Wednesday, May 29, 2024

അഗ്നിച്ചീളുകള്‍ – ജയന്‍ വര്‍ഗ്ഗീസ്

ലോകത്തിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, ശാസ്ത്ര ചരിത്രദശാസന്ധികളിലേക്ക് മിഴി തുറന്ന് വ്യാപരിക്കുന്ന ലേഖനസമാഹാരം. കേരളത്തിന്റെയും താന്‍ അധിവസിക്കുന്ന അമേരിക്കയുടെയും ഭൂമികയിലൂടെയുള്ള എഴുത്തുകാരന്റെ സഞ്ചാരപഥങ്ങള്‍. ഇരുണ്ട കാലഘട്ടത്തിന്റെ ആശയവിസ്‌ഫോടനങ്ങള്‍ തന്റെ രചനയിലൂടെ വരച്ചിടുമ്പോഴും ഒരു പ്രത്യാശാകിരണം ബാക്കിയാക്കുന്നുണ്ട് ഗ്രന്ഥകര്‍ത്താവ്. ഭയത്തിന്റെ നിഴലില്‍ ഒരു ലോകം, മഞ്ഞലോഹത്തിന്റെ മായാലോകം, എന്താണ് ജീവിതം, എന്തിനാണ് ജീവിതം, നാം നക്ഷത്രധൂളികള്‍, ആരാണ് ദൈവം, എന്താണ് ദൈവം തുടങ്ങിയ ലേഖനങ്ങള്‍ ആഗോളജീവിതത്തിന്റെ നേര്‍സാക്ഷ്യങ്ങളാണ്.

ശാസ്ത്രസംഭാവനകളുടെ വന്‍തണലില്‍ മെച്ചപ്പെട്ട ജീവിതം ആസ്വദിക്കുന്ന മനുഷ്യവര്‍ഗ്ഗം ശാസ്ത്രത്തെ അംഗീകരിക്കേണ്ടതുണ്ട്, ആദരിക്കേണ്ടതുണ്ട്. എങ്കിലും ഏതൊരു ശാസ്ത്രപ്രതിഭയും വെറും സാമാന്യനായ മനുഷ്യന്‍ മാത്രമാണ് എന്നതിനാലും യാതൊരു മനുഷ്യനും പൂര്‍ണ്ണത എന്ന അവസ്ഥയെ പ്രാപിക്കുന്നില്ല എന്നതിനാലും അപൂര്‍ണ്ണനായ മനുഷ്യന്റെ ഏതൊരു പ്രവര്‍ത്തികളിലും ആ അപൂര്‍ണ്ണത നിഴല്‍ വിരിച്ചു നില്‍ക്കുന്നുവെന്ന് ആത്മാര്‍ത്ഥതയോടെ അന്വേഷിച്ചാല്‍ കണ്ടെത്താവുന്നതാണ്. ശാസ്ത്രം പുറത്തുവിട്ട നിഗമനങ്ങളില്‍ ഒരു സാധാരണ മനുഷ്യന്റെ, സാധാരണ നിരീക്ഷണത്തിന് നിരക്കാത്ത സംഗതികളാണ് ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നത്.ദൈവത്തിന്റെ സംരക്ഷകര്‍ എന്നവകാശപ്പെടുന്ന മതവക്താക്കളെയും ദൈവനിഷേധം ജീവിതവ്രതമാക്കിയ യുക്തിവാദികളെയും തിരുത്തിക്കുറിച്ചുകൊണ്ട് സത്യാന്വേഷിയായ ഒരു സാധാരണ മനുഷ്യന്റെ ദാര്‍ശനിക കണ്ടെത്തലുകള്‍!
ദൈവം, പ്രകൃതി, മനുഷ്യന്‍ എന്നീ സാരസംജ്ഞകളില്‍ അപരിമേയമായ ദാര്‍ശനികതയോടെ എനിക്ക് വെളിവായ യുക്തിസഹമായ സത്യങ്ങളാണ് ഇവിടെ വിഷയമാവുന്നത്. മതങ്ങളുടെയും, ഇസങ്ങളുടെയും കാഴ്ചപ്പാടുകളില്‍ പോരായ്മകളുണ്ട് എന്ന് സമ്മതിക്കുമ്പോള്‍ തന്നെ, അവകളെ കൊന്നു കുഴിച്ചുമൂടണം എന്ന ആധുനിക ബുദ്ധിജീവികളുടെ ആക്രോശങ്ങള്‍ക്കെതിരെ, തെറ്റിനാവശ്യം ശിക്ഷയല്ല, തിരുത്തലാണ് എന്ന എന്റെ കാഴ്ചപ്പാടാണ് ഞാന്‍ മുന്നോട്ട് വയ്ക്കുന്നത്. യുദ്ധങ്ങളുടെയും യുദ്ധഭീഷണികളുടെയും കറുത്തിരുണ്ട ആകാശത്തുനിന്ന് അഭയാന്വേഷിയായ അരിപ്രാവിനെപ്പോലെ (ഓംചേരിയോട് കടപ്പാട്) മനുഷ്യന്റെ മാറിലേക്ക് പറന്നിറങ്ങുന്ന ഭൂമിയെന്ന ഈ വര്‍ണ്ണപ്പക്ഷിക്കുവേണ്ടി പുതിയ കാലത്തിന്റെ ശിബി ചക്രവര്‍ത്തിമാരായി മനുഷ്യന്‍ മാറണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ശാസ്ത്രീയം എന്ന പേരില്‍ എഴുന്നള്ളിച്ചുകൊണ്ട് വരുന്ന കെട്ടുകാഴ്ചകളില്‍ മനം മയങ്ങി, നൈസര്‍ഗ്ഗിക സുരക്ഷിതത്വത്തിന്റെ പുറംതോട് പൊഴിച്ചു കളഞ്ഞ് അപകടത്തിലാവുന്ന സാധാരണ മനുഷ്യന് വസ്തുതകള്‍ തിരിച്ചറിയുവാന്‍ വേണ്ടി അവരോടൊപ്പം ചേര്‍ന്ന് ഒരു ചര്‍ച്ച.ശാസ്ത്ര-സാങ്കേതിക സംവിധാനങ്ങളുടെ വന്‍വളര്‍ച്ച രൂപപ്പെടുത്തിയ യുക്തിബോധം ഉന്നയിക്കുന്ന സാരസംശയങ്ങള്‍ക്ക് കൃത്യമായ ഉത്തരം തേടിയുള്ള എന്റെ വ്യക്തിഗത അന്വേഷണങ്ങള്‍ യുക്തിഭദ്രവും സത്യസന്ധവുമായി കണ്ടെടുത്ത ലളിതദര്‍ശനങ്ങളാണ് ഇവിടെ വെളിപ്പെടുത്തുന്നത്. അംഗീകരിക്കുവാനും നിഷേധിക്കുവാനുമുള്ള ഏവരുടെയും അവകാശങ്ങളെ ആദരിച്ചുകൊണ്ടു തന്നെ, തീവ്രമായ ചിന്താവിശകലനങ്ങള്‍ക്ക് വിധേയമാക്കുവാനായി ഈ ആശയം സമര്‍പ്പിക്കുന്നു.മലയാളനാടകരംഗത്ത് കുറച്ച് പ്രവര്‍ത്തനപരിചയം ഉണ്ടായിരുന്നുവെങ്കിലും അമേരിക്കന്‍ മണ്ണില്‍ അതിനു വലിയ സാധ്യതകള്‍ ഇല്ലെന്നു കണ്ടെത്തിയതിനാലാണ് കവിതകളും ലേഖനങ്ങളും നര്‍മ്മകഥകളും എഴുതാന്‍ തുടങ്ങിയതും അവിടെയും ഇവിടെയുമായി ചില അംഗീകാരങ്ങള്‍ നേടിയെടുക്കുവാന്‍ സാധിച്ചതും. എല്ലാവര്‍ക്കും നന്ദി.
ജയന്‍ വര്‍ഗീസ്

 

 https://greenbooksindia.com/article/agnicheelukal-jayan-varghese

 

 

 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles