Saturday, July 27, 2024

ദി ഷോ മസ്റ്റ് ഗോ ഓൺ……

ന്ന് ഗിരീഷ് കര്‍ണാഡിന്‍റെ ചരമദിനം.
നാടകകൃത്തും നടനും ചലച്ചിത്രസംവിധായകനുമൊക്കെയായിരുന്ന കര്‍ണാഡിന് ഒരു കവിയാകാനായിരുന്നു ആദ്യം മോഹം. ആംഗലകവിതയിലായിരുന്നു താത്പര്യം. ബിരുദം നേടി എങ്ങനെയും വിദേശത്തു പോകണം. ലണ്ടന്‍ നഗരത്തില്‍ ടി എസ് എലിയറ്റിനും ഡബ്ല്യൂ എച്ച് ഓഡനുമൊപ്പം കവിയായി വിലസണം. പറ്റുമെങ്കില്‍ നൊബേല്‍ സമ്മാനജേതാവാകണം.
Happy birthday Girish Karnad: Revisiting Samskara (1970)അങ്ങനെ കവിമനസ്സുമായി കാലം കഴിക്കെ ഒരു നിയോഗം പോലെ, തന്‍റെ ഇരുപത്തിമൂന്നാം വയസ്സില്‍, ഇന്‍ഡ്യന്‍ നാടകചരിത്രത്തിലെ നാഴികക്കല്ലായി മാറിയ യയാതി ഗിരീഷ് കര്‍ണാട് എഴുതുകയായിരുന്നു. സി രാജഗോപാലാചാരിയുടെ ഇംഗ്ലീഷിലുള്ള മഹാഭാരത പുനരാഖ്യാനത്തിന്‍റെ സ്വാധീനത്തോടൊപ്പം വൈദ്യുതിബന്ധം പോലുമില്ലാത്ത സിര്‍സി എന്ന വിദൂരഗ്രാമത്തിന്‍റെ പുരാവൃത്തങ്ങളില്‍ മുഴുകി ചെലവഴിച്ച കുട്ടിക്കാലത്ത് ആവേശപൂര്‍വ്വം ഉള്‍ക്കൊണ്ട ഇന്‍ഡ്യന്‍ പുരാണേതിഹാസങ്ങളുടെ ബിംബസമൃദ്ധിയും യയാതിയില്‍ പ്രകടമാണ്.
Buy Yayati Book Online at Low Prices in India | Yayati Reviews & Ratings -  Amazon.inവിദേശത്തു പോയി പഠിക്കാന്‍ ദീര്‍ഘമായ സമുദ്രയാത്രയ്ക്കൊരുങ്ങുകയായിരുന്ന ഗിരീഷിനും അച്ഛനുമിടയില്‍ അക്കാലത്തുടലെടുത്ത സംഘര്‍ഷങ്ങളും പിതൃ-പുത്രബന്ധത്തിന്‍റെ വിചിത്രതലങ്ങള്‍ ആവിഷ്കരിക്കുന്ന യയാതിയുടെ പിറവിക്കു വഴിവച്ചിട്ടുണ്ടാകണം. 1961 ല്‍ യയാതി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചതോടെ കന്നഡ നാടകവേദിയാണ് തന്‍റെ ലോകമെന്ന് കര്‍ണാട് തിരിച്ചറിഞ്ഞു – കന്നഡയാണ് തന്‍റെ ആവിഷ്കാരഭാഷയെന്നും. ആംഗലേയകവിയാകണമെന്ന മോഹവും അതോടെ ഉപേക്ഷിച്ചു. പിന്നീട് നാടകങ്ങളുടെ വസന്തകാലമായിരുന്നു.
തുഗ്ലക്, ഹയവദന, നാഗമണ്ഡല, അഞ്ചു മല്ലിഗേ, തലെ ദണ്ഡ, അഗ്നി മട്ടു മഴെ, ടിപ്പുസുല്‍ത്താന്‍ കണ്ട സ്വപ്നങ്ങള്‍, ബ്രോക്കണ്‍ ഇമേജസ്, വെഡ്ഡിങ് ആല്‍ബം തുടങ്ങി അദ്ദേഹം രചിച്ച നാടകങ്ങളെല്ലാം ഇന്‍ഡ്യയിലും വിദേശത്തും അരങ്ങുകള്‍ കീഴടക്കി.

തിരക്കഥാകൃത്തും നായകനടനുമായാണ് ആയിരത്തിത്തൊള്ളായിരത്തി എഴുപതില്‍ ഗിരീഷ് കര്‍ണാട് സിനിമാലോകത്തേയ്ക്കു പ്രവേശിച്ചത്. യു ആര്‍ അനന്തമൂര്‍ത്തിയുടെ വിവാദനോവലായ സംസ്കാരയുടെ അതേ പേരിലുള്ള ചലച്ചിത്രാവിഷ്കാരത്തിലായിരുന്നു തുടക്കം. പട്ടാഭിരാമ റെഡ്ഡിയായിരുന്നു സംവിധായകന്‍. റെഡ്ഡിയും കര്‍ണാടും ചേര്‍ന്ന് തിരക്കഥയെഴുതി.

Buy Hayavadana A Critical Study Girish Karnad Book Online at Low Prices in  India | Hayavadana A Critical Study Girish Karnad Reviews & Ratings -  Amazon.inപിന്നീട് വംശവൃക്ഷ (1971) യിലൂടെ കര്‍ണാട് സംവിധായകനുമായി. കാടു (1973), തബ്ബലിയു നീനഡെ മഗനെ (1977), ഗോധുളി (ഹിന്ദി – 1977), ഒണ്ടനോഡു കലഡള്ളി (1978), കാനൂരു ഹെഗ്ഗദിതി (1999), ഉത്സവ് (ഹിന്ദി – 1984), ചെലുവി (1992) തുടങ്ങി അദ്ദേഹം സംവിധാനം ചെയ്ത സിനിമകളില്‍ ഭൂരിപക്ഷവും നോവലുകളുടെയോ നാടകങ്ങളുടെയോ പുനരാവിഷ്കാരങ്ങളായിരുന്നു.
നാടകത്തിലായാലും സിനിമയിലായാലും ഏതു കാലഘട്ടത്തിന്‍റെ കഥ പറയുമ്പോഴും വര്‍ത്തമാനകാല രാഷ്ട്രീയത്തിലേയ്ക്ക് പ്രമേയങ്ങളെ വിളക്കിച്ചേര്‍ക്കാന്‍ കര്‍ണാഡ് ശ്രദ്ധിച്ചിരുന്നു.
ഒരു സംവിധായകനെന്ന നിലയില്‍ ഗിരീഷ് കര്‍ണാട് ഇന്‍ഡ്യന്‍ സിനിമയ്ക്കു നല്‍കിയ ഏറ്റവും മികച്ച സംഭാവന ഉത്സവ് (1984) ആണെന്ന് നിസ്സംശയം പറയാം. ശൂദ്രകന്‍റെ മൃച്ഛകടികം എന്ന നാടകത്തെയും ഭാസന്‍റെ ചാരുദത്ത എന്ന അപൂര്‍ണ്ണകൃതിയെയും ആസ്പദമാക്കിയാണ് കര്‍ണാട് ഉത്സവിന്‍റെ തിരക്കഥ രചിച്ചത്. ഈ രണ്ടു കഥകളുടെയും കാലഘട്ടങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ലാത്ത കാമസൂത്ര രചയിതാവ് വാത്സ്യായനനെയും കര്‍ണാട് സിനിമയില്‍ അവതരിപ്പിക്കുന്നുണ്ട്. വാത്സ്യായനന്‍ ഒരേസമയം കാമശാസ്ത്ര ഗവേഷകനായും സൂത്രധാരനായും പ്രത്യക്ഷപ്പെടുന്നു. മൃച്ഛകടികം എന്ന നാടകത്തെക്കാളുപരി, മനുഷ്യര്‍ എല്ലാ ജീവിതസന്ദര്‍ഭങ്ങളെയും ആഘോഷങ്ങളും ഉത്സവങ്ങളുമാക്കി, മോഷണത്തെയും ചൂതുകളിയെയും ഗണികാവൃത്തിയെയും രതിയെയും പോലും കലകളാക്കി, സ്വാതന്ത്ര്യേച്ഛുക്കളായി ജീവിച്ചിരുന്ന ഭാരതചരിത്രത്തിലെ ഒരു കാലഘട്ടത്തെയാണ് കര്‍ണാട് ആ സിനിമയില്‍ ആവിഷ്കരിക്കാന്‍ ശ്രമിച്ചത്.Utsav - Wikipedia

സിനിമയുടെ ആത്യന്തികമായ സാങ്കേതികത എഡിറ്റിങ് ആണെന്നും ‘കട്ട്’ എന്ന വാക്കില്‍ അതിന്‍റെ സാരമുണ്ടെന്നും കര്‍ണാട് നിരീക്ഷിച്ചിട്ടുണ്ട്. സിനിമ ഒരിക്കലേ സംഭവിക്കുന്നുള്ളൂ. നാടകത്തിന്‍റെ സൗന്ദര്യം പരമിതികള്‍ക്കുള്ളില്‍ നിന്ന് ഓരോ അരങ്ങിലും അതു കൈവരിക്കുന്ന വളര്‍ച്ചയാണ്. ഓരോ വേദിയിലും ഒരേ നാടകം പല നാടകങ്ങളായി പുനര്‍ജ്ജനിക്കുന്നു.
പ്രിയപ്പെട്ട കര്‍ണാട്.. മകനില്‍ നിന്ന് യൗവനം കടംകൊണ്ട യയാതിയുടെ കഥ ഒരു നാടകപ്പുഴയായി താങ്കളില്‍ നിന്നു പ്രവഹിക്കുകയായിരുന്നല്ലോ. പുരുവില്‍ നിന്നു കടം വാങ്ങിയ ജീവിതത്തിന്‍റെ ആ വസന്തനദി ഇപ്പോഴും ഇവിടെ ഒഴുകുന്നുണ്ട്. അതിന് ഒഴുകിപ്പരക്കാന്‍ ഒരുപാടു സമതലങ്ങള്‍ ഇന്‍ഡ്യന്‍ പ്രേക്ഷകരുടെ ഹൃദയങ്ങളിലുണ്ട്. കാരണം അത് നാടകമാണ്. യവനിക ഉയര്‍ന്നിട്ടേയുള്ളൂ.. അങ്ങയുടെ നാടകങ്ങള്‍ക്കുവേണ്ടി എവിടെയെങ്കിലും ഒരരങ്ങ് എപ്പോഴും ഉണര്‍ന്നിരിക്കുന്നുണ്ടാകും.
ജീവിതം അവസാനിച്ചേക്കാം.. പക്ഷേ, നാടകം തുടര്‍ന്നേ പറ്റൂ..
ദി ഷോ മസ്റ്റ് ഗോ ഓണ്‍..

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles