Friday, September 20, 2024

സൃഷ്ടി തൻ വേദനയാരറിയുന്നു…

സൃഷ്ടി തന്‍ സൗന്ദര്യ മുന്തിരിച്ചാറിനായ്
കൈക്കുമ്പിള്‍ നീട്ടുന്നു നിങ്ങള്‍
വേദനയില്‍, സര്‍ഗ്ഗ വേദനയിലെൻറെ
ചേതന വീണെരിയുന്നു
സൃഷ്ടി തന്‍ വേദനയാരറിയുന്നു.
-ഒ എൻ വി കുറുപ്പ്
നിത്യസമൃദ്ധമായ കാവ്യജീവിതമായിരുന്നു ഒ എന്‍ വി കുറുപ്പിൻറേത്. കവിതയായും നാടകഗാനങ്ങളായും ചലച്ചിത്രഗാനങ്ങളായും അദ്ദേഹം പകര്‍ത്തിയ നിസ്തുല ജീവിത നിമിഷങ്ങള്‍ മലയാളികളുടെ ഹൃദയം കവര്‍ന്നു. സംസ്‌കൃതത്തിലും മലയാളത്തിലും ഇംഗ്ലീഷിലും അഗാധജ്ഞാനമുണ്ടായിരുന്ന ഒ എന്‍ വി ക്ക് പാണ്ഡിത്യത്തെ ജനകീയമാക്കാനുള്ള അനിതരസാധാരണമായ വൈദഗ്ധ്യമുണ്ടായിരുന്നു. “പൊന്നരിവാളമ്പിളിയില് കണ്ണെറിയുന്നോളേ
ആ മരത്തിൻ പൂന്തണലില് വാടി നിൽക്കുന്നോളേ”
എന്നെഴുതിയ കവി തന്നെയാണ്
“നൃത്യധൂര്‍ജ്ജടി ഹസ്തമാര്‍ന്ന
തുടി തന്നുത്താള ഡും ഡും രവം”
എന്നും എഴുതിയത്.
Mr. O. N. V. Kurup, Thiruvananthapuram, Kerala Tribute, Mr. O. N. V. Kurup  Life History by - Tributes.in
ജന്മനാട്ടിലെ വയലേലകളെയും കര്‍ഷകത്തൊഴിലാളികളേയും തൊണ്ടുചീയുന്ന  മണമുള്ള കായലോരങ്ങളെയും ആവിഷ്‌കരിച്ച കവി ഉത്തുംഗ ഹിമാലയ ശൃംഗങ്ങളേറി കാളിദാസ ഭാവനയിലെ യക്ഷ കിന്നര ഗന്ധര്‍വ്വന്‍മാരെയും അപ്‌സര സ്ത്രീകളെയും വര്‍ണ്ണിച്ചു. അതികാല്പനികതയിലൂടെയും അസ്തിത്വവ്യഥയിലൂടെയും ഉഴന്നു നടന്ന കവി ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളില്‍ ഭൂമിക്കൊരു ചരമഗീതവും സൂര്യഗീതവും എഴുതി ഭാവുകത്വപരിണാമത്തിൻറെ പുതിയൊരു ദിശയിലൂടെ സഞ്ചരിച്ചു. ഉജ്ജയിനിയിലൂടെ കാവ്യസമുദ്രത്തിൻറെ ആഴങ്ങളില്‍ നിന്ന് അമൂല്യരത്നങ്ങൾ വാരിയെടുത്ത് വലിയൊരു ഭാഷാപാരമ്പര്യത്തിൻറെ  തുടര്‍ച്ചയായി. തലമുറകള്‍ ഒ എന്‍ വി യുടെ കവിതകളും ഗാനങ്ങളും ഏറ്റുപാടിക്കൊണ്ടിരിക്കുന്നു. ആ പാട്ടുകളില്‍ മലയാളവും മലയാളിത്തവും കേരളവും പൂത്തുലയുന്നു. ഭാസ്‌കരന്‍ മാസ്റ്റര്‍ക്കും വയലാറിനും ശ്രീകുമാരന്‍ തമ്പിക്കും ഇടയില്‍ വേറിട്ടൊരു കാവ്യരഥ്യയിലൂടെയായിരുന്നു ഒ എന്‍ വി യുടെ സഞ്ചാരം.
ഞാന്‍ എന്ന കവിതയില്‍
സൃഷ്ടി തന്‍ വേദനയാരറിയുന്നു
എന്ന് കവി എഴുതിയത് നിറം മങ്ങിയ ഒരു കാലത്തിൻറെ കല്‍പ്പടവുകളിലിരുന്നാണ്. നൂറു സഹോദരരെക്കൊന്നു ഞാന്‍
അഞ്ചു പേര്‍ കുരുക്ഷേത്രം ജയിക്കാന്‍
എന്നും
ഭൂമിതന്‍ കന്യയെ കാട്ടിലെറിഞ്ഞു ഞാന്‍
ഭൂപാലധര്‍മ്മം പുലര്‍ത്താന്‍
എന്നും ആ കവിതയില്‍ അദ്ദേഹം എഴുതി.
ദീപങ്ങളൊക്കെ കെടുത്തി ഞാന്‍ പ്രാര്‍ത്ഥിച്ചു
ദീപമേ നീ നയിച്ചാലും
എന്നെഴുതുമ്പോള്‍ ആ കാലഘട്ടത്തെ ചൂഴ്ന്നു നിന്ന ആശയക്കുഴപ്പങ്ങളുടെ ഇരുട്ട് കവിയെ അസ്വസ്ഥനാക്കിയിട്ടുണ്ടാകാം.
ഒ എന്‍ വി യുടെ വരികള്‍ക്ക് ബാബുരാജ് ഈണം പകര്‍ന്ന അപൂര്‍വ്വം ഗാനങ്ങളിലൊന്നായി ഈ കവിത കെ റ്റി മുഹമ്മദ് സംവിധാനം ചെയ്ത സൃഷ്ടി എന്ന സിനിമയില്‍ ഇടം പിടിക്കുകയും ചെയ്തു.
നന്നേ ചെറുപ്പത്തിലാരംഭിച്ച് പതിറ്റാണ്ടുകളോളം നമ്മുടെ സാംസ്‌കാരിക ജീവിതത്തോട് വളരെയേറെ അടുത്തു നിന്ന കവിക്ക് പ്രണാമം.
ആധുനിക മനുഷ്യന്‍ നട്ടു നനച്ചു വളര്‍ത്തുന്ന രാഷ്ട്രീയവും അല്ലാത്തതുമായ തത്വശാസ്ത്രങ്ങളുടെ വ്യര്‍ത്ഥതയെക്കുറിച്ചോര്‍ത്താണോ, അവയുടെ പ്രയോഗത്തിലുണ്ടാകുന്ന മര്‍ക്കട സമാനമായ അപ്രായോഗികതയില്‍ മനം നൊന്തിട്ടാണോ എന്നറിയില്ല, ഈ കവിതയുടെ അവസാന വരികളില്‍ ഒ എന്‍ വി ഇങ്ങനെ എഴുതി
ഒരു തത്ത്വശാസ്ത്രത്തിന്‍ തൈ നട്ടു ഞാന്‍
എന്നും പിഴുതു നോക്കുന്നു വേരെണ്ണാന്‍
ഇതിലേറെ സൂക്ഷ്മമായി ഒരു കെട്ട കാലത്തെ എങ്ങനെ അടയാളപ്പെടുത്തും?

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles