ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
6 ജൂണ്‍1877-15 ജൂണ്‍ 1949
ഭാരതീയ സാംസ്‌കാരിക പൈതൃകത്തിൻ്റെ അന്തഃസത്തയാണ് ഉള്ളൂരിൻ്റെ കവിതകളുടെ കരുത്ത്. കര്‍ണ്ണഭൂഷണം പോലെയുള്ള ഖണ്ഡകാവ്യങ്ങളില്‍ ഇന്‍ഡ്യന്‍ സംസ്‌കാരത്തോടുള്ള അദ്ദേഹത്തിൻ്റെ ആഭിമുഖ്യം പ്രകടമാണ്.
താനേ താന്‍ വന്നിങ്ങു യാചിച്ചാല്‍പ്പോലും ഞാന്‍
പ്രാണനും ദേഹവും നല്‍കിയേനെ
എന്ന് അദ്ദേഹം കര്‍ണ്ണൻ്റെ ത്യാഗമനോഭാവത്തെ വര്‍ണ്ണിക്കുന്നു. മിസ് കാതറൈന്‍ മേയോ എന്ന അമേരിക്കന്‍ എഴുത്തുകാരി ഇന്‍ഡ്യന്‍ സ്ത്രീത്വത്തെ അപമാനിക്കും വിധം ഒരു പുസ്തകമെഴുതിയപ്പോഴുള്ള ഉള്ളൂരിൻ്റെ പ്രതികരണമാണ് ചിത്രശാല എന്ന കൃതി.
പുരുഷനോടൊപ്പം സ്ത്രീയും സ്വാതന്ത്ര്യം കൈക്കൊള്ളട്ടെ
പേറട്ടെ സീമാദരം രണ്ടു കൂട്ടരും സമം
എന്ന ചിത്രശാലയിലെ വരികളില്‍ ഉള്ളൂരിൻ്റെ സ്ത്രീസങ്കല്പമുണ്ട്.
1877 ജൂൺ 6 ന് ചങ്ങനാശ്ശേരിയിൽ ജനിച്ച ഉള്ളൂർ മലയാളത്തിനു പുറമേ സംസ്കൃതം, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലും അവഗാഹം നേടി. മലയാളത്തിലെ ആധുനിക കവിത്രയങ്ങളിലൊരാളായ ഉള്ളൂര്‍ “ഉജ്ജ്വല ശബ്ദാഢ്യൻ” എന്നാണ് അറിയപ്പെടുന്നത്. സംസ്‌കൃത ഭാഷയിൽ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന ഉള്ളൂരിൻ്റെ ചില കവിതകളില്‍ സാധാരണക്കാരന് പലപ്പോഴും ദുര്‍ഗ്രഹമായ പദപ്രയോഗങ്ങളും ഭാവനകളുമുണ്ടായിരുന്നു. വികാരത്തേക്കാള്‍ ചിലപ്പോള്‍ ബുദ്ധിക്കു പ്രാധാന്യമുണ്ടായിരുന്നു അദ്ദേഹത്തിൻ്റെ കവിതകളില്‍. പാണ്ഡിത്യം പലപ്പോഴും ഉള്ളൂരിൻ്റെ സര്‍ഗ്ഗസൃഷ്ടികള്‍ക്കു മേല്‍ ഒരു പരുക്കന്‍ നിഴലായി പടര്‍ന്നുകിടക്കുന്നു. പക്ഷേ, അത്തരം കവിതകള്‍ മാത്രമായിരുന്നില്ല, ഉള്ളൂരില്‍ നിന്നു മലയാളികള്‍ക്കു ലഭിച്ചത്.
പ്രാവേ പ്രാവേ പോകരുതേ
വാ വാ കൂട്ടിനകത്താക്കാം
എന്ന പ്രശസ്തമായ കുട്ടിക്കവിത എഴുതിയതും ഉള്ളൂരാണ്. ബാലകവിതകളുടെ ഒരു സമാഹാരം തന്നെ അദ്ദേഹത്തിൻ്റേതായുണ്ട്. കുമാരനാശാനെപ്പോലെ സാമൂഹ്യപരിഷ്‌കരണത്തിനു ശക്തി പകര്‍ന്ന കവിതകള്‍ എഴുതിയിട്ടില്ലെങ്കിലും വള്ളത്തോളിനെപ്പോലെ ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമരത്തിൻ്റെ പതാകാവാഹകനായി അറിയപ്പെട്ടിരുന്നില്ലെങ്കിലും ഉള്ളൂരിനുള്ളില്‍ മനുഷ്യസ്‌നേഹിയായ ഒരു കവിയുണ്ടായിരുന്നു എന്ന് വിചാരധാരയിലെ ചില വരികള്‍ സാക്ഷ്യപ്പെടുത്തുന്നു. അതിലെ നീലിപ്പുലക്കള്ളിയെ ഉള്ളൂര്‍ ഇങ്ങനെ വിവരിക്കുന്നു:
തൂവേര്‍പ്പണിത്തുള്ളികള്‍ കൊണ്ടിവള്‍ക്ക്
നെറ്റിത്തടത്തില്‍ വളര്‍മുത്തുപട്ടം
പാടത്തിലെപ്പാഴ്‌ചെളിനീരു കൊണ്ടു
പാടീരപങ്കദ്രവം, എന്തു ചെയ്യാം!
പ്രേമസംഗീതം എന്ന പ്രസിദ്ധമായ കവിത
ഒരൊറ്റമതമുണ്ടുലുകന്നുയിരാം പ്രേമ, മതൊന്നല്ലോ
പരക്കെ നമ്മെ പാലമൃതൂട്ടും പാര്‍വണശശിബിംബം.
ഭക്ത്യനുരാഗദയാദിവപുസ്സപ്പരാത്മചൈതന്യം
പലമട്ടേന്തിപ്പാരിതിനെങ്ങും പ്രകാശമരുളുന്നു
അതിന്നൊരരിയാം നാസ്തിക്യം താന്‍ ദ്വേഷം; ലോകത്തി-
ന്നഹോ! തമസ്സാമതിലടിപെട്ടാലകാലമൃത്യു ഫലം
മാരണദേവതയാമതു മാറ്റും മണവറ പട്ടടയായ്
മടുമലര്‍വാടിക മരുപ്പറമ്പായ്, വാനം നാരകമായ്
എന്നാരംഭിച്ച്
ആഴ്‌വാഞ്ചേരിത്തമ്പ്രാക്കളിലുണ്ടയ്യന്‍ പുലയനിലു-
ണ്ടാദിത്യനിലുണ്ടണുകൃമിയിലുണ്ടതിന്‍ പരിസ്ഫുരണം
അരചര്‍ക്കരചനുമടിമയ്ക്കടിമയുമഭിന്നര്‍, ഉള്ളിലവര്‍-
ക്കതില്‍ക്കൊളുത്തിന തിരിതാന്‍ കത്തുവതന്തഃകരണാഖ്യം
എന്നിങ്ങനെ മുന്നോട്ടു പോകുന്നു.
കർണ്ണഭൂഷണം, പിംഗള, ഭക്തിദീപിക, ചിത്രശാല, കിരണാവലി, താരാഹാരം, തരംഗിണി, മണിമഞ്ജുഷ, ദീപാവലി, കല്പശാഖി, അമൃതധാര തുടങ്ങിയവയാണ് ഉള്ളൂരിൻ്റെ പ്രധാന കാവ്യകൃതികൾ.
കവിതയെഴുതുമ്പോള്‍ പ്രകടമാക്കിയ പാണ്ഡിത്യം ഉള്ളൂര്‍ ഗദ്യസാഹിത്യത്തിലും ഫലപ്രദമായി ഉപയോഗിച്ചു. സൂദീര്‍ഘമായ പഠന ഗവേഷണങ്ങള്‍ക്കു ശേഷം അദ്ദേഹം രചിച്ച കേരള സാഹിത്യ ചരിത്രം എന്ന ഗന്ഥം മലയാളഭാഷയ്ക്ക് ഒരു വലിയ മുതല്‍ക്കൂട്ടാണ്. ഏഴു വോള്യങ്ങളുള്ള ആ ബൃഹദ് ഗ്രന്ഥത്തിൻ്റെ ആദ്യവോള്യം 1957 ലാണ് പ്രസിദ്ധീകരിച്ചത്. സ്വന്തം കൃതികളെപ്പറ്റി അദ്ദേഹം അതില്‍ ഒന്നും തന്നെ എഴുതിയിട്ടുമില്ല.
പാണ്ഡിത്യ പ്രകടനം ഉള്ളൂരിൻ്റെ കവിതകളുടെ ദൗര്‍ബല്യമാണെന്ന് നിരൂപകര്‍ എഴുതിയിട്ടുണ്ടാകാം. പക്ഷേ, അനുകര്‍ത്താക്കളില്ലാത്ത കവിയായിരുന്നു അദ്ദേഹം. കാരണം പാണ്ഡിത്യമുള്ളവര്‍ക്കേ ഉള്ളൂര്‍ രൂപപ്പെടുത്തിയ കവനശൈലി അനുകരിക്കാന്‍ കഴിയൂ. കവിതയില്‍ അത് അസാദ്ധ്യവുമാണ്.