്‍ പോലെ ചിത്രീകരിക്കുന്നതുകൊണ്ടാണ്. ഞങ്ങള്‍ ഫ്രഞ്ചുകാര്‍ അദ്ദേഹത്തെ ആദരിക്കുന്നത് കൊലപാതക സീനുകള്‍ പ്രണയ സീനുകള്‍ പോലെ ഷൂട്ടു ചെയ്യുന്നതു കൊണ്ടും.
– ഫ്രാന്‍സോ ട്രൂഫോ
ഫ്രാന്‍സോ ട്രൂഫോയും ഹിച്‌കോക്കും അഭിമുഖത്തിനിടെ
സൈക്കോ, വെര്‍ട്ടിഗോ, ഡയല്‍ എം ഫോര്‍ മര്‍ഡര്‍, ജമൈക്ക ഇന്‍, റിയര്‍ വിന്‍ഡോ, ദി റിങ്, ദി മാന്‍ ഹൂ ന്യൂ റ്റൂ മച്, റെബേക്കാ, ഫോറിന്‍ കറസ്‌പോണ്ടന്റ്, നോര്‍ത്ത് ബൈ നോര്‍ത്ത് വെസ്റ്റ്, നോട്ടോറിയസ്, ദി ബേഡ്‌സ് തുടങ്ങി നിശ്ശബ്ദ കാലഘട്ടം മുതല്‍ക്കുള്ള അന്‍പത്തിയാറു കഥാചിത്രങ്ങളിലൂടെ ചലച്ചിത്ര വ്യാകരണത്തിന് സ്വന്തം ഭാഷ്യം രചിച്ച ഹിച്‌കോക്ക് ഏതു സംഭവങ്ങളില്‍ നിന്നു വേണമെങ്കിലും സിനിമയുണ്ടാക്കാമെന്നു വിശ്വസിച്ചിരുന്നു.
ആറു പതിറ്റാണ്ടു നീണ്ട സുദീര്‍ഘവും സജീവവുമായ ചലച്ചിത്ര ജീവിതത്തിനിടെ ഹിച്‌കോക്ക് ഹോളിവുഡ്ഡിലെ അതിപ്രഗത്ഭരായ അഭിനേതാക്കളെയും സാങ്കേതികവിദഗ്ധരെയും തന്റെ സൃഷ്ടികളില്‍ പങ്കാളികളാക്കി. കാരി ഗ്രാന്റ്, ഇന്‍ഗ്രിഡ് ബര്‍ഗ് മാന്‍, ജെയിംസ് സ്റ്റുവര്‍ട്, ഗ്രേയ്‌സ് കെല്ലി തുടങ്ങിയ അഭിനേതാക്കള്‍ പല കാലഘട്ടങ്ങളിലായി അദ്ദേഹത്തിന്റെ സിനിമകളുമായി സഹകരിച്ചു. എത്ര വലിയ താരങ്ങളുടെ സാന്നിദ്ധ്യമുണ്ടെങ്കിലും ഹിച്‌കോക്ക് തന്നെയായിരുന്നു സ്വന്തം സിനിമകളുടെ ആത്യന്തിക ബ്രാന്‍ഡ് നെയിം.
ഹിച്‌കോക്കിന് പ്രണാമമര്‍പ്പിച്ചു കൊണ്ട് ഫ്രാന്‍സോ ട്രൂഫോ പറഞ്ഞു: “അമേരിക്കക്കാര്‍ ഹിച്‌കോക്കിനെ ബഹുമാനിക്കുന്നത് അദ്ദേഹം പ്രണയരംഗങ്ങള്‍ കൊലപാതകസീനുകള്‍ പോലെ ചിത്രീകരിക്കുന്നതുകൊണ്ടാണ്. ഞങ്ങള്‍ ഫ്രഞ്ചുകാര്‍ അദ്ദേഹത്തെ ആദരിക്കുന്നത് കൊലപാതക സീനുകള്‍ പ്രണയ സീനുകള്‍ പോലെ ഷൂട്ടു ചെയ്യുന്നതു കൊണ്ടും.”
സൈക്കോ എന്ന സിനിമയുടെ പോസ്റ്ററില്‍ “No One…BUT NO ONE.. will be admitted to the theatre after the start of each performance of Alfred Hitchcock’s PSYCHO” (സൈക്കോ എന്ന സിനിമ തുടങ്ങിയതിനു ശേഷം ആരെയും തിയറ്ററിലേയ്ക്കു പ്രവേശിപ്പിക്കില്ല) എന്ന് എഴുതിവയ്ക്കാന്‍ മാത്രം ആത്മവിശ്വാസം ഹിച്‌കോക്കിനുണ്ടായിരുന്നു.
പ്രേക്ഷകന്‍ സിനിമയിലെ ഏതേതു ഷോട്ടുകളില്‍ ആകൃഷ്ടനാകുമെന്നു മുന്‍കൂട്ടി തിരിച്ചറിയാനുള്ള പ്രതിഭയും തികച്ചും മൗലികമായ സ്വന്തം ചലച്ചിത്ര ചിന്തകളിലുള്ള ആത്മവിശ്വാസവുമാണ് ഹിച്‌കോക്കിനെ ഇപ്പോഴും സസ്‌പെന്‍സ് സിനിമകളുടെ
തമ്പുരാനായി നിലനിര്‍ത്തുന്നത്.