വിൻസെൻ്റ് വാൻഗോഗിനെക്കുറിച്ച് ഒരു കഥയുണ്ട്.. കാമുകിക്ക് തൻ്റെ വലതു ചെവി ഉപഹാരമായി നൽകിയെന്നതാണ് ആ കഥ.റേച്ചൽ ഒരു അഭിസാരികയായിരുന്നുഅവൾ അന്തേവാസിയായ വ്യഭിചാരശാലയിൽ സ്ഥിരം സന്ദർശകനായിരുന്നു വാൻഗോഗ്. അവൾക്ക് പ്രതിഫലമായി നൽകിയിരുന്നത് പണമായല്ല. മറിച്ച് താൻ വരച്ച ചിത്രങ്ങളായിരുന്നു വാൻഗോഗ് അവൾക്ക് നൽകിയിരുന്നത് .. തൻ്റെ സൗന്ദര്യവും ശരീരവും മാത്രം മോഹിച്ചെത്തുന്നവർക്കിടയിൽ വ്യത്യസ്തനായ വാൻഗോഗിനെ അവളും ഇഷ്ടപ്പെടുകയായിരുന്നു.
ഒരു ദിവസം പ്രതിഫലം കൊടുക്കാൻ ഒന്നുമുണ്ടായിരുന്നില്ല വാൻഗോഗിൻ്റെ കൈയിൽ …. അവൾ വാൻഗോഗിനോട് കൊച്ചുവർത്തമാന
ത്തിനിടയ്ക്ക് വിചിത്രമായ ഒരു ആവശ്യം മുന്നോട്ടുവെച്ചു..
” കാശില്ലെങ്കിലെന്താ നിങ്ങളുടെ ആ സുന്ദരമായ ചെവി മതി എനിക്ക്
പ്രതിഫലമായി “…
റേച്ചലിൻ്റെ ഈ വാക്കുകൾ ഒരു പക്ഷേ വാൻഗോഗിൻ്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരിക്കണം. ഏതാനും ദിവസങ്ങൾക്കു ശേഷം തൻ്റെ ഷേവിംഗ് കത്തിയെടുത്ത് തൻ്റെ വലതു ചെവി ഏറെ ശ്രദ്ധയോടെ അറുത്തെടുത്തു വാൻഗോഗ്. എന്നിട്ട് അത് കഴുകി വൃത്തിയാക്കി ഭംഗിയുള്ള
ഒരു തുണി കഷണത്തിൽ പൊതിഞ്ഞ് റേച്ചലിനു സന്തോഷത്തോടെ കൊണ്ടുപോയി കൊടുത്തു അദ്ദേഹം. അത് കൊടുക്കുമ്പോൾ അദ്ദേഹം ഇങ്ങനെ മന്ത്രിച്ചു.
“എൻ്റെ ഓർമ്മയ്ക്കായി ഇതു സൂക്ഷിക്കു”.
ഈ ഭ്രാന്തൻ പ്രണയം കണ്ട് ഒരു പക്ഷേ റേച്ചൽ എന്ന ആ16 കാരി ഞെട്ടി വിറച്ചിട്ടുണ്ടാകും…
സുഹൃത്തും ചിത്രകാരനുമായി പോൾ ഗോഗിനാണത് ചെയ്തതെന്നും പറയപ്പെടുന്നുണ്ട്..
നമ്മുടെ പ്രിയപ്പെട്ട കവി എ. അയ്യപ്പൻ്റെ ഒരു കവിതയുണ്ട്… ഈ സംഭവത്തിൽ നിന്നാണ് ആ കവിതക്ക് രക്തവും മാംസവും പകർന്നത്…
“പ്രണയത്തിനു നീയർപ്പിച്ച ബലി നിൻ്റെ കേൾവിയായിരുന്നല്ലോ?”
