ഉത്തര ടര്‍ക്കിയില്‍ കടലിനു പുറം തിരിഞ്ഞ് നില്‍ക്കുന്ന ഒരു മാനസികരോഗാശുപത്രിയുടെ പശ്ചാത്തലത്തില്‍ 1875 മുതല്‍ ടര്‍ക്കിയുടെ ചരിത്രത്തെ അനാവരണം ചെയ്യുന്നു.ഒട്ടേറെ കഥാപാത്രങ്ങളുടെ മാനസിക, ശാരീരിക സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന ഈ കൃതി കഥകളില്‍നിന്ന് ഉപകഥകളിലേക്കും കഥാന്തരങ്ങളിലേക്കും വ്യാപിക്കുന്നു. കൗകസസ്, ഓട്ടോമന്‍ ടര്‍ക്കി, റിപ്പബ്ലിക്കന്‍ ടര്‍ക്കി, യൂറോപ്പ് എന്നിവിടങ്ങളിലൂടെയൊക്കെ സഞ്ചരിക്കുന്ന കഥ,മാനസിക ഉന്മത്തതയുടെ പുതുവ്യാഖ്യാനമാണ്. ആത്മഹത്യാപ്രവണത, നാഡീസ്തംഭനം, ഒ സി ഡി,വിഷാദം തുടങ്ങിയ രോഗാവസ്ഥകളും കഥാപാത്രങ്ങളും ഡോക്ടര്‍മാരും അണിനിരക്കുന്ന ഈ നോവല്‍, വര്‍ത്തമാനകാല ടര്‍ക്കിയുടെ പരിച്ഛേദമാണ്.
വിവര്‍ത്തനം: സുരേഷ് എം.ജി
ഇരുന്നൂറ്റിയമ്പതില്‍പരം കഥാപാത്രങ്ങളെ ഒരേ ചരടില്‍ കോര്‍ത്തെടുക്കുന്ന അത്ഭുതമാണീ നോവല്‍ കാഴ്ച വയ്ക്കുന്നത്;ഒരു മാനസികരോഗാശുപത്രി എന്ന ചരടില്‍.വര്‍ത്തമാന കാലത്തുനിന്ന് ഒന്നര നൂറ്റാണ്ടുവരെ പുറകിലേക്ക് സഞ്ചരിക്കുകയും,അന്നുണ്ടായ പലതിനും ഇന്നു നടക്കുന്നതുമായുള്ള സാംഗത്യവും പ്രസക്തിയുമെന്തെന്നും വിവരിക്കുകയും ചെയ്യുന്നുണ്ടീ നോവല്‍. കഥകളും ഉപകഥകളും,ചരിത്രവും ജീവചരിത്രവും ഭൂപ്രകൃതീവിവരണങ്ങളും,മനശ്ശാസ്ത്രവുമെല്ലാം കഥയില്‍ കയറിവരുന്നു. എല്ലാം ഒന്നിനോടൊന്ന് ബന്ധപ്പെട്ടു കിടക്കുന്നു.കഥകള്‍ പറഞ്ഞുപറഞ്ഞ് നമ്മെ ടര്‍ക്കിയുടെ ചരിത്രത്തിലൂടേയും വര്‍ത്തമാനകാലത്തിലൂടേയും നടത്തിക്കുന്നു.യൂറോപ്പിലൂടേയുംയു എസ് എസ് ആറിന്റെ അവസാനകാലങ്ങളിലൂടേയും സഞ്ചരിപ്പിക്കുന്നു. രണ്ട് ലോകമഹായുദ്ധങ്ങളെക്കുറിച്ച് പറയുന്നു.വംശവെറികളെക്കുറിച്ചു പറയുന്നു.പലായനങ്ങളെക്കുറിച്ച് പറയുന്നു. ഭൂരിപക്ഷ വര്‍ഗ്ഗീയതയെക്കുറിച്ച് പറയുന്നു.അതിനായി പല ചരിത്ര സംഭവങ്ങളേയും ചരിത്രത്തില്‍ അടയാളപ്പെടുത്തിയ അറുപതോളം വ്യക്തികളെയും നോവലില്‍ പരാമര്‍ശിക്കുന്നു. യുദ്ധങ്ങളും പരിവര്‍ത്തനങ്ങളും കലഹങ്ങളും പട്ടാള അട്ടിമറിയുമെല്ലാം നമ്മള്‍ കാണുന്നു.ഉത്തര ടര്‍ക്കിയില്‍ കരിങ്കടലിനു പുറംതിരിഞ്ഞ് നില്‍ക്കുന്ന രീതിയില്‍ പണിത കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു മാനസികരോഗാശുപത്രിയുടെ കഥയാണിത്.കടലിനഭിമുഖമായി ഒരൊറ്റ ജാലകം പോലുമില്ലാത്ത ആശുപത്രികെട്ടിടത്തിന്റെ വാസ്തുശില്പവിദ്യയില്‍നിന്ന് ഈ ഭ്രാന്താലയ ചരിത്രത്തിന്റെ അവിശ്വസനീയത ആരംഭിക്കുന്നു.ആ കെട്ടിടം ഒരു പ്രതീകമാണ്.വികലമായ ദീര്‍ഘവീക്ഷണത്തിന്റെ പ്രതീകം.ആ വികലത ചെന്നവസാനിക്കുന്നത് ഒരു വലിയ ദുരന്തത്തിലാണ്;സര്‍വ്വനാശത്തിലാണ്.കഥയില്‍ ഒരു വീരനായകനോ വീരനായികയോ പ്രതിനായകനോ ഇല്ല.കരിങ്കടല്‍തീരത്തെ ആ പട്ടണത്തില്‍ ജിവിച്ച കുറേ മനുഷ്യരാണീ കഥയെ മുന്നോട്ടു കൊണ്ടുപോകുന്നത്.അതില്‍ മാനസിക രോഗികളും അല്ലാത്തവരുമുണ്ട്. മനശാസ്ത്രജ്ഞരുണ്ട്.മനോനില സാധാരണമല്ലാത്ത മനശാസ്ത്രജ്ഞരുണ്ട്.ഭരണാധികാരികളുണ്ട്.സാധാരണക്കാരുണ്ട്.അവരുടെയെല്ലാം ജീവിതവുമുണ്ട്.മനുഷ്യവികാരങ്ങളെല്ലാമുണ്ട്.ഇത്രയും കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും ഉപകഥകളും കഥയില്‍ നിറഞ്ഞുനില്‍ക്കുമ്പോഴും ഒട്ടും സങ്കീര്‍ണ്ണമല്ലാതെ, കഥയില്‍നിന്ന് ഉപകഥയിലേക്കും ഉപകഥയില്‍നിന്ന് അതിന്റെ ഉപകഥയിലേക്കും സഞ്ചരിച്ച്, അതിദ്രുതം പ്രധാന കഥയിലേക്കു തിരിച്ചെത്തി, വായനക്കാരെ വിസ്മയിപ്പിക്കുന്ന ഒരു കഥപറച്ചില്‍ ചാതുര്യം ഈ നോവലില്‍ കാണാനാകും.അതതുപോലെ നിലനിര്‍ത്തുക എന്നതു തന്നെയായിരുന്നു ഈ വിവര്‍ത്തനത്തില്‍ അഭിമുഖീകരിച്ച വെല്ലുവിളിയും.
ലിങ്കിൽ ക്ലിക് ചെയ്യുക
ഉന്മാദികളുടെ വീട് (അയ്‌ഫേഷ് ടുഞ്ച്)
https://greenbooksindia.com/novels/unmadikalute-veedu-ayfer-tunc