സുരേഷ് എം ജി
1981 ലാണ് മാടമ്പിനെ പരിചയപ്പെടുന്നത്. കോളേജിൽ വി ടി അനുസ്മരണത്തിന് മാടമ്പുമുണ്ടായിരുന്നു. സുഹൃത്ത് രവിയാണ് അന്ന് കോളേജ് യൂണിയൻ സെക്രട്ടറി. മാടമ്പിനെ കൊണ്ടുവരാൻ രവിയുടെ ജ്യേഷ്ഠൻറെ കാറെടുത്തിരുന്നു. രവിയുടെ ഒരു സുഹൃത്തിന് മാടമ്പുമായി പരിചയമുണ്ട്. അദ്ദേഹമാണ് കൂട്ടിക്കൊണ്ടുവന്നത്. എൻറെ ചുമതല കോവിലനെ വിളിച്ചു കൊണ്ടു വരികയായിരുന്നു. കാറ് മാടമ്പിനെ കൊണ്ടുവരാൻ പോയതിനാൽ കോവിലന് കാറില്ല. വിനയപൂർവ്വം അത് കോവിലനോടു പറയണം എന്ന് രവി പറഞ്ഞിരുന്നു. ഞാൻ വിനയപൂർവ്വം പറഞ്ഞെങ്കിലും “അത്രയിടം നടക്കാൻ വയ്യടോ” എന്ന് കോവിലൻ അറിയിച്ചു. അനുസ്മരണമൊക്കെ കഴിഞ്ഞപ്പോഴേയ്ക്കും പ്രതീക്ഷിച്ചതിലും സമയം വൈകി. അതിനിടയിൽ കാറും ഡ്രൈവറും ഉടൻ തിരിച്ചെത്തിയേ മതിയാകൂ. ചില അത്യാവശ്യങ്ങളുണ്ടെന്ന് രവിയുടെ ജ്യേഷ്ഠൻ വിളിച്ചു. കാറ് തിരിച്ചു പോയി. മാടമ്പിനെ തിരിച്ചു വിടാൻ വണ്ടിയില്ല. എന്തു ചെയ്യും? രവി ഒരു പത്തു രൂപ നോട്ട് കവറിലിട്ടു. “നീ വാ” എന്ന് എന്നോട് പറഞ്ഞു. മാടമ്പും കെ വി ആറും ഞങ്ങളന്ന് `തൊഴുത്ത്` എന്ന് ഓമനപ്പേരിട്ട് വിളിച്ചിരുന്ന ഫസ്റ്റ് പ്രീ ഡിഗ്രി ബ്ളോക്കിലേക്കിറങ്ങുന്നതിനിപ്പുറത്ത്, ഒരു പൂമരച്ചോട്ടിൽ നിന്നു സംസാരിക്കുന്നു. ഒട്ടൊന്നു ശങ്കിച്ച് രവി അടുത്തു ചെന്നു. എന്തും സംഭവിക്കാംഎന്നറിയാവുന്നതിനാൽഞാൻ രണ്ടു ചുവട് പിറകില്‍ മാറി.
രവി മാടമ്പിനു കവർ നീട്ടി.
“എന്താടോ ദ്?” മാടമ്പ് ചോദിച്ചു.
“തിരിച്ച് പോകാൻ…വണ്ടിയ്ക്ക്….കാറ് പോയി”
രവി പറഞ്ഞൊപ്പിച്ചു. മാടമ്പ് ചിരിച്ചു.
“സാരല്ല്യ, താൻ പോയിക്കോളാ… എന്റെ കാര്യം കാര്യാക്കണ്ട.” ഞങ്ങൾക്ക് ആശ്വാസമായി.
ആയിടെയാണ് ഞാൻ കോളനിയും പോത്തും ഭ്രഷ്ടും വായിച്ചത്. മാടമ്പിനെ പരിചയപ്പെടണം എന്ന ഇച്ഛ അതികലശലായി. ഒരിക്കൽ കേച്ചേരി വേലൂർ കിരാലൂർ വഴി പോകുന്ന വണ്ടിയിൽ കയറി. കിരാലൂരിലേയ്ക് ടിക്കറ്റെടുത്തു.
അവരെന്നെ ഒരു കള്ളുഷാപ്പിനു മുന്നിലിറക്കി. ഞാൻ മാടമ്പ് മനയ്ക്കലേക്കുള്ള വഴി ചോദിച്ചു. നടന്ന് മനയ്ക്കലെത്തി. പടി കയറിച്ചെന്നപ്പോള്‍
തലയും താടിയും നരച്ച ഒരാൾ ഉത്തരത്തിൽ രണ്ടു കൈ കൊണ്ടും പിടിച്ച് നിൽക്കുന്നു.
“വരാ…വരാ….എന്താ…എവ്ട്ന്നാ…?”
സ്വാഗതം ചോദ്യങ്ങളോടെയായിരുന്നു.
“മാടമ്പിനെ ഒന്ന് കാണാൻ വന്നതാ.”
“കുഞ്ഞൂട്ടൻ പോയീട്ട് രണ്ടു മൂന്നൂസായേട്ക്കുണു. ഇനിപ്പൊ എന്ന വരാന്ന് അറീല്യ. ഭാര്യോട് പറഞ്ഞിട്ടുണ്ടാവും. ഞാൻ ചോദിച്ചില്ല. എവ്ട്ന്നാ…എന്താ വിശേഷം?”
“എന്റെ വീട് ചൂണ്ടലാണ്.”
“ചൂണ്ടലെവിട്ത്ത്യാ?”
“ചൂണ്ടലീന്ന് കുറച്ച് വടക്ക്‌മാറി.”
“പാടം കേറണോ?”
“ആ…പുതുശ്ശേരി…”
“അതോ ഇനീം അപ്പുറത്തയ്ക്ക് പുവ്വോ?…. പഴ്ന്നാന്യോ ചെമ്മന്തട്ട്യോ എത്തോ?”
“ഇല്ല്യ. പുതുശ്ശേരി.”
“എവിട്ത്ത്യാ?”
“മേനാത്തെ.”
“അവ്ടെ ഒരു കുഞ്ഞുണ്ണ്യാർണ്ടായിരുന്നൂലോ…അയാൾടെ ഒരു അനന്തിരവൻ പാറന്നൂര് സ്കൂളില് മാഷായിരുന്നു. ഒരു പട്ടാളക്കാരൻ….പിന്നെയൊരാള് തൃശൂർണ്ടായിരുന്നു.”
“തൃശൂർകാരന്റെ മകനാ.”
“അത്യോ…കുഞ്ഞുണ്ണ്യാർണ്ടോപ്പൊ?”
“ഇല്ല്യ. ഞാൻ കണ്ടട്ടന്യല്ല്യ.”
“അത്രയ്ക്കൊക്ക്യായോ…”
അത് മാടമ്പിന്റെ അച്ഛൻ മാടമ്പായിരുന്നു. സൗഹൃദത്തിന്റെ തുടക്കം. ആദ്യമാദ്യം മടിച്ചു മടിച്ചായിരുന്നെങ്കിലും പിന്നെ പൂർണ്ണ സ്വാതന്ത്ര്യമായി. ഇറങ്ങിയ പുസ്തകങ്ങളിൽ മിക്കതും ഒരു പകർപ്പ് ഒപ്പിട്ടു തന്നിട്ടുണ്ട്. എന്നെ വിവർത്തകനാക്കിയതും മാടമ്പ് തന്നെ.
ഒരിക്കൽ “കോളനി ഇംഗ്ളീഷിലാക്കടോ” എന്നു പറഞ്ഞു. എഴുതി ടൈപ്പ് ചെയ്ത് കൊടുത്തപ്പോൾ, “ടൈപ്പിങ്ങ് ഇനിയും പഠിക്കണം” എന്നു പറഞ്ഞ് മാറ്റി വച്ചു. പിന്നെ ഇരുപതിൽപരം വർഷങ്ങൾ കഴിഞ്ഞാണ് എന്നോട് വിവർത്തനത്തെക്കുറിച്ച് പറയുന്നത്.
ഭാരത് രത്ന കിട്ടിയവരുടെ ലഘുജീവചരിത്രം ഇംഗ്ളീഷിൽ എച്ച് ആൻഡ് സിയ്ക്ക് എഴുതിക്കൊടുത്തതിന്റെ ചെക്കുമായി ആദ്യമെത്തിയത് മാടമ്പ് മനയ്ക്കലാണ്. എഴുത്തിനു ലഭിക്കുന്ന ആദ്യ പ്രതിഫലം. 2008 ലെ ഒരു സന്ധ്യ. മാടമ്പ് കുളി കഴിഞ്ഞ് ഈറൻ തോർത്തുമെടുത്ത് കുളക്കടവിൽ നിന്ന് വരുന്ന സമയം. ഞാൻ എന്റെ സന്തോഷം പറഞ്ഞു. കുറച്ച് നേരം എന്നെ നോക്കി നിന്നു. എന്നിട്ടെന്റെ തലയിൽ കൈവച്ചു.
“താൻ വിവർത്തനം ചെയ്യാ. അതിനു തനിക്കാവും. നന്നാവും. തനിക്കത് പറ്റും.” അത്രയും പറഞ്ഞ് അകത്തേക്ക് കയറിപ്പോയി. ഞാനൊന്ന് അന്ധാളിച്ചു. തിരിച്ച് നടന്നു.
“മഹാരാജാവിനു മഹാരാജ രാജശ്രീ, ബ്രാഹ്മണന് ബ്രഹ്മശ്രീ, രാജാവിന് രാജശ്രീ, അതിനു കീഴെ വന്നാൽ ശ്രീ, പിന്നേം താഴെപ്പോയാൽ ശ്രീ തന്നെ വേണോന്ന് നിശ്ശല്യ.”
–മരാരാശ്രീ
ഞാനീ കഥ അദ്ദേഹത്തിന്റെ ബന്ധുവായ ഡോക്ടർ മൂർത്തിയോട് കഴിഞ്ഞ ഡിസംബറിൽ പങ്കുവച്ചു. എന്നെ വിവർത്തകനാക്കിയത് മാടമ്പാണെന്ന കഥ. അത് കേട്ട് മാടമ്പ് ഉറക്കെ ചിരിച്ചു. “എന്റെ അനുമാനം തെറ്റിയിട്ടില്ല” എന്ന് പറഞ്ഞ് ചിരിച്ചു. “നല്ല വിവർത്തനങ്ങളാണിന്നും ഭാഷയെ നിലനിർത്തുന്നത്. സംസ്കാരത്തെ നിലനിർത്തുന്നത്” എന്നും പറഞ്ഞു. പക്ഷേ അത് അവസാന കൂടിക്കാഴ്ചയാകും എന്ന് കരുതിയില്ല.
2020 ഡിസംബർ ഇരുപത്തിയെട്ട്.
മാടമ്പിന്റെ എഴുത്തുജീവിതം അശ്വത്ഥാമാവിൽ നിന്ന് തുടങ്ങുന്നു. അശ്വത്ഥാമാവിന് അമ്പത് വയസ്സായി. ആദ്യമായി അത് പുസ്തകരൂപത്തിൽ വന്നത് 1971 ലാണ്. ഈയ്യിടെ അശ്വത്ഥാമാവ് വീണ്ടും വായിക്കാൻ ഇടവന്നു. അതിനെക്കുറിച്ച് ഒരു കുറിപ്പെഴുതി. പക്ഷേ ആർക്കയക്കണം, ആരു പ്രസിദ്ധീകരിക്കും എന്നറിയില്ല. അതൊരു മൂലയിൽ കിടപ്പുണ്ട്.
മാടമ്പ് ഇന്ന് മലയാളസാഹിത്യത്തിലെ പല വരേണ്യർക്കും അത്രയ്ക്ക് രുചിക്കാത്തവനാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയവിശ്വാസങ്ങളായിരിക്കണം അതിനു കാരണം. മാടമ്പിന്റെ പുസ്തകങ്ങൾ, മിക്കവാറും എല്ലാ പുസ്തകങ്ങളും, വായിച്ചിട്ടുണ്ട്. എനിക്കിഷ്ടപ്പെടാത്തത് മാടമ്പിനോട് തുറന്ന് പറഞ്ഞിട്ടുണ്ട്. ഇഷ്ടപ്പെട്ടതിനെക്കുറിച്ചും ചർച്ചയുണ്ടായിട്ടുണ്ട്. ഞാനെന്നും ആവശ്യപ്പെട്ടിരുന്നത് സാധനാലഹരി പോലെ ഒരു പുസ്തകം കൂടി എന്നായിരുന്നു.
“അതുണ്ടാകില്ലടോ, അതങ്ങനെ വന്നു പോയതാണ്. ഒരു ലഹരിയിൽ വന്നു പോയത്”
എന്നാണപ്പോഴെല്ലാം ലഭിച്ച മറുപടി. ചക്കരക്കുട്ടിപ്പാറുവിനെപ്പോലെ പ്രകൃതിയുമായുള്ള ബന്ധം പറയുന്ന മറ്റൊരു കൃതി മലയാളത്തിലുണ്ടോ എന്നെനിക്കിപ്പോഴും സംശയമുണ്ട്. ചക്കരക്കുട്ടിപ്പാറു നായകന്റെ കാമുകിയാണ്. ഒരു മുള്ളു മുരുക്കാണ്. ചക്കരക്കുട്ടിപ്പാറുവിനെ ഇന്നും നിങ്ങൾക്ക് മാടമ്പ് മനയിൽ ചെന്നാൽ കാണാം. “ഞാൻ ചിലപ്പോൾ അവൾക്ക് ചേലയൊക്കെ ഉടുപ്പിച്ച് കൊടുക്കാറുണ്ട്” എന്നൊരിക്കൽ എന്നോട് പറയുകയുണ്ടായി.
“പ്രകൃതിയില്ലാതെ എന്ത് ജീവിതം ടോ.” ഒരിക്കൽ വരി വച്ച് വന്ന കുറേ മയിൽ കുഞ്ഞുങ്ങളെ കണ്ട്, എന്നോട്, “വെള്ളം കുടിക്കാൻ ള്ള വരവാ…അതാ അവിടെ കുറച്ച് പഞ്ചസാരയൊക്കെ കലക്കി ഞാൻ വെള്ളം വച്ചു കൊടുക്കും. കൊറേ ആൾക്കാർണ്ട് ഇവരെപ്പോലെ. വന്ന് കുടിച്ച് പൂവ്വാൻ….”
അതെ..മുള്ളു മുരുക്കിനെപ്പോലും സ്നേഹിക്കാവുന്നവനേ എഴുത്തുകാരനാകാനാകൂ. അത് തെളിയിച്ചവനാണ് മാടമ്പ്.
മലയാളം ശ്രദ്ധിക്കാതെ പോയ മറ്റൊരു മഹത് സൃഷ്ടിയാണ് മാടമ്പിന്റെ ഓം ശാന്തി ശാന്തി. ഒരു മനുഷ്യന്റെ മനസിനെ അതിഗംഭീരമായി അപഗ്രഥിച്ചിരിക്കുന്ന പുസ്തകം. രാഷ്ട്രപിതാവിന്റെ സ്മാരകത്തിനു വെളിയിൽ നിൽക്കേണ്ടി വരുന്ന മകന്റെ മനസിലൂടെയാണതിൽ ഗ്രന്ഥകർത്താവ് കടന്ന് പോകുന്നത്. സ്വന്തം അച്ഛന്റെ ചിതയ്ക്ക് തീ കൊടുക്കാൻ അധികാരമില്ലെന്ന് വിധിക്കപ്പെട്ട മകന്റെ. അയാൾ കാണുന്ന കാഴ്ചകളിലൂടെ. മാടമ്പിന്റെ എഴുത്തുജീവിതത്തിലെ ഏറ്റവും നല്ല കൃതികളേത് എന്നെന്നോട് ചോദിക്കുമ്പോഴൊക്കെ ഞാൻ ഈ മൂന്ന് കൃതികളെയാണ് പരാമർശിച്ചിട്ടുള്ളത്.
പൂർണ്ണമിദം പോലെ രാമകൃഷ്ണ പരമഹംസരുടെ ജീവചരിത്രം പറഞ്ഞ മൂന്ന് നോവലുകളോടെ മിക്കവാറും എഴുത്തുജീവിതത്തിനോട് വിടപറയുന്ന കാലത്തൊരിക്കൽ ഞാൻ പരമഹംസരെക്കുറിച്ച് അദ്ദേഹത്തിനോട് ചോദിച്ചറിഞ്ഞു. എത്ര ആഴത്തിലാണദ്ദേഹം പരമഹംസരുടെ ജീവിതത്തിലേക്കിറങ്ങിച്ചെന്നിട്ടുള്ളത് എന്നതെന്നെ അത്ഭുതപ്പെടുത്തി. എന്താണ് പരമഹംസരെക്കുറിച്ചെഴുതാൻ കാരണം എന്ന് ചോദിച്ചപ്പോൾ, “അവസാനമായി എന്നൊരുതോന്നൽ. ഇനി കുട്ടികൾക്കായി എന്തെങ്കിലും എഴുതണം. അതിനു മുമ്പ് പരമഹംസർ ഒരു ബാധയായി മനസിൽ കയറി” എന്നായിരുന്നു മറുപടി. കുട്ടികൾക്കായി അദ്ദേഹം അതിനു ശേഷം ഒന്നു രണ്ട് കൃതികളെഴുതുകയും ചെയ്തു.
രചനാജീവിതത്തിന്റെ തുടക്കത്തിലും കുട്ടികൾക്കായുള്ള എഴുത്ത് പ്രത്യേകം കൊണ്ടു നടന്നിരുന്നു. പഴയകാല യൂറെക്ക മാസിക തപ്പിയാൽ നിങ്ങൾക്ക് അത് കാണാനാകും. കടലിനെക്കുറിച്ച് ഒരു ദീർഘലേഖനം അതിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സുനാമി എന്ന വാക്ക് ഒരു പക്ഷേ മലയാളി ആദ്യം കേട്ടത് ആ ലേഖനത്തിൽ നിന്നാകും.
അതിശക്തമായ ആക്ഷേപഹാസ്യം മാടമ്പിന്റെ മറ്റൊരു പ്രത്യേകതയാണ്. പുതിയ പഞ്ചതത്രം എന്ന പുസ്തകം അതിന് ഉത്തമോദാഹരണമാണ്.
പല നോവലുകളിലും ഇതിന്റെ ചില അംശങ്ങൾ കാണാം. മരാരാശ്രീയിലൊരിടത്ത് “മഹാരാജാവിനു മഹാരാജ രാജശ്രീ, ബ്രാഹ്മണന് ബ്രഹ്മശ്രീ, രാജാവിന് രാജശ്രീ, അതിനു കീഴെ വന്നാൽ ശ്രീ, പിന്നേം താഴെപ്പോയാൽ ശ്രീ തന്നെ വേണോന്ന് നിശ്ശല്യ.” എന്നെഴുതിയതോർക്കുന്നു. (വാക്കുകൾ അത്ര കൃത്യമായി ഓർമ്മിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല. അർത്ഥം ഏകദേശം ഇതായിരുന്നു.)
സമൂഹത്തിൽ താഴേക്കിടയിലുള്ളവരോട് പൊതുവെയുള്ള സമീപനം വരച്ചിടാൻ ഇതിലും മൂർച്ചയുള്ള വാക്കുകൾ വേണോ? ഇതിന്റെ അംശങ്ങൾ സാരമേയത്തിലും കാണാനാകും. സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച മഹാപ്രസ്ഥാനം ബുദ്ധന്റെ കഥയായിരുന്നു. “അമ്പത് കഴിഞ്ഞതു കൊണ്ടാകണം എനിക്കിപ്പോൾ ഗാന്ധിസത്തിലും ബുദ്ധനിലുമൊക്കെ ഇത്തിരി വിശ്വാസം വന്ന് തുടങ്ങിയിരിക്കുന്നു” എന്ന് മാടമ്പ് പറഞ്ഞത് ഇക്കാലത്താണല്ലോ. ബുദ്ധനെക്കുറിച്ച് മലയാളത്തിലിറങ്ങിയ ഏറ്റവും മികച്ച കൃതികളിലൊന്ന് മഹാപ്രസ്ഥാനമാണെന്നതിൽ സംശയത്തിനവകാശമില്ല.
മാടമ്പ് അര്‍ബുദബാധിതനാണെന്നറിഞ്ഞതിനു ശേഷം ഞാൻ ഒരിക്കൽ മാടമ്പ് മനയിലെത്തി. കുറേ നേരം സംസാരിച്ചിരിക്കുന്നതിനിടയിലാണ് കൈമുഷ്ടി ചുരുട്ടിപ്പിടിച്ചിരിക്കുന്നത് എന്റെ ശ്രദ്ധയിൽപെട്ടത്. ഞാൻ ചെന്ന് നേരം കുറേ ആയെങ്കിലും അതങ്ങനെ മടക്കിപ്പിടിച്ചിരിക്കുകയാണ്.
തിണ്ണയിൽ മുറുക്കാനുള്ള വെറ്റിലയും അടയ്ക്കയും ചുണ്ണാമ്പും ഒരു തളികയിൽ വച്ചിരിക്കുന്നു. ഞാൻ കൈ നിവർത്താൻ പറഞ്ഞു. നിവർത്തി. അതിനകത്ത് ഒരു തുണ്ട് പുകയിലയുണ്ടായിരുന്നു. “ഇത് ഡോക്ടർ ഗംഗാധരൻ വിലക്കിയതല്ലേ?” എന്ന് സ്നേഹപൂർവ്വം ചോദിച്ചപ്പോൾ, സ്വതസിദ്ധമായ ചിരി വന്നു. “തെക്കേപ്പുറത്തെ മാവിന്റെ ഒരു കൊമ്പ് എനിക്കായി തയ്യാറായി നിൽക്കുന്നുണ്ടടോ” എന്നായി. “അത് `എന്റെതോന്ന്യാസങ്ങളിൽ` എഴുതാൻകൊള്ളാം. ഇപ്പൊ നമുക്കിത് കളയാം” എന്നായി ഞാൻ.
“ശരി. കളയാം. ഞാൻ പുകയില ഉപേക്ഷിച്ചതാ. ഇന്നെന്തോ കണ്ടപ്പോ അതെടുത്ത് കയ്യിൽ വയ്ക്കാൻ തോന്നി എന്നേയുള്ളു” എന്നും പറഞ്ഞു.
അന്നത്തെ ചർച്ച എന്റെ തോന്ന്യാസങ്ങളിലേക്കും അവിഘ്നമസ്തുവിലേക്കും നീണ്ടു. പിന്നീടൊരിക്കൽ വാസുദേവ കിണിയിലെ ചരിത്രാംശങ്ങളെക്കുറിച്ചും സംസാരിക്കുകയുണ്ടായി. “ആ കഥ എനിക്കിഷ്ടമായില്ല” എന്ന് പറഞ്ഞപ്പോൾ “അത് ചരിത്രം പറയാൻ ഒരു കഥ തിരഞ്ഞെടുത്തതായിരുന്നു. അല്ലാതെ കഥയ്ക്കതിൽ പ്രാധാന്യമൊന്നുമില്ല” എന്ന് മറുപടി വന്നു. “എനിക്ക് ചില ചരിത്രങ്ങൾ പറയാനുണ്ടായിരുന്നു. അതിനൊരു കഥ വേണം. മനസിൽ വന്നത് ഇങ്ങനെയൊന്നാണെന്ന് മാത്രം,” എന്ന്.
അങ്ങനെ ചില ചരിത്രാംശങ്ങൾ മരാരാശ്രീയിലും കാണാം.
“അപ്പോൾ ഭ്രഷ്ട് ചരിത്രമല്ലേ?” എന്ന ചോദ്യത്തിനുത്തരം “അല്ല” എന്ന ഒറ്റവാക്കായിരുന്നു.
പിന്നെ കുറേ നേരം മൗനമായിരുന്നതിനുശേഷം “ഭ്രഷ്ട് ചരിത്രമാണെന്ന് കരുതുന്നവരുണ്ട്. അതിൽ കുറച്ചൊക്കെ ചരിത്രമില്ല എന്നല്ല. എന്നാൽ അധികവും ഞാനെഴുതിയ പൊളിയാണ്. നോവലാണ്. പക്ഷേ പലരും അതാണ് ചരിത്രം എന്ന് കരുതുന്നു. എത്ര പറഞ്ഞാലും അവരത് തിരുത്തുന്നുമില്ല. ഭ്രഷ്ടിന്റെ യഥാർത്ഥ ചരിത്രം എഴുതിയവർ അനേകമുണ്ടല്ലോ. എന്റേത് ചരിത്രത്തിൽ നിന്നൊരു ഏടെടുത്ത് ഞാനുണ്ടാക്കിയ ഒരു പൊളിക്കഥ എന്ന് നിരീച്ചാൽ മതി.” എന്നു പറഞ്ഞു.
അ ആ ആനക്കഥകളെക്കുറിച്ചുള്ള ചർച്ചയ്ക്കിടയിൽ ഒരിക്കൽ ഞാൻ ഒരു കുസൃതി പറഞ്ഞു. ഒരു ഇംഗ്ളീഷ് പത്രം മാടമ്പിനെ പരിചയപ്പെടുത്തിയത് ‘ഇ-ഫോർ എലെഫന്റ് ഫെയിം മാടമ്പ് കുഞ്ഞുകുട്ടൻ’ എന്നാണെന്ന്.
“പത്ത് നാല്പത് വർഷം മലയാളം എഴുതിയ മനുഷ്യനാടോ ഞാൻ. എന്നാലും ഇപ്പൊ ആൾക്കാരറിയണത് ഇ ഫോർ എലഫന്റ് മാടമ്പ് ന്നാ. അതില് വെഷമല്ല്യ. അതാ മീഡിയേടെ മിട്ക്കാ. ആനേം പൂരോം പണ്ടേ ഇഷ്ടാ.”
ആനക്കഥകൾ അനവധി കേട്ടിട്ടുണ്ട്, ഇല്ലത്തെ ആ തിണ്ണയിലിരുന്ന്. ആനക്കഥകൾ മാതമല്ല, ഭാരതചരിത്രവും, ഇതിഹാസങ്ങളും, പുരാണങ്ങളും, സുഹൃത്തുക്കളുമൊത്തുള്ള വീരഗാഥകളും, അനവധി അനവധി പുസ്തകങ്ങളെക്കുറിച്ചും, എഴുത്തുകാരെക്കുറിച്ചും, മനുഷ്യരെക്കുറിച്ചും, മനുഷ്യനായിരിക്കേണ്ടതിനെക്കുറിച്ചുമൊക്കെ…
“മനുഷ്യനായിരിക്കുക എന്നതാണ് പ്രാധാന്യമുള്ളത്, ബാക്കിയൊക്കെ രണ്ടാമതായി കണക്കാക്കിയാൽമതി. നല്ലത് ചെയ്യാ…ഉപദ്രവിക്കാതിരിക്കാ… അത്രേംമതി….” പലപ്പോഴും പലതിനിടയ്ക്കും എന്നോട് പറയുമായിരുന്നു.
ഇനിയൊരു കിരാലൂർ യാത്ര ഉണ്ടായേക്കില്ല. ഇനിയാ തട്ടിൻപുറത്തെ പുസ്തകങ്ങൾ ഒന്നിച്ചിരുന്ന് പരതലുണ്ടാകില്ല. നാലു പതിറ്റാണ്ടിന്റെ
സൗഹൃദം എന്നാലും അവസാനിക്കില്ല. മാടമ്പിന്റെ പുസ്തകങ്ങൾ, അതിലെ കയ്യൊപ്പ്, എനിക്കൊപ്പമുണ്ടാകും. എന്നും.
പ്രണാമം.
(എഴുത്തുകാരനും വിവര്‍ത്തകനുമാണ് എം ജി സുരേഷ്)
മാടമ്പ് കുഞ്ഞുകുട്ടന്റെ കൃതികള്‍
ഭ്രഷ്ട്
https://greenbooksindia.com/madampu-kunjukuttan/bhrashtu-madampu-kunjukuttan
അവിഘ്‌നമസ്തു
https://greenbooksindia.com/madampu-kunjukuttan/avignamasthu-madampu-kunjukuttan
ഗുരുഭാവം
https://greenbooksindia.com/madampu-kunjukuttan/gurubhavam-madampu-kunjukuttan
മരാരാശ്രീ
https://greenbooksindia.com/madampu-kunjukuttan/mararasree-madampu-kunjukuttan
എന്റെ തോന്ന്യാസങ്ങള്‍
https://greenbooksindia.com/madampu-kunjukuttan/ente-thonnyasangal-madampu-kunjukuttan
ആ ആ ആനക്കഥകള്‍
https://greenbooksindia.com/madampu-kunjukuttan/aa-aa-aa-aana-kadhakal-madampu-kunjukuttan
ആര്യാവര്‍ത്തം
https://greenbooksindia.com/madampu-kunjukuttan/aaryavartham-madampu-kunjukuttan
അമൃതസ്യ പുത്രഃ
https://greenbooksindia.com/madampu-kunjukuttan/amruthasyaputhra-madampu-kunjukuttan
കുഞ്ചന്‍ നമ്പ്യാരുടെ പഞ്ചതന്ത്രം (ഗദ്യപുനരാഖ്യാനം)
https://greenbooksindia.com/madampu-kunjukuttan/panchathanthram-madampu-kunjukuttan
പൂര്‍ണമിദം
https://greenbooksindia.com/madampu-kunjukuttan/poornamidam-madampu-kunjukuttan
സാവിത്രിദേ ഒരു വിലാപം
https://greenbooksindia.com/madampu-kunjukuttan/savithridhe-oru-vilapam-madampu-kunjukuttan
വാസുദേവ കിണി
https://greenbooksindia.com/madampu-kunjukuttan/vasudeva-kini-madampu-kunjukuttan
Nice