പാവപ്പെട്ടവരുടെ ചിത്രകാരൻ
എസ്. ജയചന്ദ്രൻ നായരുടെ ഈ നോവലിന് വിൻസെൻ്റ് വാൻഗോഗിൻ്റെ ജീവിതമാണ് ആധാരമായത്.. ഒരർത്ഥത്തിൽ ഒരു ബയോപിക് നോവൽ .. ആ വലിയ ചിത്രകാരൻ്റെ ജീവിതത്തിലെ ഏതാനും ഭാഗങ്ങളാണ് ഈ നോവലിൻ്റെ ഇതിവൃത്തമായിത്തീരുന്നത് .. ജീവചരിത്രം പോലെ വായിച്ചു പോകാനാവുന്ന
ഒരു ആഖ്യാനശൈലി..വാൻഗോഗ് തൻ്റെ സഹോദരൻ തിയ്യോവിന് അയച്ച കത്തുകൾ ഏറെ പ്രശസ്തമാണല്ലോ.. തൻ്റെ പ്രതീക്ഷകളും സ്വപ്നങ്ങളും വേദനങ്ങളും കഷ്ടപ്പാടുകളും
ആ കത്തുകളിൽ ഇടം പിടിച്ചിരുന്നു… വാൻഗോഗിനെ യഥാർത്തത്തിൽ നാമറിയുന്നത് ആ കത്തുകളിലൂടെയാണല്ലോ..
ജീവിച്ചിരുന്ന കാലത്ത് തീരെ ആദരിക്കപ്പെടാതെ പോയ കലാകാരനാണ് വാൻഗോഗ് .. തൻ്റെ പ്രിയപ്പെട്ട ചിത്രങ്ങൾ ആരും വാങ്ങാതെ അനാഥമായി കിടന്നത് കണ്ടുനില്ക്കേണ്ടി വന്ന ഹതഭാഗ്യനായ ഒരു മനുഷ്യൻ്റെ, ഒരു കലാകാരൻ്റെ ജീവിതത്തിലേക്കുള്ള യാത്രയാണീ നോവൽ .. അദ്ദേഹത്തിൻ്റെ അനശ്വര രചനകൾ ആസ്വദിക്കാൻ അക്കാലത്തെ സമൂഹം തയ്യാറായില്ലെന്നത് ച
രിത്രത്തിലെ തീരാകളങ്കമായി അവശേഷിക്കുന്നു.
മരണശേഷം ഏറെ ആഘോഷിക്കപ്പെട്ട ഒരു ജീവിതമായിരുന്നു അദ്ദേഹത്തിൻ്റേത്. മരണ ശേഷം ലക്ഷകണക്കിനു രൂപക്കാണ് അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ ലേലം ചെയ്ത് പോയത്.ജീവിച്ചിരുന്നപ്പോൾ കൊടിയ ദാരിദ്ര്യത്തിൽ ജീവിക്കുകയായിരുന്നു അദ്ദേഹം.
ദാരിദ്ര്യം എപ്പോഴും അദ്ദേഹത്തിൻ്റെ ചിത്രങ്ങളിൽ ഇടം പിടിച്ചു. അദ്ദേഹത്തിൻ്റെ പെയിൻ്റിങ്ങുകളിൽ ധാരാളം ദരിദ്രരെ നമ്മുക്ക് കണ്ടെത്താം.. കഷ്ടപ്പാടിൻ്റെയും ദുരിതങ്ങളുടെയും പകർത്തി വെക്കലായിരുന്നു അദ്ദേഹത്തിൻ്റെ രചനകളിൽ മിക്കതും.
ഖനി തൊഴിലാളികൾ, ഉരുളക്കിഴങ്ങ് തീറ്റക്കാർ, സൗജന്യ ഭക്ഷണം, കൃഷിക്കാരി, അദ്ധ്വാനം, കൃഷിക്കാരൻ, തൊഴിലാളി എന്നീ പെയിൻ്റിങ്ങുകൾ അത് ശരിവെക്കും. ഏകാന്തതയുടെ ദൈന്യതയും വന്യതയും കാൻവാസിലേക്കദ്ദേഹം ആവാഹിച്ചെടുത്തു ..
സൂര്യകാന്തിപ്പൂക്കൾ അദ്ദേഹത്തിൻ്റെ ഏറ്റവും പ്രശസ്തമായ പെയിൻ്റിങ്ങുകളി ലൊന്നാണ്. ഏറെ ശ്രദ്ധേയമായ “പൊട്ടറ്റോ ഈറ്റേഴ്സ് (ഉരുളക്കിഴങ്ങ് തീറ്റക്കാർ) “എന്ന ചിത്രത്തിൻ്റെ രചനാകാലത്ത് അദ്ദേഹമനുഭവിച്ച വൈകാരികവും സാങ്കേതികവുമായ പ്രതിസന്ധികൾ ഈ ഒരധ്യായത്തിൽ വിവരിക്കുന്നുണ്ട്.
അക്കാലത്തെ മോഡലുകളൊന്നും ചിത്രം വരക്കാൻ വാൻഗോഗിനു മുമ്പിൽ നില്ക്കാൻ കൂട്ടാക്കിയിരുന്നില്ല. ചായപ്പെട്ടികളുമായി വഴിയോരത്ത് നിൽക്കുന്ന വാൻഗോഗിനെ പോലീസുകാർ പലപ്പോഴും തുരത്തി ഓടിച്ചിരുന്നു. എപ്പോഴും വഴിയാത്രക്കാർക്ക് ഒരു പരിഹാസ കഥാപാത്രമായിത്തീരാനായിരുന്നു അദ്ദേഹത്തിൻ്റെ വിധി. ഉന്മാദാവസ്ഥയിൽ ദീർഘകാലം ചികിത്സയിലായിരുന്നു അദ്ദേഹം.
സഹോദരൻ തിയോ എല്ലാ കാലത്തും വാൻഗോഗിൻ്റെ താങ്ങായി നിന്നു.
തൻ്റെ തീരെ ചെറിയ ജീവിതകാലത്ത് ഏതാണ്ട് രണ്ടായിരത്തോളം കത്തുകൾ അദ്ദേഹമെഴുതിയിരുന്നതായി കണക്കാക്കുന്നു. അവയിൽ തൊണ്ണൂറു ശതമാനത്തോളം ആംസ്റ്റർഡാമിലെ വാൻഗോഗ് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. തൻ്റെ സഹോദരൻ തിയോക്കയച്ച കത്തുകൾ അവർ തമ്മിലുള്ള ഹൃദ്യവും അഗാധവുമായ ബന്ധത്തിൻ്റെ സ്മരകങ്ങളായി ഇപ്പോഴും അവശേഷിക്കുന്നു. താനെഴുതിയ കത്തുകൾ ആരെങ്കിലും സുക്ഷിക്കുമെന്നോ അവ പ്രസിദ്ധീകരിക്കുമെന്നോ വാൻഗോഗ് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല. അതിന് തിയോവിനോടും ഭാര്യ ജോന്ന ബോൻഗെറുവിനോടും നാം കടപ്പെട്ടിരിക്കുന്നു. ഈ കത്തുകൾ 1914 ൽ പുസ്തക രൂപത്തിൽ പുറത്തു വന്നു .”തിയോയ്ക്ക് വിൻസെൻ്റ് എഴുതിയ കത്തുകൾ ” എന്നായിരുന്നു പുസ്തകത്തിൻ്റെ പേര്..
പ്രമുഖ നിരൂപകൻ ഹെർകോമർ “ജനങ്ങൾക്കുള്ളതാണ് കല”യെന്ന് എഴുതിയപ്പോൾ
“അത് തെരുവിലുള്ളവർക്കുള്ളതാണ്” എന്ന് തിരുത്തിയ ആളാണ് വാൻഗോഗ്.
“ഒരു തൊഴിലാളി താൻ ജോലി ചെയ്യുന്ന മുറിയിലെ ഭിത്തിയിൽ എൻ്റെ രചനകളുടെ ഒരു പ്രിൻ്റ് സൂക്ഷിക്കുന്നതിനേക്കാൾ വലുതായി യാതൊന്നും എനിക്ക് കിട്ടാനില്ല” എന്ന് പ്രഖ്യാപിച്ച കലാകാരനാണ് വാൻഗോഗ്..
വലിയ വായനക്കാരനാണ് വാൻഗോഗ് .. എമിലി സോളയും ജോർജ് എലിയറ്റും വിക്ടർ യുഗോവും ചാൾസ് ഡിക്കൻസും ഷേക്സ്പിയറും അദ്ദേഹത്തിനു പ്രിയപ്പെട്ട എഴുത്തുകാരായിരുന്നു. യൂഗോവിൻ്റെ “പാവങ്ങൾ” ഏറെ ഇഷ്ടപ്പെട്ടിരുന്നു അദ്ദേഹം. അടിമത്തത്തിനെതിരെ എഴുതപ്പെട്ട ഹാരിയറ്റ് ബീച്ചർ സ്റ്റോയുടെ “അങ്കിൾ ടോംസ് ക്യാബിൻ ” എന്ന നോവൽ വാൻഗോഗിനു ഏറെ പ്രിയപ്പെട്ട കൃതികളിലൊന്നായിരുന്നു…
നിരവധി പ്രണയബന്ധങ്ങൾ വാൻഗോഗിനുണ്ടായി.. പലതും പല കാരണങ്ങളാൽ നഷ്ടപ്പെടുകയായിരുന്നു… ഒരിക്കൽ കീയെന്ന് വിളിച്ചിരുന്ന കൊർണിലിയ അഡ്രിയാന വോസ്സ് സ്ട്രിക്കർ എന്ന വിധവയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ അന്തസ്സുള്ള തൊഴിലോ സ്ഥിര വരുമാനമോ ഇല്ലാത്ത വാൻഗോഗിനെ വിവാഹം കഴിക്കാൻ തയ്യാറില്ലെന്ന് അവരുടെ സഹോദരൻ പറഞ്ഞു.. അത് അവളുടെ അഭിപ്രായമാണോ എന്നറിയാൻ വാൻഗോഗ് ശാഠ്യം പിടിച്ചു .. കത്തിച്ചു വെച്ചിരുന്ന മെഴുകുതിരിയിൽ കൈ വെച്ച് അദ്ദേഹം പറഞ്ഞത് ഇതാണ്.
” അവളെ കാണുന്നതുവരെ എൻ്റെ കൈ ഈ ദീപത്തിൽ ഇരിക്കും..”
പ്രണയം എപ്പോഴും അദ്ദേഹത്തെ ഭ്രാന്തു പിടിപ്പി
ച്ചിരിക്കണം. പക്ഷേ ആരോ പെട്ടെന്ന് മെഴുകുതിരി ഊതി ക്കെടുത്തിയതിനാൽ കൈയിലെ പൊള്ളൽ ഗുരുതരമായില്ല എന്നതും സത്യം…
തനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു സ്ത്രീയെ സ്നേഹപൂർവ്വം വാരിപ്പുണർന്ന് ജീവിതം നയിക്കണമെന്ന വാൻഗോഗിൻ്റെ സ്വപ്നം ഒരിക്കൽ പോലും സാക്ഷാത്കരിച്ചില്ല.അതായിരിക്കാം പിന്നീട് മനസ്സിൻ്റെ സമനില തെറ്റി ഉന്മാദത്തിലേക്ക് അദ്ദേഹത്തിൻ്റെ ജീവിതം വഴിമാറിപ്പോയത്.വ്യക്തിയെന്ന നിലക്ക് എരിഞ്ഞു പൊലിഞ്ഞു കൊണ്ടിരുന്ന വാൻഗോഗിനെ മനസിലാക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല.
1890 ൽ മുപ്പത്തിയേഴാമത്തെ വയസ്സിലെ മരണം ഏറെ ദുരൂഹമായിരുന്നു.. അത് കൊലപാതകമാണോ യാദൃശ്ചികമാണോ അതോ ആത്മഹത്യയായിരുന്നോ എന്ന് വ്യക്തമല്ല. ആ ചോദ്യങ്ങൾ ഉത്തരമില്ലാതെ അവശേഷിക്കുന്നു.. പക്ഷേ കൗതുകകരമായ മറ്റൊരു കാര്യം വാൻഗോഗിൻ്റെ ജീവൻ അപഹരിച്ച തോക്ക് ലക്ഷത്തിൽപ്പരം ഡോളറിനാണ് പിന്നീട് ലേലത്തിൽ പോയത്.. ആ തോക്ക് യഥാർത്ഥത്തിൽ മരണത്തിടയാക്കിയ യഥാർത്ഥ തോക്കാണോ എന്നതും ലേലത്തിൽ പിടിച്ച അജ്ഞാതനായ ആരാധകൻ ആരെന്നതും ഇന്നും അജ്ഞാതമാണ്.
ആ വലിയ ചിത്രകാരൻ്റെ ജീവിതം ഈ നോവലിൽ ചുരുളഴിയുകയാണ് .. മലയാളത്തിൽ അദ്ദേഹത്തിൻ്റെ ജീവിതത്തെ ആസ്പദമാക്കി നോവൽ ഇറങ്ങിയതായി അറിയില്ല.ഇർവിംഗ് സ്റ്റോൺ അദ്ദേഹത്തിൻ്റെ ജീവിതം Lust for Life എന്ന പേരിൽ നോവലാക്കിയിട്ടുണ്ട് ..
അദ്ദേഹത്തിൻ്റെ മിക്കവാറും പ്രശസ്തമായ പെയിൻ്റിംഗുകൾ ഈ നോവലിൻ്റെ പല താളുകളിലും ഇടം പിടിച്ചിട്ടുണ്ട്.അദ്ദേഹത്തിൻ്റെ ജീവിതവും വരയും അറിയാൻ ഈ പുസ്തകം നമ്മെ സഹായിക്കും.. ഹൃദയത്തിൽ ആഴത്തിൽ മുറിവേറ്റ ഒരു മനുഷ്യനെ നാം ഈ നോവലിൽ കണ്ടുമുട്ടും. തീർച്ച.
ലോകത്തിന് ഒരിക്കലും മറക്കാനാവാത്ത അസാധാരണങ്ങളായ കൂറെ ചിത്ര താജ്മഹലുകൾ നൽകി വിടപറഞ്ഞ വിൻസെൻ്റ് വാൻഗോഗ് മനുഷ്യചരിത്രത്തിലെ ദു:ഖ നിർഭരമായ ഒരു അദ്ധ്യായമായി നമ്മോടൊപ്പം ജീവിക്കുന്നുണ്ടെന്ന് നോവലിസ്റ്റ് രേഖപ്പെടുത്തുന്നു. നിരവധി പുസ്തകങ്ങൾ നമ്മുക്ക് സമ്മാനിച്ച എസ്.ജയചന്ദ്രൻ നായരിൽ നിന്നും ഒരു നോവൽ കൂടി പിറവിയെടുത്തിരിക്കുന്നു. സൂര്യകാന്തിപ്പൂക്കളുടെ സൗന്ദര്യം നമ്മെ വിടാതെ പിടികൂടുന്നു… ഒരുതരം ഉന്മാദം പോലെ ഒരനുഭവം.!!
# ഉന്മാദത്തിൻ്റെ സൂര്യകാന്തികൾ #
എസ്.ജയചന്ദ്രൻ നായർ
എഴുത്ത് : സതീശ് ഓവ്വാട്ട്