Friday, September 20, 2024

കഥാകാരൻ മജീദ് സെയ്ത് അടിയാളപ്രേതം വായിക്കുന്നു

എന്തിനാ ഈ കണ്ട പറയനേം, പൊലേനേം, വാലനേം, ഉളളാടനേം പിടിച്ച് മതം മാറ്റിയത്. എണ്ണം കൂട്ടാൻ.അല്ലാണ്ടെന്തിനാണ് .
അഞ്ഞൂറ്റിക്കാരെന്നും, എഴുന്നൂറ്റിക്കാരനുമെന്നൊക്കെ പേരിട്ട് അടിമപ്പണീം തീട്ടം വാരലും, തുടങ്ങിയ സകല പരിപാടിക്കും ആളെ വേണ്ടെ” .
 നാഴികയ്ക്ക് നാൽപ്പത് വട്ടവും ഭാഷയ്ക്ക് പുറത്തുള്ള എഴുത്തുകാരെ ഉദ്ധരിക്കുന്ന മലയാളി വായനയുടെ തീണ്ടപ്പലക പൊളിച്ച് കളഞ്ഞ് വായിച്ചാൽ ലോകകൃതികളോട് കിടപിടിയ്ക്കുന്ന മനുഷ്യവേദനകളെ പി.എഫ്.മാത്യൂസിന്റെ അടിയാള പ്രേതം എന്ന നോവലിൽ കണ്ടെടുക്കാം.
” 1823 -ല് കൊച്ചീല് വെറും 43000 ക്രിസ്ത്യാനികളാണൊണ്ടായത്. അതങ്ങാട് പത്തെഴുപത് കൊല്ലം കഴിഞ്ഞപ്പ രണ്ട് ലക്ഷത്തിനടുത്തായി. എങ്ങനേണ്ട് കളി….
അന്നക്ക പെലേമ്മാര് കെട്ട്യോനും കെട്ട്യോളുമൊണ്ടേൽ ഇരുനൂറ് പണം വരെ വെലേണ്ട് … ഒരു തമ്പ്രാൻ വേറെ തമ്പ്രാനു കൈമാറുമ്പ കൊടുക്കണ തൊകേണത്. ഒരു പുല്ലും കിട്ടൂല്ല. കെട്ട്യാനേം, കെട്ട്യാളേം ഒന്നിച്ചാണ് വിക്കണത്.കൊച്ചുങ്ങളെ വേറെ വിക്കും. ആറ് രൂപക്കും, പതിനെട്ടു രൂപയ്ക്കും എടേലാണ് കൊച്ചുങ്ങടെ വെല. അടിമയ്ക്ക് കിട്ടണ കൂലിയെന്താന്ന് കേക്കണാ. ആഴ്ചേലൊരിക്കെ രണ്ടിടങ്ങഴി നെല്ല്.ഒരാണ്ടു കൂടുമ്പ ഒരു മുണ്ട് കൊടുക്കും. അത് അതേപടി ഉടുക്കാമ്പാടില്ല. അതേല് തീട്ടോം,മൂത്രോം ചളീം പൊരട്ടി കൂറയാക്കിയിട്ട് വേണം ഉടുക്കാൻ….. ഈ നായിന്റെ മക്കള് എല്ലാരും ഒരമ്മ പെറ്റതുപോലാണെന്നേ.. സായുവാണേലും തമ്പ്രാനാണേലും കണക്ക് തന്നെ.”
 നോവലിന്റെ അവസാന ഭാഗമെത്തുമ്പോഴേയ്ക്കുമുള്ള അദ്ധ്യായമാണ് യുദ്ധം.  അതിൽ ഇങ്ങനെ ഒരുപാട് കാര്യങ്ങൾ വായിക്കാം. കറുത്തവന്റെ മോചനസ്വപ്നങ്ങളുടെ വിശുദ്ധപുസ്തകമാണിത്
വേദനയോടെയല്ലാതെ അടിയാളന്റെ പ്രേതകഥ വായിക്കാനാവില്ല..
പ്രേതങ്ങളെ പേടിയോടെയല്ലാതെ നമുക്ക് കാണാനാവില്ല.പക്ഷെ ഇവിടെ പ്രേതങ്ങളായ കുഞ്ഞുമക്കോതയേയും ചീരയേയും മക്കളെയും, അവർ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തേയും സ്നേഹവും, കുറ്റബോധവും കൊണ്ടല്ലാതെ നമുക്ക് കാണാനാവില്ല.
ചരിത്രം ചെയ്ത തെറ്റുകൾ തിരുത്തേണ്ടത് പിന്നീട് വരുന്ന സമൂഹമാണ്. അത് നമ്മുടെ ബാധ്യതയാണ്.
ജനിച്ച് പോയെന്ന അന്യായം മാത്രം ചെയ്തത് കൊണ്ട് ജീവിതം നിഷേധിക്കപ്പെട്ടവർക്ക് ലോകം മുഴുവൻ ഒരു നിറമേയുള്ളു. കറുപ്പ്.  കാപ്പിരിയായും, കീഴാളനായും ലോകവും, കാലവും കൂടി വീതംവെച്ചെടുത്ത് അനുഭവിച്ച ഒരുപറ്റം ആത്മാക്കളുടെ പടയൊരുക്കവും, പോരാട്ടവുമാണ് പ്രസ്തുത അദ്ധ്യായത്തിൽ പറയുന്നത്… ചിലരതിനെ പാടി കേട്ട പഴങ്കഥകളായി സങ്കൽപ്പിച്ച് തള്ളാൻ കൊതിച്ചേക്കാം. പക്ഷെ അങ്ങനെയുള്ളവരിലടക്കം വായിക്കുന്ന ഓരോരുത്തനിലും  ഊറിയവശേഷിക്കുന്ന അവസാന ചിന്ത ഇതായിരിക്കും.മരണാസന്നനായ കറുപ്പൻ മാഷിന്റെ (നോവലിലെ കഥാപാത്രം ) ജല്പനങ്ങളിലൂടെയെന്നോണം  നോവലിസ്റ്റ് പറഞ്ഞ് വെയ്ക്കുന്ന,  കാലം കണക്ക് പറയേണ്ട ആ യുദ്ധത്തിൽ തങ്ങളും പങ്കാളികളാണെന്ന്. അത് ഏത് പക്ഷത്ത് നിന്നുമാവാം. തെളിച്ച് പറഞ്ഞാൽ കറുത്ത പക്ഷത്തോ, വെളുത്ത പക്ഷത്തോ ഒക്കെയായി നമ്മളും, നമ്മുടെ പൂർവ്വികരും, വരാൻ പോകുന്ന നമ്മുടെ വംശബാക്കികളുമൊക്കെ ഉണ്ടെന്ന് ഭീതിയോടെ നാം തിരിച്ചറിയും.
ഉപരിലോകവും, അധോലോകവും പോലെ, രാത്രിയും, പകലും പോലെ, ദൃശ്യവും, അദൃശ്യവും പോലെ, ഇരുളും, വെളിച്ചവും പോലെ എല്ലാത്തിനുമുപരി  ഇന്നും സമൂഹ ജീവികൾ നട്ട് നനച്ച് വളർത്തുന്ന ജാതി വെറി നമുക്കിടിയിലുണ്ടെന്നതാണ് ആ തിരിച്ചറിവിന് കാരണം. എഴുത്തിലും വായനയിലുമടക്കം ശ്വാസമെടുക്കുന്ന ഓരോ നിമിഷത്തിലും മനുഷ്യൻ ജാതിവിചാരം പുറംന്തള്ളുന്നുണ്ട്.
ഇവിടെയാണ് പി. എഫ് മാത്യൂസ് എന്ന എഴുത്ത് പുണ്യാളനെ നാം അനുഭവിക്കുന്നത്.
എഴുത്തിന്റെ, വായനയുടെ ലോകത്തെ വേർതിരിവ് മണത്തറിയുന്നത്. ഒറ്റപ്പെടുത്തൽ സങ്കടപ്പെടുത്തുന്നത്.
(എഴുതി കാൽനൂറ്റാണ്ട് കഴിഞ്ഞ് വേണ്ട വിധം വായിക്കപ്പെടാൻ വിധിക്കപ്പെട്ട ചാവുനിലം പിന്നീട് മലയാളിയുടെ അഭിമാനമായി മാറിയത് ചേർത്ത് ഓർമ്മിക്കുന്നു.)
 ഭാഷ, ഭാഷയുടെ പ്രസരണം,
ആഖ്യാന മികവ്, കാലങ്ങളുടെ രസകരമായ കോർത്ത് കെട്ടലുകൾ, മിത്തുകൾ, ചരിത്രങ്ങൾ, സത്യങ്ങൾ, ജീവനുള്ള കഥാപാത്രങ്ങൾ, അവരുടെ വിഹാര ഭൂമികകൾ, വികാരങ്ങൾ, വികാരരാഹിത്യങ്ങൾ, പൊതുബോധത്തിലേയ്ക്ക് ന്യായീകരണത്തിന്റെ വിഷം പുരട്ടി തറച്ച് കയറ്റിയ മതങ്ങളുടെ നുണകൾ, യുദ്ധങ്ങൾ, മരണങ്ങൾ, ജനനങ്ങൾ, ആത്മാക്കൾ, പുനരാവർത്തനങ്ങളുടെ മാർജ്ജാര നടത്തങ്ങൾ, അങ്ങനെ
ക്ലാസ്സിക്കുകളുടെ ഏടുകളെ അടയാളപ്പെടുത്തുന്ന സകലതും “അടിയാള പ്രേതത്തിൽ ” ഉണ്ട്. കൊച്ചിയുടെ പ്രാദേശികത വിട്ട് കടൽ സഞ്ചാരം കടന്ന് വൈദേശികവേരുകളിലേയ്ക്ക് വരെ ചെന്നെത്തുന്ന കാലത്തെ ഇത്രകണ്ട് അനുഭവിപ്പിക്കാൻ ഒരെഴുത്തുകാരന് കഴിയുന്നതെങ്ങനെ എന്നാണ് ഞാൻ ചിന്തിച്ചത്.
“അടിയാള പ്രേതം ” കേവലം കുറ്റാന്വേഷണമോ, ഇരുണ്ട നിഗൂഢതകളോ മാത്രം പേറുന്ന ഒരു നോവലല്ല. അങ്ങനെ വായിച്ച് അവസാനിപ്പിക്കാമെന്ന് പേജ് മറിച്ച് തുടങ്ങുമ്പോൾ നമുക്ക് തോന്നുമെങ്കിലും കാര്യങ്ങൾ കൈവിട്ട് പോകുന്നത് ചങ്കിടിപ്പോടെയല്ലാതെ വായിക്കാനാവില്ല.
ഏതോ ഒരു കാലത്തിന്റെ കറുത്ത പുലരികളിലേയ്ക്ക് വലിച്ചെറിയപ്പെടുന്ന നമ്മളെ മറ്റൊരു കാലത്തിന്റെ നശിച്ച രാത്രി തിരിച്ചെടുക്കുന്നു. അവിടുന്ന് വീണ്ടുമൊരു കാലത്തിന് മടി കൂടാതെ നമ്മളെ എഴുത്തുകാരൻ സൂത്രത്തിൽ വിൽക്കുന്നു.ഇവിടെയെല്ലാം ഒളിച്ച് നിൽക്കുന്ന കീഴാളവേദനകളുടെ കണ്ണീർ നമ്മളും അറിയാതെ പാനം ചെയ്യുന്നു.
മനുഷ്യന്റെ ചരിത്രം ആരംഭിക്കുന്നിടം മുതൽ മേലാളനും, കീഴാളനുമുണ്ട്.അതൊരു വ്യവസ്ഥിതിയായി നിലനിർത്തേണ്ടത് മേലാളന്റെ മാത്രം ആവശ്യമാണ് കാരണം കാത്ത് സൂക്ഷിക്കേണ്ട നിധികൾ അത്രയും അവരുടെ പക്കലാണ്. അത്തരം നിധികൾ അധികാരവും, കാവൽ അടിമത്തവുമായി ഇന്നും നിലനിൽക്കുകയാണ്.പണവും പണ്ടങ്ങളും മാത്രമാണ് നിധികളെന്ന പൊതുബോധത്തിനപ്പുറം മേലാളന്മാർ ചരിത്രത്തിൽ കുഴിതോണ്ടി ഒളിപ്പിക്കുന്ന മറ്റു ചില നിധികളെ കുറിച്ചാണ് പി. എഫ്. മാത്യൂസ് അടിയാളപ്രേതത്തിലൂടെ പറയുന്നതെന്ന് ഞാൻ കരുതുന്നു. അതിനും കാവൽ നിർത്തപ്പെട്ട കീഴാളന്റെ നിസ്സഹായതകളുടെ പുറംചട്ട കൊണ്ടാണ് കുഞ്ഞുമാക്കോതയുടെ കഥാപുസ്തകവും പൊതിഞ്ഞിരിക്കുന്നത്.
കീഴാളൻ എന്നും വിശ്വസ്തനാണ്.അവന് ചതി അറിയില്ല. അന്നുമതെ ഇന്നുമതെ. ആ വിശ്വസ്തതയാണ് ഇവിടെയും, എവിടെയും അവന്റെ നാശമാകുന്നത്.
കഥയിൽ, 1663 കാലത്ത് രാജ്യം വിടേണ്ടി വരുന്ന അൽമേഡ സായ്പിന്റെ വിശ്വസ്തനാണ് കാപ്പിരി. .നിധി കാക്കാൻ വേണ്ടി പാവം കാപ്പിരിയെ കുരുതി കൊടുത്ത് കാവൽ ഏൽപ്പിക്കുന്ന സായ്പ് ,അച്ചമ്പി മാപ്ളയായി മാറുന്നത് എത്ര വേഗമാണ്. ആ കാപ്പിരിയാണ് പിന്നീട് കാപ്പിരിമുത്തപ്പനാകുന്നത്. മുത്തപ്പനാകുന്നതിന് മുന്നെയുള്ള കാപ്പിരിയിൽ നിന്ന്  കുഞ്ഞുമാക്കോതയെന്ന പറയൻ പിറക്കുന്നത് എത്രയെളുപ്പത്തിലാണ്. നിധി വീണ്ടെടുക്കാൻ കീഴാളനായ കുഞ്ഞുമാക്കോതയെ സ്നേഹിക്കുകയാണ് അച്ചമ്പി. ഒടുക്കം അച്ചമ്പി ,മാക്കോതയേയും, കുടുംബത്തേയും കൊന്ന് തള്ളുകയാണ്. ഉണ്ണിച്ചെക്കനെന്ന എസ്.ഐ.ആയി വരുന്ന കഥാപാത്രം ആ കൊലപാതകം തോണ്ടി പുറത്തിട്ട് അപ്രത്യക്ഷനാകുന്നു. തനിയാവർത്തനങ്ങളുടെ കാലമഴ നിർത്താതെ പെയ്യുകയാണ് തുടർന്നങ്ങോട്ട്. എത്രയെത്ര കഥാപാത്രങ്ങളാണ് മിഴിവോടെ ജീവിക്കുന്നത്. പച്ച മനുഷ്യരുടെ കഥപറച്ചിലുകൾ, തെറിയൊച്ചകൾ, ഒടുക്കങ്ങൾ, ഭ്രാന്തിന്റെ മേലുടുപ്പണിഞ്ഞവരുടെ വേദനകൾ ഒന്നും ഹൃദയത്തിൽ നിന്ന് അറ്റ് പോകുന്നില്ല.
സാഹിത്യകൃതികളുടെ അന്തിമവിജയമെന്നത് വായനാ സമൂഹത്തിന്റെ പരിവർത്തനമാണ്. അത് പല നിലയിലുമാകാം. “അടിയാള പ്രേതത്തിന്റെ ” നിലവിളികളും, നിശ്ശബ്ദതകളും, തോറ്റ് കൊടുക്കലും, ഉയിർത്തെഴുന്നേൽപ്പുമെല്ലാം വരും കാലത്തെ പരിവർത്തിപ്പിക്കുമെന്ന് നിശ്ചയമായും എന്നിലെ വായനക്കാരൻ വിശ്വസിക്കുന്നു.
ഈ നോവൽ വായിച്ചില്ലെങ്കിൽ മലയാളത്തിലെ ഏറ്റവും മികച്ച നോവലുകളിലൊന്ന് ബോധപൂർവ്വം നിങ്ങൾ വേണ്ടെന്ന് വെച്ചെന്ന് പറയേണ്ടി വരും..

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles