Friday, September 20, 2024

എസ്  ജയചന്ദ്രൻ നായരുടെ ഒരു മാസ്റ്റർ പീസ്  വിൻസെന്റ്  വാൻഗോഗ്- ഉന്മാദവും കലയും 

രു തുള്ളി ഉന്മാദം കൂടി ചേര്‍ത്തുവെച്ചാണ് ദൈവം കല സൃഷ്ടിച്ചതെന്ന് പറഞ്ഞാല്‍, വിന്‍സെന്റ് ഗോഗ് എന്ന ചിത്രകാരന്‍ മാത്രം മതിയാവും അതിന് പ്രത്യക്ഷ ദൃഷ്ടാന്തമാകുവാന്‍. ഉന്മാദത്തിന്റെ സൂര്യകാന്തികളെ പ്രണയിക്കുകയും ആവിഷ്‌കരിക്കുകയും ചെയ്ത ഈ ചിത്രകാരന്‍ അടിമുടി കലാകാരനായിരുന്നു. ചിത്രകലയുടെ സാങ്കേതിജീര്‍ണ്ണതകളിലായിരുന്നില്ല അതിന്റെ നവോന്മേഷം പകരുന്ന ചൈതന്യത്തിലായിരുന്നു വാന്‍ഗോഗിന്റെ ശ്രദ്ധയും അഭിനിവേശവും. ജീവിതം ജീര്‍ണ്ണതയുടെ മഹായാനങ്ങളിലൂടെ കടന്നുപോകുമ്പോഴും അദ്ദേഹം കലയുടെ ചൈതന്യത്തെ ആവാഹിച്ചുകൊണ്ടിരുന്നു. കടുത്ത മഞ്ഞവര്‍ണ്ണങ്ങളുടെ ആഴക്കടലില്‍ അദ്ദേഹം കലയുടെ ആത്മാവിനെ തിരയുകയായിരുന്നു. അതുകൊണ്ടുതന്നെ ആത്മീയദര്‍ശനങ്ങളുടെ  ഉള്‍വെളിവുകള്‍ വാന്‍ഗോഗിന്റെ പല  ചിത്രങ്ങളെങ്കിലും വഹിക്കുന്നുണ്ട്. എന്നാല്‍ അക്കാലത്ത് വേണ്ട രീതിയില്‍ കണ്ടെത്താന്‍ ആര്‍ക്കും സാധിച്ചില്ലെന്നുള്ളതാണ് ഏറെ ഖേദകരം.

വേദനയുടെ ആഴക്കടൽ  
ലോകചിത്രകലയില്‍ പുതിയ ഭൂപടങ്ങള്‍ രചിച്ച വാന്‍ഗോഗിന്റെ വ്യക്തിജീവിതം വേദനയുടെ ആഴക്കടലായിരുന്നു. പീഡനങ്ങളുടെയും സംഘര്‍ഷങ്ങളുടെ കടലാഴങ്ങള്‍ അദ്ദേഹം ചെറപ്പം മുതല്‍ വേട്ടയാടിക്കൊണ്ടിരുന്നു. ഒരുപക്ഷെ ചിത്രകലയ്ക്കപ്പുറം ജീവിച്ചുതീര്‍ക്കാന്‍ മറ്റൊരു ജീവിതം അദ്ദേഹത്തിനുണ്ടായിരുന്നിരിക്കില്ല. പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ എസ്.ജയചന്ദ്രന്‍ നായര്‍ വാന്‍ഗോഗിന്റെ ദുരന്തപങ്കിലമായ ജീവിതയാനങ്ങളിലൂടെ കടന്നുപോകുമ്പോള്‍, അതൊരു എഴുത്തുകാരനു മാത്രം പ്രാപ്യമായ വിശുദ്ധഭാവത്തിന്റെ ആന്തരീകശ്രുതിയിലേക്ക് എത്തിച്ചേരുന്നുണ്ട്. ഉന്മാദത്തിന്റെ സൂര്യകാന്തികള്‍ ആ അര്‍ത്ഥത്തില്‍ ജീവിതരേഖകള്‍ ചേര്‍ത്തുവെച്ച സാഹിത്യസൃഷ്ടിയാണ്.
അദമ്യമായൊരു തൃഷ്ണപോലെ സ്‌നേഹത്തിനായി വാന്‍ഗോഗ് അലഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ തിരസ്‌കരിക്കപ്പെടുവാനായിരുന്നു അദ്ദേഹത്തിന് യോഗം. ഈ തിരസ്‌കാരത്തിന്റെയും അലച്ചിലിന്റെയും സംഘര്‍ഷങ്ങള്‍ കൂടിയായിരിക്കണം അദ്ദേഹത്തെ മഹാനായൊരു ചിത്രകാരനാക്കിയത്. മുപ്പത്തിയേഴാം വയസ്സില്‍ വെടിയുണ്ടയേറ്റ് ജീവന്‍ നിലയ്ക്കുന്നതുവരെയും ഈ സംഘര്‍ഷം ആ ജീവിതത്തെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. ഉന്മാദവും അപസ്മാരവും ദുരിതപൂര്‍ണ്ണമാക്കിയ ജീവിതമായിരുന്നു വാന്‍ഗോഗിന്റെത്. ഭ്രഷ്ടനാക്കപ്പെട്ടതുപോലെ മുറിവേറ്റും ചോര്‍ന്നുവാര്‍ന്നും ആശുപത്രിവാസക്കാലങ്ങള്‍ ധാരാളം ഈ ജീവിതത്തിലുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തെ ഏറെ ഇഷ്ടപ്പെട്ട ഡോ. ഫെലിക്‌സ് റേ പറഞ്ഞത്, ” തീക്ഷ്ണവികാരങ്ങളെ പ്രതിഫലിപ്പിക്കാന്‍ അതിനേക്കാള്‍ തീക്ഷ്ണമായ ചായങ്ങള്‍ ഉപയോഗിച്ച്, വിസ്മയങ്ങളുടെ പ്രപഞ്ചം നിര്‍മ്മിക്കുന്നതിനിടയില്‍ ഉണ്ടായ വൈകാരികമായ സമ്മര്‍ദ്ദമാണ് വിന്‍സെന്റിന്റെ ജീവിതത്തിലെ താളം തെറ്റിച്ചത്” എന്നായിരുന്നു.

വേറിട്ട ജീവിതം 

ഇത്രയേറെ പീഡനങ്ങളും സഹനങ്ങളും ഏറ്റുവാങ്ങിയ മറ്റൊരു കലാകാരന്‍ ഈ ലോകത്ത് ഉണ്ടായിരുന്നിരിക്കില്ല. വളരെ കുറച്ചൊരു കാലം മാത്രം ജീവിച്ചുകൊണ്ട് വിന്‍സെന്റ് വാന്‍ഗോഗ് എന്ന കലാകാരന്‍ സൃഷ്ടിച്ച കലാവിസ്മയങ്ങള്‍ പകരം വെയ്ക്കാനില്ലാത്തതാണെങ്കില്‍ അദ്ദേഹം അനുഭവിച്ച ആത്മസംഘര്‍ഷങ്ങളുടെയും തിരസ്‌കാരങ്ങളുടെയും വേദനകളും സമാനതകളില്ലാത്തതായിരുന്നു.  ‘ഉന്മാദത്തിന്റെ സൂര്യകാന്തികള്‍’ വാന്‍ഗോഗിന്റെ ജീവിതത്തെക്കുറിച്ച് അതിന്റെ നഷ്ടസ്മൃതികളുടെ വിഷാദസ്പര്‍ശം ചാലിച്ചുകൊണ്ടെഴുതിയ ബയോനോവല്‍ കൂടിയാണ്. ”പ്രതിഭാശാലികളെ കണ്ടെത്താന്‍ അവര്‍ ജീവിച്ചിരിക്കുന്ന കാലത്തിന് പലപ്പോഴും കഴിയാറില്ല. വിന്‍സെന്റിനോട് കാലത്തിന്റെ പെരുമാറ്റം ദയാരഹിതമായിരുന്നു. കുറച്ച് സ്‌നേഹത്തിനും അത് നല്‍കുന്ന ചൂടിനും വേണ്ടി ആ മനുഷ്യന്‍ എന്തെല്ലാം അനുഭവിച്ചു,” ജയചന്ദ്രന്‍ നായരുടെ വാക്കുകള്‍ വിന്‍സെന്റിന്റെ ജീവിതത്തെ കുറിച്ചുള്ള അടിവരയാണ്.
വാന്‍ഗോഗിന്റെ രചനകള്‍പോലെ ജീവിതവും വേറിട്ടതായിരുന്നു. ഉന്മാദിയായൊരു കലാകാരനു മാത്രം സാധിക്കുന്ന രചനകള്‍കൊണ്ട് വാന്‍ഗോഗ് ഇന്നും കാലത്തെ അതിജീവിച്ചുകൊണ്ടിരിക്കുന്നു. ആത്മീയമായൊരു അശാന്തിയുടെ താളഭംഗം അദ്ദേഹത്തെ അനുനിമിഷം അലട്ടിയിരുന്നു. ബന്ധങ്ങളെ സ്ഥായിയായി കൊണ്ടുനടക്കുവാന്‍ സാധിക്കാതിരുന്നതിനു പിന്നിലെ കാരണം ഇതുമായിരുന്നു. ജ്വരബാധിതമായ മനോനിലയിലാണ് അദ്ദേഹത്തിന്റെ ജീവിതം ഏറെക്കുറെയും. കുടുംബവുമായി രമ്യതപ്പെടുവാന്‍ അദ്ദേഹത്തിനായില്ല. ഒരു തോറ്റ ജീവിതമായിട്ടായിരുന്നു വാന്‍ഗോഗ് വിലയിരുത്തപ്പെട്ടത്. ഭാര്യയും മക്കളും അടങ്ങുന്ന അഞ്ചംഗത്തെ പരിപാലിക്കുന്നതില്‍ അദ്ദേഹം ദയനീയമായി പരാജയപ്പെട്ടു. അനിശ്ചിതത്വങ്ങളും അരാജകതയും അദ്ദേഹത്തെ എപ്പോഴും പിടിച്ചുലച്ചുകൊണ്ടിരുന്നു.
ഇര്‍വിന്‍ ലിവിങ്സ്റ്റണിന്റെ ലസ്റ്റ് ഫോര്‍ ലിവ് എന്ന കൃതിയിലൂടെയാണ് ആദ്യമായി വാന്‍ഗോഗിന്റെ ജീവിതം നോവലാകുന്നത്. ജയചന്ദ്രന്‍ നായര്‍ ഇവിടെ കാവ്യാത്മകമായ രൂപകങ്ങളുടെ സൗന്ദര്യമണിഞ്ഞ വാക്കുകളിലൂടെ വാന്‍ഗോഗിനെ വരയ്ക്കുമ്പോള്‍ വിചിത്രവും ദുരൂഹവുമായ അഭികല്പനകളിലൂടെ ആ ജീവിതത്തിന് മറ്റൊരു ശോഭ കൈവരുന്നു. ആത്മസംഘര്‍ഷങ്ങളില്‍ എരിഞ്ഞുതീരുന്ന ജീവിതങ്ങളാണ് പ്രതിഭകളുടെത്. ഒരുപക്ഷെ, അതായിരിക്കാം അവരുടെ സൃഷ്ടികളില്‍ തെളിഞ്ഞ നിലാവായി നമ്മെ ആകര്‍ഷിക്കുന്നത്. നിറങ്ങള്‍കൊണ്ട് ഉന്മാദത്തിന്റെ വസന്തം തീര്‍ത്ത വാന്‍ഗോഗിന്റെ ജീവിതം അക്ഷരങ്ങളിലൊതുക്കുമ്പോള്‍ ഭാഷ കാവ്യഭംഗിയുടെ മിഴിവണിയുന്നുണ്ട്. അങ്ങനെയല്ലാതെ ഈ പ്രതിഭയെ എങ്ങനെയാണ് ഒരു എഴുത്തുകാരന് നമിക്കുനാവുക!

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles