ഹാ, ബെയ്‌റൂട്ട് – ഇതാ ചക്രവാളക്കൈലേസ്
ഈ കണ്ണീരു തുടയ്ക്കുക
നീ വീണ്ടും ആകാശത്തെ എഴുതിവെച്ചിരിക്കുന്നു
എന്നാല്‍ നിനക്കു തെറ്റിപ്പോയി
ഇപ്പോള്‍ നിന്റെ തെറ്റുകള്‍
നിന്നെ എഴുതിക്കൊണ്ടിരിക്കുന്നു
ഉണ്ടോ നിനക്ക് മറ്റൊരക്ഷരമാല?
-അഡോണിസ്
യൂറോപ്പ് യാത്രക്കിടയില്‍ സുറിച്ച് റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഞാന്‍ ആ പരിചിത മുഖം കണ്ടത്. എന്റെ തൊട്ടടുത്താണ് അദ്ദേഹം ഇരുന്നിരുന്നത്. പിന്നീട് ഒരു നഷ്ടബോധം പോലെ ആ പേര് എന്റെ ഓര്‍മയില്‍ വന്നു. സിറിയന്‍ കവി അഡോണിസ്!അന്ന് നേരിട്ട് സംസാരിച്ചിരുന്നെങ്കില്‍ ഞാന്‍ ഇങ്ങിനെ പറയുമായിരുന്നു: ലബനോണിന്റെ ആഭ്യന്തര യുദ്ധ കാലത്താണ് അങ്ങയുടെ കവിതകള്‍ ഞാന്‍ വായിക്കാന്‍ തുടങ്ങിയത്. ഇംഗ്ലീഷ് ഭാഷയില്‍ നിന്നായിരുന്നു വായന. ചിലതൊക്കെ ഞാന്‍ പരിഭാഷപ്പെടുത്തി.
മിനാരം അപരിചിതനെ നോക്കി തേങ്ങിക്കരഞ്ഞു,
അയാളതിനെ വിലയ്ക്കു വാങ്ങി,
എന്നിട്ടൊരു പുകക്കുഴല്‍ ആക്കി മാറ്റി
ഇത്തരം വരികള്‍ എന്റെ മനസ്സില്‍ ഒരു തരാം നോവു പടര്‍ത്തി തറഞ്ഞു നിന്നു. ഇസ്രയേലിന്റെ ബെയ്‌റൂട് ആക്രമണ കാലം …അന്ന് അങ്ങയുടെ പരിഭാഷകള്‍ ഒരു പ്രസാധകന്‍ എന്ന നിലയില്‍ ഞാന്‍ തുടങ്ങിയിട്ടില്ലായിരുന്നു.
ഒരു പക്ഷെ ഇങ്ങിനെയൊക്കെയായിരിക്കും എന്റെ ആത്മഗതം.
അസദിന്റെ സിറിയയും ആഭ്യന്തര കലാപത്തിലേയ്ക്കു വീണു. തുടര്‍ന്ന് ഐസിസ് സംഘടനയുടെ വര്‍ഗീയ താണ്ഡവവും പതിനായിരക്കണക്കിനു മനുഷ്യരുടെ ചിതറി വീണ കബന്ധങ്ങളും… പിന്നീട് അഡോണിസിന്റെ തെരഞ്ഞെടുത്ത കവിതകള്‍ വരുത്തി. അതിന്റെ കവര്‍ തന്നെ അങ്ങയുടെ കൈയൊപ്പാണ്. അതിന്റെ മലയാള പരിഭാഷ ഇങ്ങിനെയാണ്:
എന്റെ പ്രണയ കവിതകള്‍
നാളെ രാജ്യം പാടുമ്പോള്‍
ഞാന്‍ എന്റെ മുഖപടം കൊണ്ട്
ആ കറുപ്പ് തുടച്ചുമാറ്റുകയാകും
എന്റെ നാട്ടിലെ കറുപ്പ് അപ്രത്യക്ഷമാകും
അതെ ഒരു ദുഷിപ്പും അവശേഷിക്കാത്ത നാളെ
അങ്ങിനെ ഞാന്‍ കളങ്കത്തില്‍നിന്നു വിമുക്തനാകും;
നിങ്ങളും
അഡോണിസിന്റെ പ്രണയകവിതകള്‍ ഗ്രീന്‍ ബുക്‌സിനു വേണ്ടി പരിഭാഷപ്പെടുത്തിയത് കവി ദേശമംഗലം രാമകൃഷ്ണനാണ്.
സമര്‍ യസ്ബക്കിന്റെ സിറിയ
ഇവിടെയാണ് സമര്‍ യസ്ബക്കിന്റെ സിറിയ കടന്നു വരുന്നത്. പഴയ ബാത്ത് പാര്‍ട്ടിയുടെ അവശിഷ്ടങ്ങള്‍ ഒന്നും അവശേഷിപ്പിക്കാതെ അസദ് എന്ന ഭരണാധികാരിയുടെ കിരാത ഭരണം. ഐസിസ് അറബ് ലോകത്തുനിന്നും ലോകത്തെമ്പാടു നിന്നും (കേരളത്തില്‍ നിന്നും) പോരാളികളെ റിക്രൂട്ട് ചെയ്ത് സിറിയന്‍ ഇടങ്ങള്‍ കശാപ്പുശാലകളാക്കി. അവിടെയാണ് സമര്‍ യസ്സ്ബക്കിനെപ്പോലുള്ള പുതിയ എഴുത്തുകാരികള്‍ ഉദയം ചെയ്തത്. സമര്‍ യസ്ബക്കിന്റെ ദി ക്രോസ്സിങ് എന്ന അനുഭവ പുസ്തകം മലയാളത്തില്‍ വ്രണിത പലായനമായി മാറി (പരിഭാഷ ഹരിത സാവിത്രി). ഇപ്പോള്‍ സമര്‍ യസ്ബക്കിന്റെ നീല മഷിപ്പേന എന്ന നോവലും കടന്നു വന്നിരിക്കുന്നു (അറബിയില്‍ നിന്ന് നേരിട്ട തര്‍ജമ ചെയ്തത് ഷംനാദ്)
കിഴക്കന്‍ ഗൂതയിലെ ഒരച്ചടിശാലയുടെ ഉപേക്ഷിക്കപ്പെട്ട നിലവറയില്‍ ബന്ധനസ്ഥയായി കിടന്നുകൊണ്ട് കഥ പറയുന്ന റീമ ഒരു പ്രതീകമാണ്. കാരണം കയ്യിലാകെയുള്ള നീലപ്പേനയിലെ മഷി തീരുന്നതു വരെ അവള്‍ എഴുതിക്കൊണ്ടേയിരിക്കും. മഷിക്കൊപ്പം തീരുന്നത് അവളുടെയും സിറിയന്‍ ജനതയുടെയും ജീവിതമാണെങ്കില്‍പ്പോലും…
എപ്പോഴും നടന്നുകൊണ്ടിരിക്കാനാണല്ലോ, അവള്‍ക്കാഗ്രഹം….
ഈ കഥകളെല്ലാം ഒരു കോവിഡ് കാലത്ത് നാം വായിക്കുമ്പോള്‍ വിന്ധ്യനിപ്പുറത്ത് ഒരു കുഴപ്പവുമില്ലാതെ ഇത്രയും കാലം ജീവിച്ച നമ്മള്‍ ലോകത്തിന്റെ കലുഷത ഉള്‍ക്കൊള്ളുകയും അവരോടു ഐക്യദാര്‍ഢ്യം പ്രഖാപിക്കുകയുമാണ് ചെയ്യേണ്ടത്
ഈ പുസ്തകങ്ങള്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക് ചെയ്യുക
1. അഡോണിസിന്റെ പ്രണയകവിതകള്‍
(പരിഭാഷ: ദേശമംഗലം രാമകൃഷ്ണന്‍)
https://greenbooksindia.com/poem/malayalam/adonisinte-therenjedutha-kavithakal-adonis
2. വ്രണിത പലായനങ്ങള്‍ (പരിഭാഷ: ഹരിത സാവിത്രി)
https://greenbooksindia.com/world-classics/vranitha-palayanangal-haritha-savithri-samar-yazbek
3. നീലമഷിപ്പേന (പരിഭാഷ: ഡോക്റ്റര്‍ എന്‍ ഷംനാദ്)
https://greenbooksindia.com/novels/neela-mashippena-samar-yazbek