വി.കെ.എന്‍. പരമ്പരകള്‍ സൃഷ്ടിച്ച പയ്യന്‍സും ചാത്തന്‍സും പോലെ ഐപ്പ് പാറമേലിൻറെ ചേറപ്പായി വക്കീലും ഒരു കാലഘട്ടത്തിൻറെ ആക്ഷേപഹാസ്യ പ്രതീകങ്ങളായിരുന്നു. കോടതികളെയും പരിസരങ്ങളെയും കേന്ദ്രമാക്കിയാണ് അദ്ദേഹം ചേറപ്പായി കഥകള്‍ മെനഞ്ഞെടുത്തത്. തൃശൂരിലെ ക്രിസ്തീയ സമുദായത്തിൻറെ സവിശേഷമായ സംഭാഷണ-ആഹാരാദികളും, വക്കീല്‍ കോട്ടിടുന്നവരുടെ തന്ത്രങ്ങളും കുതന്ത്രങ്ങളും, സാമൂഹ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ദുര്‍നടപ്പുകളും വൃത്താന്ത കഥനങ്ങളും നിറഞ്ഞ ഹാസ്യ പരമ്പരകള്‍ അദ്ദേഹം വാര്‍ത്തെടുത്തു. ഒരു കാലത്ത് കലാകൗമുദിയുടെ താളുകളിലൂടെ നൂറുക്കണക്കിന് വായനക്കാരെ ഈ കഥകൾ ആകർഷിച്ചിരുന്നു.
ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളുടെ തുടക്കം മുതൽ സാഹിത്യ രംഗത്തു സജീവമായിരുന്ന ഐപ്പ് പാറമേൽ ആദ്യം നാടകമേഖലയിലാണ് പ്രവർത്തിച്ചത്. പിന്നീട് ചെറുകഥാകൃത്തെന്ന നിലയിലും പ്രശസ്തനായി. അദ്ദേഹത്തിൻറെ ഇസബെല്ല എന്ന നോവലെറ്റ് പ്രശസ്ത സംവിധായകൻ മോഹൻ സിനിമയാക്കി. ചേറപ്പായി കഥകൾ തന്നെയാണ് ഐപ്പ് പാറമേലിൻറെ ഏറ്റവും ജനപ്രിയമായ കൃതി. ഗ്രീൻ ബുക്സ് പുറത്തിറക്കിയ ചേറപ്പായി കഥകളുടെ പതിപ്പിന് നമ്പൂതിരി വരച്ച രേഖാചിത്രങ്ങളുടെ തിളക്കവുമുണ്ട്.
2004 മെയ് 19 ന് ഐപ്പ് പാറമേൽ അന്തരിച്ചു.
ചേറപ്പായി കഥകൾ (ഐപ്പ് പാറമേൽ)
https://greenbooksindia.com/stories/cherappayi-kathakal