ജ്ഞാനമായിരുന്നു നിത്യചൈതന്യ യതിയുടെ മതം. ജ്ഞാനിയായതു കൊണ്ടാണ് യതി ആള്‍ദൈവമാകാതിരുന്നത്. ജ്ഞാനികളെ മറ്റുള്ളവര്‍ ദൈവതുല്യരായിക്കണ്ട് ബഹുമാനിച്ചേക്കാം. പക്ഷേ ആള്‍ദൈവങ്ങളാക്കില്ല. ദൈവങ്ങളും ആള്‍ദൈവങ്ങളും തമ്മിലുള്ള വ്യത്യാസം തന്നെ അതാണ്. ജ്ഞാനവും അജ്ഞാനവും തമ്മിലുള്ള അന്തരം.
ഹിന്ദുമതത്തിനുമപ്പുറത്തുള്ള വിശാലമായൊരു ലോകത്തിലേയ്ക്ക് ജാഗരൂകമായി തുറന്നു വച്ച മനസ്സ് യതിയെ ലോകസഞ്ചാരിയാക്കി. ശരീരം കൊണ്ടു മാത്രമല്ല, മനസ്സു കൊണ്ടും അദ്ദേഹം ലോകം ചുറ്റിക്കൊണ്ടിരുന്നു.
എല്ലാ മതങ്ങളുടെയും ആന്തരാര്‍ത്ഥം അന്വേഷിച്ചുള്ള ആ യാത്ര നന്നേ ചെറുപ്പത്തില്‍ത്തന്നെ അദ്ദേഹം തുടങ്ങി വച്ചു. ഇന്‍ഡ്യയിലും പാകിസ്താനിലുമൊക്കെ സഞ്ചരിക്കുകയും ഗാന്ധിജിയും രമണ മഹര്‍ഷിയുമടക്കമുള്ളവരുമായി ഇടപഴകുകയും ചെയ്ത ശേഷമാണ് പത്തനംതിട്ടക്കാരന്‍ കെ ആര്‍ ജയചന്ദ്രപ്പണിക്കര്‍ നിത്യചൈതന്യ യതിയായത്. ഈ യാത്രകളത്രയും ഇന്‍ഡ്യ സ്വതന്ത്രയാകുന്നതിനു മുന്‍പായിരുന്നു. പാകിസ്താനും ബലൂചിസ്താനും അഫ്ഗാനിസ്താനും ബംഗ്ലാദേശും മലയായും നേപ്പാളും ഭൂട്ടാനും സിങ്കപ്പൂരും സിലോണും ഉള്‍പ്പെട്ടിരുന്ന ഒരു മാതൃരാജ്യത്തെക്കുറിച്ചാണ് താന്‍ കുട്ടിക്കാലത്ത് അഭിമാനം കൊണ്ടിരുന്നതെന്ന് യതി എഴുതിയിട്ടുണ്ട്. അതിവിശാലമായ ഒരു സംസ്‌കൃതി എന്ന നിലയിലാണ് യതി ഭാരതീയത എന്ന പദത്തെ ഉള്‍ക്കൊണ്ടിരുന്നത്. അത്തരമൊരു ദര്‍ശനത്തിന്റെ ശക്തിചൈതന്യങ്ങളില്‍ നിന്നാണ് സന്യാസത്തെത്തന്നെ പുനര്‍നിര്‍വചിച്ച നിത്യചൈതന്യ യതി എന്ന ഗുരു ഉണ്ടാകുന്നത്. ഒരേ സമയം അദ്ധ്യാപകനും വിദ്യാര്‍ത്ഥിയുമായിരുന്നു യതി.
ഫേണ്‍ ഹില്ലിലെ ആശ്രമത്തില്‍ ആത്മീയതയ്ക്ക് പുതിയ വ്യാഖ്യാനങ്ങള്‍ ചമച്ചുകൊണ്ട് യതി ഒരു സവിശേഷ ജീവിതചര്യ ഒരുക്കിയെടുത്തു. വേദോപനിഷത്തുകളുടെയോ പുരാണങ്ങളുടെയോ തത്വദര്‍ശനങ്ങളുടെയോ ആധിക്യം കൊണ്ട് ആരെയും ശ്വാസം മുട്ടിക്കാന്‍ യതി ശ്രമിച്ചില്ല. സത്യജിത് റേ അടക്കമുള്ള പ്രതിഭാധനരുടെ സിനിമകളും വാന്‍ ഗോഗിനെപ്പോലെ വ്യതിരിക്തരായ ചിത്രകാരന്‍മാരുടെ പെയിന്റിങ്ങുകളും പാശ്ചാത്യ പൗരസ്ത്യ സംഗീത ധാരകളും നിറഞ്ഞ ഒരു സ്വതന്ത്ര ലോകമായിരുന്നു യതിയുടേത്. സന്യാസജീവിതത്തിന് കാല്പനികതയുടെ നിറങ്ങളും ഗന്ധങ്ങളും പകര്‍ന്നു കൊണ്ടാണ് യതി ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ചത്. ആധ്യാത്മിക ജീവിതം അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിന്റേതു കൂടിയാണെന്ന് അദ്ദേഹം പഠിപ്പിച്ചു. അറിവില്‍ അഭിരമിക്കാന്‍ ആരെയും അദ്ദേഹം അനുവദിച്ചില്ല. ജീവിതത്തിന്റെ സ്വസ്ഥതയ്ക്കു തടസ്സമാകാത്ത ഏതറിവും സ്വീകരിക്കാമെന്നും സ്വാസ്ഥ്യം കെടുത്തുന്ന ജ്ഞാനം എത്ര മഹത്തരമാണെങ്കിലും തിരസ്‌കരിക്കണമെന്നും യതി വിശ്വസിച്ചു.
ദൈവസങ്കല്പത്തെപ്പോലും ഈ മാനദണ്ഡമുപയോഗിച്ചാണ് യതി അപഗ്രഥിച്ചത്.
ബ്രാഹ്മണനെ സൃഷ്ടിച്ചിട്ടും ലോകം നന്നായില്ല. ക്ഷത്രിയനെ സൃഷ്ടിച്ചിട്ടും ലോകം നന്നായില്ല. വൈശ്യനെ സൃഷ്ടിച്ചിട്ടും ലോകം നന്നായില്ല. പിന്നീട് ശൂദ്രനെ സൃഷ്ടിച്ചു. ആ ശൂദ്രനാണ് സകലര്‍ക്കും അന്നവും വസ്ത്രവും കൊടുക്കുന്നവന്‍. അവന്‍ ലോക രക്ഷകനാണ് – ഒരാളും ഈ മന്ത്രത്തിന് വ്യാഖ്യാനം എഴുതിയില്ല.
ദൈവത്തെക്കുറിച്ചുള്ള അന്വേഷണം എവിടെയും അദ്ദേഹം അവസാനിപ്പിച്ചില്ല. ദൈവം ഉണ്ടെന്നോ ഇല്ലെന്നോ സ്ഥാപിക്കാന്‍ ശ്രമിച്ചതുമില്ല. അന്വേഷണത്തിന്റെ എല്ലാ തലങ്ങളും അവതരിപ്പിച്ചതിനു ശേഷം മാറിനില്‍ക്കുകയായിരുന്നു യതിയുടെ പതിവ്. അതോടെ അദ്ദേഹത്തോടൊപ്പം അന്വേഷണം നടത്തുന്നവരുടെ ലോകം കുറച്ചു കൂടി വിശാലമാകുന്നു. അവരുടെ മുന്‍ധാരണകള്‍ ഇല്ലാതാകുന്നു. അതു വരെ കണ്ടെത്തിയിട്ടില്ലാത്ത പുതിയ സഞ്ചാരപഥങ്ങളിലൂടെ അന്വേഷണങ്ങള്‍ തുടരുന്നു.
മലയാളത്തിലും ഇംഗ്ലീഷിലും സമൃദ്ധമായി എഴുതിയ യതി സ്‌കൂളിൽ വച്ചോ കോളേജിൽ വച്ചോ ഭാഷയും വ്യാകരണവും കാര്യമായി പഠിച്ചിട്ടില്ല. പിന്നീട് വൈവിദ്ധ്യമുള്ള ലോക സംസ്‌കാരങ്ങളുമായി ബന്ധപ്പെടുമ്പോഴാണ് ഭാഷ എന്നത് ഓരോ മനുഷ്യജീവിക്കും കിട്ടിയ അനുഗ്രഹമാണെന്ന് അദ്ദേഹം തിരിച്ചറിയുന്നത്. ദൂരദര്‍ശനു നല്‍കിയ ഒരഭിമുഖത്തില്‍ യതി പറയുന്നു: “ശബ്ദം എങ്ങനെ വാക്കായി മാറുന്നുവെന്നും എങ്ങനെ അതിന് അര്‍ത്ഥമുണ്ടാകുന്നു എന്നും മനസ്സിലാക്കാനാണ് ഞാന്‍ ശ്രമിച്ചത്. ലോകോത്തര കൃതികള്‍ കണ്ടെത്തി അവ എങ്ങനെ വിശ്വപ്രസിദ്ധങ്ങളായി എന്നു മനസ്സിലാക്കാന്‍ ശ്രമിച്ചു. ഒരു ഭാഷയിലെ മാത്രമല്ല, പല ഭാഷകളിലെയും ക്ലാസ്സിക്കുകള്‍ പഠിച്ചു. ഞാന്‍ എഴുതുമ്പോള്‍ അക്ഷരങ്ങളോ വാക്കുകളോ ഒന്നും എന്റെ മുന്നിലുണ്ടാകാറില്ല. ഒരു ഹൃദയം മറ്റൊരു ഹൃദയത്തോട് സംവദിക്കാന്‍ ശ്രമിക്കുന്ന പ്രക്രിയയാണ് എഴുത്ത്. പലപ്പോഴും മൗനമാണ് ഹൃദയത്തിന്റെ ഭാഷ. ആ മൗനത്തിലേയ്ക്ക് എത്തിച്ചേരാന്‍ ഡിക്ഷണറികളോ താത്വിക ഗ്രന്ഥങ്ങളോ നമ്മെ സഹായിക്കില്ല. ഭാഷയുടെ നിശ്ശബ്ദതയിലേയ്ക്ക് നമ്മള്‍ സ്വയം ഇറങ്ങിച്ചെല്ലണം. നളിനി എന്ന കാവ്യശില്പം എഴുതുമ്പോള്‍ ഓരോ വരിയിലും കുമാരനാശാന്‍ അനുഭവിച്ച വികാരവും വിചാരവും മൗനവുമൊക്കെ എന്തായിരിക്കും എന്ന ചിന്തയാണ് എന്നെ ഭരിച്ചത്. അങ്ങനെ ആശാനുമായി താദാത്മ്യം പ്രാപിച്ചതിനു ശേഷം മാത്രമേ ഞാന്‍ പേനയെടുത്ത് എന്തെങ്കിലും എഴുതിയിട്ടുള്ളൂ.”
ആശാന്റെ ദുരവസ്ഥയും ചിന്താവിഷ്ടയായ സീതയും യതി പഠനവിധേയമാക്കിയിട്ടുണ്ട്. ശ്രീനാരായണ ഗുരുവിന്റെ ആത്മോപദേശക ശതകവും ദര്‍ശനമാലയും വ്യാഖ്യാനിച്ചുകൊണ്ട് അദ്ദേഹമെഴുതിയ പുസ്തകങ്ങള്‍ എക്കാലത്തും പ്രസക്തമാണ്.
“മനുഷ്യഗുരുവില്‍ നിന്ന് ജ്ഞാനമാര്‍ജ്ജിക്കാനെത്തിയ അശ്വിനീകുമാരന്‍മാര്‍ അദ്ദേഹത്തിൻറെ തലയറുക്കുകയും ഒരു കുതിരത്തല പകരം വച്ചുകൊടുക്കുകയും ചെയ്തു. അങ്ങനെ കുതിരത്തല വച്ച മനുഷ്യഗുരുവില്‍ നിന്നാണ് അശ്വിനീകുമാരന്‍മാര്‍ ബൃഹദാരണ്യകോപനിഷത്ത് ഗ്രഹിച്ചത്.”
ബൃഹദാരണ്യകോപനിഷത്തിന്റെ വിവര്‍ത്തനം രചിക്കുമ്പോള്‍ ഒരുപനിഷത്തായി മാത്രമല്ല ആ കൃതിയെ സമീപിച്ചതെന്ന് യതി പറഞ്ഞിട്ടുണ്ട്. ഒരു മന്ത്രത്തെ വ്യാഖ്യാനിക്കുമ്പോള്‍ ആ മന്ത്രത്തെ മാത്രമല്ല അദ്ദേഹം കണ്ടത്. മന്ത്രത്തില്‍ ജീവിക്കുകയാണ് ചെയ്തത്. യാജ്ഞവത്ക്യനായും, ഗാര്‍ഗ്ഗിയായും, ജനകനായുമൊക്കെ ജീവിച്ചുകൊണ്ടാണ് ബൃഹദാരണ്യകോപനിഷത്തിനെ യതി വ്യാഖ്യാനിച്ചത്. ഭാരതീയ ദാര്‍ശനിക കൃതികള്‍ക്കൊപ്പം സാര്‍ത്രിനെയും കമ്യൂവിനെയും ദസ്തയേവ്‌സ്‌കിയേയും മാക്‌സിം ഗോര്‍ക്കിയെയും ജലാലുദ്ദീന്‍ റൂമിയെയും യതി സ്വാംശീകരിച്ചു. ഖുര്‍ ആന്‍ വ്യാഖ്യാനിക്കുമ്പോള്‍ ഇസ്ലാം മറ്റൊരാളുടെ മതമാണെന്ന് യതി കരുതിയില്ല. അല്ലാഹു എന്ന വാക്കിന്റെ ഹൃദയത്തിലേയ്ക്കു കടക്കണമെങ്കില്‍ മറ്റെല്ലാ പ്രതിബന്ധങ്ങളും മാറ്റി വയ്ക്കണമെന്നും വലിയൊരു വിവേകിക്കു മാത്രമേ ഒരുത്തമ ഗ്രന്ഥം വായിക്കാന്‍ കഴിയൂ എന്നും യതി പറയുന്നു.
ബൃഹദാരണ്യകോപനിഷത്തില്‍ ഗുരുപരമ്പരകളെക്കുറിച്ചു പറയുന്നതിലെ സങ്കീര്‍ണ്ണതയെക്കുറിച്ച് യതി ഒരു നിരീക്ഷണം നടത്തിയിട്ടുണ്ട്. ഇതും ദൂരദര്‍ശന്‍ അഭിമുഖത്തിലുള്ളതാണ്. യതി പറയുന്നു- “ബൃഹദാരണ്യകോപനിഷത്തില്‍ പറയുന്ന ഗുരുപരമ്പരയുടെ തുടക്കം തേടിപ്പോയാല്‍ ആദ്യത്തെ പത്തു ഗുരുക്കന്‍മാരും മനുഷ്യരല്ല, തത്വങ്ങള്‍ മാത്രമാണെന്നു കാണാം. പിന്നീട് ബ്രഹ്മവിദ്യ ഒരു മനുഷ്യപുത്രനിലേയ്‌ക്കെത്തുന്നു. അദ്ദേഹത്തില്‍ നിന്ന് ബ്രഹ്മവിദ്യയാര്‍ജ്ജിക്കാന്‍ ദേവന്‍മാര്‍ നിര്‍ബന്ധിതരാകുന്നു. ഈ മനുഷ്യഗുരുവില്‍ നിന്ന് ജ്ഞാനമാര്‍ജ്ജിക്കാനെത്തിയ അശ്വിനീകുമാരന്‍മാര്‍ അദ്ദേഹത്തിൻറെ തലയറുക്കുകയും ഒരു കുതിരത്തല പകരം വച്ചുകൊടുക്കുകയും ചെയ്തു. അങ്ങനെ കുതിരത്തല വച്ച മനുഷ്യഗുരുവില്‍ നിന്നാണ് അശ്വിനീകുമാരന്‍മാര്‍ ബൃഹദാരണ്യകോപനിഷത്ത് ഗ്രഹിച്ചത്.” ഇത്രയും ഭീകരമായിരുന്നു നമ്മുടെ സംസ്‌കാരത്തിന്റെ രാഷ്ട്രീയം എന്ന് യതി നിരീക്ഷിക്കുന്നു.
ഭാരതീയ ആദ്ധ്യാത്മിക ചരിത്രം സത്യസന്ധമായിട്ടല്ല എഴുതിവച്ചിട്ടുള്ളതെന്ന് യതി പറഞ്ഞിട്ടുണ്ട് – “ചരിത്രത്തില്‍ പലതും മറച്ചു വച്ചിരിക്കുകയാണ്. ഉദാഹരണത്തിന് ബൃഹദാരണ്യകോപനിഷത്ത് ഒന്നാമദ്ധ്യായത്തിലെ ഒരു മന്ത്രത്തില്‍ ഇങ്ങനെ പറയുന്നു-ബ്രാഹ്മണനെ സൃഷ്ടിച്ചിട്ടും ലോകം നന്നായില്ല. ക്ഷത്രിയനെ സൃഷ്ടിച്ചിട്ടും ലോകം നന്നായില്ല. വൈശ്യനെ സൃഷ്ടിച്ചിട്ടും ലോകം നന്നായില്ല. പിന്നീട് ശൂദ്രനെ സൃഷ്ടിച്ചു. ആ ശൂദ്രനാണ് സകലര്‍ക്കും അന്നവും വസ്ത്രവും കൊടുക്കുന്നവന്‍. അവന്‍ ലോക രക്ഷകനാണ് – ഒരാളും ഈ മന്ത്രത്തിന് വ്യാഖ്യാനം എഴുതിയില്ല. ഇത്രയും മഹാന്മാര്‍ ഉണ്ടായിട്ടും എല്ലാവരും ആ ഒരു മന്ത്രം തഴഞ്ഞിട്ടാണ് ബൃഹദാരണ്യകോപനിഷത്ത് വ്യാഖ്യാനിച്ചിട്ടുള്ളത്.”
പൂക്കള്‍ക്കൊപ്പം കള്ളിമുള്‍ച്ചെടികളും യതി ഉദ്യാനത്തില്‍ വളര്‍ത്തിയിരുന്നു. ഓരോ മുള്ളിനും ഒരു പൂവിന്റെ സൗന്ദര്യവും പൂര്‍ണ്ണതയുമുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. അതുകൊണ്ട് മുള്ളിനെയും പൂക്കളെയും ദുഃഖത്തിന്റെയോ സുഖത്തിന്റെയോ പ്രതീകങ്ങളായി യതി കണ്ടിരുന്നില്ല. ദൈവസൃഷ്ടിയിലെ രണ്ട് ആനന്ദങ്ങളായിക്കരുതി അവയെ കരുതി പരിപാലിച്ചു. ഭൂമിയിലെ ജീവിതമാണ് സര്‍വ്വപ്രധാനമെന്ന് എപ്പോഴും പറഞ്ഞു കൊണ്ടിരുന്നു. ജീവിച്ച കാലത്തെ എക്കാലത്തും നന്ദിപൂര്‍വ്വം ഓര്‍ത്തു.
ഇന്ന് യതിയുടെ സ്മൃതി ദിനമാണ്. 1999 മെയ് 15 ന് ഊട്ടിയിലെ ഫേണ്‍ഹില്‍ ആശ്രമത്തില്‍ വച്ച് എഴുപത്തിനാലാം വയസ്സിലാണ് ഗുരു നിത്യചൈതന്യ യതി അന്തരിച്ചത്. ‘അന്തരിച്ചത്’ എന്നു ധൈര്യമായിത്തന്നെ പറയട്ടെ. നല്ല മനുഷ്യനായി ജീവിച്ച സന്യാസി മനുഷ്യനെപ്പോലെ മരിക്കുകയേ വേണ്ടൂ. സമാധിയാകേണ്ടതില്ല.
പ്രണാമം.
ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ച ചില നിത്യചൈതന്യ യതി കൃതികൾ
മരണമെന്ന വാതിലിനപ്പുറം (നിത്യചൈതന്യ യതി)
https://greenbooksindia.com/nithya-chaithanya-yathi/maranamenna-vathilinappuram-nithya-chaithanya-yathi
നെരൂദയുടെ ഓർമ്മക്കുറിപ്പുകൾ (പരിഭാഷ നിത്യചൈതന്യ യതി)
https://greenbooksindia.com/nithya-chaithanya-yathi/nerudayude-ormakkurippukal-nithya-chaithanya-yathi
സീത നൂറ്റാണ്ടുകളിലൂടെ (നിത്യചൈതന്യ യതി)
https://greenbooksindia.com/nithya-chaithanya-yathi/seetha-nootandukaliloode-nithya-chaithanya-yathi
സ്നേഹസംവാദം (നിത്യചൈതന്യ യതി)
https://greenbooksindia.com/nithya-chaithanya-yathi/snehasamvadham-nithya-chaithanya-yathi
ഉള്ളിൽ കിന്നാരം പറയുന്നവർ (നിത്യചൈതന്യ യതി)
https://greenbooksindia.com/nithya-chaithanya-yathi/ullil-kinnaram-parayunnavar-nithya-chaithanya-yathi
ദേശാടനം (ഹെര്‍മ്മന്‍ ഹെസ്സെ) പരിഭാഷ: നിത്യചൈതന്യ യതി
https://greenbooksindia.com/nithya-chaithanya-yathi/desadanm-nithya-chaithanya-yathi