Friday, September 20, 2024

നോട്ടുപുസ്തകം – ടാഗോറിന്റെ ഒരു പെൺകഥ 

നോട്ടുപുസ്തകം – രവീന്ദ്രനാഥ ടാഗോർ
പരിഭാഷ: പ്രഭാ ചാറ്റർജി  

ഴുതാൻ പഠിച്ചു തുടങ്ങിയതുമുതൽ ഉമയെക്കൊണ്ട് വീട്ടിൽ എല്ലാവർക്കും വല്ലാത്ത ശല്യമായി. വീട്ടിലെ  സകലമാന  മുറികളിലേയും  ചുമരുകളിൽ അവൾ കരിക്കട്ട കൊണ്ട്  പലതും എഴുതി വെച്ചു.

“ വെള്ളം വീണു, ഇലയിളകി.”

മൂത്ത ഏടത്തിയമ്മ തലയിണച്ചുട്ടിൽ ഹരിദാസിൻറെ രഹസ്യകഥകൾ ഒളിപ്പിച്ചു വെച്ചിരുന്നു. അതു തേടിപ്പിടിച്ചെടുത്ത്  അതിൻറെ താളുകളിലൊക്കെ  ഉമ എഴുതി വെച്ചു- “ വെള്ളം കറുപ്പ്, പൂവ് ചുവപ്പ്”

പുതിയ പഞ്ചാംഗം വീട്ടിലെത്തിയതേയുള്ളു അവളുടെ കുഞ്ഞിവിരലുകളിൽ നിന്നുതിർന്നു വീണ  വെണ്ടക്കാ അക്ഷരങ്ങൾ  മുഹൂർത്തങ്ങളേയും  തിഥികളേയും  നക്ഷത്രങ്ങളേയും കണ്ടുപിടിക്കാനാവാത്തവിധം മറച്ചു വെച്ചു.

അച്ഛൻ നിത്യച്ചെലവ് കുറിച്ചിട്ടിരുന്ന പുസ്തകത്തിൽ അവളെഴുതിച്ചേർത്തു- “പഠിച്ചാൽ ഉയരാം.”

ഉമയുടെ കൊച്ചുകൊച്ചു സാഹിത്യോദ്യമങ്ങൾ അങ്ങനെ നിർബാധം തുടർന്നു കൊണ്ടിരുന്നു.   എന്നാൽ ഒരു ദിവസം വലിയൊരാപത്തു സംഭവിച്ചു.  ഉമയുടെ മൂത്ത ഏട്ടൻ ഗോവിന്ദലാൽ  തനി ശുദ്ധനായിരുന്നു.  ബുദ്ധിജീവിയെന്ന പേരുദോഷം  അടുത്തിടപഴകിയ ആരും തന്നെ, വീട്ടുകാരോ, ബന്ധുക്കളോ, അയൽക്കാരോ, കൂട്ടുകാരോ അയാൾക്കു നല്കിയില്ല.   അരുതാത്തതു പറയരുതല്ലോ  ഏതെങ്കിലും വിഷയത്തെക്കുറിച്ച്  ആഴത്തിൽ ചിന്തിച്ചിട്ടുണ്ടെന്ന  അപവാദവും അയാളെക്കുറിച്ചു പറയാനാവില്ല.  എന്നാലും  പത്രങ്ങൾക്കും മാസികകൾക്കും നിരന്തരം കത്തുകൾ എഴുന്ന കൂട്ടത്തിലായിരുന്നു.    മറ്റനേകം ബംഗാളി വായനക്കാരുടെ പൊതു അഭിപ്രായം തന്നെയായിരുന്നു അയാളുടെ എഴുത്തുകളിലും പ്രതിഫലിച്ചിരുന്നത്.

ആയിടക്ക്  യുറോപ്പിലെ ശരീരശാസ്ത്ര പണ്ഡിതർക്കിടയിൽ വലിയ വാദവിവാദ ങ്ങൾ  നടന്നുകൊണ്ടിരുന്നു. ഗോവിന്ദലാലും അഭിപ്രായ പ്രകടനം നടത്തി. ഇരുവാദ മുഖങ്ങളേയും ഖണ്ഡിച്ചുകൊണ്ട്  യുക്തി തൊട്ടുതെറിക്കാത്ത  അത്യുഗ്രൻ ലേഖനം തനതായ ശൈലിയിൽ ഗോവിന്ദലാൽ തയ്യാറാക്കി വെച്ചു.

ഒരുച്ചനേരത്ത് ഉമ  മഷിക്കുപ്പിയും  പേനയെടുത്ത്  ഏട്ടൻ തയ്യാറാക്കി വെച്ചിരുന്ന ലേഖനത്തിൽ  മത്തങ്ങാ വലുപ്പത്തിൽ എഴുതിച്ചേർത്തു   ഗോപാൽ നല്ല കുട്ടി യാണ്. കൊടുക്കുന്നതെന്തും കഴിക്കും. 

ഗോപാൽ എന്നതുകൊണ്ട്, ഉമ ഉദ്ദേശിച്ചത്  ഗോവിന്ദ ലാലിൻറെ  വായനക്കാരേ യാണ്  എന്നു ഞാൻ വിശ്വസിക്കുന്നില്ല.  അതെന്തായാലും ഉമയുടെ കരവിരുത് കണ്ടെത്തിയ ഗോവിന്ദലാലിന് കലികയറി, ആദ്യം അവളെ പൊതിരെ തല്ലി, എന്നിട്ട് അവൾ അത്യന്തം ശ്രദ്ധയോടെ സൂക്ഷിച്ചു വെച്ചിരുന്ന എഴുത്തുപകരണങ്ങളൊക്കെ  ബലമായി പിടിച്ചുവാങ്ങി. മഷിപടർന്ന മുനയൊടിഞ്ഞ പെന്നും, കുറ്റി പെൻസിലു മടക്കം എല്ലാം.  വേദനയും അപമാനവും താങ്ങാനാവാതെ,  ഇത്തരം കടുത്ത ശിക്ഷ ലഭിക്കാൻ മാത്രം താൻ ചെയ്ത തെറ്റെന്തെന്ന റിയാതെ  വീട്ടിലെ ഇരുണ്ടകോണിലേക്ക് ഉൾവലിഞ്ഞ് ഉമ കണ്ണീരൊഴുക്കി.

കുഞ്ഞനിയത്തിയെ ശിക്ഷിച്ചതിൽ  ഗോവിന്ദലാലിന് പിന്നീടു മനപ്രയാസം തോന്നി ക്കാണണം.  പിടിച്ചെടുത്തതൊക്കെ അയാൾ തിരിച്ചു നല്കിയെന്നു മാത്രമല്ല, ഭംഗി യായി ബൈൻറു ചെയ്ത ഒരു വരയൻ നോട്ടു പുസ്തകവും  നല്കി,  അവളെ സമാധാനിപ്പി ക്കാൻ ശ്രമിച്ചു.

അപ്പോൾ ഉമയുടെ വയസ്സ്  ഏഴ്.  അന്നുമുതൽ ഉറങ്ങുമ്പോൾ ആ പുസ്തകം സ്വന്തം  തലയിണച്ചോട്ടിലും രാവിലെ ഉണർന്നെണീക്കുന്നതുമുതൽ നെഞ്ചോടുചേർത്തും അവൾ സൂക്ഷിച്ചു.

കൊച്ചുമുടി രണ്ടായി പിന്നിയിട്ട്, വേലക്കാരിയോടൊപ്പം ഗ്രാമത്തിലെ പള്ളിക്കൂട ത്തിലേക്കു പോകുമ്പോഴും അവൾ പുസ്തകം കൂടെകൊണ്ടുപോയി. ഇതുകാണുമ്പോൾ സമപ്രായക്കാരികളിൽ ചെലർക്ക് ആശ്ചര്യം , ചെലർക്ക് കൊതി, മറ്റു  ചെലർക്കോ അസൂയ.

ആദ്യത്തെ കൊല്ലം എഴുതിയതാണ്- “കിളികൾ ചെലച്ചു, രാത്രി അവസാനിച്ചു.”   കിടപ്പറയിലെ തറയിലിരിന്നും കിടന്നും  പുസ്തകം മുറുകെ പിടിച്ച്, അവൾ ഈണത്തിൽ ഉറക്കെ വായിക്കുകയും എഴുതുകയും ചെയ്തു. ശിശുപാഠങ്ങളിൽ നിന്നും മറ്റുമായി ഒട്ടനേകം പദ്യങ്ങളും ഗദ്യങ്ങളും അവൾ പുസ്തകത്തിൽ പകർത്തി എഴുതി.

രണ്ടാമത്തെ കൊല്ലമായ്പോഴേക്കും ഒന്നു രണ്ടു സ്വന്തം രചനകൾ പുസ്തകത്തിൽ ഇടം പിടിച്ചു.  ചെറുതെങ്കിലും  പക്ഷെ വളരെ അർഥവത്തായവ. മുഖവുരയോ  ഉപ സംഹാരമോ ഇല്ല. ഒന്നോ രണ്ടോ ഉദാഹരണങ്ങൾ അസ്ഥാനത്താവില്ലെന്നു കരുതട്ടെ

കഥാമാലയിൽ നിന്ന് കടുവയേയും കൊറ്റിയേയും കുറിച്ചുള്ള കഥ പകർത്തി എഴുതിച്ചേർത്തതിനു തൊട്ടു താഴെയായി അവളെഴുതി

എനിക്ക് യശിയെ വളരെ ഇഷ്ടമാണ്.

ഇതൊരു പ്രണയ കഥയാണെന്ന് വായനക്കാർ തെറ്റിദ്ധരിക്കുംമുമ്പ്  ഞാൻ  ഒരു കാര്യം വ്യക്തമാക്കട്ടെ.  യശി,  ആ ചുറ്റുട്ടത്തു താമസിക്കുന്ന പതിനൊന്നോ പന്ത്രണ്ടോ വയസ്സുള്ള  ഒരു കൌമാരക്കാരൻറെ പേരല്ല, വർഷങ്ങളായി ആ വീട്ടിലുള്ള   വേലക്കാരി  യശോധയുടെ ചെല്ലപ്പേരാണ്.  പക്ഷെ  ഈയൊരു വാചകം   അവരിരുവരും  തമ്മിലുള്ള സ്നേഹബന്ധത്തിൻറെ സ്ഥായിയായ തെളിവാണെന്ന് കട്ടായമായി  പറയാനാവില്ല.   എന്തെന്നാൽ ഈ വിഷയത്തെക്കുറിച്ച്  വിശ്വാസയോഗ്യമായ  പ്രബന്ധ മെഴുതാൻ ഒരുമ്പെടുന്ന  ഏതൊരുവനും , ഈ നോട്ടുപുസ്തകത്തിൽത്തന്നെ രണ്ടു താളുകൾക്കപ്പുറം   നേർവിപരീതമായ പ്രസ്താവനകൾ  കണ്ടെത്തും. യശിയുടെ  കാര്യത്തിൽ മാത്രമല്ല ഈ വൈരുധ്യം. ഒന്നു നോക്കിയാൽ ഉമയുടെ എല്ലാ രചനകളിലും ഈ വൈരുധ്യം കാണാം. ഒരിടത്ത് അവളിങ്ങനെ എഴുതിയിരിക്കുന്നു- ഇനിയൊരിക്കലും ഞാൻ ഹരിയോടു മിണ്ടുകയേയില്ല. (ഹരിയെന്നു വെച്ചാൽ ഹരിചരണനല്ല,  സതീർഥ്യ ഹരിദാസി). എന്നാലോ ഏതാനും പേജുകൾക്കപ്പുറമുള്ളതു വായിച്ചാലോ ഹരിയേക്കാൾ  ഉറ്റമിത്രം അവൾക്കീ ഭൂലോകത്തില്ലെന്നു തോന്നും.

അതിനടുത്ത വർഷം  അവൾക്ക്  ഒമ്പതു വയസ്സായപ്പോൾ  ഒരു ദിവസം രാവിലെ  ശുഭ മുഹൂർത്തത്തിൽ  ആ വീട്ടിൽ   ഷെഹ്ണായി മുഴങ്ങി. ഉമ പുതിയജീവിതത്തിലേക്കു കാലെടുത്തു വെക്കുന്ന ദിനം അവളുടെ വിവാഹദിനം. വരൻ പ്യാരീ മോഹൻ അവളുടെ ഏട്ടനെപ്പോലെ എഴുത്തുകാരനായിരുന്നു.  അല്പസ്വല്പം വിദ്യാഭ്യാസം നേടിയിരുന്നെങ്കിലും  ചെറുപ്പക്കാരനായിരുന്നെങ്കിലും പ്യാരീമോഹൻ വിശാലഹൃദയനായിരുന്നില്ല.  വീട്ടുകാരും കൂട്ടുകാരും പ്യാരീമോഹൻറെ കടുത്ത  യാഥാസ്ഥിതികമനോഭാവത്തെ ഏറെ വാഴ്തുമായിരുന്നു.  ഗോവിന്ദലാലും പ്യാരീമോഹനെ അനുകരിക്കാൻ ഏറെ ശ്രമിച്ചിരുന്നെങ്കിലും, ആ ശ്രമത്തിൽ  പൂർണമായി വിജയിച്ചില്ല.

മിന്നുന്ന കസവുസാരിയിൽ ശരീരം പൊതിഞ്ഞ് കണ്ണീരൊഴുകുന്ന മുഖം മൂടുപട ത്തിൽ മറച്ച്   ഉമ ഭർതൃഗൃഹത്തിലേക്ക് യാതയായി. യാത്ര പറയുമ്പോൾ അമ്മ അവളോടു പറഞ്ഞു “ ദേ നോക്ക് , മോളെ,  അമ്മായിയമ്മ പറയുന്നതൊക്കെ അനുസരിക്കണം, വീട്ടുവേലകളൊക്കെ ചെയ്യണം.  എഴുത്തും വായനയുമായി ഇരുന്നേക്കരുത്.”

ഏട്ടൻ ഗോവിന്ദലാലും സ്നേഹപൂർവം താക്കീതു നല്കി-  “ആ വീട്ടിലെ ചുമരു കളൊന്നും എഴുതി വൃത്തികേടാക്കരുത്.  അവരൊക്കെ വലിയ ചിട്ടവട്ടങ്ങളുള്ള വരാണ്.  പിന്നെ പ്യാരീമോഹന്റെ കടലാസുകളിലൊന്നും കുത്തിക്കുറിക്കരുത്.”

ഈ മുന്നറിയിപ്പുകളൊക്കെ കേട്ട് ആ കൊച്ചു പെണ്ണിൻറെ മനസ്സിൽ ഭയാശങ്കകൾ നിറഞ്ഞു കവിഞ്ഞു.  പുതിയവീട്ടിൽ ആരും തന്റെ തെറ്റുകുറ്റങ്ങൾ പൊറുക്കില്ലെന്ന് അവൾക്കു മനസ്സിലായി. അവരുടെയൊക്കെ കണ്ണുകളിൽ തെറ്റും, ശരിയും കുറ്റവും കുറവും   എന്തൊക്കേയാണെന്ന്  മനസ്സിലാക്കാനായി അവൾക്ക്  ഏറെ ശകാരങ്ങൾ സഹിക്കേണ്ടിവരും, ഏറെ കാലവുമെടുക്കും.

പുതിയ വീട്ടിലും  ഷെഹ്ണായി മുഴങ്ങിയിരുന്നു. വീടു നിറച്ചും ആളുകൾ. പക്ഷെ  സർവാഭരണഭൂഷിതയായി ബനാറസിപ്പട്ടിൽ പൊതിഞ്ഞ് മുഖം മറച്ചിരിക്കുന്ന ഭയഭീതയായ  ആ കൊച്ചുപെൺകുട്ടിയുടെ ഹൃദയത്തിൽ നടക്കുന്നതെന്താണെന്ന്    അറിയുന്നവരായി ആ ആൾക്കൂട്ടത്തിൽ  ഒരാളെങ്കിലുമുണ്ടായിരുന്നോ എന്ന കാര്യം സംശയം.

ഭർതൃഗൃഹത്തിലേക്ക്  ഉമക്കു കൂട്ടായി യശിയും പോന്നിരുന്നു. കുറച്ചു ദിവസം അവളോടൊപ്പം  അവിടെ  താമസിച്ച്  അവളുടെ കാര്യങ്ങളൊക്കെ വേണ്ട പോലെ  സൌകര്യപ്പെടുത്തിയശേഷം തിരിച്ചു പോകാനായിരുന്നു യശിയുടെ പ്ലാൻ.

സ്നേഹമയിയും  വിവേചനമതിയുമായ യശി ഉമയുടെ നോട്ടുപുസ്തവും കൂടെ കൊണ്ടുപോന്നിരുന്നു.  ആ പുസ്തകം ഉമക്ക്  അമ്മവീടിൻറെ ഒരംശമായിരുന്നു; പിറന്നവീട്ടിൽ കഴിച്ചുകൂട്ടിയ അതിഹസ്ര്വമായ കാലഘട്ടത്തിൻറെ വാത്സല്യ ലേപിതമായ സ്മൃതിചിഹ്നം, വടിവില്ലാത്ത, മൂപ്പെത്താത്ത  അക്ഷരങ്ങളിൽ കുറിച്ചിട്ട അമ്മമടിത്തട്ടിൻറെ  ഒരു സംക്ഷിപ്ത ചരിത്രം. അകാലത്തിൽ  വീട്ടമ്മയാവാൻ വിധിക്കപ്പെട്ടവൾക്ക്  സ്നേഹമധുരിമ കലർന്ന, ബാലസഹജമായ സ്വാതന്ത്ര്യ ബോധം  ആസ്വദിക്കാനുള്ള  ഒരു ചെറിയ അവസരം.

ഭർതൃഗൃഹത്തിലെത്തി ആദ്യത്തെ കുറെ ദിവസങ്ങളിൽ അവൾ ഒന്നും എഴുതിയില്ല. അതിനുള്ള സമയവും കിട്ടിയില്ലെന്നു പറയാം.  കുറച്ചു ദിവസങ്ങൾക്കുശേഷം യശി തിരിച്ചു പോയി.

അന്ന് ഉച്ചനേരത്ത് ഉമ കിടപ്പറയുടെ വാതലടച്ച് തൻറെ ട്രങ്കു പെട്ടിയിൽ നിന്ന് നോട്ടു പുസ്തകമെടുത്ത് കരഞ്ഞു കൊണ്ട് എഴുതി-

“യശി തിരിച്ചു പോയി എനിക്കും പോണം, അമ്മേടടുത്തു പോണം.” 

ഈയിടെയായി പുസ്തകങ്ങളിൽനിന്നോ മാസികകളിൽ നിന്നോ പകർത്തി യെഴുതാനുള്ള  സൌകര്യമില്ല, ഇച്ഛയുമില്ലെന്നു പറയാം.  എന്നാലും ബാലികയുടെ ഹ്രസ്വരചനകൾക്കിടയിൽ  വലിയ കാലദൈർഘ്യമില്ല.   മുകളിൽ പറഞ്ഞത് എഴുതിയതിനു തൊട്ടു താഴെയായി

“ഏട്ടൻ ഒരു തവണ എന്നെ  വീട്ടിലേക്കു വിളിച്ചു കൊണ്ടുപോകാൻ വന്നിരുന്നെങ്കിൽ ഇനിയൊരിക്കലും ഏട്ടൻറെ  എഴുതിവെച്ച താളുകൾ വൃത്തികേടാക്കില്ല.”

മകളെ  വീട്ടിലേക്കു വിളിച്ചു കൊണ്ടു വരാൻ ഉമയുടെ അച്ഛൻ പലതവണ ശ്രമിച്ചുവെന്നാണ്  കേൾവിപ്പെടുന്നത്.  എന്നാൽ പ്യരീമോഹനോടൊപ്പം ഗോവിന്ദലാലും ഒറ്റക്കെട്ടായി  തടസ്സം നിന്നു.

ഗോവിന്ദലാൽ പറഞ്ഞു. ഭർതൃഗൃഹത്തിൽ താമസിച്ച് ഭർത്താവിനോടുള്ള  ഭയഭക്തി ബഹുമാനങ്ങൾ വളർത്തിയെടുക്കേണ്ട  സമയമാണിത്.  ഈ സമയത്ത്    ഉമയെ ഇടക്കിടെ വീട്ടിലേക്കു കൊണ്ടു വന്നാൽ  അച്ഛനമ്മമാരുടെ വാത്സല്യം  അവളുടെ മനസ്സ് ചഞ്ചലമാക്കിയെന്നിരിക്കും.

ഈ വിഷയത്തെക്കുറിച്ച് ഗോവിന്ദലാൽ  ഉപദേശവും പരിഹാസവും നിറഞ്ഞ അതിമനോഹരമായ  ലേഖനം തയ്യാറാക്കി  പ്രസിദ്ധീകരിച്ചു; അതു വായിച്ച് അതേ അഭിപ്രായം വെച്ചു പുലർത്തിയിരുന്ന കുറെയേറെ വായനക്കാർക്ക്   അതിലടങ്ങിയ സത്യം പൂർണമായും ഉൾക്കൊള്ളാതിരിക്കാനായില്ല.

മറ്റുള്ളവരിൽ നിന്ന് ഇതുകേൾക്കാനിടയായ ഉമ പുസ്തകത്തിലെഴുതി-  ഏട്ടാ നിങ്ങളുടെ കാലു പിടിക്കാം,  എന്നെ ഒരു തവണ വീട്ടിലേക്കുകൂട്ടിക്കൊണ്ടുപോകൂ,   ഇനിയൊരിക്കലും നിങ്ങളെ ശല്യം ചെയ്യില്ല.

ഒരു ദിവസം ഉമ കതകടച്ചിരുന്ന് പുസ്തകത്തിൽ എന്തൊക്കേയോ കുത്തിക്കുറിക്കുകയായിരുന്നു.  നാത്തൂൻ തിലകമഞ്ജരിക്ക് വല്ലാത്ത ജിജ്ഞാസ. ഏടത്തിയമ്മ ഇടക്കിടെ വാതിലടച്ച് അകത്തിരിന്ന് എന്തു ചെയ്യുകയാവാം  കണ്ടു പിടിക്കുകതന്നെ വേണം.  വാതിലിലെ തുളയിലൂടെ അവളകത്തേക്കു നോക്കി.  ഏടത്തിയമ്മ എന്തോ എഴുതുകയാണ്.  അവളാകപ്പാടെ അന്ധാളിച്ചു പോയി. അവരുടെ വീട്ടിൽ ഒരിക്കലും ആരും സരസ്വതിയുമായി ഇത്തരം രഹസ്യസമാഗമം  ഇന്നുവരെ നടത്തിയിട്ടില്ല.

ഇളയവൾ കനകമഞ്ജരിയും വന്നു ഒളികണ്ണിട്ടു നോക്കി. പെരുവിരലൂന്നിനിന്ന്  കഷ്ടപ്പെട്ട്  അകത്തേക്ക് ഏന്തിവലിഞ്ഞുനോക്കിയ ഏറ്റവും ഇളയവൾ അനംഗമഞ്ജരിക്കും മുറിക്കകത്തെ രഹസ്യം  ബോധ്യപ്പെട്ടു.

എഴുത്തിൽ മുഴുകിയിരുന്ന  ഉമക്ക് പൊടുന്നെനെ മുറിക്കു പുറത്ത് മൂന്നു പേർ കിലുകിലാ ചിരിക്കുന്നതു കേൾക്കായി.  കാര്യം മനസ്സിലായതും അവൾ ഉടൻതന്നെ  നോട്ടു പുസ്തകം മടക്കി,  ട്രങ്കിൽ വെച്ചു. നാണക്കേടും ഭയവും കാരണം  അവൾ കിടക്കയെ  ശരണം പ്രാപിച്ചു.

വിവരമറിഞ്ഞ് പ്യാരീമോഹൻ അത്യന്തം അസ്വസ്ഥനായി. എഴുത്തും വായനയും തുടങ്ങിയാൽ പിന്നെ നോവലും നാടകവുമൊക്കെയാവും അടുത്തത്. അതായത് വീട്ടുകാര്യങ്ങളിലൊന്നും ഒരു ശ്രദ്ധയും ഉണ്ടാവില്ല.  ഇതേപ്പറ്റി, ഇതിൻറെ വരുംവരായ്കകളെപ്പറ്റി  ഏറെ ആലോചിച്ച്  അയാൾ ഒരു  വിചിത്ര സിദ്ധാന്തം രൂപപ്പെടുത്തിയെടുത്തിരുന്നു.  സ്ത്രൈണ-പൌരുഷ ശക്തികളുടെ  പരസ്പരവിലയനമാണ് പവിത്ര ദാമ്പത്യശക്തിയുടെ ഉറവിടം.  എഴുത്തും വായനയും പഠിച്ച സ്ത്രീകൾക്ക് സ്ത്രൈണശക്തി നഷ്ടപ്പടുകയും ,  പൌരുഷശക്തി ലഭ്യമാവുകയും ചെയ്യുന്നു.  ഇരു പൌരുഷശക്തികൾ തമ്മിലുള്ള വടംവലിയിൽ നിന്ന്   വമ്പിച്ച ദുർശക്തി ഉടലെടുക്കും  ദാമ്പത്യശക്തി അതിൽ ലയിച്ചുപോകയും  യുവതി വിധവയാകുകയും ചെയ്യും.  ഈ സിദ്ധാന്തത്തെ  എതിർത്തു പറയാൻ ആ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.

സന്ധ്യക്ക് വീട്ടിലെത്തിയ പ്യാരീ മോഹൻ  ഉമയോട് ഒരു പാടു കയർത്തു, ശകാരിച്ചു, പരിഹസിക്കുകയും ചെയ്തു. അയാൾ പറഞ്ഞു “ പേനയും ചെവിയിൽ തിരുകി വീട്ടമ്മ ഉദ്യോഗത്തിനു പോവുന്ന കാലമിങ്ങെത്തിപ്പോയി.”

പ്യാരീമോഹൻറെ പരിഹാസത്തിൻറെ പൊരുൾ ഉമക്കു പിടികിട്ടിയില്ല. അയാളുടെ ലേഖനങ്ങളൊന്നും അവൾ വായിച്ചിരുന്നില്ല.  അതുകൊണ്ടുതന്നെ അയാളുടെ വ്യംഗശൈലി  മനസ്സിലാക്കാൻ മാത്രം അവളുടെ രസബോധം വളർന്നിരുന്നില്ല. പക്ഷെ അയാളുടെ ഹാവഭാവങ്ങൾ കണ്ട് അവൾക്ക് വല്ലാത്ത നാണക്കേട് തോന്നി. ഭൂമി രണ്ടായിപിളർന്നെങ്കിൽ,  തനിക്ക് അതിനകത്തേക്ക് ഒളിക്കാനായെങ്കിൽ എന്നാലേ  ഈ അപമാനത്തിൽ നിന്നു തനിക്കു രക്ഷയുള്ളു എന്നവൾക്കു തോന്നിപ്പോയി.

പിന്നീട് കുറേ നാളത്തേക്ക് അവളൊന്നും എഴുതിയില്ല.  ശരത് കാലമെത്തി.  രാവിലെ വീട്ടിനടുത്തുകൂടി ഒരു നാടോടിഗായിക പാട്ടും പാടി പോകുന്നത് അവൾ കണ്ടു. ജനാലക്കമ്പികളിൽ മുഖമമർത്തിനിന്ന് അവൾ പാട്ടു കേട്ടു.  ആഗമനി ഗാനമാണ്. ദുർഗ പിറന്നവീട്ടിലേക്കു വിരുന്നു വരുന്ന, ദുർഗാപൂജ ഇങ്ങെത്തിപ്പോയെന്ന ഗാനം. ശരത്കാലത്തെ ഇളം വെയിൽ.  അവൾക്ക് അമ്മവീടും   കുട്ടിക്കാലവും  ഓർമ വന്നു.  പാട്ടുകേട്ട് അവൾക്ക് ഇരിക്കപ്പൊറുതി ഇല്ലാതായി. അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

തന്നെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകാൻ ഇത്രനാളും  എന്തേ വന്നീല എന്ന്  ഉമ (മാ ദുർഗ ) സ്വന്തം അമ്മയോടു പരാതിപ്പെടുന്ന ഗാനം.

ഉമക്ക് പാടാനറിയില്ലായിരുന്നു, പക്ഷെ എഴുതാൻ പഠിച്ചതിൽപ്പിന്നെ ഒരു പാട്ടോ ശ്ലോകമോ  കേട്ടാൽ അതെഴുതിയെടുത്ത് പാടാനാവാത്ത  ഖേദം അവൾ തീർക്കുമായിരുന്നു. അവൾ ഗായികയെ രഹസ്യമായി അകത്തേക്കു വിളിപ്പിച്ചു, മുറിയുടെ വാതിലടച്ച് വരികൾ എഴുതിയെടുക്കാൻ തുടങ്ങി.   മൂന്നു നാത്തൂൻമാരും വാതിലിലെ ദ്വാരത്തിലൂടെ  ഇതു മുഴുവൻ കണ്ടു. ഏടത്തിയമ്മേ ഞങ്ങളെല്ലാം കണ്ടു കേട്ടോ.  എന്ന് അവർ ഒച്ചവെച്ചു.

ഇതു കേട്ട് ഉമ വാതിലു തുറന്ന് പുറത്തു വന്നു. കൂപ്പുകൈയോടെ അവർ മൂവരോടും കേണപേക്ഷിച്ചു. അരുത്,  ദൈവത്തെയോർത്ത്  ഇതാരോടും പറയരുത്. ഞാനിനി ഇങ്ങനെ ചെയ്യില്ല. സത്യം.

തിലകമഞ്ജരിയുടെ  കണ്ണുകൾ തറയിൽ കിടക്കുന്ന തന്റെ നോട്ടു പുസ്തകത്തിൽ ഉടക്കി നിൽക്കയാണെന്ന കാര്യം ഉമ തിരിച്ചറിഞ്ഞു. അവളോടിച്ചെന്ന് അതെടുത്ത് നെഞ്ചോടു ചേർത്തു വെച്ചു.  മറ്റു മൂവരും കൂടി അവളിൽനിന്നതു തട്ടിപ്പറിക്കാൻ കഴിവതും ശ്രമിച്ചു, പക്ഷെ പറ്റിയില്ല.  തോല്വി സമ്മതിക്കേണ്ടി വന്നപ്പോൾ അവർ ഏട്ടനെ വിളിച്ചു.

പ്യാരീ മോഹൻ ക്രുദ്ധനായി മുറിയിലേക്കു വന്നു.  കട്ടിലിലിരുന്ന് അയാൾ ചീറി “കൊണ്ടു വാ പുസ്തകം ഇവിടെ കൊണ്ടു വാ.” ഉമ പ്രതികരിച്ചില്ല അയാൾ തണുത്തുറഞ്ഞ സ്വരത്തിൽ ആജ്ഞാപിച്ചു “ഇങ്ങു തരാൻ.”

പുസ്തകം കൂടുതൽ ശക്തമായി നെഞ്ചോടു വരിഞ്ഞു മുറുക്കി അവൾ ദയനീയമായി ഭർത്താവിനെ നോക്കി. പുസ്തകം ബലപൂർവം വലിച്ചെടുക്കാനായി അയാൾ തന്നെ സമീപിക്കുന്നതു കണ്ട അവൾ അതു തറയിലേക്കു വലിച്ചെറിഞ്ഞ്  കൈപ്പത്തികൾകൊണ്ടു മുഖം പൊത്തി  നിലത്തു വീണു.

പ്യാരീമോഹൻ  പുസ്തകം  കൈകളിലെടുത്തു. താളുകൾ മറിച്ച്  അതിലെഴുതിയതൊക്കെ ഉറക്കെ,  വായിക്കാൻ തുടങ്ങി.  ഉമ ഭൂമിയിലേക്ക് കൂടുതൽ കൂടുതൽ ചുരുണ്ടുകൂടി.  ശ്രോതാക്കളായിരുന്ന മറ്റു മൂന്നു പെൺകുട്ടികൾ  കിലു കിലാ ചിരിച്ചു.

ഉമക്ക് ആ പുസ്തകം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു.

പ്യാരീമോഹനും ഒരു നോട്ടുപുസ്തകമുണ്ടായിരുന്നു.  എന്തൊക്കേയോ  മൂഢൻ സിദ്ധാന്തങ്ങളും ലേഖനങ്ങളും എഴുതിക്കൂട്ടിയ ആ നോട്ടു പുസ്തകം പിടിച്ചെടുത്ത് നശിപ്പിക്കാൻ  മനുഷ്യസ്നേഹികളാരും ഉണ്ടായിരുന്നില്ല.

ഗ്രീൻ ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന രവീന്ദ്രനാഥ ടാഗോറിന്റെ സ്ത്രീ കഥകൾ എന്ന പുസ്തകത്തിൽ നിന്ന്

Buy : http://greenbooksindia.com/indian-literature

Summary:  Rabindranath Tagore Nottupusthakam 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles