ചങ്ങമ്പുഴ കൃഷ്ണപിള്ള
(10 ഒക്‌റ്റോബര്‍ 1911- 17 ജൂണ്‍ 1948)
ഞാനുമെന്‍ പ്രേമവും മണ്ണടിയും
പ്രേമമേ നീയും പിരിഞ്ഞു പോകും
അന്നു നാം മൂവരുമൊന്നു പോലീ-
മന്നിനൊരോമന സ്വപ്‌നമാകും
–ചങ്ങമ്പുഴ കൃഷ്ണപിള്ള
മലയാളത്തിലെ ഏറ്റവും ജനകീയനായ കവികളിലൊരാളായിരുന്നു ചങ്ങമ്പുഴ. ജീവിച്ചിരിക്കെത്തന്നെ അദ്ദേഹം സമകാലിക കവികള്‍ക്കിടയില്‍ താരപദവി നേടി – അതും കലാലയ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍. അടിമുടി കാല്പനികനായിരുന്നു ചങ്ങമ്പുഴ. ഇന്‍ഡ്യന്‍ സാഹിത്യവും പാശ്ചാത്യസാഹിത്യവും അദ്ദേഹത്തെ ഒരുപോലെ സ്വാധീനിച്ചിരുന്നു. ലളിതവും അനര്‍ഗ്ഗളവുമായ കാവ്യഭാഷയില്‍ അദ്ദേഹം സമൃദ്ധമായി എഴുതിയതെല്ലാം വലിയ നിരൂപകര്‍ക്കും സാധാരണക്കാരായ വായനക്കാര്‍ക്കും ഒരുപോലെ പ്രിയങ്കരമായി. ഒരുപാടു യുവകവികളെ ഒരു ബാധപോലെ ചങ്ങമ്പുഴ സ്വാധീനിച്ചു. അദ്ദേഹത്തിന്റെ ശൈലിയില്‍ എഴുതുന്ന നിരവധിപ്പേര്‍ കേരളത്തിലങ്ങോളമിങ്ങോളമുണ്ടായിരുന്നു. ഒരു ലഹരി പോലെ പടര്‍ന്ന ഈ സ്വാധീനം അപകടകരമാണെന്നു കണ്ട്, “ചങ്ങമ്പുഴ എഴുത്തു നിര്‍ത്തണം” എന്ന് ചില നിരൂപകര്‍ ആവശ്യപ്പെടുക പോലും ചെയ്തു. തികച്ചും വൈയക്തികമായ പ്രമേയങ്ങളാണ് ഭൂരിഭാഗം ചങ്ങമ്പുഴക്കവിതകളിലുമുള്ളത്. മദ്യമടക്കമുള്ള ലൗകിക സുഖഭോഗങ്ങളില്‍ ആവശ്യത്തിലേറെ മുഴുകി ജീവിച്ച കവിയുടെ സര്‍ഗ്ഗസൃഷ്ടികളിലും ഈ അമിത സ്വാതന്ത്ര്യ പ്രഖ്യാപനം പ്രകടമായിരുന്നു.
എന്തുവന്നാലുമെനിക്കാസ്വദിക്കണം
മുന്തിരിച്ചാറു പോലുള്ളൊരീ ജീവിതം
എന്നെഴുതിയ ചങ്ങമ്പുഴ അവനി വാഴ്‌വ് ഒരാഘോഷമാക്കി. പക്ഷേ, രോഗങ്ങള്‍ അദ്ദേഹത്തെ വളരെ വേഗം മരണത്തോടടുപ്പിച്ചു. മുപ്പത്തിയേഴാം വയസ്സില്‍ “നക്ഷത്രങ്ങളുടെ പ്രേമഭാജനം” എന്നു വിശേഷിപ്പിക്കപ്പെട്ട കവി വിടപറഞ്ഞു.
ജീവിതം ജീവിതം സ്വപ്‌നമാത്രം
കേവലമേതോ നിഴലുമാത്രം
എന്ന വരികള്‍ സ്വന്തം ജീവിതത്തില്‍ ചങ്ങമ്പുഴ അന്വര്‍ത്ഥമാക്കി. വളരെ ഹ്രസ്വമായ ജീവിതകാലത്തിനിടെ ചങ്ങമ്പുഴ കുറിച്ച കവിതകളിലെ ഏതാനും വരികളെങ്കിലും ഏറ്റുചൊല്ലാതെ മലയാള ഭാഷാപഠനം പൂര്‍ത്തിയാകുന്നില്ല. ജീവിതത്തില്‍ പരാജയപ്പെട്ട ഒരു കവിക്ക് സര്‍ഗ്ഗജീവിതത്തില്‍ ലഭിക്കാവുന്ന വലിയ സൗഭാഗ്യങ്ങളിലൊന്നാണത്.
രക്തപുഷ്പം, സ്പന്ദിക്കുന്ന അസ്ഥിമാടം, ബാഷ്പാഞ്ജലി, ഓണപ്പൂക്കള്‍, പാടുന്ന പിശാച്, യവനിക, നിര്‍വാണ മണ്ഡലം, ആരാധകന്‍, രാഗപരാഗം, രമണന്‍, സ്വരരാഗ സുധ തുടങ്ങി നാല്പതിലേറെ കവിതാ സമാഹാരങ്ങള്‍ ചങ്ങമ്പുഴ രചിച്ചു.
ജയദേവന്റെ ഗീതഗോവിന്ദം എന്ന സംസ്‌കൃത കാവ്യം ദേവഗീത എന്ന പേരിലും ഒമര്‍ ഖയ്യാമിന്റെ റുബായിയാത് എന്ന പേഴ്‌സ്യന്‍ കൃതി
മദനോത്സവം എന്ന പേരിലും ചങ്ങമ്പുഴ വിവര്‍ത്തനം ചെയ്തു. കളിത്തോഴി എന്ന നോവലും ചങ്ങമ്പുഴ എഴുതിയിട്ടുണ്ട്. ഉറ്റതോഴനായിരുന്ന ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ അപ്രതീക്ഷിതമായ മരണത്തിന്റെ വേദനയില്‍
എഴുതിയ രമണന്‍ എന്ന കാവ്യം പല തലമുറകളിലെ മലയാളികള്‍ ചൊല്ലിനടന്നു.
ചങ്ങമ്പുഴയുടെ കാലാതിവര്‍ത്തിയായ പ്രസക്തിയെക്കുറിച്ച് പ്രശസ്ത നിരൂപകന്‍ എം കെ സാനു എഴുതി: “കാലത്തെ അതിവര്‍ത്തിച്ചുകൊണ്ട് കാവ്യാസ്വാദക മാനസങ്ങളെ ഇന്നും വശീകരിക്കാന്‍ ആ കവിതയ്ക്കു കഴിയുന്നു. ഒരു കാലഘട്ടത്തിന്റെ ആത്മാവ് അതിലിപ്പോഴും തുടിച്ചു നില്‍ക്കുന്നു. ഇപ്രകാരം നിത്യതയും ക്ഷണികതയും ഇണങ്ങിച്ചേര്‍ന്നൊന്നാകുന്നതു കൊണ്ടാണ് ആ കവിത അനുവാചകരെ അദ്വൈതാമല ഭാവസ്പന്ദിത വിദ്യുന്മേഖലയിലേയ്ക്ക്, അവരറിയാതെ തന്നെ ഉയര്‍ത്തുന്നത്.”
ലിങ്കില്‍ ക്ലിക് ചെയ്യുക
മലയാളത്തിന്റെ പ്രിയകവിതകള്‍ (ചങ്ങമ്പുഴ കൃഷ്ണപിള്ള)
https://greenbooksindia.com/changampuzha-krishnapillai/malayalathinte-priyakavithakal-changampuzha-changampuzha-krishnapillai
തെരഞ്ഞെടുത്തത് പ്രൊഫസര്‍ എം കെ സാനു
രമണന്‍ (ചങ്ങമ്പുഴ കൃഷ്ണപിള്ള)
https://greenbooksindia.com/changampuzha-krishnapillai/ramanan-changampuzha-krishnapillai