മുത്തശ്ശിമാരും കാരണവന്മാരുമൊക്കെ പകര്‍ന്നുതന്ന അറിവുകള്‍ പിന്നീട് നാട്ടുവഴക്കങ്ങളായിത്തീര്‍ന്ന് സ്വരസഹായത്തോടെ ഉച്ചരിക്കാന്‍ കഴിയുന്നവയാണ് വ്യഞ്ജനങ്ങള്‍. ‘നാട്ടുവഴക്ക വ്യഞ്ജന വിജ്ഞാനകോശം ‘കകുല്‍സ്ഥനാകുക’ എന്നു തുടങ്ങി ‘റോമന്‍ കത്തോലിക്കനാവുക’ എന്നിടത്തവസാനിക്കുമ്പോള്‍ 1126ഓളം നാട്ടുവഴക്കങ്ങള്‍ പദങ്ങളായും ശൈലികളായും പ്രയോഗങ്ങളായുമൊക്കെ ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍ സാര്‍ പ്രതിപാദിക്കുന്നുണ്ട്. പണ്ഡിതര്‍ അംഗീകരിച്ച അക്ഷരമാലയിലെ എല്ലാ വ്യഞ്ജനങ്ങളേയും എണ്ണിയാലൊടുങ്ങാത്തത്ര ഉദാഹരണങ്ങളെടുത്തുകാട്ടി വിശദീകരിച്ച് സന്ദര്‍ഭത്തിനു യോജിച്ച കഥകളുള്‍പ്പെടുത്തി പ്രബലപ്പെടുത്തിയിട്ടുണ്ട്. ഓരോ നാട്ടുവഴക്ക പദങ്ങളും സാധാരണക്കാര്‍ക്കുപോലും മനസ്സിലാകുന്നത്ര ലളിതമായി ഈ വിജ്ഞാനകോശത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. പണ്ടുകാലം മുതല്‍ സാധാരണക്കാര്‍ക്കിടയില്‍ പ്രചരിച്ചിരുന്ന മലയാള ഭാഷാപദങ്ങളും ശൈലികളും പ്രയോഗങ്ങളുമൊക്കെ കൂടാതെ നാടകച്ചൊല്ലുകളും ഗ്രന്ഥകാരന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു കൊച്ചുകുട്ടിക്കുപോലും മനസ്സിലാകുന്ന ലാളിത്യമുള്ള രചന ഈ കൃതിയുടെ ഒരു പ്രത്യേകതയാണ്. മലയാളം പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് തീര്‍ച്ചയായും ഒരു മുതല്‍ക്കൂട്ടാണ് ഈ കൃതി.
പത്തറുപതുകൊല്ലം ചെന്നൈയിലും എറണാങ്കുളത്തും തൃശ്ശൂരിലും താമസിച്ചിട്ടും എനിക്കൊരു നഗരജീവിയാകാന്‍ കഴിഞ്ഞിട്ടില്ല. ഞാനപ്പോഴും ഒരു നാട്ടുംപുറത്തുകാരന്‍തന്നെയാണ്, ഒരു പരുത്തിപ്രക്കാരന്‍. ശരീരംകൊണ്ട് മാറ്റങ്ങളേറെയുണ്ടായെങ്കിലും മനസ്സുകൊണ്ട്, ഒരു നാടന്‍.
വിക്‌ടോറിയ കോേളജില്‍, ആയിരത്തി തൊള്ളായിരത്തി നാല്പതുകളില്‍, പ്രീ യൂനിവേഴ്‌സിറ്റിക്ക് പഠിക്കാന്‍ പോകുന്ന സമയംവരെ, ഞാന്‍ ജനിച്ചത്, പരുത്തിപ്രയിലെ പച്ചയായ മനുഷ്യരുടെ ഇടയ്ക്കാണ്. ഭാര്യ, ഭര്‍ത്താവിന് തല്ലാനും കൊല്ലാനുമുള്ള ഉപകരണമാണെന്നും എന്നാലും കെട്ടിയോളെയും കുട്ടികളെയും സംരക്ഷിക്കേണ്ടത്, തന്റെ കടമയാണെന്നു കരുതുന്ന പലരും അന്ന് പരുത്തിപ്രയില്‍ ഉണ്ടായിരുന്നു. പെണ്ണിന് പാതിവ്രത്യം പാപകരമാണെന്നായിരുന്നു, പലരുടെയും വിചാരം. അതുകൊണ്ട്, ഭാര്യയെ വെച്ചുമാറല്‍ (ംശളല ംെമു) വരെ അന്ന് നടക്കുമായിരുന്നു. എല്ലാവരും ഒരുതരം ദൈവവിശ്വാസികളും ആചാരവിശ്വാസികളുമായിരുന്നു. അതുകൊണ്ട്, എന്തുകൊടുത്തും അവരെ തൃപ്തിപ്പെടുത്താനും കഴിയുമായിരുന്നു. ഗുരൂവായൂരും കൊടുങ്ങല്ലൂരും തൊഴുതാല്‍ എല്ലാമായെന്നായിരുന്നു, ഈ പാവങ്ങളുടെ വിചാരം. ആട്ട് കഴിക്കുക, അതിന് കുറെ കള്ള് കുടിക്കുക, കോഴിറച്ചി കാലോടുകൂടി കഴിക്കുക, പെണ്ണുങ്ങളുടെ കൂടെ പയ്യാരം പറഞ്ഞ് ഇരിക്കുക എന്നിവയൊക്കെയായാല്‍ ഒരു പുരുഷന്റെ ജന്മവും സഫലമായി എന്നായിരുന്നു, നമ്പൂതിരി തൊട്ട് പറയന്‍ വരെയുള്ളവരുടെ വിചാരം. ഇതനുസരിച്ച് വഴിവിട്ട വേഴ്ചകളും അവര്‍ കാര്യമായി എടുത്തില്ല, സാന്മാര്‍ഗ്ഗികക്കണ്ണിലൂടെ അവയൊന്നും കണ്ടില്ല. എന്റെ അമ്മയെ, റെയില്‍വേക്കാരനായ അച്ഛന്‍ കല്യാണം കഴിച്ചത്, അവരുടെ 13-ാം വയസ്സിലാണ്. അവര്‍ക്ക് എഴുതാനും വായിക്കാനും നന്നായി അറിയാമായിരുന്നു. അഞ്ചടിയും നാടന്‍ പാട്ടുകളും പാടും. അതുകൂടാതെ കുന്നിക്കുരുവിനെ കണ്ടാല്‍, ”കണ്ണെഴുതി, പൊട്ടുംതൊട്ട് വന്നിരിക്കുന്നു” എന്നും ആനയുടെ കീഴ്ശ്വാസം കേട്ടാല്‍, ”ആന, തൃശ്ശൂര്‍ പൂരത്തിന് എഴുന്നള്ളിച്ചതാണ് എന്നു കരുതിയോ” എന്നും പറയുമായിരുന്നു.
അച്ഛനാകട്ടെ, വിശേഷദിവസങ്ങളില്‍ തലങ്ങും വിലങ്ങും കുറി വരച്ച്, നിലവിളക്കു കൊളുത്തിവെച്ച്, എഴുത്തച്ഛന്റെ ‘അദ്ധ്യാത്മരാമായണം’ ഈണത്തില്‍ വായിക്കുകയും ചെയ്യുമായിരുന്നു. ചില നേരങ്ങളില്‍, രാമായണം പകുത്തുനോക്കുന്ന പതിവുമുണ്ട്. എന്റെ ദാമോദരേട്ടന്‍, ‘കവളപ്പാറ കൊമ്പന്‍’, ‘സരോജിനിക്കുട്ടിയുടെ കടുംകൈ’ എന്നീ പാട്ടുപുസ്തകങ്ങളുടെ ശൈലിയില്‍ ”വിദ്യാര്‍ത്ഥിയായിരുന്ന ശാരദാമ്മ” എന്ന പുസ്തകം ഇറക്കുകയും ചെയ്തിരുന്നു. എന്റെ കാവ്യകൗതുകവും സാഹിത്യ താല്പര്യവും ഇതുകൊണ്ട് കഴിഞ്ഞു. നാലാം ക്ലാസിലിരിക്കുന്ന കുമാരനെ, ക്ലാസില്‍നിന്ന് ഇറക്കിക്കൊണ്ടുവന്ന്, തളപ്പുകൊണ്ട് അടിച്ച്, ”നീ പഠിച്ച്, പഠിച്ച് തുക്ടി സായ്‌വാകുകയും മറ്റും വേണ്ടാ, എന്റെ ചെത്തുതന്നെ നോക്കിയാല്‍ മതി” എന്നു പറഞ്ഞവരുടെ പൈതൃകവും പാരമ്പര്യവും ആയിരുന്നു പരുത്തിപ്രയിലെ പല പുരുഷന്മാര്‍ക്കും. അവിടെനിന്നും തുടങ്ങിയിട്ടാണ് ഞാന്‍ പിഎച്ച്.ഡി.ക്കുവരെ പഠിച്ചതും ഇരുപത്തിമൂന്നുപേരെ ഡോക്ടറേറ്റിനു പഠിപ്പിച്ചതും ഇംഗ്ലീഷിലും മലയാളത്തിലുമായി തൊണ്ണൂറോളം പുസ്തകങ്ങള്‍ പ്രകാശിപ്പിച്ചതും.
എന്റെ ‘നാട്ടുവഴക്ക വ്യഞ്ജന വിജ്ഞാനകോശം’ വായിച്ച് അതിനു ചേര്‍ന്ന, ഒരവതാരിക എഴുതിത്തന്ന, സെന്റ് തോമസ് കോളേജിലെ മുന്‍ ഇംഗ്ലീഷ് വകുപ്പധ്യക്ഷനും ‘ക്രിസ്ത്യന്‍ എന്‍സൈക്ലോപീഡിയ’യുടെ (മൂന്നു വാള്യം) കര്‍ത്താവുമായ പ്രൊഫസര്‍, മേനാച്ചേരിക്കും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മുന്‍ മലയാളം വകുപ്പ് തലവനും കവിയും നിരൂപകനും ഗവേഷകനുമായ ചാത്തനാത്ത് അച്യുതനുണ്ണിക്കും എന്റെ നമസ്‌കാരങ്ങള്‍. ഈ ഗ്രന്ഥം നന്നായി അച്ചടിച്ചുതന്ന ‘ഗ്രീന്‍ ബുക്‌സി’നും പ്രത്യേകിച്ച് എന്റെ പ്രിയശിഷ്യ ഡോ. വി. ശോഭയ്ക്കും ഇതിന്റെ ഡി.ടി.പി. ചെയ്തുതന്ന അയ്യപ്പനും നന്ദി. ഇനി വായനക്കാരാണ് വാങ്ങി, വായിച്ച്, ഇതിന് ആവശ്യമായ പ്രചാരം കൊടുക്കേണ്ടത്. അതിനായി, അപേക്ഷിച്ചുകൊണ്ട്, അഭ്യര്‍ത്ഥിച്ചുകൊണ്ട്, നിങ്ങളുടെ കൈകളിലേക്കു പകരുന്നു.