മലയാളസാഹിത്യത്തിൻറെ മാത്രമല്ല, ആധുനിക കേരളത്തിൻറെ തന്നെ പ്രക്ഷുബ്ധമായ കുറേ പതിറ്റാണ്ടുകളുടെ ചരിത്രമാണ് സച്ചിദാനന്ദൻറെ കാവ്യജീവിതം. എഴുപത്തിയഞ്ചാം പിറന്നാളാഘോഷിക്കുന്ന കവിക്ക് ആശംസകളർപ്പിച്ചുകൊണ്ട് അദ്ദേഹത്തിൻറെ ഉറച്ച രാഷ്ട്രീയ നിലപാടുകളെ വിശകലനം ചെയ്യുകയാണ് എഴുത്തുകാരനും പ്രസാധകനുമായ
കൃഷ്ണദാസ്
മലയാള കവിതയിലും സാഹിത്യത്തിലും പടര്ന്നുനില്ക്കുന്ന വടവൃക്ഷമാണ് സച്ചിദാനന്ദന്. സിദ്ധിയും സാധനയുമായി അദ്ദേഹം പൊലിപ്പിച്ചെടുത്ത കാവ്യസരണി അനസ്യൂതം വളര്‍ന്നു വന്നു. ഇപ്പോള്‍ ആറു പതിറ്റാണ്ടുകളായി നമുക്കുമേല്‍ ഒരു വലിയ നാവുമരമായി അത് പൂത്തു നില്ക്കുന്നു. നാവുമരത്തിന്മേല് നിന്നുതിര്‍ന്നു വീഴുന്ന ചോദ്യങ്ങളുടെ പ്രസക്തി ഇപ്പോഴും അവസാനിക്കുന്നില്ലല്ലോ എന്ന് അത്ഭുതത്തോടെ ഓര്‍ക്കുന്നു. കാരണം അദ്ദേഹത്തിൻറെ കവിതയും എഴുത്തും വ്യവസ്ഥാപിത താത്പര്യങ്ങളുമായി എന്നും കലാപത്തിലാണ്.
പാട്ടുപാടാന്‍ നാവില്ലേല്
നാട്ടാരെന്നു നേരറിയാന്‍?
നേരറിഞ്ഞില്ലെങ്കലെന്നീ
നാടാകെ തുയിലുണരാന്‍?
കൊച്ചുമകളുടെ പൊള്ളുന്ന പനിക്കിടക്കയില്‍ ഇരുന്നുകൊണ്ടാണ് നാം ഈ സായാഹ്നത്തിലും ഉറക്കെ സംസാരിക്കുന്നത് എന്ന് ഓര്‍ക്കാന്‍ രസമുണ്ട്.
ഈ തൂവല്‍ കണ്മുനകള്,
കിളിന്തു വിരലുകള്‍, കൊച്ചുമുലഞെട്ടുകള്,
ഹായ്, ഏതാണ് ഏറ്റവും സാന്ദ്രമായ വനം
ഏറ്റവുമുയര്‍ന്ന പര്‍വതം, ഏറ്റവും കട്ടികൂടിയ സമുദ്രം?’
എഴുപത്തഞ്ചാം പിറന്നാളിൻറെ നിറവില്‍ ആ വടവൃക്ഷത്തണലില്‍ വന്നിരുന്ന് കടന്നുപോയ പാതയും നവീനമായ വഴികളും അറിയാനും ചോദ്യങ്ങള്‍ ചോദിക്കാനും പുതിയ തലമുറ ഒത്തുചേരുന്നു. അപ്പോഴും കവി പാടിക്കൊണ്ടേയിരിക്കുന്നു:
എൻറെ ഭൂതമായ വര്‍ത്തമാനത്തിലേയ്ക്കു നോക്കുമ്പോള്‍
നീ ലോകമെന്തെന്ന് അറിയാത്തതിൻറെ
മിനുമിനുപ്പുള്ള ശിശു മാത്രം
നിനക്ക് ഞാന്‍ വാത്സല്യപൂര്‍വ്വം
ഒരു താരട്ടെഴുതട്ടെ
എൻറെ ശ്മശാന ശിലകളില്‍
ഫിനിക്സിൻറെ തൂവല്‍ കൊണ്ട്
എഴുത്തിൻറെ സരണിയില്‍ ഇടതുപക്ഷമാണ് തൻറെ മാര്‍ഗം എന്ന് അര്‍ത്ഥശങ്കയില്ലാതെ തിരഞ്ഞെടുത്ത കവിയാണ് സച്ചിദാനനന്ദന്. ഒരുവക വ്യവ്യസ്ഥാപിത താത്പര്യങ്ങളും തൻറെ പാതയെ ഹനിക്കരുത് എന്നു ശഠിച്ച കവി. എഴുത്തിൻറെ വ്യവസ്ഥാപിത ഇടതുപക്ഷ മേഖലയില്‍ നിന്ന് അദ്ദേഹം സമാന്തരമായി അകന്നു നിന്നു. തൻറെ പാതകള്‍ ശരിയായിരുന്നില്ല എന്നറിഞ്ഞപ്പോഴൊക്കെ അദ്ദേഹം തിരുത്തി. താന്‍ വളരെക്കാലം നിലകൊണ്ട ഇടതുപക്ഷ തീവ്രനിലപാടുകളിലില് നിന്ന് മാറി സഞ്ചരിക്കാനും തയ്യാറായി. ചവിട്ടിമെതിക്കപ്പെട്ടവരോടൊപ്പം നിലകൊള്ളുന്നവന്, ഏകാധിപത്യ വാഴ്ച നിരാകരിക്കുന്നവൻ, ജനാധിപത്യബോധത്തെയും, സ്വാതന്ത്ര്യത്തെയും തുണയ്ക്കുന്നവന്‍. എഴുത്തുകാരൻറെ അവകാശങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നവന്‍, ചെറുമാസികകളെയും ചെറുപ്രസാധകരേയും തൻറെ വളര്‍ച്ചയുടെ ദൗത്യത്തില്‍ ഉയര്ത്തിപ്പിടിച്ചവന്, ലിറ്റില്‍ മാഗസിന് പുതിയ നിര്‍വചനം തീര്ത്തവന്, തൻറെ കാവ്യദൗത്യവുമായി ലോകമെമ്പാടും സഞ്ചരിച്ചവന്, ലോകകവിതയെ മലയാളത്തില്‍ അടയാളപ്പെടുത്തിയവന്‍. അങ്ങിനെ എത്രയെത്ര സവിശേഷതകള്‍ക്കാണ് സച്ചിദാനന്ദന് അർഹനായിട്ടുള്ളത്!
തൻറെ കവിതയെഴുത്തിനു വ്യത്യസ്ത ധാരകളുണ്ട് എന്നു പ്രഖ്യാക്കുമ്പോഴും ഇടതുപക്ഷ സാഹിത്യത്തെയും കവിതയെയും
ശരിയായി അയാളപ്പെടുത്തുന്നതില് വിജയിച്ച കവി എന്ന നിലയിലാണ് സച്ചിദാനന്ദനോടുള്ള എൻറെ ആഭിമുഖ്യം നിലകൊള്ളുന്നത്. സത്യങ്ങള്‍ തുറന്നു പറയുന്നതിൻറെ പേരില്‍ നിഷ്കാസിതരാകുന്ന
എഴുത്തുസമൂഹത്തോട് കവി കാണിക്കുന്ന ഐക്യദാര്‍ഢ്യം തന്നെയാണ് പ്രധാനം. ബംഗ്ലാദേശില്‍ നിന്നു പുറത്താക്കപ്പെട്ട തസ്ലീമ നസ്റിനു വേണ്ടി സച്ചിദാനന്ദനും ആനന്ദും മഹേശ്വതാദേവിയും, കെ ജി എസും പ്രകടിപ്പിച്ച
ദാര്‍ഢ്യം എൻറെ പ്രസാധക ജീവിതത്തിലെ തിളക്കമുള്ള ഓര്‍മയാണ്. പാര്‍ട്ടി സുരക്ഷയ്ക്കു വേണ്ടി തസ്ലീമയെ പടിഞ്ഞാറന്‍ ബംഗാളില്‍ നിന്ന് തുരത്തിയിട്ടും അവിടുത്തെ ഇടതുപക്ഷത്തിന് ചരിത്രപരമായ തകര്‍ച്ചയില്‍ നിന്ന് ഒഴിഞ്ഞു
നില്ക്കാനായില്ല. പെരുമാള്‍ മുരുകന് വന്നപ്പോഴും കവി തൻറെ ഐക്യദാര്‍ഢ്യത്തില്‍ ഉറച്ചുനിന്നു.
“ഇടതുപക്ഷം എന്നത് പാറ പോലെ ഉറച്ച ഒരു സങ്കല്‍പ്പമല്ല. മറിച്ച് മാറി മാറി വരുന്ന സാമൂഹിക ചരിത്ര സങ്കല്പങ്ങള്ക്കനുസരിച്ചു പരിണമിക്കുന്ന ചലനാത്മക പരികല്പനയാണ്. അത് ഒരു രാഷ്ട്രീയകക്ഷിയല്ല, നിലപാടാണ്”
എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന കവിയുടെ വാക്കുകള്‍ തന്നെയാണ് നമുക്ക് ഭാവിയിലും വെളിച്ചമേകണ്ടത്. ‘സോവിയറ്റ് യൂണിയൻറെയും ചൈനയുടെയും, കംപൂച്ചിയയുടെയും റുമേനിയയുടെയും മറ്റും അനുഭങ്ങള്ക്കു ശേഷവും പഴയ ശുഭാപ്തി വിശ്വാസം പുലര്‍ത്തുന്നവര്‍ ഭാഗ്യവാന്മാര്’ എന്ന ചില മാര്‍ക്സിസ്റ്റുകളുടെ അന്ധമായ ശുഭാപ്തിവിശ്വാസത്തെയും തൻറെ കവിതയില്‍ നിന്ന് അദ്ദേഹം ഒഴിവാക്കുന്നില്ല.
ഓർമ്മയുടെയും മറവികളുടെയും പുസ്തകം
സച്ചിദാനന്ദൻറെ ആത്മകഥാപരമായ ലേഖനങ്ങളുടെ സമാഹാരം ഗ്രീൻ ബുക്സ് ഉടൻ പുറത്തിറക്കുന്നു.
പ്രീ ബുക്കിങ്ങിന് ലിങ്ക് ക്ലിക്ക് ചെയ്യുക.
ഓർമ്മകളുടെയും മറവിയുടെയും പുസ്തകം (സച്ചിദാനന്ദൻ)
https://greenbooksindia.com/satchid-anandan/ormakaluteyum-maravikaluteyum-pusthakam-satchid-anandan
സച്ചിദാനന്ദൻറെ മറ്റു പുസ്തകങ്ങൾ ഗ്രീൻ ബുക്സിൽ നിന്ന്
മലയാളത്തിൻറെ പ്രിയകവിതകൾ (സച്ചിദാനന്ദൻ)
https://greenbooksindia.com/malayalathinte-priya-kavithakal-satchid-anandan-satchid-anandan
കിഴക്കും പടിഞ്ഞാറും
https://greenbooksindia.com/kizhakkum-padinjarum-satchid-anandan