ഒരു മഹദ് വ്യക്തിയുടെ ജീവചരിത്രം എഴുതാനുള്ളത്ര വലുപ്പമോ പാണ്ഡിത്യമോ എനിക്കില്ല. ഡോ.സുഗതന്റെ ജീവചരിത്രം എഴുതാന്‍ ഞാന്‍ നിമിത്തമായത് ദൈവനിയോഗമായിരിക്കാം. ഇദ്ദേഹത്തിന്റെ മകള്‍ അനിത മോഹന്‍ എന്റെ നല്ല ഒരു സുഹൃത്തും സഹപ്രവര്‍ത്തകയുമാണ്. ഇവരുടെ മകള്‍ ശ്രീദേവിയും മകന്‍ ഗോകുലും എന്റെ അരുമ ശിഷ്യരുമാണ്.
അനിതാ മോഹനില്‍ നിന്നും അച്ഛനെക്കുറിച്ച് ഏറെ കേട്ടറിയാന്‍ തുടങ്ങിയതോടെ, ഒരുപാട് അനുഭവസ്ഥനായ അദ്ദേഹത്തോട് ഒരു ആത്മകഥയെഴുതാന്‍ പറയൂ എന്ന്് ഞാന്‍ പല തവണ അനിതാ മോഹനോട് പറയുകയുണ്ടായി. താന്‍ വലിയ ഒരു ആളാണെന്ന തോന്നലില്ലാത്തതിനാലായിരിക്കാം അതിനുള്ള ഉത്സാഹം അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. മലയാള ഭാഷയില്‍ അപാരപാണ്ഡിത്യമുള്ള ഒരാളാണ് ഇദ്ദേഹം. ഇന്റര്‍മീഡിയറ്റ് കഴിയുന്നതിന് മുമ്പുതന്നെ മലയാള സാഹിത്യത്തിലെ ഒട്ടുമിക്ക ഉല്‍കൃഷ്ട സൃഷ്ടികളും പല തവണ വായിച്ച ഒരാള്‍ കൂടിയാണ് ഡോ.സുഗതന്‍. അതുകൊണ്ട് സ്വാനുഭവം ഓര്‍ത്തെടുത്ത് ആത്മകഥാരൂപത്തില്‍ പ്രസിദ്ധപ്പെടുത്തിയാല്‍ അത് ഇന്നത്തെ തലമുറയ്ക്ക് ഏറെ പ്രയോജനകരമാകുമെന്ന് ഞാന്‍ പറയുകയുണ്ടായി. കാരണം, വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചുവളര്‍ന്ന ഒരാളല്ല ഡോ.സുഗതന്‍. അനവധി അഗ്നിപരീക്ഷണങ്ങളെ തരണം ചെയ്ത് പടിപടിയായി ഉയര്‍ന്ന് വിജയഗാഥ രചിച്ച ഒരാളാണ്. ജീവിത സാഹചര്യങ്ങളെ പഴി പറഞ്ഞ് വിലപിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് ഒരു പാഠപുസ്തകമാണ് ഡോ.സുഗതന്റെ ജീവിതകഥ.
അച്ഛന്റെ ജീവിതകഥ ഒരു പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കണമെന്ന അനിതാ മോഹന്റെ മോഹസാഫല്യമാണ് ഈ ജീവിതകഥയുടെ രചനയ്ക്ക് പിന്നില്‍. അത് എന്നെക്കൊണ്ട് ആവുംവിധം എഴുതിയെന്ന് മാത്രം. എഴുത്തിന്റെ വഴിയില്‍ ആദ്യ ചുവടുകള്‍ മാത്രം വെച്ച് സഞ്ചരിക്കാന്‍ തുടങ്ങിയ എന്റെ പോരായ്മകള്‍ സദയം ക്ഷമിക്കുമെന്ന വിശ്വാസത്തോടെ.
– ഏ.ജി ഉമാദേവി