വളരെ കാലങ്ങള്‍ക്കുശേഷം ഈയിടെ ബോംബെയിലെ എന്റെ സുഹൃത്ത് അപ്രതീക്ഷിതമായി ഓഫീസിലേക്കു കടന്നുവന്നു. സുഹൃത്ത് എന്നുപറയുന്നത് അത്ര ശരിയല്ല. ജ്യേഷ്ഠനെപ്പോലെയാണ് അദ്ദേഹം. ഇന്ത്യയിലെ ഒരു രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധപ്പെട്ടു ബോംബെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തൊഴിലാളിപ്രസ്ഥാനത്തിന് ജീവിതം മുഴുവന്‍ സമര്‍പ്പിച്ച വ്യക്തി. ‘നിങ്ങള്‍ക്ക് തൊഴിലാളിയുടെ മുഖമേയില്ലല്ലോ, ഒരു ബ്രാഹ്മണനെപ്പോലെ’ എന്നുപറഞ്ഞ് ഞാന്‍ അദ്ദേഹത്തെ എപ്പോഴും കളിയാക്കാറുണ്ടായിരുന്നു.
ഞാന്‍ ആ കുറിപ്പുകളിലൂടെ ഹ്രസ്വമായി കടന്നുപോയി. ‘പുസ്തകമുണ്ടാക്കാം. എന്നാല്‍ ഇതൊക്കെ എങ്ങനെ വിറ്റു തീര്‍ക്കും?’ എന്ന ചോദ്യമുയര്‍ത്തി അദ്ദേഹത്തെ നോക്കി. ‘നിനക്കോ നിന്റെ കമ്പനിക്കോ അതുകൊണ്ട് ഒരു നഷ്ടവുമുണ്ടാകില്ല.’ അദ്ദേഹം വീണ്ടും പറയാന്‍ തുടങ്ങി. അല്പം വൈകാരികത ആ മുഖത്ത് പടര്‍ന്നു. അവസാനം പുസ്തകം ഞാന്‍ ഏറ്റെടുത്തു. സംതൃപ്തിയുടെ ഒരു ചെറുചിരിയോടെ അദ്ദേഹം ഓഫീസ് വിട്ടിറങ്ങി.
ഇത് ആദ്യത്തെ അനുഭവമല്ല. തുടര്‍ച്ചയായ അനുഭവങ്ങളില്‍ ഒന്നു മാത്രമാണ്. ജീവിതം അസ്തമയസൂര്യനെപ്പോലെ മറയാന്‍ തുടങ്ങുന്നു. എന്റെ ഈ ഓര്‍മ്മകളും ജീവിതവും എവിടെയെങ്കിലും ഒന്നു രേഖപ്പെടുത്തിവെക്കേണ്ടേ? പിന്നെ ഇതൊക്കെ ചരിത്രമായി ലൈബ്രറിരേഖകളില്‍ ഇടംപിടിക്കും. ഇന്ത്യന്‍ ലൈബ്രറി ആക്ട് അനുസരിച്ച് പ്രസാധകര്‍ തങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഓരോ പുസ്തകത്തിന്റെയും കോപ്പി ഇന്ത്യയിലെ നാലു ലൈബ്രറി ശേഖരങ്ങളിലേക്ക് അയച്ചിരിക്കേണ്ടതുണ്ട്. മദ്രാസ്, ബോംബെ, കല്‍ക്കത്ത, ദല്‍ഹി എന്നിവിടങ്ങളിലാണ് ഈ ദേശീയ സ്മാരകങ്ങളായ ലൈബ്രറികള്‍. ഈ ചട്ടം ലംഘിച്ചാല്‍ പ്രോസിക്യൂഷന്‍ നടപടിക്കുവരെ അവര്‍ക്ക് അധികാരമുണ്ട്.
പണ്ട് കെ പി എം അലി എന്ന എന്റെ സുഹൃത്തും ഇങ്ങനെ പരവശനായി എന്നെ സമീപിച്ചത് ഓര്‍ക്കുന്നു.
‘ഇതെന്റെ ആത്മകഥയാണ് സ്‌നേഹിതാ. മരണം ഒരു വിളിപ്പാടകലെയുണ്ടെന്ന് ഞാനറിയുന്നു. ഇതുപോലെ ഒന്ന് എനിക്കിനിയും എഴുതുവാന്‍ ആകുമോ? എന്റെ സുഹൃത്തുക്കളും ബന്ധുക്കളും ഇതു വായിക്കണം. എന്റെ സഹോദരിമാര്‍ വായിക്കണം.’
അലിക്കായുടെ കണ്ണുകളില്‍നിന്ന് തീപ്പൊരി പാറുന്നു. കണ്ണുനീര്‍ ചാടുന്നു. ശബ്ദം ചിതറുന്നു.
ഞാന്‍ തെല്ലിട ആലോചിച്ചു: എന്റെ കുട്ടന് എപ്പോഴും മിഠായിയുമായി കടന്നുവരുന്ന, വീട്ടില്‍ എന്റെ കുടുംബത്തോടൊപ്പം നിന്ന് മജ്ബൂസും അറബി ബിരിയാണിയും ഉണ്ടാക്കിത്തന്നിരുന്ന, സാഹിത്യം ഒരു മാറാരോഗമായി കൊണ്ടുനടന്നിരുന്ന അലിക്കാ… ദുബായ്പ്പുഴയിലെ ‘ചരമക്കുറിപ്പ്’ എന്ന ശീര്‍ഷകം വായിച്ച് എത്രയോ പേര്‍ എന്നെ വിളിക്കുകയും കത്തെഴുതുകയും ചെയ്തു. ഒട്ടും മറക്കാനാകാത്തത് നോവലിസ്റ്റും കഥാകൃത്തുമായ പി മോഹനന്റേതായിരുന്നു. ‘ഈ കുറിപ്പുകള്‍ വായിച്ച് എന്റെ കണ്ണു നനഞ്ഞു…’ കണ്ണുകള്‍ നനയിക്കുന്നതായിരിക്കണം സാഹിത്യം എന്നൊന്നും ഈയുള്ളവന് അഭിപ്രായമില്ല. പക്ഷേ, മോഹനന്റെ ശബ്ദം ഇടറിയിരുന്നു. പി മോഹനന്‍ (ഏഷ്യാനെറ്റ്) കഴിഞ്ഞ വര്‍ഷം നമ്മെ വിട്ടുപോയി. അതിനും കുറച്ചു മുമ്പ് അബുദാബിയിലെ ഒരു നാടകപ്രവര്‍ത്തകര്‍ ‘ചരമക്കുറിപ്പ്’ നാടകമാക്കി അബുദാബിയില്‍ ഒരു നിറഞ്ഞ സദസ്സിനു മുന്നില്‍ അവതരിപ്പിച്ചു.
അലിക്കായുടെ മരണശേഷം കുടുംബസ്ഥിതി വളരെ നന്നായി. ഇപ്പോള്‍ എല്ലാവരുടേയും കല്യാണം കഴിഞ്ഞു. കഴിഞ്ഞ തവണ മകന്റെ കല്യാണത്തിന് വിളിച്ചെങ്കിലും എനിക്കു കൂടാനായില്ല.
നാല്പതു കൊല്ലത്തിനു മുമ്പ് എന്റെ കയ്യില്‍ നിന്ന് ഒരു ലേഖനമെഴുതി മേടിച്ച് ചന്ദ്രിക വാരികയ്ക്കയച്ചു കൊടുത്തത് അലിക്കയായിരുന്നു.
ഈ കുറിപ്പ് ” പ്രസാധകന്റെ മുറി” എന്ന പേരിൽVARTHAMANAM ദിനപത്രത്തിന്റെ വാരാന്ത്യത്തിൽ (പ്രസിദ്ധീകരിച്ചതാണ് . തുടർച്ചയായി എഴുതാൻ ബുദ്ധിമുട്ടാകും എന്നതിനാൽ രണ്ടു കുറിപ്പുകൾ എഴുതി , പിന്നെ തുടർന്നില്ല, എങ്കിലും ഓർമയുടെ ഒരു ജാലകം. ഈ കുറിപ്പ് എഴുതിയ ശേഷം അലിക്കയുടെ മകൾ പ്രിയ വിവാഹിതയായി. സ്കൂൾ അധ്യാപികയായി. ശിഹാബുദ്ദീൻ ചന്ദ്രിക ആഴ്ചപ്പതിപ്പ് വിട്ടു. ബോംബയിൽ നിന്ന് കൃഷ്ണേട്ടൻ ഇപ്പോഴും വിളിച്ചുകൊണ്ടിരിക്കുന്നു.
– കൃഷ്ണദാസ്