Wednesday, May 29, 2024

മാധവിക്കുട്ടി: ഒരൊറ്റ ഭാഷയിലുള്ള സ്വപ്നങ്ങൾ

പലപ്പോഴും എൻറെ പേന സ്വതന്ത്രശീലനായ കുതിരയെപ്പോലെയാണ് പെരുമാറുക. അതിനു കല്പനകള്‍ ഇഷ്ടപ്പെടാറില്ല.
-മാധവിക്കുട്ടി

റക്കെയുള്ള സ്വാതന്ത്ര്യപ്രഖ്യാപനമായിരുന്നു മാധവിക്കുട്ടിയുടെ രചനാജീവിതം. മരണം വരെ കലാപകാരിയായിരുന്നു അവര്‍. കലാപം അവരുടെ ജീവിതശൈലി തന്നെയായിരുന്നു – നിഷ്‌കളങ്കമായി ചിരിച്ചുകൊണ്ടുള്ള കലാപം. അപ്രതിരോധ്യമായ ചിരിയോടെ അവര്‍ പുരുഷവിഗ്രഹങ്ങളെ തച്ചു തകര്‍ത്തു കൊണ്ടിരുന്നു. ഏകാന്തതയും, അന്യവത്കരണവും, അസ്തിത്വചിന്തയും, മൃത്യുബോധവും, രതിയും, പാപബോധവുമടക്കം എത്രയോ മാനുഷികാവസ്ഥകളിലൂടെ മാധവിക്കുട്ടി കടന്നു പോയി.
Pranayathinte Rajakumari - Madhavikuttyമുപ്പത്തിയേഴാം വയസ്സിലെഴുതിയ ആത്മകഥാപരമായ എൻറെ കഥ എന്ന കൃതിയും ജീവിത സായാഹ്നത്തില്‍ മെറിലി വെസ്ബോഡ് എന്ന കനേഡിയന്‍ എഴുത്തുകാരിയുമായി നടത്തിയ ദീര്‍ഘസംഭാഷണങ്ങളുടെ അടിസ്ഥാനത്തില്‍ പുറത്തുവന്ന ദി ലവ് ക്യൂന്‍ ഓഫ് മലബാര്‍ എന്ന ഓര്‍മ്മപ്പുസ്തകവും മാധവിക്കുട്ടിയെ വിവാദനായികയാക്കിയിരുന്നു. യാഥാര്‍ത്ഥ്യവും മിഥ്യയും ഇടകലര്‍ന്നതാണ് എൻറെ കഥ എന്ന് മാധവിക്കുട്ടി പിന്നീട് പറഞ്ഞു. മരണത്തെ മുഖാമുഖം കണ്ട കുറേ ദിവസങ്ങളുടെ അനുഭവരേഖകളാണ് ആ പുസ്തകത്തിലുള്ളതെന്ന് എഴുത്തുകാരി തന്നെ വെളിപ്പെടുത്തിയിട്ടും വായനക്കാരിൽ പലരും അതു വിശ്വസിച്ചില്ല. വായനക്കാര്‍ക്ക് മാധവിക്കുട്ടി എഴുത്തുകാരി മാത്രമായിരുന്നില്ല – മാധവിക്കുട്ടിക്ക് വായനക്കാര്‍ വെറും വായനക്കാര്‍ മാത്രമല്ലാതിരുന്നതുപോലെ.

മതം മാറ്റം അടക്കമുള്ള പല വിവാദവിഷയങ്ങളും ചര്‍ച്ച ചെയ്യുന്ന ലവ് ക്യൂന്‍  മലയാളികള്‍ ആവേശത്തോടെ വായിച്ചു. ആ പുസ്തകത്തിൻറെ മലയാള പരിഭാഷ പ്രണയത്തിൻറെ രാജകുമാരി എന്ന പേരില്‍ ഗ്രീന്‍ ബുക്‌സ് പുറത്തിറക്കിയിട്ടുണ്ട്. എൻറെ കഥ യെ ചുറ്റിപ്പറ്റിയുള്ള എല്ലാ വിവാദങ്ങള്‍ക്കും മറുപടി പറയാന്‍ മാധവിക്കുട്ടിക്കു മാത്രമായിരുന്നു ബാദ്ധ്യത. പക്ഷേ പ്രണയത്തിൻറെ രാജകുമാരിയുടെ കര്‍തൃത്വം മെറിലി വെയ്‌സ്‌ബോഡിനു കൂടിയുണ്ട്. വിവാദങ്ങളുടെ വിശദവിവരങ്ങളിലേയ്ക്കു കടക്കാന്‍ ഉദ്ദേശിക്കുന്നില്ല. വിവാദങ്ങള്‍ മാധവിക്കുട്ടി ആസ്വദിച്ചിരുന്നോ എന്ന സന്ദേഹം മാത്രം അവശേഷിക്കുന്നു.
Malayalathinte Suvarnakathakal-Madhavikuttyജീവിതവും സാഹിത്യവും ഭാവനയും ഇടകലര്‍ന്നതായിരുന്നോ മാധവിക്കുട്ടിയുടെ ജീവിതം? അത്തരമൊരു സങ്കലനം അവര്‍ ഇഷ്ടപ്പെട്ടിരുന്നിട്ടുണ്ടാകണം. മലയാളത്തില്‍ മാധവിക്കുട്ടിയായും ഇംഗ്ലീഷില്‍ കമലാദാസ് ആയും ഒടുവില്‍ കമലാ സുരയ്യയായും സാഹിത്യ-സാമൂഹ്യ ജീവിതങ്ങളും വ്യക്തിജീവിതവും പങ്കിട്ടുകൊണ്ടിരുന്ന പ്രണയത്തിൻറെ രാജകുമാരി സ്വയം നിര്‍വ്വചിച്ചത് ഇങ്ങനെയാണല്ലോ – “മൂന്നു ഭാഷകള്‍ സംസാരിക്കും രണ്ടു ഭാഷകളില്‍ എഴുതും ഒരു ഭാഷയില്‍ മാത്രം സ്വപ്‌നം കാണും….”  സത്യത്തിൽ സ്വപ്നത്തിൻറെ ആ ഒരൊറ്റ  ഭാഷയിലാണ് മാധവിക്കുട്ടി എഴുതിയതത്രയും. അതിൽ പലപ്പോഴും ജീവിതയാഥാർത്ഥ്യങ്ങളുടെ മുറിപ്പാടുകളുണ്ടായിരുന്നു.

വാചാടോപങ്ങളിൽ വിശ്വസിക്കാത്ത എഴുത്തുകാരിയായിരുന്നു മാധവിക്കുട്ടി. “എൻറെ കൈവശം വളരെ ചുരുക്കം വാക്കുകള്‍ മാത്രമേയുള്ളൂ. അവയെ വേണ്ടതുപോലെ ഉപയോഗിക്കാന്‍ ഓരോ കഥയെഴുതുമ്പോഴും ഞാന്‍ ശ്രമം നടത്താറുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ ഏതെങ്കിലും മുഖത്തു വന്നു വീഴുന്ന ഒരു വെയില്‍ നാളം, അല്ലെങ്കില്‍ പെട്ടെന്നു കേള്‍ക്കുന്ന ഒരു പൊട്ടിച്ചിരി – ഇങ്ങനെ പലതും ഞാന്‍ സൂക്ഷിച്ചു വയ്ക്കാറുണ്ട്… ചിലപ്പോള്‍ ഉച്ചയ്ക്ക് ഉറങ്ങാന്‍ കിടക്കുമ്പൊഴോ മറ്റോ, അവ ഓരോന്നും എടുത്തു പരിശോധിക്കും. അപ്പോള്‍ ചില കഥാപാത്രങ്ങള്‍ ആ മുറിയില്‍ ജനിക്കുന്നു, ‘എന്നെപ്പറ്റി എഴുതൂ’ എന്നു പറയുന്നു. ഉറക്കം വരുത്തുന്ന ആലസ്യമായിരിക്കും ഈ തോന്നലിനൊക്കെ കാരണം. ഏതായാലും എൻറെ വിശ്രമം ആ നിമിഷത്തില്‍ അവസാനിക്കും.”Ananthu S Kumar - Digital paintings
വാക്കുകളുടെ ധാരാളിത്തം മാത്രമല്ല, പ്ലോട്ടുകള്‍ പോലും പലപ്പോഴും കഥയ്ക്കാവശ്യമില്ലെന്നു കൂടി മാധവിക്കുട്ടി പറഞ്ഞു വച്ചിട്ടുണ്ട് – “പ്ലോട്ട് ആവശ്യമില്ല, കഥയ്ക്ക്. വിചാരങ്ങള്‍ മതി. കാരണം മനുഷ്യൻറെ ജീവിതം ജീവിക്കപ്പെടുന്നത് വിചാരങ്ങളിലാണ്…”
ഒരു വലിയ ജീവിതാനുഭവം എഴുതാന്‍ അധികം വാക്കുകളൊന്നും വേണ്ടെന്ന് പലകുറി മാധവിക്കുട്ടി തെളിയിച്ചിട്ടുണ്ട്.
ആയുഷ്‌ക്കാലം മുഴുവന്‍ വീടകത്തും അടുക്കളയിലും പണിയെടുത്ത, വര്‍ണ്ണശബളമായ പുറംലോകത്തില്‍ നിന്ന് എന്നെന്നേയ്ക്കുമായി ബഹിഷ്‌കൃതയായ, പേരില്ലാത്ത ഒരു സ്ത്രീയെക്കുറിച്ച് മാധവിക്കുട്ടി എഴുതിയ കഥ ഒന്നര പേജ് മാത്രമേയുള്ളൂ.
“അവള്‍ പഠിപ്പും പരിഷ്‌കാരവുമില്ലാത്തവളായിരുന്നു. വീട് അടിച്ചു തുടച്ച് വൃത്തിയാക്കുവാനും ഭക്ഷണം പാകം ചെയ്യുവാനും തുണികള്‍ അലക്കി ഇസ്തിരിയിടുവാനും അവള്‍ക്കുള്ള പാടവത്തെപ്പറ്റി അവര്‍ ഇടയ്ക്കിടെ പുകഴ്ത്തിപ്പറഞ്ഞു. പ്രശംസ കേള്‍ക്കുമ്പോഴൊക്കെ തേഞ്ഞ പല്ലുകള്‍ വെളിപ്പെടുത്തി അവള്‍ പുഞ്ചിരി തൂകി. ഇളയ മകന്‍ സ്‌കൂളില്‍ നിന്നു മടങ്ങുമ്പോള്‍ ഒരിക്കല്‍ ഒരു നെല്ലിക്ക അവള്‍ക്കായി കൊണ്ടു വന്നു. അന്ന് അടുക്കളയുടെ ഇരുട്ടില്‍ നിന്നുകൊണ്ട് അവള്‍ സന്തോഷാശ്രുക്കള്‍ പൊഴിച്ചു. കാലക്രമേണ അവൻറെ കണ്ണിലും അവള്‍ ഒരു പേക്കോലമായി. സ്‌കൂളിലെ ഡ്രാമയ്ക്കു താനും കൂടെ വരുമെന്ന് അവള്‍ പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു:
‘അമ്മ വരണ്ട. എനിക്കു കുറവാണ്.’
‘അതിനെന്താ, ഞാന്‍ സില്‍ക്കിൻറെ സാരി ഉടുക്കാലോ. എൻറെ കല്യാണ സാരി.’ അവള്‍ പറഞ്ഞു.
‘എന്നാലും വരണ്ട..’

‘അമ്മയെക്കണ്ടാല്‍ ഒരു കോലാടിനെയാണ് ഓര്‍മ്മ വരിക’ എന്ന് തമാശ പറഞ്ഞ മകന്‍ അങ്ങനെയേ പെരുമാറൂ..
ഒരു വല്ലാത്ത വേദനയായി അനുവാചകര്‍ മനസ്സില്‍ കൊണ്ടു നടക്കുന്ന കോലാട് എന്ന കഥ മാധവിക്കുട്ടി ഇങ്ങനെ അവസാനിപ്പിക്കുന്നു:
‘ഒരു പരിചാരകന്‍ അവളെ ചക്രക്കട്ടിലില്‍ കിടത്തി ഉന്തിക്കൊണ്ട് ആശുപത്രിമുറിയില്‍ പ്രവേശിച്ചപ്പോള്‍ കണ്ണുകള്‍ മിഴിച്ചുകൊണ്ട് അവള്‍ പറഞ്ഞു: ‘അയ്യോ! പരിപ്പ് കരിയ്ണ്ട് തോന്ന്ണൂ…’
അവളുടെ ഭര്‍ത്താവിൻറെ കണ്ണുകള്‍ നനഞ്ഞു.

ഭര്‍ത്താവിനൊപ്പം വായനക്കാരും കരയുന്നു.

“എനിക്കു പ്രകടമായിത്തന്നെ സ്‌നേഹം കിട്ടണം. ഉള്ളില്‍ സ്‌നേഹമുണ്ട്, പക്ഷേ പ്രകടിപ്പിക്കാനാവില്ല എന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല” എന്ന് തുറന്നെഴുതിയ മാധവിക്കുട്ടി ഒരു ചോദ്യം ചോദിക്കുന്നുണ്ട്: “ശവകുടീരത്തില്‍ വന്ന് പൂവിട്ടാല്‍ ഞാനറിയുമോ?”

സ്‌നേഹം മാത്രമല്ല, സ്‌നേഹനിരാസങ്ങളും കൂടിച്ചേർന്നതാണ് മാധവിക്കുട്ടി എന്ന വ്യക്തിയും എഴുത്തുകാരിയും. ലോകം ഒരു കവയിത്രിയെ നിര്‍മ്മിക്കുന്നു എന്ന കഥയിലെ നായികയുടെ ആത്മഗതം എങ്ങനെ മറക്കും?
“ഞാന്‍ പോകുമ്പോള്‍ ഈ കെട്ടുകള്‍ ബാക്കിയാകും. ഈ മിനുപ്പില്ലാത്ത മുടിയില്‍ പണ്ടെങ്ങോ ചൂടിയ മുല്ലപ്പൂക്കള്‍ കരിഞ്ഞു പറ്റിക്കിടക്കുന്നുണ്ടാകും…”

മലയാളത്തിൻറെ സുവർണ്ണ കഥകൾ (മാധവിക്കുട്ടി)
https://greenbooksindia.com/madhavikkutty/malayalathinte-suvarnakathakal-madhavikutty-madhavikkutty

പ്രണയത്തിൻറെ രാജകുമാരി (മെറിലി വെയ്സ്ബോഡ്)
https://greenbooksindia.com/memoirs/pranayathinte-rajakumari-madhavikutty-merrily-weisbord

 

 

 

 

 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles