Wednesday, May 29, 2024

മറേക്കാ ലൂക്കസിൻറെ ബുക്കർ പ്രൈസ് കൃതിയായ സായാഹ്നത്തിന്റെ ആകുലതകൾ-രാഹുൽ രാധാകൃഷ്ണൻ എഴുതുന്നു 

ആകുലതകളുടെ ഉറ്റുനോട്ടം    

മാൻബുക്കർ ഇന്റർനാഷണൽ പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയിലേക്ക്

തെരഞ്ഞെടുക്കുകയും പിന്നീട് അത് ലഭിക്കുന്നതുമായ ആദ്യത്തെ ഡച്ച് നോവലാണ് മറേക്കാ ലൂക്കാസ് റിജുനാവെൽഡിന്റെ (Marieke Lucas Rijneveld) ‘The Discomfort of Evening’  (സായാഹ്നത്തിന്റെ ആകുലതകൾ). പരിഭാഷ : രമമേനോൻ 

നെതർലാൻഡ്‌സിന്റെ  പ്രാന്തപ്രദേശത്ത് ഈ നൂറ്റാണ്ടിന്റെ തുടക്കക്കാലത്ത് സംഭവിക്കുന്ന കഥയായിട്ടാണ് ഈ നോവൽ അവതരിപ്പിച്ചിരിക്കുന്നത്. ഡയറിഫാം നടത്തിക്കൊണ്ട് ഉപജീവനം കഴിക്കുന്ന ഒരു കുടംബത്തിന്റെ സ്ഥിതിഗതികളാണ്  നോവലിന്റെ പ്രാഥമികമായ പ്രമേയപരിസരം. പശുക്കളെ ഏറെ ഇഷ്ടപ്പെടുന്ന മറേക്കായുടെ   ഡയറിഫാമിലെ ജോലിയുമായി  ബന്ധപ്പെട്ട അനുഭവങ്ങൾ നോവലിന് സഹായകമായിട്ടുണ്ടാവണം. 2020ലെ അന്താരാഷ്ട്ര മാൻബുക്കർ പുരസ്കാരം തനിക്കാണെന്ന് അറിഞ്ഞപ്പോൾ ആഹ്‌ളാദം പങ്കിടാനും മറേക്കാ പശുക്കളെത്തന്നെയാണ് കൂട്ടുപിടിച്ചത്.  ‘ഏഴു അകിടുകളുള്ള പശിവിനെ പോലെയായി ഞാൻ മാറി’ എന്നാണ് അവർ പ്രതികരിച്ചത്.

ഇരുപത്തൊൻമ്പത് വയസ്സുകാരിയായ മറേക്കാ എഴുതിയ ആദ്യത്തെ നോവലിൽ ജാസ് എന്ന പത്തുവയസ്സുകാരിയുടെ കാഴ്ചപ്പാടിൽ മുന്നോട്ടുനീങ്ങുന്ന കഥാഗാത്രമാണുള്ളത്. രണ്ടായിരത്തിപതിനെട്ടിൽ ഡച്ച്ഭാഷയിൽ പ്രസിദ്ധീകരിച്ച നോവൽ വളരെ പെട്ടെന്ന് സ്വീകരിക്കപ്പെട്ടു. തൊട്ടടുത്ത വർഷം ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങുകയും ചെയ്തു.

മാൻബുക്കർ ഇന്റർനാഷണൽ പുരസ്കാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ നോവലിസ്റ്റാണ് മറേക്കാ. സ്ത്രീ/ പുരുഷൻ എന്ന ലൈംഗികതസ്വത്വത്തിൽ നിന്ന് വ്യതിചലിച്ചു കൊണ്ട് സ്ത്രീയായും പുരുഷനായും ഉറച്ചുനിൽക്കാതെ ‘non-binary’ സ്വത്വത്തിൽ അധിഷ്ഠിതമായ  ജീവിതമാണ് മറേക്കാ നയിക്കുന്നത്. കവി എന്ന നിലയിൽ ശ്രദ്ധേയയായ മറേക്കായുടെ ഒട്ടൊക്കെ ആത്മപരമായ നോവൽ മാൻബുക്കർ ഇന്റർനാഷണൽ സമ്മാനം  ലഭിക്കുന്നതിന് മുൻപ് തന്നെ പല ഭാഷകളിലേക്കും വിവർത്തനം ചെയ്യാൻ കരാറായിത്തീർന്നിരുന്നു.

നഷ്ടപ്പെടാതിരിക്കാനുള്ള ഉദ്യമങ്ങളെ പരാജയപ്പെടുത്തിക്കൊണ്ട് നഷ്ടങ്ങൾ സംഭവിക്കുക തന്നെ ചെയ്യുമെന്ന തത്വത്തെ വിശകലനം ചെയ്യുന്ന നോവലിനെ പലായനവും പ്രകൃതിനാശവും ആവാസവ്യവസ്ഥയും  ഒക്കെയായി ചേർത്തുവെക്കുന്നതിൽ തെറ്റില്ല.

മാത്തീസിന്റെ അപകടമരണം

ക്രിസ്ത്യൻ മതപ്രമാണങ്ങളിൽ ഉറച്ചു വിശ്വസിക്കുന്ന കർഷകകുടുംബമാണ് ജാസിന്റെത്. പശുക്കൾ കുടുംബത്തിന്റെ ഭാഗമായി തന്നെ മാറുകയും പാൽമണം സദാ നിറഞ്ഞു  നിൽക്കുകയും  ചെയ്യുന്ന വീടാണ് അവരുടേത്. ആദരപൂർവം പാൽ  കുടിക്കണമെന്ന് മക്കളെ പറഞ്ഞുപഠിപ്പിയ്ക്കുന്ന അച്ഛനമ്മമാരെയാണ്‌  അവിടെ കാണാനാവുക.  മതചട്ടങ്ങളെ  കണിശമായി വിശ്വസിക്കാനും ബൈബിൾ വചനങ്ങളെ അത്രമേൽ ആരാധനയോടെ കാണാനുമാണ് അവർ മക്കളെ അനുശാസിക്കുന്നത്. ഏറെ  പ്രിയപ്പെട്ട മുയലിനെ അച്ഛൻ അത്താഴത്തിന്റെ വിഭവമാക്കുമോ എന്നു   ഭയന്ന്,  ജ്യേഷ്ഠനെ കുറിച്ച്  അരുതാത്തത് ചിന്തിച്ചു പോകുന്ന ജാസിന്റെ കുറ്റബോധം ആഖ്യാനത്തിൽ ഉടനീളം അന്തർലീനമാകുന്നുണ്ട്. സ്‌കേറ്റിംഗിന് മാത്തീസിന്റെ കൂടെ പോകാൻ  ആഗ്രഹിച്ച ജാസിന് അതിനു അനുമതി  ലഭിക്കുന്നില്ല. നിരാശ കൊണ്ടും അസൂയ കൊണ്ടും  അവൾ മാത്തീസിനെ ശപിച്ചുപോകുന്നു. പിന്നീടുള്ള ജീവിതസന്ധികളിൽ, വിവേകശൂന്യമായ ഈ ചെയ്തിയിൽ അവൾക്ക്  ആകുലപ്പെടാനെ സാധിക്കുന്നുള്ളൂ. മാത്തീസിന്റെ കണ്ണിന്റെ നിറം എന്നും ഓർമയിൽ സൂക്ഷിക്കാൻ ആഗ്രഹിച്ച ജാസ് ശവപ്പെട്ടിയിൽ കിടക്കുന്ന അവന്റെ  അടഞ്ഞ കണ്ണ് തുറക്കാൻ ശ്രമിക്കുന്നുണ്ട്.

മൂത്ത മകനായ മാത്തീസിന്റെ അപകടമരണം, കന്നുകാലി വളർത്തലും മറ്റുമായി ജീവിച്ച കുടുംബത്തിന് അപ്രതീക്ഷിതമായ ഒരു ആഘാതമായി. മരണം, മതം, ലൈംഗികത, സഹവർത്തിത്വം എന്നിങ്ങനെയുള്ള സംവർഗങ്ങളിൽ സന്ദേഹപ്പെടുന്ന   ജാസും സഹോദരങ്ങളും  പെട്ടെന്നൊരു സുരക്ഷിതത്വമില്ലായ്മയിൽ ഉഴറുകയാണ്. ഈ ദുര്യോഗത്തിൽ നിന്ന് ജാസും കുടുംബവും എങ്ങനെയാണ് കരകയറാൻ ശ്രമിക്കുന്നതെന്നതിന്റെ അനുഭവപാഠമാണ്  നോവലിനെ ജീവസ്സുറ്റതാക്കുന്നത്. വാക്കുകളിൽ വിറങ്ങലിച്ച ഉത്കണ്ഠകളും ചാഞ്ചല്യങ്ങളും ആഖ്യാനത്തിന്റെ പതിഞ്ഞ താളമാവുകയാണ്.  മാത്തീസിന്റെ അഭാവത്തിൽ ഹന്ന, ഓബ് എന്നീ സഹോദരീസഹോദരന്മാർക്കൊപ്പം കൗമാരകാലത്തെ ശാരീരിക-മാനസിക വളർച്ചയെ ഉറ്റുനോക്കുന്ന ജാസ്, ലോകത്തെ മനസിലാക്കുന്നതിന്റെ ആഖ്യാനം കൂടിയാണ് മറേക്കാ പറഞ്ഞു ഫലിപ്പിക്കുന്നത്. സ്വാഭാവികമായും ലൈംഗികവിചാരങ്ങൾ കടന്നുവരുന്ന  കാലഘട്ടത്തിൽ ഇവരുടെ ചില പ്രവൃത്തികൾ, അത്തരം സംശയങ്ങൾ നിവർത്തിക്കാനുള്ള അന്വേഷണങ്ങളായി മാറുന്നു. പ്രസ്തുത കുതൂഹലങ്ങളെ കൗമാരസഹജമായ കണ്ണോടെ കൂടെ നോക്കുന്ന ജാസിന്റെ ചെയ്തികൾ കൗതുകകരവും ഗൃഹാതുരവുമായി വായിക്കാൻ സാധിക്കും. ശരീരത്തിന്റെ ചലനങ്ങളെയും വളർച്ചയെയും നിഷ്കളങ്കമായ കാഴ്ചയാക്കുകയും ഭാവനയെ അതിലേക്ക് കുട്ടികൾ  സന്നിവേശിപ്പിക്കുകയും  ചെയ്യുന്നു.

ഇണ ചേരുന്നതും പ്രത്യുത്പാദനവും ഒക്കെ ‘അത്ഭുത’വിഷയങ്ങളായ ജാസ് ഒരു പരീക്ഷണം എന്ന നിലയിൽ രണ്ടു തവളകളെ ഒളിപ്പിച്ചു വെക്കുന്നുണ്ട്. തവളകൾ ഇണചേരുമെന്ന വിശ്വാസത്തിനു പുറത്താണ് അവൾ ഇതിനു മുതിരുന്നത്. കുട്ടികളോട് ലൈംഗികമായി  ആകർഷിക്കപ്പെടുന്ന സ്വഭാവമുള്ളവളാണ് താനെന്ന് ജാസ് കരുതുന്നു. ഹിറ്റ്ലറിൻറെ രൂപഭാവാദികളെയും അവൾ കൈക്കൊള്ളുന്നു.  അയാളുടെ  ബാഹ്യരൂപത്തെ കുറിച്ച് രസകരമായി ചിന്തിക്കുന്ന ജാസ് അച്ഛന്റെ മുഖഛായയുമായി ഹിറ്റ്ലറിനെ ബന്ധപ്പെടുത്തുന്നുണ്ട്. ഹിറ്റ്ലറിന്റെയും അവളുടെയും ജനനത്തീയതിയും ഒന്നാണെന്നത് ആകസ്മികതകളുടെ ആക്കം കൂട്ടി.

ഹിറ്റ്ലർ കരയാറുണ്ടോ

അസഹനീയമായ തണുപ്പുള്ള ഒരു ഏപ്രിൽ ഇരുപതാം തീയതിയാണ് അവൾ ജനിച്ചത്. ഒറ്റയ്ക്ക് ആയിരിക്കുമ്പോൾ ഹിറ്റ്‌ലർ കരയാറുണ്ടായിരുന്നോ എന്ന ജാസിന്റെ നിഷ്കളങ്കമായ ചോദ്യം പോലും അവളുടെ  മനോധര്‍മ്മത്തിന്റെ ആഴം കുറിക്കുന്നതാണ്. ഇതിൽ നിന്ന് ഒരു പടി കൂടെ കടന്ന് വീടിന്റെ താഴത്തെ നിലയിൽ ജൂതന്മാരെ രഹസ്യമായി അമ്മ താമസിപ്പിച്ചിട്ടുണ്ടെന്നും ജാസ് കരുതുന്നു. ജൂതന്മാർ വീട്ടിൽ ഒളിച്ചുതാമസിക്കുന്നുവെന്ന തോന്നൽ ജാസ് ഇടയ്ക്ക് പറയുന്നത് പതിവാക്കി. എന്നോ മനസ്സിൽ  എന്തോ കാരണത്താൽ പതിഞ്ഞ ഈ ചിത്രത്തെ പൊടിതട്ടിയെടുക്കാനാണ് അവൾക്ക് താല്പര്യം. ഹിറ്റ്ലറുടെ നേതൃത്വത്തിൽ നാസിസൈന്യം നെതർലാൻഡ്സിനെ ആക്രമിച്ചതും ആൻ ഫ്രാൻകിന്റെ ഡയറിക്കുറിപ്പുകളുമൊക്കെ ജാസിന്റെ ബാല്യകൗമാരങ്ങളെ സ്പർശിച്ച ചരിത്രചിഹ്നങ്ങളാകാം. അവയെ ഗൂഢമായി ചേർത്തുവെച്ചുള്ള ചരിത്രബോധത്തിന്റെ പരിണതിയാണ് വീട്ടിലെ ‘ജൂതന്മാർ’. ജാസിന്റെ കഥാപാത്രനിർമ്മിതിയെ ആൻ ഫ്രാങ്കിന്റെ അവസ്ഥകളുമായി വിശകലനം ചെയ്യാനാവുമെന്നല്ല. പക്ഷെ, അത്തരത്തിലുള്ള ഗുപ്‌തമായ രാഷ്ട്രീയത്തെ കൂട്ടിയിണക്കാനാവുമെന്നു സൂചിപ്പിക്കുകയാണ് ഇവിടെ. ചരിത്രവും കാൽപനികതയും  ഭ്രമാത്മകതയും പല തരത്തിൽ സന്നിവേശിക്കപ്പെട്ട കൗമാരക്കാരിയുടെ മനോഗതിയാണ് ജാസിലൂടെ നോവലിസ്റ്റ് വ്യംഗിപ്പിക്കുന്നത്. ബാല്യത്തിൽ നിന്ന് കൗമാരത്തിലേക്കുള്ള പരിണാമദശയിലെ സംഭവങ്ങളും ജ്യേഷ്ഠന്റെ മരണവും പ്രകൃതിയും ജീവജാലങ്ങളും ആയുള്ള സമരസപ്പെടലും വാർത്തെടുക്കുന്ന ജാസിന്റെ വ്യക്തിത്വരൂപീകരണമാണ് നോവലിലെ ചുറ്റുവട്ടം.

സസ്യവൃക്ഷാദികളും മൃഗങ്ങളും  മനുഷ്യരും എന്നിങ്ങനെ സകലജീവജാലങ്ങളും  അടങ്ങുന്ന  പ്രകൃതിയുടെ സംലയനം സമകാലത്ത് എത്രകണ്ട് അനിവാര്യമാണെന്ന യുക്തി ഈ   നോവലിൽ പരോക്ഷകേന്ദ്രമാവുന്നുണ്ട്. മനുഷ്യാസ്തിത്വത്തെ ബാധിക്കുന്ന പ്രവൃത്തികൾ ഉരുവപ്പെടുന്ന സമകാലത്ത്, പ്രകൃതിയുമായുള്ള സഹവർത്തിത്വം  ആഖ്യാനത്തിന് അടിപ്പടവ് പാകുന്നു.

നാനാജീവികളടങ്ങുന്ന ഒരു ജൈവസമൂഹവും പരിസ്ഥിതിയും ചേര്‍ന്ന സവിശേഷമണ്ഡലത്തെയാണ് നോവലിസ്റ്റ് വിഭാവനം ചെയ്യുന്നത്. ആഖ്യാനത്തിൽ നിന്ന് ബോധ്യപ്പെടുന്ന, പ്രകൃതിയുമായി  പരസ്‌പരധാരണയോടെയുള്ള ജീവിതം  തികച്ചും സ്വാഭാവികമായി  ഉരുത്തിരിയുന്ന ഗുണവിശേഷമാണ്. പശുക്കളും തവളകളും മുയലുകളും എലികളും പക്ഷികളും മനുഷ്യരും ഭൂമിയുടെ അവകാശികളായി കഴിയുന്ന  കാഴ്ചയാണത്. അന്യോന്യം ആശ്രയിക്കുന്നതിലൂടെ അതിജീവനം സാധ്യമാവുന്ന തരത്തിലെ വ്യവഹാരമാണ് ഈ ജീവജാലങ്ങളുടെ പൊരുത്തത്തിലൂടെ  വ്യക്തമാക്കുന്നത്. പാരിസ്ഥിതികമായ വിഷയം   പ്രതിപാദിക്കുന്ന രീതി സമകാലത്തെ ചില നോവലുകളിൽ സ്വീകരിച്ചിട്ടുണ്ട്.

പരിസ്ഥിതി ബോധം

സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ഓൾഗ ടോകർച്ചുകിൻറെ ‘Drive Your Plow Over the Bones of the Dead‘,  സസ്യാഹാരിയുടെ വീക്ഷണത്തിലൂടെ  ഭക്ഷണരീതികളെയും മറ്റും കാണുന്ന, രണ്ടായിരത്തിപതിനാറിൽ മാൻ ബുക്കർ ഇന്റർനാഷണൽ സമ്മാനം ലഭിച്ച   ഹാൻ കാങ്ങിന്റെ ‘The Vegetarian’ തുടങ്ങിയ നോവലുകളിലെ, മൃഗങ്ങളോടും സസ്യഭക്ഷണത്തോടുമുള്ള പിന്തുണയും രാഷ്ട്രീയവും കാണാതിരുന്നുകൂടാ.  ഏതാണ്ടിതേ ചുറ്റുപാടുകളിൽ തന്നെയാണ് മറേക്കായുടെ നോവലിന്റെ ബീജാവാപം നടന്നിരിക്കുന്നത്. പശുക്കളുടെയും തവളകളുടെയും മുയലിന്റെയും കാര്യങ്ങളിൽ ബദ്ധശ്രദ്ധയായ ജാസിലൂടെ  പരിസ്ഥിതിയുമായി  ഇടകലർന്നു  ജീവിക്കേണ്ട മനുഷ്യരുടെ  സമീപനത്തെയാണ് നോവലിസ്റ്റ് സംബോധന ചെയ്യുന്നത്. ഡച്ച് സംസ്കാരത്തിന്റെ തനിമയും, ഗ്രാമ്യരീതികളും, ഭക്ഷണവും,ജീവിതശൈലിയും എല്ലാം കലർപ്പില്ലാതെ നോവലിൽ  ഉൾപ്പെടുത്തിയിരിക്കുന്നു.

തവളകളുടെ പലായനവും അതിജീവനവും മനോഹരമായി സൂചിപ്പിക്കുന്ന ആഖ്യാനസന്ദർഭത്തെ ബൈബിളിലെ നോഹയുടെ പേടകത്തിന്റെ കഥയുമായി ബന്ധപ്പെടുത്തി സംസാരിക്കാം. മതത്തിന്റെ ചട്ടക്കൂടിൽ കഴിയുന്നവരാണു  കഥാപാത്രങ്ങൾ  എന്നാകുമ്പോൾ പ്രത്യേകിച്ചും. ബൈബിളിലെ പുറപ്പാട് പുസ്തകത്തിൽ തവളകളെ കൊന്നൊടുക്കുന്ന കാര്യം പറയുന്നുണ്ട്. മോശയുടെ അരുളിപ്പാട് അനുസരിച്ച് ഫറവോന്റെ ജനങ്ങളെ ബാധയിൽ നിന്നും രക്ഷിക്കാനായിരുന്നു അത്.    ഫറവോന്റെ ജനങ്ങളെയും ഭൃത്യന്മാരെയും വിട്ടു തവളകൾ നദിയിൽ കുടികൊള്ളാനായി മോശ പറയുകയും യഹോവയുടെ സഹായത്തോടെ ഗൃഹങ്ങളിലും പറമ്പുകളിലും ഉള്ള തവളകൾ ചത്തൊടുങ്ങുകയും ചെയ്തു. ഇവിടെയാകട്ടെ തവളകളെ ചാവാൻ വിടാതെ, വളർത്താനായി ജാസ് അതിയായി ഉത്സാഹിക്കുന്നുണ്ട്. അച്ഛന്റെ പുകവലി മൂലം തനിക്ക്  കാൻസർ വരുത്തരുതേ എന്ന് പ്രാർത്ഥിക്കുന്ന ജാസ് അതിനു പകരമെന്നോണം  തവളകളെ സുരക്ഷിതമായി പലായനം ചെയ്യുന്നതിന് താൻ സഹായിക്കുന്നുണ്ടല്ലോ എന്നും കരുതുന്നു. ധര്‍മ്മാനുസാരിയായ സൂക്ഷ്മതയും കരുതലും കന്നുകാലിവർഗത്തിനു കൊടുക്കണമെന്ന ബൈബിളിലെ വാക്യവും അവൾ ഉരുവിടുന്നുണ്ട്. “എന്റെ റാന്തലിന്റെ വെളിച്ചത്തിൽ വ്യക്തമായി ഞാൻ കണ്ടു. തവളയുടെ മുൻകാലുകളിൽ വലയില്ല. ഒരുപക്ഷെ ഏതെങ്കിലും പക്ഷി കൊത്തി കീറിയതാകാം. അല്ലങ്കിൽ ജൻമനാ അങ്ങനെയാകും. ചിലപ്പോൾ അച്ഛന്റെ പരിക്ക് പറ്റിയ കാലിന്റെ സ്ഥിതിയുമാകാം എന്ന ജാസിന്റെ നിരീക്ഷണം തവളകളോടുള്ള അവളുടെ മനോഗതി   വെളിപ്പെടുത്തുന്നു. ഇതുവഴി, പ്രപഞ്ചത്തിന്റെ അവകാശികളിൽ പക്ഷിയ്ക്കും  തവളയ്ക്കും മനുഷ്യർക്കും ഒരേ സ്ഥാനമാണെന്ന് ഉറപ്പിക്കാൻ നോവലിസ്റ്റ്  സ്വാഭാവികമായ ശ്രമം നടത്തുകയാണെന്ന്   കരുതാം.

മരിച്ചു കഴിഞ്ഞ് മണ്ണോട് ചേരുന്ന സഹോദരന്റെ മൃതദേഹത്തിൽ പുഴുക്കളും കീടങ്ങളും അരിച്ചു നടക്കുന്നത് ജാസിന്റെ സങ്കൽപ്പത്തിൽ വരുന്നുണ്ടത്രേ. ജീർണിച്ച ശവശരീരത്തിൽ എണ്ണമറ്റ ദ്വാരങ്ങൾ രൂപപ്പെടുകയും പൂർണമായി പ്രകൃതിയോട് ലയിക്കുകയും ചെയ്യുകയാണ്. ഇങ്ങനെയുള്ള രംഗങ്ങളിലൂടെ പ്രകൃതിയുമായുള്ള ഇഴയടുപ്പവും ജൈവവൈവിധ്യം നിറഞ്ഞ ഭൂമികയുടെ ഭംഗിയും  ഈർപ്പവും നമ്മുടേതല്ലാത്ത ഭാഷയിലും സുവ്യക്തമാകുന്നു. എസ്.ഹരീഷിന്റെ ‘മീശ’ എന്ന നോവലിൽ അനുഭവിച്ച കുട്ടനാടിന്റെ സൂക്ഷഭേദങ്ങളും ജൈവാംശമുള്ള പരിസരങ്ങളും നമ്മെ ഓർമിപ്പിക്കുന്ന വിധത്തിൽ ഇവിടെയും അനുഭവവേദ്യമാകുന്നു. നെതർലാൻഡ്‌സിന്റെ  പരിസരപ്രാന്തങ്ങളുടെ സൗന്ദര്യം നോവലിൽ ആവാഹിക്കപ്പെടുകയാണ്.

മനോഹരമായ ചുറ്റുപാടുകളിൽ, എന്നാൽ അത്രകണ്ട് ഭംഗിയില്ലാത്ത വീട്ടകത്തിന്റെ ദൃശ്യങ്ങളാണ് നോവലിൽ തുന്നിവെച്ചിരിക്കുന്നത്. കുട്ടികളും അച്ഛനമ്മമാരും തമ്മിലുള്ള വലിവും മുറുക്കവും വേച്ചു വേച്ചിരിക്കുന്ന ചില മുഹൂർത്തങ്ങളിലൂടെ കൃത്യമായി ചിത്രീകരിക്കുന്നു. കുടുംബം എന്ന സങ്കൽപ്പത്തിൽ പൂർണമായി ലയിച്ചുചേരാൻ അച്ഛനമ്മമാർ യത്നിക്കുകയാണ്. എന്നാൽ  ചെറുപ്രായത്തിൽ  തന്നെ   മക്കൾ ആ സംവിധാനത്തിന്റെ ഇടപഴക്കങ്ങളിലേക്ക് നിരുപാധികം വരാൻ കൂട്ടാക്കാത്തതുമായ ലോകക്രമത്തെ ഇവിടെ കാണാം. മക്കൾ അച്ഛനമ്മമാർക്ക് ഭ്രാന്ത് പിടിപ്പിക്കുന്നതും  അച്ഛനമ്മമാർ മക്കൾക്ക് അമ്പരപ്പുണ്ടാക്കുന്നതും ഇതിന്റെ ഭാഗമാണ്.

സ്‌കൂളിൽ സഹപാഠികളുടെ മുന്നിലെ പരിഹാസ്യകഥാപാത്രമായ ജാസിന്റെ യൂണിഫോം എപ്പോഴും മുഷിഞ്ഞതാണ്. കന്നുകാലികളുടെ പരിസരത്തുനിന്ന് വരുന്ന അവളുടെ വേഷവിധാനം മറ്റുള്ളവർക്ക് അലോസരം സൃഷ്ടിക്കാൻ പോന്നതാണ്. പശുവിന്റെ ഗന്ധമാണ് അവൾക്ക് എന്ന് പറഞ്ഞു മാറ്റി നിർത്താനുള്ള കൂട്ടുകാരുടെ ഗൂഢാലോചനയെ  അവൾക്ക് നേരിടേണ്ടി വരുന്നുണ്ട്. പശുവളർത്തുകേന്ദ്രത്തിൽ നടക്കുന്ന കഥയായത്കൊണ്ടുതന്നെ മൃഗങ്ങൾക്കും  കഥയിൽ പ്രാധാന്യമുണ്ട്. പശുക്കളില്ലാത്ത  ജീവിതം അവർ ആഗ്രഹിക്കുന്നില്ല. അതിനാൽ തന്നെ ആ ഭൂപ്രദേശത്തിൽ  നിന്നുള്ള സ്ഥാനചലനം അവരുടെ സ്വപ്നങ്ങളിൽപ്പോലുമില്ല. ജീവിതത്തിലെ തികച്ചും സാധാരണരംഗങ്ങളിൽ വരെ ഭാഗഭാക്കാവുന്ന ജന്തുലോകത്തിന്റെ സാന്നിധ്യം അവർ സ്വാഗതം ചെയ്യുകയും ശീലിക്കുകയും ചെയ്തിരുന്നു.

ആഖ്യാനത്തിൽ മൃഗങ്ങളും പ്രാണികളും മറ്റും കടന്നുവരുന്നതിനും മനുഷ്യരുടെ ചെയ്തികളുമായി  സാദൃശ്യപ്പെടുത്തിക്കൊണ്ട് അവതരിപ്പിക്കാൻ മറേക്കാ നിഷ്കർഷ പുലർത്തുന്നുണ്ട്. അമ്മ മക്കൾക്കായി ഭക്ഷണം കാത്തു വെക്കുകയും അവരുടെ വിശപ്പ് അടങ്ങിയിട്ട് മാത്രം സ്വന്തം വയറിന്റെ കാര്യം നോക്കുകയും ചെയ്യുന്നതിനെ  നോവലിൽ പരാമർശിക്കുന്നു. അമ്മച്ചിലന്തിയെ ഭക്ഷിക്കുന്ന ചിലന്തിയുടെ സ്വഭാവത്തെ സന്ദർഭവശാൽ മറേക്കാ ഇവിടെ ദ്യോതിപ്പിക്കുകയാണ്.

ഇതേപോലെ കാക്കകളെ കുറിച്ചും ആഖ്യാനത്തിൽ വിവരിക്കുന്നുണ്ട്. ഒരു കാക്ക ചത്തുകിടക്കുന്നത് കണ്ടാൽ ജാസിന്റെ അച്ഛൻ അതിനെ തല കീഴായി ചെറിമരത്തിൽ തൂക്കിയിടാറാണ് പതിവ്. അപ്പോഴേക്കും കലപില കൂട്ടിക്കൊണ്ട് ഒരുപറ്റം കാക്കകൾ എങ്ങുനിന്നോ പറന്നുവന്നകൊണ്ട് മരത്തിനുചുറ്റും കറങ്ങി, അന്തിമോപചാരങ്ങൾ അർപ്പിക്കും. പശുക്കൾക്ക് വരാൻപോകുന്ന അസുഖത്തെ കുറിച്ച് അറിവ്  നൽകാനെന്ന പോലെ കൂർമബുദ്ധിയായ കാക്കകൾ വീടിന്റെ പരിസരത്തുനിന്ന് ചില സൂചനകൾ കൊടുക്കുകയുണ്ടായി. എന്നാൽ അത് ആർക്കും കൃത്യമായി ബോധ്യപ്പെട്ടില്ലെന്നു വേണം അനുമാനിക്കേണ്ടത്.

കന്നുകാലികളിൽ അപ്രതീക്ഷിതമായി ഒരു സാംക്രമികരോഗം വരുന്നതോടെ അതുവരെയുള്ള   സാഹചര്യങ്ങൾ റദ്ദുചെയ്യപ്പെടുകയുമാണ്. കന്നുകാലികളെ ഇല്ലായ്മചെയ്ത രോഗം പ്രകൃത്യാ ഉള്ള കുടിപ്പാർപ്പിന്റെ സന്തുലിതഭാവം നശിപ്പിച്ചു.  മരണം പ്രത്യക്ഷപ്പെടുക മതിയായ പ്രഖ്യാപനം നടത്തിക്കൊണ്ടാണ്. എന്നാൽ നമുക്ക് അത് വ്യക്തമാക്കാതെ വരുമെന്നത് നിർഭാഗ്യകരമാണ്. സ്കേറ്റിംഗ് ചെയ്യുന്നതിനുള്ള മഞ്ഞിൻപ്രതലം ദുർബലമാണെന്നും കുളമ്പുരോഗം ഗ്രാമത്തിലെ കന്നുകാലികളിൽ പകരുമെന്നും ആരും മുൻകൂട്ടി തിരിച്ചറിഞ്ഞില്ല.

പ്രയാസങ്ങളുടെ ഗര്‍ത്തങ്ങളിൽ ജീവിക്കുമ്പോഴും പുഞ്ചിരി പ്രകടിപ്പിക്കുന്ന മുഖവുമായി പ്രത്യക്ഷപ്പെടുന്നവരുണ്ട്. അവരുടെ ചിരിയുടെ അതിരുകൾ മായ്ക്കാനാവില്ല. എന്നാൽ ഈ സ്വഭാവത്തിന് നേർവിപരീതമാണ് ജാസിന്റെ അച്ഛനമ്മമാർ. അവരുടെ ചിരിക്കുപോലും സങ്കടഛായയാണ്. മാത്തീസിന്റെ    മരണം വീഴ്ത്തിയ നിഴൽ ഇല്ലാതാക്കാൻ അവർ നന്നേ ബുദ്ധിമുട്ടി. മകൻ മരിച്ചുപോയെന്നു അംഗീകരിക്കാൻ തയ്യാറാവാത്ത അച്ഛനമ്മമാരുടെ ആധിയും വിചാരവും മനുഷ്യബന്ധങ്ങളുടെ ഊഷ്മളതയെ അടയാളപ്പെടുത്തുന്നതാണ്. മൂത്ത സഹോദരൻ മരിച്ചതോടെ ജാസ് മാനസികമായി തകരുന്നു. മരണത്തെ കുറിച്ചും അനാഥത്വത്തെ കുറിച്ചും ചിന്തിച്ചു പത്തുവയസുകാരി വല്ലാതെ അലട്ടലുകൾ അനുഭവിച്ച നാളുകളായിരുന്നു അത്. ഒരു ഘട്ടത്തിൽ, ആ ഗ്രാമത്തിൽ നിന്ന്,  പശുക്കളിൽ നിന്ന്, ജീവിതത്തിന്റെ സ്വാഭാവികമായ പ്രകൃതത്തിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്ന ജാസിനെ കാണാം.   ഉറ്റവരുടെ വിയോഗം മൂലമുണ്ടാകുന്ന വ്യസനം, മരണം സംഭവിക്കുന്നത്    ഏതെല്ലാം വിധത്തിലാണെന്നു അന്വേഷിക്കാൻ  നമ്മെ പ്രേരിപ്പിക്കുന്നു. നമ്മൾ മരിച്ചവരെ പറ്റി ചിന്തിക്കുന്നില്ല. അവരെ ഓർക്കുന്നത് മാത്രമേയുള്ളു എന്ന അച്ഛന്റെ വാദത്തിനു മറുപടിയായി   “അതിശക്തമായി അവരെ നാം ഓർക്കുന്നു” എന്ന ജാസിന്റെ സാക്ഷ്യപ്പെടുത്തൽ വേദന തീണ്ടിയതാണ്. മരണത്തെ സംബന്ധിച്ച പ്രമാണങ്ങൾ ബൈബിളുമായി ഗാഢബന്ധം പുലർത്തിക്കൊണ്ട് കുട്ടികളിലേക്ക് നേരിട്ടും അല്ലാതെയും കടത്തുന്ന പ്രായം ചെന്നവരാണ് നോവലിലുള്ളത്.

മരണഭയത്തെ മതബോധം, പാപസങ്കല്പം എന്നിങ്ങനെ ക്രിസ്തീയാശയങ്ങളുമായി ഇഴകോർത്തു വെച്ചിരിക്കുന്ന പരമ്പരാഗത രീതി പിന്തുടർന്ന കുടുംബമാണ് ജാസിന്റേത്.  മരണം /ദൈവം എന്നിങ്ങനെയുള്ള സങ്കൽപ്പത്തെ ഉറപ്പിക്കുന്ന വിധത്തിൽ മതവും പ്രാർത്ഥനയും പെരുമാറുന്നതിൽ പകച്ചുനിൽക്കുന്ന കുട്ടികളെയാണ് ഇവിടെ കാണാൻ കഴിയുന്നത് വൈയക്തികദുഃഖം ബാധിച്ച കുടുംബം ദൈവത്തിങ്കൽ ആശ്വാസം  തേടി. ഇതൊരു നല്ല തീരുമാനമായിരുന്നോ  എന്ന ആശങ്ക ജാസിനുണ്ടാകുന്നു. ദൈവത്തിലുള്ള വിശ്വാസം എങ്ങനെയാണ് നഷ്ടപ്പെടുന്നത് എന്ന് ജാസ് ആലോചിക്കുന്നത് ഇതിനെ തുടർന്നാണ്. ചിലർക്ക് അവരെ സ്വയം മനസിലാക്കാൻ സാധിക്കുമ്പോൾ ദൈവത്തിന്റെ കൂട്ട് വേണ്ടി വരാതാവുന്നു. മറ്റു ചിലർക്കാകട്ടെ സ്വയം നഷ്ടപ്പെടുമ്പോൾ ദൈവത്തെയും നഷ്ടമാകുന്ന സ്ഥിതിയാണ്. രണ്ടാം വിഭാഗത്തിലാണ് ജാസ് അവളെ സ്വയം സ്ഥാപിക്കുന്നത്. അച്ഛനെയും ദൈവത്തെയും ഒരേപോലെ അനുസരിക്കേണ്ടി വരുന്ന ബാല്യകൗമാരമാണ് അവളുടേത്. രണ്ടുപേരെയും വെറുപ്പിക്കാത്ത നയം സ്വീകരിക്കുക എളുപ്പവുമല്ല. അശാന്തമായ വഴിയിലൂടെ അവൾ പിച്ച വെക്കാൻ ആരംഭിക്കുകയാണ്. അസ്വസ്ഥതയാണ് നല്ലതെന്ന തിരിച്ചറിവ് അവളിൽ ബലപ്പെട്ടു. അതുപോലെ ബാല്യത്തിൽ നിന്ന് കൗമാരത്തിലെത്തി ചേർന്ന കുട്ടികളുടെ ലൈംഗികകൗതുകങ്ങളുടെ ധാരാളം  സന്ദർഭങ്ങൾ  നോവലിലുണ്ട്.

ആഖ്യാനത്തിന്റെ ലാളിത്യം നോവലിനെ വായനാക്ഷമമാക്കുന്നുവെങ്കിലും  ചുരുക്കം ചില ഭാഗങ്ങൾ അല്പം കൂടെ കരുതലോടെ പറയാമായിരുന്നു  എന്ന് തോന്നുന്നു. ഏകാന്തത, ഭയം, സ്നേഹക്കുറവ് എന്നിങ്ങനെയുള്ള ഘടകങ്ങളുടെ സമ്മർദ്ദത്തെ ‘മലബന്ധം’ പോലെയുള്ള രൂപകം കൊണ്ട് അടയാളപ്പെടുത്തിയതാണോ എന്ന ‘അതി’വായന പ്രസക്തമാണ്. ഇപ്പറഞ്ഞ സന്ദർഭങ്ങളുടെ ആധിക്യം    കുറച്ചിരുന്നുവെങ്കിൽ ആഖ്യാനത്തിനു മിഴിവ് കൂടിയേനേ.

സ്വർഗ്ഗത്തിലെ വായനശാലയെ പറ്റി ജാസ് സങ്കൽപ്പിക്കുന്നത് രസകരമാണ്. തിരിച്ചുകൊടുക്കേണ്ട ദിവസത്തെ ഓർത്ത് പരവശപ്പെടാതെ പുസ്തകം ആസ്വദിച്ചു വായിക്കാൻ അനുവദിക്കുന്ന വായനശാലാസൗകര്യം മാത്തീസിന് ലഭ്യമാകട്ടെ എന്ന്‌ അവൾ പ്രത്യാശിക്കുന്നു. ലൈബ്രേറിയന്റെ കാർക്കശ്യമില്ലാത്ത വായനശാല ഒരു സ്വപ്നമാണ്. മരിച്ചുപോയവരെ കുറിച്ചുള്ള അനന്യമായ ഓർമകളും കരുതലുകളും മാനവദർശനത്തിന്റെ ആശയങ്ങളെ ദീപ്തമാക്കുകയാണ്.

ദൈവമില്ലാത്തവരുടെ കഥകൾ വായിക്കാൻ രക്ഷിതാക്കൾ സമ്മതിച്ചിരുന്നില്ല. റോൾഡ്ദാലിന്റെ ആഖ്യാനങ്ങളും  മന്ത്രവാദിക്കഥകളും മറ്റും കുട്ടികൾക്ക് വിലക്കപ്പെട്ട ‘ഭാവനാലോക’ങ്ങളായിരുന്നു. യുക്തിവിചാരങ്ങളെ മന:പൂർവം മായ്ചുകളഞ്ഞതിനു ശേഷം മതാധിഷ്ഠിതമായ ചിട്ടവട്ടങ്ങളും ചട്ടക്കൂടുകളും  അവരുടെ മനസ്സിലേക്ക് പതിപ്പിക്കാനാണ് മുതിർന്നവർ യത്നിച്ചത്. എങ്കിലും വാമൊഴിക്കഥകളും പുസ്തകങ്ങളിലെ കഥകളും അവളുടെ ഭാവനയുടെ അതിരുകൾ വിസ്തൃതമാക്കുകയാണ്. മരിച്ചവരെല്ലാം ഒരുദിവസം കല്ലറയിൽ നിന്നുപുറത്തു വന്നു ഗ്രാമവീഥികളിലൂടെ ജാഥയായി നടക്കുന്ന രംഗത്തെ അവൾ സ്വപ്നം കാണുന്നതും അതുകൊണ്ടാണ് ‌.

സമുദ്രജലത്തെ വന്മതിലായി തീർത്ത ദൈവം എന്ന സങ്കല്പം നോവലിലെ കഥാപാത്രങ്ങളുടെ ജീവിതവൃത്തത്തിൽ ആവർത്തിച്ച്  പ്രത്യക്ഷപ്പെടുന്നു. എങ്കിലും ഇപ്പോൾ ജീവിക്കുന്ന കരയിൽ നിന്നും പശുക്കളില്ലാത്ത  അങ്ങേക്കരയിലേക്ക് അവരെ കൊണ്ടുപോകാൻ ദൈവത്തിനു പോലും കഴിയുമെന്ന് തോന്നുന്നില്ല.  ഈ വിധത്തിൽ മറേക്കാ വരയ്ക്കുന്ന ഭൂപടം സങ്കൽപ്പങ്ങളെ മാത്രം ആധാരമാക്കിയുള്ളതല്ല. ശരീരത്തിലും മനസ്സിലും  നിയമബദ്ധമായ കെട്ടുപാടുകളില്ലാത്ത ഭൂമിയിലെ ചരാചരങ്ങളെയാണ് ഈ ഭൂപടത്തിൽ മറേക്കാ പ്രതിഷ്ഠിക്കുന്നത്. ശബ്ദമുള്ളവർക്കും ഇല്ലാത്തവർക്കും അവിടെ തുല്യസ്ഥാനമുണ്ട്. സവിശേഷമായ മമതാബന്ധം സഹജീവികളോടും ചുറ്റുപാടിനോടും വെച്ചുപുലർത്തുന്ന ഈ തത്വശാസ്ത്രത്തിൽ, അതിഗാഢമായ സഹവർത്തിത്വമനോഭാവം കൈയൊപ്പ് ചാർത്തുന്നു.

ചുരുക്കത്തിൽ, വ്യക്തതയില്ലാത്ത വ്യാകുലതയുടെ അണ കെട്ടിക്കൊണ്ട്, അനിശ്‌ചിതാവസ്ഥയുടെ തേരേറുന്ന മുഖ്യകഥാപാത്രങ്ങളുടെ കൗമാരവിഷാദങ്ങളാണ് നോവലിന്റെ അടിസ്ഥാനശില. വിഷാദമഗ്നരാക്കുന്ന സാഹചര്യങ്ങൾ ഏകാന്തതയുടെ കൊടുംതണുപ്പിലേക്ക് അവരെ എത്തിക്കുമോ എന്ന സന്ദിഗ്‌ദ്ധതയ്ക്കാണ്  പ്രാധാന്യം കൊടുക്കേണ്ടത് കൗമാരപ്രായത്തിലേക്ക് കാലുവെക്കുന്ന മക്കൾക്ക് വീട്ടുകാരുമായുണ്ടാവുന്ന ആശയഭിന്നത അസാധാരണമല്ല. അതിലുപരിയായി (ദൈവ)നീതിയുടെ നടത്തിപ്പിന്റെ ‘കൃത്യത’യുമായുള്ള കലഹവും   ലൈംഗിക അഭിവാഞ്ഛകളുടെയും ജീവജാലങ്ങളുമായുള്ള സമരസപ്പെടലും  പ്രശ്നലോകങ്ങളാവുന്ന കുട്ടികളുടെ ഭൂമികയാണ് ‘സായാഹ്നത്തിന്റെ ആകുലതകൾ’.

എഴുത്ത്  : രാഹുൽ രാധാകൃഷ്ണൻ

 

Buy : http://greenbooksindia.com/sayahnathinte-akulathakal-marieke-lucas-rijneveld

 

Related Articles

1 COMMENT

  1. പ്രകൃതിയുമായുള്ള സംലയനം
    ബാല്യകൗമാര കാലത്തെ പല സംഭവങ്ങളും മറ്റുള്ളവരുമായുള്ള ഇടപെടലുകളും പെരുമാറ്റരീതിയും ഒക്കെ ഓരോ കുഞ്ഞിന്റെയും പിന്നീടുള്ള ജീവിതകാലത്തെ എത്രമാത്രം സ്വാധീനിക്കുമെന്നത് നാം ഊഹിക്കുന്നതിനും അപ്പുറമാണ്. ഈ സത്യത്തിന്‌ ഉദാഹരണമായി എഴുത്തിലെ വരികൾ വായിച്ചെടുക്കാം.
    കൃത്യതയോടെയും കരുതലോടെയും ആ പ്രായക്കാരെ പരിപാലിക്കാൻ, ജീവിതത്തിന്റെ ഓട്ടപ്പാച്ചിലിനിടയിൽ മാതാപിതാക്കൾക്കോ സഹോദരങ്ങൾക്കോ മറ്റുള്ളവർക്കോ പലപ്പോഴും കഴിയാറുമില്ല. തന്നെ വിട്ടു പരലോകം പൂകിയ സഹോദരന്റെ അഴുകുന്ന ദേഹത്തെക്കുറിച്ച് ചിന്തിക്കാൻ മാത്രം പ്രാപ്തിയുള്ള കുട്ടിയാണ് ഈ എഴുത്തുകാരി എന്നുവരുമ്പോൾ പ്രതിഭയുടെ നിഴലാട്ടമായി അതിനെ കാണണം.
    ഈ നല്ല ലേഖനം മികച്ച പരിചയപ്പെടുത്തൽ ആയി.
    രാഹുൽ രാധാകൃഷ്ണനനും ഗ്രീൻ ബുക്സിനും നന്ദി!

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles