The director is the only person who knows what the film is about.
-Satyajit Ray
ഇന്‍ഡ്യന്‍ സിനിമയ്ക്ക് ആദ്യമായി അന്താരാഷ്ട്ര ചലച്ചിത്ര വേദികളില്‍ മാന്യമായ ഇരിപ്പിടം നേടിക്കൊടുത്ത സത്യജിത് റേയുടെ ജന്മദിനമാണിന്ന്. സ്വന്തം മാദ്ധ്യമത്തിനു മേല്‍ ഒരു സ്വേച്ഛാധിപതിയെപ്പോലെ അധികാരം സ്ഥാപിക്കുകയും സിനിമയെ തികഞ്ഞ വൈയക്തികാനുഭവമാക്കി മാറ്റുകയും ചെയ്തുകൊണ്ടാണ് റേ സമകാലിക ഇന്‍ഡ്യന്‍ സംവിധായകരില്‍ നിന്നു വ്യത്യസ്തനായത്. പഥേര്‍ പഞ്ചാലിയും അപുര്‍ സന്‍സാറും അപരാജിതോയും ഉള്‍പ്പെടുന്ന അപുത്രയം (അപു ട്രിലോജി) ബിഭൂതി ഭൂഷണ്‍ ബന്ദോപാദ്ധ്യായയുടെ നോവലിനെ ആസ്പദമാക്കി മെനഞ്ഞെടുത്തതാണെങ്കിലും ആ സിനിമകളില്‍ ആത്യന്തികമായി പതിഞ്ഞിട്ടുള്ള കയ്യൊപ്പ് സത്യജിത് റേ എന്ന ചലച്ചിത്രകാരന്റേതാണ്. “സിനിമ എന്തായിരിക്കണം, എന്തൊക്കെയാകാമെന്ന്
പ്രേക്ഷകരെ ഓര്‍മ്മിപ്പിക്കുന്നു” എന്ന് വിഖ്യാത അമേരിക്കന്‍ ചലച്ചിത്ര നിരൂപകന്‍ റോജര്‍ എബെര്‍ട്ട് എഴുതിയത് അതുകൊണ്ടാണ്. തിരക്കഥാരചനയിലും സംവിധാനത്തിലും മാത്രമല്ല, ഛായാഗ്രഹണം, ചിത്രസംയോജനം, സംഗീതസംവിധാനം, കലാസംവിധാനം, ടൈറ്റില്‍ ഡിസൈനിങ്, പോസ്റ്റര്‍ ഡിസൈനിങ്, താരനിര്‍ണ്ണയം തുടങ്ങി സിനിമയുടെ എല്ലാ മേഖലകളിലും റേ ഇടപെട്ടിരുന്നു. സ്വയം ആര്‍ജ്ജിച്ചെടുത്ത സാങ്കേതിക വൈദഗ്ധ്യത്തിന്റെ മൗലികതയാണ് റേയുടെ സര്‍ഗ്ഗശക്തിക്ക് തിളക്കമേറ്റിയത്.
സര്‍വ്വകാല പ്രസക്തിയുള്ള രാഷ്ട്രീയ-സാംസ്‌കാരിക സംവാദങ്ങളാണ് സത്യജിത് റേയുടെ സിനിമകള്‍. ഒരിക്കലും അദ്ദേഹത്തിന്റെ ഫ്രെയ്മുകള്‍ അതിവാചാലമായില്ല. മാനുഷിക വികാരങ്ങളുടെ സൂക്ഷ്മതലങ്ങളിലാണ് അദ്ദേഹം ശ്രദ്ധയൂന്നിയത്. ജന ആരണ്യ പോലെ ഇന്‍ഡ്യന്‍ രാഷ്ട്രീയ സാമൂഹ്യാവസ്ഥയുടെ മലീമസമായ പിന്നാമ്പുറങ്ങള്‍ തുറന്നു കാണിക്കുന്ന സിനിമകളിലും വ്യഥിതരായ മനുഷ്യരുടെ മാനസികവ്യാപാരങ്ങള്‍ക്ക് അദ്ദേഹം പ്രാധാന്യം നല്‍കി.
റേയുടെ ഒരു സിനിമ പോലും കണ്ടിട്ടില്ലെങ്കില്‍ സൂര്യനെയോ ചന്ദ്രനെയോ ഒരിക്കലും കാണാതെയാണ് നിങ്ങള്‍ ഭൂമിയില്‍ ജീവിക്കുന്നതെന്നര്‍ത്ഥം.
–അകിര കുറോസാവ
1921 മെയ് 2 ന് കൊല്‍ക്കൊത്തയില്‍ ജനിച്ച സത്യജിത് റേയുടെ പിതാവ് സുകുമാര്‍ റേയും മുത്തച്ഛന്‍ ഉപേന്ദ്രകിഷോര്‍ റേയും കലാസാഹിത്യരംഗങ്ങളില്‍ തിളങ്ങിയവരായിരുന്നു. ആ പാരമ്പര്യം റേയും തുടര്‍ന്നു.
ലോകമറിയുന്ന ചലച്ചിത്രകാരനായിരിക്കെത്തന്നെ ബംഗാളി സാഹിത്യത്തിലും പത്രപ്രവര്‍ത്തന രംഗത്തും റേ സജീവമായിരുന്നു. അദ്ദേഹം എഴുതിയ ഉത്കൃഷ്ടമായ കഥകളും ആത്മകഥാപരമായ രചനകളും പല ഭാഷകളിലേയ്ക്കും വിവര്‍ത്തനം ചെയ്യപ്പെട്ടു.
അപുത്രയത്തിനു പുറമെ ദേവി, ജല്‍സാഘര്‍, ചാരുലത, ഗണശത്രു, അരണ്യേര്‍ ദിന്‍ രാത്രി തുടങ്ങി നിരവധി കഥാചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്ത റേ നിരവധി ദേശീയ-അന്തര്‍ദ്ദേശീയ അംഗീകാരങ്ങള്‍ നേടി. 1992 ഏപ്രില്‍ 23 ന് എഴുപതാം വയസ്സില്‍ റേ അന്തരിച്ചു.
റേയുടെ പ്രതിഭാസമ്പന്നമായ ചലച്ചിത്രജീവിതത്തെ ഏറ്റവും മനോഹരമായി നിര്‍വ്വചിച്ചത് വിശ്രുത ജാപ്പനീസ് സംവിധായകന്‍ അകിര കുറോസാവ ആണ്. അദ്ദേഹം പറഞ്ഞു – റേയുടെ ഒരു സിനിമ പോലും കണ്ടിട്ടില്ലെങ്കില്‍ സൂര്യനെയോ ചന്ദ്രനെയോ ഒരിക്കലും കാണാതെയാണ് നിങ്ങള്‍ ഭൂമിയില്‍ ജീവിക്കുന്നതെന്നര്‍ത്ഥം.
ലിങ്കുകളില്‍ ക്ലിക് ചെയ്യുക
1. അപുവിനോടൊത്തുള്ള എന്റെ ദിനങ്ങള്‍ (പരിഭാഷ ലീല സര്‍ക്കാര്‍)
https://greenbooksindia.com/satyajit-ray/apuvinodothulla-ente-dinangal-satyajit-ray
2. ബാല്യകാല സ്മരണകള്‍ (പരിഭാഷ ലീല സര്‍ക്കാര്‍)
https://greenbooksindia.com/satyajit-ray/balyakalasmaranakal-sathyajith-ray
3. സത്യജിത് റേ സിനിമയും ജിവിതവും (എം കെ ചന്ദ്രശേഖരന്‍)
https://greenbooksindia.com/satyajit-ray/sathyajithray-cinemayum-jeevithvum-satyajit-ray
4. ശാസ്ത്രകഥകള്‍
https://greenbooksindia.com/sasthra-kathakal-satyajit-ray