ഹുവാന്‍ കാര്‍ലോസ് ഒനെറ്റി
(1 ജൂലൈ, 1909-30 മെയ് 1994)
I applaud the courage of he who accepts each and every one of the laws of a game he did not invent and was not asked if he wanted to play.
– Juan Carlos Onetti (A Brief Life)
ലോകസാഹിത്യത്തിലെ ഏകാന്തപഥികരിലൊരാളായിരുന്നു ഉറുഗ്വെന്‍ നോവലിസ്റ്റും കഥാകൃത്തുമായ ഹുവാന്‍ കാര്‍ലോസ് ഒനെറ്റി. സ്പാനിഷ് സാഹിത്യത്തിലെ ഒരതികായന്‍. ഹൂലിയോ കോര്‍ത്തസാറുടെയും ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിന്റെയും മരിയോ വര്‍ഗസ് യോസയുടെയും ആരാദ്ധ്യപുരുഷന്‍. ആധുനിക നാഗരിക ജീവിതത്തിന്റെ അപചയമാണ് അദ്ദേഹത്തിന്റെ കൃതികളില്‍ പലതിന്റെയും പ്രമേയം. തീവ്രമായ അസ്തിത്വചിന്ത അവയില്‍ നിഴല്‍ വിരിച്ചുകിടക്കുന്നു. അസംബന്ധത നിറഞ്ഞ സ്വകാര്യലോകത്തില്‍ അസന്തുഷ്ടമായ ഏകാന്തജീവിതം നയിക്കുന്ന കഥാപാത്രങ്ങളെ അദ്ദേഹം സൃഷ്ടിച്ചു. സ്മരണകളിലൂടെ, ഭ്രാന്തന്‍ കല്പനകളിലൂടെ, അല്ലെങ്കില്‍ മരണത്തിലൂടെ മാത്രം അവര്‍ ആ വ്യഥിതലോകത്തു നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ചു. ദി പിറ്റ് എന്ന ആദ്യകൃതിയില്‍ത്തന്നെ ഒനെറ്റി തന്റെ സാഹിത്യലോകത്തിന്റെ സവിശേഷസ്വഭാവം വെളിപ്പെടുത്തി. വ്യതിരിക്തമായ ആദ്യ ആധുനിക സ്പാനിഷ് നോവലായാണ് ദി പിറ്റ് പരിഗണിക്കപ്പെടുന്നത്. എ ബ്രീഫ് ലൈഫ് (1950) ആണ് ഒനെറ്റിയുടെ ഏറ്റവും പ്രശസ്തമായ കൃതി. സാന്റ മരിയ എന്നൊരു സാങ്കല്പിക നഗരം തന്നെ അദ്ദേഹം ആ നോവലില്‍ സൃഷ്ടിച്ചു. ഈ നഗരം തുടര്‍ന്നുള്ള പല നോവലുകളുടെയും കഥാഭൂമികയായി. കഥാകഥനത്തിന്റെ സങ്കീര്‍ണ്ണമായ അടരുകള്‍ കൊണ്ട് നോവലെഴുത്തിന്റെ സാങ്കേതികതയെ നിര്‍വ്വചിക്കുകയായിരുന്നു ഒനെറ്റി ഈ നോവലിലൂടെ. ദി ഷിപ് യാഡ് എന്ന നോവലിലെ കേന്ദ്രകഥാപാത്രമായ ലാഴ്‌സണ്‍ ഉപയോഗശൂന്യമായ ഒരു കപ്പല്‍ശാല പുനരുദ്ധരിക്കാനായി സാന്റ മരിയയിലെത്തുന്നു. ഒരു ഗണികാഗൃഹത്തിലെ കൂട്ടിക്കൊടുപ്പുകാരന്‍ കൂടിയായ ആ കഥാപാത്രത്തിലൂടെ ഉറുഗ്വെന്‍ സമൂഹത്തിന്റെ ജീര്‍ണ്ണതയും തകര്‍ച്ചയും ഒനെറ്റി വരച്ചുകാട്ടുന്നു.
എഴുത്തുപോലെ തന്നെ വിചിത്രമായിരുന്നു ഒനെറ്റിയുടെ ജീവിതവും. “ദുര്‍ബലമായ ആരോഗ്യാവസ്ഥയുടെ സമൃദ്ധിയായിരുന്നു” (Excellent fragile health) അദ്ദേഹത്തിന്റെ ജീവിതവും കൃതികളും എന്ന് പറയാറുണ്ട്. മാഡ്രിഡിലെ വസതിയില്‍ കഴിച്ചുകൂട്ടിയ അവസാന വര്‍ഷങ്ങള്‍ അതിന്റെ പ്രതിരൂപമാണ് എന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്‍ പറയുന്നു. കുന്നുകൂട്ടിയ തലയിണകള്‍ക്കിടയില്‍ കിടക്കയില്‍തന്നെ കഴിച്ചുകൂട്ടിയ വര്‍ഷങ്ങള്‍. അടുത്ത് വലിയ ഒരു കെട്ട് പുസ്തകങ്ങള്‍, വേര്‍പിരിയാത്ത വിസ്‌കിക്കുപ്പി, കുട കമഴ്ത്തിവെച്ചവണ്ണം വലിയ ഒരു ആഷ്ട്രേ. ആറു നോവലുകളും കഥകളും നീണ്ട കഥകളുമടങ്ങുന്ന ഒരു രചനാലോകം അദ്ദേഹം ലോകത്തിന് സമര്‍പ്പിച്ചു. രാഷ്ട്രീയത്തിലും സാമൂഹിക ജീവിതത്തിലും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെപ്പോലെത്തന്നെ അസ്തിത്വപരമായ അതിഭാവുകത്വങ്ങളിലൂടെ അദ്ദേഹവും സഞ്ചരിച്ചു. സസ്പെന്‍സും ത്രില്ലറും നിറഞ്ഞ രചനകള്‍ രൂപമെടുത്തു.
പത്രപ്രവര്‍ത്തകന്‍ കൂടിയായിരുന്ന ഒനെറ്റിക്ക് ഉറുഗ്വേന്‍ ദേശീയ പുരസ്‌കാരമായ തെര്‍വാന്റസ് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
ലിങ്കില്‍ ക്ലിക് ചെയ്യുക
ഹ്രസ്വജീവിതം (ഹുവാന്‍ കാര്‍ലോസ് ഒനെറ്റി)
https://greenbooksindia.com/juan-carlos-onetti/onetti
കപ്പല്‍ശാല (ഹുവാന്‍ കാര്‍ലോസ് ഒനെറ്റി)
https://greenbooksindia.com/kappalsala-juan-carlos-onetti