ഇ ബാലാനന്ദന്‍
16 ജൂണ്‍ 1924 – 19 ജനുവരി 2009
ഇ ബാലാനന്ദന്റെ ജീവിതം ഇന്‍ഡ്യയിലെ ട്രേഡ് യൂണിയന്‍ പ്രസഥാനത്തിന്റെ ചരിത്രം കൂടിയാണ്. ദരിദ്രനാരായണന്‍മാരായ തൊഴിലാളികളുടെ ജീവിതോന്നമനത്തിനായുള്ള അക്ഷീണ പ്രവര്‍ത്തനങ്ങള്‍ക്കിടെ സ്ഥിതപ്രജ്ഞനായ ഈ കമ്മ്യൂണിസ്റ്റ് നേതാവ് യാതനാപൂര്‍ണ്ണമായ നിരവധി തീക്ഷ്ണാനുഭവങ്ങളിലൂടെ കടന്നുപോയി. കൊടിയ പൊലീസ് മര്‍ദ്ദനങ്ങളും ഒളിവുജീവിതത്തിലെ യാതനകളും ഏറ്റുവാങ്ങി.
1924 ജൂണ്‍ 16 ന് കൊല്ലം ജില്ലയിലെ ശക്തികുളങ്ങരയില്‍ ജനിച്ച ബാലാനന്ദന്‍ സുദീര്‍ഘമായ രാഷ്ട്രീയ ജീവിതത്തിനിടെ ആധുനിക ഇന്‍ഡ്യന്‍ ചരിത്രത്തിലെ പല സുപ്രധാന സംഭവങ്ങള്‍ക്കും സാക്ഷിയായി. കേരള നിയമസഭയിലും ലോക്‌സഭയിലും രാജ്യസഭയിലും അംഗമായിരുന്നു. ഒരു സ്‌കൂള്‍ ഡ്രോപ് ഔട് ആയിരുന്ന ബാലാനന്ദന്റെ പ്രസംഗങ്ങള്‍ നിയമനിര്‍മ്മാണ സഭകളില്‍ കക്ഷിരാഷ്ട്രീയ ഭേദമെന്യേ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
സംഘടനാരംഗത്ത് ഏതു സ്ഥാനം വഹിക്കുന്ന കാലത്തും കീഴാള വര്‍ഗ്ഗത്തോടുള്ള ഉറച്ച പ്രതിദ്ധത അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു. കളമശ്ശേരിയിലെ ഇന്‍ഡ്യന്‍ അലുമിനിയം കമ്പനിയിലെ ജോലി അദ്ദേഹത്തിനു നഷ്ടമായതു തന്നെ സ്വന്തം അഭ്യുന്നതിയേക്കാള്‍ സഹപ്രവര്‍ത്തകരായ തൊഴിലാളികളുടെ അവകാശങ്ങള്‍ക്കു വേണ്ടി ശക്തമായ നിലപാടെടുത്തതു കൊണ്ടാണ്. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തില്‍ നിന്ന് എന്നെന്നേയ്ക്കുമായി പിന്‍മാറാമെന്ന വ്യവസ്ഥയില്‍ ബാലാനന്ദനെ ജോലിയില്‍ തിരിച്ചെടുക്കാന്‍ മാനേജ്‌മെന്റ് തയ്യാറായിരുന്നു. പക്ഷേ ബാലാനന്ദന്റെ നിലപാടില്‍ മാറ്റമുണ്ടായില്ല.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ അഹോരാത്രം മുഴുകിയ ബാലാനന്ദന്‍ സി ഐ റ്റി യു വിന്റെ അഖിലേന്ത്യാ പ്രസിഡന്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ഇ എം എസിനും എ കെ ജി ക്കും ശേഷം സി പി ഐ (എം) ന്റെ പൊളിറ്റ് ബ്യൂറോ അംഗമായ ആദ്യത്തെ മലയാളിയാണ് അദ്ദേഹം. ഇന്‍ഡ്യന്‍ പാര്‍ലമെന്റിനെ പ്രതിനിധീകരിച്ച് ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിച്ചിട്ടുമുണ്ട്, ബാലാനന്ദന്‍.
നടന്നുതീര്‍ത്ത വഴികള്‍ എന്ന ആത്മകഥാ പുസ്തകത്തില്‍
രാഷ്ട്രീയ ജീവിതത്തിലെ കനല്‍വഴികളിലൂടെ കടന്നു വന്ന ഭൂതകാലം ബാലാനന്ദന്‍ ഓര്‍ത്തെടുക്കുന്നു. എക്കാലത്തും പ്രസക്തമായ ഒരു രാഷ്ട്രീയ പാഠപുസ്തകമാണ് ബാലാനന്ദന്റെ ജീവിതകഥ.
2019 ജനുവരി 19 ന് ഇ ബാലാനന്ദന്‍ അന്തരിച്ചു.
ലിങ്കില്‍ ക്ലിക് ചെയ്യുക
നടന്നുതീര്‍ത്ത വഴികള്‍ (ഇ ബാലാനന്ദന്‍)
https://greenbooksindia.com/natannu-theertha-vazhikal-balanandan
My Journey, My Life (E Balanandan) Translated by V Sukumaran
https://greenbooksindia.com/autobiography/my-journey-my-life-balanandan