Saturday, January 28, 2023

ഓർഹാൻ  പാമുക്കിനെ മറക്കുക , യഥാർത്ഥ ഇസ്താംബുളിനെ പറ്റി പറയുന്നത് സോന്മെസ് ആണ്

ഇസ്താംബുൾ ഇസ്താംബുൾ (നോവൽ ) – ബുർഹാൻ സോന്മെസ്

മലയാള പരിഭാഷ :എം.ജി സുരേഷ്

സ്താൻബുൾ ഇസ്താംബുളിലെ നാലു തടവുകാർ തങ്ങളുടെ മർദ്ദന ചരിതങ്ങൾ  പറയുന്നു.
പരാജയപ്പെട്ട ഒരു പട്ടാള അട്ടിമറിയുടെ കഥയാണ് ഈയിടെ ഇസ്താംബൂളില്‍നിന്ന് കേട്ടത്. ഇസ്താംബൂളിലെ വിമാനത്താവളത്തില്‍പോലും മനുഷ്യബോംബ് പൊട്ടിത്തെറിച്ചു. ഇസ്താംബൂളിന് എന്താണ് സംഭവിക്കുന്നത്. ഉറച്ച ഒരു ജനാധിപത്യരാജ്യം. ഇപ്പോഴും മതേതരത്വം കാത്തുസൂക്ഷിക്കുന്നു. പാരീസും ഇസ്താംബൂളും റെയില്‍മാര്‍ഗ്ഗം ബന്ധിതമാണ്. ഇസ്താംബൂളിന് പാരീസ് അകലെയല്ല. അത്രത്തോളം യൂറോപ്യന്‍ മനസ്സുമായി ഇസ്താംബൂള്‍ ഒട്ടിക്കിടക്കുന്നു. പക്ഷേ, ഇസ്താംബൂളിലെ ഉജ്ജ്വലമായ ആ പാരമ്പര്യങ്ങള്‍ എവിടെയൊക്കെയോ ഇപ്പോള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ബുറാന്‍ സോന്മെസ് ചോദിക്കുന്നു, ”നമ്മുടെ പ്രിയപ്പെട്ട രാജ്യം ഒരു ഭീകരരാജ്യമായി മാറുകയാ

ണോ?”  ഈ നോവലിന്റെ കേന്ദ്രവിഷയവും ചോദ്യവും ഇതുതന്നെയാണ്.

ഇടുങ്ങിയ ഇരുട്ടുമുറികൾ
ഒരു കൂട്ടര്‍ ഭൂഗര്‍ഭ തടവറയുടെ മുകളില്‍ പടുത്തുയര്‍ത്തിയ നഗരത്തിന്റെ സ്വതന്ത്ര മനുഷ്യര്‍. അവര്‍ തിന്നും കുടിച്ചും മദിച്ചും ജീവിതം ആമോദപൂര്‍വ്വം കൊണ്ടാടുന്നു. അവര്‍ക്ക് ഒന്നിനെക്കുറിച്ചും ആകാംക്ഷയില്ല. അവരുടെ വായില്‍ അടിഞ്ഞുകൂടുന്ന ഭയപ്പാടുകളില്ല. മറ്റൊരു കൂട്ടര്‍ ഭൂഗര്‍ഭ തടവറയിലെ ഇടുങ്ങിയ ഇരുട്ടുമുറിയിലാണ് അകപ്പെട്ടിരിക്കുന്നത്. അവര്‍ക്ക് ശബ്ദങ്ങളില്ല. അവകാശങ്ങളില്ല. ശ്വസിക്കുന്ന വായുപോലും അവരുടേതല്ല. അവര്‍ക്കുവേണ്ടി പറയാന്‍, വാദിക്കാന്‍, കരയാന്‍ ആരുമില്ല. ഭൂഗര്‍ഭ തടവറയിലെ പത്തു ദിവസമാണ് ഇസ്താംബൂള്‍ എന്ന നോവലിന്റെ പ്രതിപാദ്യവിഷയം. തടവറയില്‍ അകപ്പെട്ടവര്‍ ഭീകരമര്‍ദ്ദനങ്ങളിലൂടെ ഓരോ ദിവസവും കടന്നുപോകുമ്പോഴും അവിശ്വസനീയമായവിധം അവര്‍ മറ്റൊരു ലോകത്തെ, തടവറയില്‍ കഥകളിലൂടെയും ഭാവനയിലൂടെയും സൃഷ്ടിച്ചുകൊണ്ട് അസഹനീയമായ ശാരീരിക വേദനകളെ എങ്ങനെയും മറികടക്കാന്‍ ശ്രമിക്കുന്നു. അവര്‍ ഓരോരുത്തരും പറയുന്ന കഥകള്‍ കേട്ടാല്‍ ചിരിക്കുകയാണോ കരയുകയാണോ വേണ്ടതെന്നറിയാതെ വായനക്കാരനും ആ കൊച്ചുതടവറയില്‍ അകപ്പെട്ട അനുഭവ മാണുണ്ടാവുന്നത്.

 കുര്‍ദ്ദിഷ് വംശത്തില്‍ ജനിച്ച സോന്മെസിന് രാഷ്ട്രീയ കാരണങ്ങളാല്‍ തടവറയിലും മര്‍ദ്ദനത്തിലും അകപ്പെട്ട അനുഭവങ്ങള്‍ മുന്‍പ് ഉണ്ടായിട്ടുണ്ട്. പൊലീസ് മര്‍ദ്ദനത്തില്‍ അദ്ദേഹം മരിക്കേണ്ടതായിരുന്നു. എന്നാല്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. അഞ്ച് വര്‍ഷക്കാലം ഇംഗ്ലണ്ടില്‍ കഴിച്ചുകൂട്ടിയശേഷം സോന്മെസ് ഇസ്താംബൂളിലേക്കു മടങ്ങിവന്നു. അദ്ദേഹം തനിക്കു പീഡനങ്ങള്‍മാത്രം നല്‍കിയ ഇസ്താംബൂളിനെ വെറുത്തില്ല. ഇസ്താംബൂളിനെ അദ്ദേഹം അപാരമായി സ്‌നേഹിച്ചു. അവിടുത്തെ പര്‍വ്വതങ്ങള്‍, ഫെറി സര്‍വീസുകള്‍, പൂന്തോട്ടങ്ങള്‍, കെട്ടിടങ്ങള്‍, പള്ളികള്‍, ലൈബ്രറികള്‍ എല്ലാം തന്നെ അദ്ദേഹത്തിന്റെ നോവലിലേക്കു കടന്നുവരുന്നുണ്ട്. ‘ഇസ്താംബൂള്‍’ എന്ന നോവലിലൂടെ അദ്ദേഹം ലോകത്തോട് വിളിച്ചുപറയുന്നത്, ”അസാദ്ധ്യമായത് ഒന്നുമില്ല” എന്നാണ്. ഭൂഗര്‍ഭ തടവറയിലെ ഇടുങ്ങിയ ഇരുട്ടുമുറിയില്‍ അകപ്പെട്ട തടവുപുള്ളികളാണ് ഈ നോവലിന്റെ കഥാപാത്രങ്ങള്‍. അവര്‍ക്കു കാണാന്‍ ഇരുമ്പഴിക്കു വെളിയില്‍ വല്ലപ്പോഴും തെളിയുന്ന മങ്ങിയ വെളിച്ചത്തിന്റെ നിഴലുകളല്ലാതെ, മര്‍ദ്ദകരുടെ കാലടിയൊച്ചകളല്ലാതെ, ആരുടെയൊക്കെയോ നിലവിളിയൊച്ചകളല്ലാതെ ഒന്നുമില്ല. എന്നിട്ടും ഒരു മുഴുവന്‍ ലോകവും ഈ നോവലില്‍ നിറയുന്നു. എഴുത്തുകാരന്‍ പറയുന്നു, ”ഈ പ്രപഞ്ചത്തിന്റെ മുഴുവന്‍ സത്യവും ഒരു ലോകത്തിന്റെ മുഴുവന്‍ ഉണ്മയും ഒരു വ്യക്തിക്ക് ഏത് ഇരുട്ടറയില്‍ അടയ്ക്കപ്പെട്ടാലും അവന്റെ ആത്മാവിലും മനസ്സിലും ആഴത്തില്‍ പകര്‍ത്തിവെയ്ക്കാന്‍ കഴിയും.”

നോവലിന്റെ ആദ്യ അദ്ധ്യായങ്ങളില്‍ ഇതൊരു രാഷ്ട്രീയ നോവലായി തന്നെ കാണാമെങ്കിലും, ഇതിലെ ഭീകരമര്‍ദ്ദനമേറ്റ രാഷ്ട്രീയ തടവുപുള്ളികള്‍ ഒരാളും പിന്നീട് രാഷ്ട്രീയമോ പ്രത്യയശാസ്ത്രമോ ഒന്നുംതന്നെ പറയുന്നില്ല. അവര്‍ എന്തുതന്നെ പറഞ്ഞാലും അത് ഇസ്താംബൂളിനെക്കുറിച്ചാണ് പറയുന്നത്. ഇസ്താംബൂളിനെ എങ്ങനെയൊക്കെ പുനര്‍നിര്‍മ്മിക്കണം, ഇസ്താംബൂളിനെ ആരില്‍ നിന്നൊക്കെ രക്ഷപ്പെടുത്തണം, ഇസ്താംബൂളിനെ ഏതു വിധത്തില്‍ ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യണം, ഇതൊക്കെയാണ് കഥകളായും കടങ്കഥകളായും തടവറയില്‍ കിടന്ന് അവര്‍ പറയുന്നത്. ഇടയ്ക്ക് അതികഠിനമായ മര്‍ദ്ദനമുറകള്‍ അവര്‍ ഓരോരുത്തര്‍ക്കും ഓരോരോ ദിവസങ്ങളായി നേരിടേണ്ടിവരുന്നത് ഒരു സാധാരണ കാര്യം പോലെയാണ് എഴുത്തുകാരന്‍ പറയുന്നത്.

ഒരു വെടിയുണ്ട ചീറിവന്നതുപോലെ

കൊടുംവേദനകളിലും അവര്‍ പറയുന്ന കഥകളില്‍ ഒരു ഹ്യൂമര്‍സെന്‍സ് ആണുള്ളത്. വളരെ അപൂര്‍വ്വമായി മാത്രമാണ് അവര്‍ കണ്ണീരൊഴുക്കുന്നത്. സോന്മെസ് പറയുന്നു, ”ജനാധിപത്യ വ്യവസ്ഥിതിയില്‍ വര്‍ഗ്ഗ വംശീയ വിശകലനങ്ങള്‍ക്കപ്പുറത്ത് എല്ലാവര്‍ക്കും ഒരിടമുണ്ട്. പരസ്പരം ബന്ധിപ്പിക്കുന്ന പാലങ്ങളുണ്ട്. ഇസ്താംബൂളില്‍ ആ പാലം തകര്‍ക്കപ്പെട്ടിരിക്കുന്നു.”  എല്ലാ അര്‍ത്ഥത്തിലും ഇത് ഒരു അസാധാരണമായ നോവലാണ്. നെഞ്ചിലേക്ക് ഒരു വെടിയുണ്ട ചീറിവന്നതുപോലെ ഈ കൃതി നമ്മെ തീര്‍ത്തും പരിഭ്രാന്തമാക്കുന്നു. വായനയുടെ ഓരോ അദ്ധ്യായങ്ങളിലും ഇസ്താംബൂള്‍ എന്ന നോവല്‍ നമ്മളറിയാത്ത ഒരു വ്യവസ്ഥിതിയുടെ ബീഭത്സമായ അധോലോകവാഴ്ച യുടെ മര്‍ദ്ദനമുറകള്‍ വെളിപ്പെടുത്തുന്നു. മെദിര്‍തായ്, ക്ഷുരകന്‍ കാമോ, കുഹെയ്‌ലാന്‍ അമ്മാവന്‍, ഡോക്ടര്‍; തടവുപുള്ളികളായ ഇവരിലൂടെ, കെട്ടുകഥയിലൂടെ, ഫാന്റസി കളിലൂടെ, ഓര്‍മ്മകളിലൂടെ ഇസ്താംബൂളിന്റെ അസാധാരണമായ ഒരു കഥയുടെ ചുരുള്‍ നിവരുകയാണ്. ഇസ്താംബൂളിന്റെ വായനാനുഭവം നമുക്ക് മറ്റൊരു കൃതി യിലും കിട്ടുകയില്ല. അത്രയ്ക്ക് വ്യക്തിനിഷ്ഠവും വ്യതിരിക്തവുമായ രചന. മര്‍ദ്ദിതരുടെ ചോര നമ്മുടെ നെഞ്ചിലേക്കുപോലും തെറിച്ചുവീഴുന്നു. എല്ലാവരും അതിഭീകരമായി മര്‍ദ്ദിക്കപ്പെട്ട് അവശരായവര്‍. മനസ്സിന്റെ സമനില തെറ്റിക്കുന്ന മനുഷ്യാവസ്ഥകള്‍. തടവറയുടെ വേദനയില്‍, കൊടുംപീഡനങ്ങളില്‍നിന്ന് ചീന്തിയെടുത്ത കഥകളുടെ ഒരു ഭീകര ലോകം.

കുത്തഴിഞ്ഞ മനോരാജ്യങ്ങൾ 
രാത്രിയെന്നോ പകലെന്നോ എന്നറിയാത്തവിധം ഒരു ഭൂഗര്‍ഭഅറയില്‍ അകപ്പെട്ടവര്‍, സമയതീരങ്ങള്‍ക്കപ്പുറം ഇരുളടഞ്ഞ ഇടുങ്ങിയ ചുമരുകളുടെയുള്ളില്‍ അകപ്പെട്ട്,
ആ കൊടുംശൂന്യത യിലിരുന്ന് അദ്ഭുതകരമായ വിധത്തില്‍ ഭാവനകളിലും യാഥാര്‍ത്ഥ്യ ങ്ങളിലും കൂടിക്കുഴഞ്ഞ ഒരു ലോകത്തെ (മനോരാജ്യങ്ങളില്‍) സൃഷ്ടിക്കുകയാണ്. നഗരത്തിന്റെ എല്ലാ വിശദാംശങ്ങളിലൂടെയും ഇസ്താംബൂളിന്റെ ഇരുളും വെളിച്ചവും അവരുടെ ബോധത്തില്‍ തിളച്ചുമറിയുകയാണ്.
ഈ പീഡനമുറിയില്‍ അകപ്പെട്ടതെങ്ങനെ എന്ന കഥ ഓരോരുത്തരും ഓരോരോ അദ്ധ്യായങ്ങളിലായി പറഞ്ഞുവെക്കുന്നു. അവരെല്ലാവരുംതന്നെ വ്യവസ്ഥാപിത ഭരണത്തിനെതിരെ, കൊടുംഅനീതികള്‍ക്കെതിരെ പോരാടുന്ന രഹസ്യസംഘടനയിലുള്ളവര്‍. പരസ്പരം അറിയുമെങ്കിലും നേരില്‍ കാണാത്തവര്‍. പരസ്പരം കണ്ടുമുട്ടുന്നത് ഈ ഇരുളടഞ്ഞ ഭൂഗര്‍ഭ അറയില്‍ വെച്ച്…
അത്യന്തം അദ്ഭുതകരമായ ഒരു രചനയാണിത്. ബുറാന്‍ സോന്മെസിന്റെ പ്രതിഭ അചഞ്ചലവും ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയാത്തതുമാണ്. നോവല്‍സാഹിത്യത്തിന്റെ ചരിത്രത്തില്‍ ഈ കൃതി അവഗണിക്കാനാവാത്തവിധം ഔന്നിത്യമുള്ളതാണ്. വായനക്കാരനും ഒരുപോലെ ഇരുളടഞ്ഞ അവരുടെ തടവറയില്‍ അകപ്പെട്ടുപോകുന്നു. ഈ പുസ്തകം വായിച്ചവസാനിപ്പിച്ചാല്‍മാത്രമേ നമ്മള്‍ അകപ്പെട്ട ഈ പ്രതിസന്ധിയില്‍നിന്ന് പുറത്തു കടക്കാന്‍ കഴിയുകയുള്ളൂ. അസാധാരണമായ കടങ്കഥകള്‍. കഥയുടെ ലോകങ്ങള്‍ പലവിധ തട്ടുകളായി തുറന്നിട്ടിരിക്കുന്നു. കെട്ടുകഥയും ഭാവനകളും കൂടിക്കലര്‍ന്ന ഒരദ്ഭുതലോകമാണ് ഓരോ അദ്ധ്യായങ്ങളിലും വിടര്‍ന്നുവിരിയുന്നത്.

അദ്ഭുതകരമാണ് നോവലിന്റെ സന്ധിബന്ധങ്ങള്‍. യാഥാര്‍ത്ഥ്യങ്ങളെയും ഭാവനയേയും സ്വപ്നങ്ങളെയും വേര്‍തിരിച്ചറിയാനാവാത്തവിധം കൊളുത്തിചേര്‍ത്തിരിക്കുന്നു. അതിലൂടെ ആധുനികലോകത്തിന്റെ മനുഷ്യാവസ്ഥകളെക്കുറിച്ച് പറയുന്നു. ഇരുളടഞ്ഞ തടവറയുടെ നാലു മൂലയില്‍നിന്ന് ഇതിലെ കഥാപാത്രങ്ങള്‍ ഒരിടത്തേക്കും പോകുന്നില്ല. ഈ നിശ്ചലാവസ്ഥയിലിരുന്നുകൊണ്ടാണ് ഇസ്താംബൂളിന്റെ കടലും ആകാശവും കപ്പലും പക്ഷികളുമെല്ലാം അവര്‍ കാണുന്നത്.

നമ്മളെല്ലാം ഇവിടെയിങ്ങനെ ഈ ഭൂഗര്‍ഭതടവറയില്‍ നരകയാതന അനുഭവിക്കുമ്പോള്‍ നമുക്കു മുകളിലെ നഗരത്തില്‍ ജനം അവരുടെ സാധാരണ ജീവിതം നയിക്കുകയാണ്. അപ്പോള്‍ പിന്നെ നമ്മളിങ്ങനെ നരകിക്കുന്നതില്‍ എന്താണര്‍ത്ഥം? അവര്‍ക്ക് നമ്മളിതിനകത്തുണ്ടെന്നു പോലുമറിയില്ല. മനുഷ്യര്‍ ആദ്യമായി ബാബേല്‍ ഗോപുരം പണിയാന്‍ തുനിഞ്ഞപ്പോള്‍ ദൈവം അവര്‍ക്ക് പല ഭാഷകള്‍ നല്‍കി. പരസ്പരം ആശയവിനിമയം നഷ്ടപ്പെട്ടവരുടെ കോപിഷ്ടരായ ജനം ഭൂമി മുഴുക്കെ കീഴടക്കി. ഒന്നല്ല, ആയിരക്കണക്കിന് ഗോപുരങ്ങള്‍ പണിതു. ഗോപുരങ്ങള്‍കൊണ്ട് ആകാശങ്ങള്‍ തുരന്നു. അവരുടെ കെട്ടിടങ്ങള്‍ക്ക് ഉയരം വര്‍ദ്ധിച്ചുതുടങ്ങിയപ്പോള്‍ അവര്‍ ദൈവത്തെ തോല്പിച്ചു എന്ന് കരുതിത്തുടങ്ങി. തെറ്റായ സ്ഥലങ്ങളിലാണ് നമ്മള്‍ സത്യം തിരയുന്നത്. ഇനി ഏകമാര്‍ഗ്ഗം ജനങ്ങളില്‍നിന്ന് നമ്മള്‍ ഓടിയകലുക മാത്രം. നോവലിന്റെ അദ്ധ്യായങ്ങളത്രയും ഉള്‍ക്കിടിലമുണ്ടാക്കുന്ന വായനാനുഭവമായിരിക്കുന്നു.

ഭീകരമായ മര്‍ദ്ദനമുറകളില്‍ അകപ്പെട്ട മനുഷ്യാവസ്ഥയുടെ ചോര പുരണ്ട ഏടുകളാണ് ഇതിലെ മിക്ക അദ്ധ്യായങ്ങളും. നോവലിലെ ചില പീഡനഭാഗങ്ങള്‍ നമ്മെ ഞെട്ടിപ്പിക്കുക മാത്രമല്ല, ബോധക്ഷയത്തിലേക്കു വരെ കൊണ്ടെത്തിക്കും എന്നു തോന്നും. ”രണ്ട് തൂണുകള്‍ക്കു വിലങ്ങനെ ഒരു ഇരുമ്പുകമ്പി കെട്ടിയിരിക്കുന്നു. അവളുടെ രണ്ട് കൈകളും ആ വടിയില്‍ കെട്ടിയിരിക്കുകയാണ്. ബാക്കി ശരീരം വായുവില്‍ തൂങ്ങിയാടുന്നു. അവള്‍ക്ക് തലയനക്കാന്‍ പോലുമാകുന്നില്ല. അവള്‍ നഗ്നയായിരുന്നു. അവളുടെ മുലകളില്‍നിന്നും തുടങ്ങിയ മുറിവ് വയറിലൂടെ, ഗുഹ്യഭാഗത്തിലൂടെ, കാലില്‍ ചെന്നവസാനിക്കുന്നു. അവിടെ ഒരു ചുകന്ന വര വ്യക്തമായും കാണാം.”

”അവര്‍ എന്റെ സമീപമെത്തി. എന്നെ മുടിയില്‍ പിടിച്ച് ചുമരിലേക്കു വലിച്ചിഴച്ചു. എന്റെ ചുമലും കൈകളും ഒരു മരത്തടിയില്‍വെച്ച് കെട്ടി. എന്നിട്ട് നീളമുള്ള ഒരു ആണി എടുത്തു. അത് എന്റെ ഉള്ളംകൈയില്‍ വെച്ച് ഇരുമ്പുകൂടം കൊണ്ടടിച്ചു. അവര്‍ ആ ഇരുമ്പുകൂടം എന്റെ തലച്ചോറിലേക്കാണടിച്ചു കയറ്റുന്നതെന്ന് എനിക്കു തോന്നി. ഞാന്‍ ഉച്ചത്തില്‍ മുരണ്ടു. എന്റെ തുറന്ന കണ്ണില്‍നിന്നും അടഞ്ഞ കണ്ണില്‍നിന്നും ഒരുപോലെ കണ്ണീരൊഴുകി.”

ഭീകരമര്‍ദ്ദനമുറകളില്‍ അകപ്പെട്ട മനുഷ്യാവസ്ഥയുടെ സങ്കടഗാഥയാണീ നോവല്‍. നമ്മള്‍ ഈ ഭൂമിയുടെ ഉപരിതലത്തിലാണ് ജീവിക്കുന്നത്. ഈ ഭൂമിക്കു താഴെ മറ്റൊരു ലോകമുണ്ട്. അവിടെ ആരുടെയൊക്കെയോ വിലാപങ്ങളും നിലവിളികളും ഉയരുന്നു!

മലയാള പരിഭാഷ :എം.ജി സുരേഷ്
എഴുത്ത്  : വി.ബി. ജ്യോതിരാജ് https://www.facebook.com/jyothiraj.vb.9
ചിത്രം കടപ്പാട്  :   scroll.in

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles