കൂട്ടുങ്ങലിന്റെ ദേശപൊലിമ
ലോകഭൂപടത്തില്‍ ആരും പറയാതെതന്നെ രേഖപ്പെടുത്തപ്പെട്ട ഒരു ദേശം. ചരിത്രത്തിന്റെ കുതിരക്കുളമ്പടിയൊച്ചകളും അധിനിവേശങ്ങളുടെ ആരവങ്ങളും നെഞ്ചോടുചേര്‍ത്ത് നിശ്ശബ്ദമായി കാലത്തിന്റെ ഓരത്ത് നിലകൊണ്ട കൂട്ടുങ്ങലിന്റെ ദേശപ്പെരുമയെ, ജീവിതവ്യാപാരങ്ങളെ, വിശ്വമാനവികതയിലേക്കുയര്‍ത്തുന്ന മാന്ത്രികസ്പര്‍ശമാണ് പ്രമുഖ ചിത്രകാരനായ ഗായത്രിയുടെ ആദ്യനോവലായ പരേതരുടെ തെരുക്കൂത്ത്. നോവലെന്ന സാഹിത്യരൂപത്തിന്റെ ആകെയുള്ള ചമയത്തെ മറികടന്ന് പലരിലൂടെ, പല കഥാപാത്രങ്ങളിലൂടെ ഒരു ദേശത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും വളരെ യാഥാര്‍ത്ഥ്യത്തോടെ എന്നാല്‍ ചിലപ്പോഴൊക്കെ അതിഭാവുകത്വത്തോടെ വിവരിക്കപ്പെടുന്നത് കാണാം.
15 -16 നൂറ്റാണ്ടുകളുടെ കേരളീയ സമൂഹം
കേരളത്തിന്റെ ഒരു കാലഘട്ടത്തിലെ സാമൂഹികപരിതോവസ്ഥകളുടെ ഒരു പരിച്ഛേദം ഈ നോവലില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. സാമൂതിരിയുടെ ഭരണകാലഘട്ടത്തില്‍ കേരളത്തിലെ ജനങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ ജീവിതാവസ്ഥകളുടെ നേര്‍ചിത്രങ്ങള്‍, വൈദേശികാധിപത്യത്തിന്റെ സ്വാധീനങ്ങള്‍, കച്ചവടത്തിനു മാത്രം വന്ന വിദേശികള്‍ ആഭ്യന്തരഭരണത്തില്‍ പിടിമുറുക്കി അവരുടെ കോളനികളാക്കി നമ്മുടെ നാടിനെ മാറ്റുന്നതിന്റെ നേര്‍രേഖകള്‍, മനുഷ്യര്‍ ജാതീയമായും, വംശീയമായും സാമൂഹികമായും സാമ്പത്തികമായും വേര്‍തിരിക്കപ്പെടുന്നതിലെ ഉച്ചനീചത്വങ്ങള്‍ എന്നിങ്ങനെ 15,16 നൂറ്റാണ്ടുകളില്‍ നിലനിന്നിരുന്ന കേരളീയസമൂഹത്തിന്റെ വ്യക്തമായ പരിച്ഛേദമായി കൂട്ടുങ്ങലിനെ ഈ നോവലില്‍ വിവക്ഷിക്കുന്നുണ്ട് എഴുത്തുകാരന്‍. നോവലിന്റെ സാമ്പ്രദായികമായ ഘടനകളില്‍ നിന്ന് വ്യതിരിക്തമായി ഒരുപാട് കഥാപാത്രങ്ങളിലൂടെ അവരുടെ ജീവിതപരിസരങ്ങളിലൂടെ, തൊഴിലിടങ്ങളിലൂടെ, ആചാരാനുഷ്ഠാനങ്ങളിലൂടെ കേവലവിനോദങ്ങളിലൂടെയെല്ലാം ഈ നോവല്‍ പ്രയാണം തുടരുന്നു.
കച്ചവടത്തിനുവന്ന വിദേശികള്‍ ഈ നാടിന്റെ ഉടമകളാകുന്നതും അവര്‍ കേരളീയജീവിതത്തില്‍ വ്യക്തമായ കൈയൊപ്പുകള്‍ നേടുന്നതും കൂട്ടുങ്ങല്‍ എന്ന ചെറിയ ദേശത്തിലെ അധിനിവേശത്തിലൂടെ നമുക്ക് വ്യക്തമാകുന്നു. മണ്ണും പ്രകൃതിവിഭവങ്ങളും മാത്രമല്ല, പെണ്ണും അവര്‍ക്കടിമയാകുന്നതും അതിലൂടെ നാടിന്റെ മക്കള്‍ക്ക് സ്വന്തമാകുന്ന മാറാവ്യാധികളും തീരാവ്യഥകളും നോവലില്‍ കടന്നുവരുന്നു. നിവൃത്തികേടുകൊണ്ടുമാത്രം സായിപ്പിന്റെ കുശിനിയില്‍ ജോലിക്കു പോയ പാവപ്പെട്ട പെണ്ണുങ്ങള്‍ക്ക് കാമഭ്രാന്തനായ സായിപ്പ് പകര്‍ന്നുകൊടുക്കുന്ന ഗുഹ്യരോഗം അധിനിവേശം സ്വദേശികളോടു ചെയ്തുകൊണ്ടിരുന്ന കൊടുംക്രൂരതകളുടെ ഒരു പ്രതീകമായിട്ടാണ് ഈ നോവലില്‍ പ്രത്യക്ഷപ്പെടുന്നത്.
എഴുത്ത് : സി എ ഷൈലജ
Buy :https://greenbooksindia.com/novels/paretharude-therukkoothu