Let the world change you and you can change the world
-Ernesto Che Guevara
ജൂൺ 14: ചെ ഗുവേരയുടെ ജന്മദിനം.
ലോകമെങ്ങുമുള്ള പുരോഗമനവാദികളായ ഇടതുപക്ഷാനുഭാവികള്‍ക്ക് ശുഭപ്രതീക്ഷയുടെ അടയാള നക്ഷത്രമാണ് ഏണസ്റ്റോ ചെ ഗുവേര. അര്‍ജന്റീനയിലെ റൊസാരിയോയില്‍ 1928 ജൂണ്‍ 14 നാണ് ചെ ഗുവേര ജനിച്ചത്. വളരെ ചെറുപ്പം മുതല്‍ക്കേ ആവേശപൂര്‍വ്വം വായിച്ച വിശ്വസാഹിത്യ കൃതികള്‍ ചെ യുടെ ജീവിത വീക്ഷണത്തെയാകെ മാറ്റി മറിച്ചു. പാബ്ലോ നെരൂദയും ഫെഡറിക്കോ ഗാര്‍സ്യയും ഗബ്രിയേലാ മിസ്ത്രലും വാള്‍ട്ട് വിറ്റ്മാനുമടക്കമുള്ള കവികള്‍ അദ്ദേഹത്തെ ആവേശം കൊള്ളിച്ചു.
പിന്നീട് മാര്‍ക്‌സും ജൂള്‍സ് വേണും കമ്യൂവും ഫ്രോസ്റ്റും അദ്ദേഹത്തിൻ്റെ വായനാലോകത്തിലേയ്ക്ക് കടന്നു വന്നു. സമൃദ്ധമായ ഒരു ഹോം ലൈബ്രറി അദ്ദേഹത്തിനുണ്ടായിരുന്നു. വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ച് കുറിപ്പുകളെഴുതുന്ന സ്വഭാവവും ചെ വളര്‍ത്തിയെടുത്തു. പില്‍ക്കാലത്ത് ചെ നടത്തിയ ഐതിഹാസിക യാത്രകളെക്കുറിച്ച് ലോകമറിയാനിട വന്നത് അദ്ദേഹത്തിൻ്റെ ഡയറിക്കുറിപ്പുകളിലൂടെയാണ്.
ചെ യുടെ യാത്രകള്‍ രാഷ്ട്രീയാന്വേഷണങ്ങളായിരുന്നു. ദേശത്തെയും ദേശവാസികളെയും അറിയാനുള്ള യാത്രകൾ. ഓരോ യാത്രയും ഓരോ ചരിത്ര ദൌത്യമായിരുന്നു. മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരിക്കെ 1950 ലായിരുന്നു ചെയുടെ ആദ്യത്തെ ദീര്‍ഘയാത്ര. അര്‍ജൻ്റീനയുടെ വടക്കന്‍ മേഖലയിലൂടെ 4500 കിലോമീറ്ററോളം അദ്ദേഹം സൈക്കിളില്‍ യാത്ര ചെയ്തു. അടുത്ത വര്‍ഷത്തെ യാത്ര കുറച്ചുകൂടി വിപുലവും ദീർഘവുമായിരുന്നു. സുഹൃത്ത് ആല്‍ബര്‍ട്ടോ ഗ്രനേഡോയുമൊത്ത് ഒരു വര്‍ഷത്തോളം ലാറ്റിനമേരിക്കയാകെ മോട്ടോര്‍ സൈക്കിളില്‍ നടത്തിയ ആ യാത്ര ചെ ഗുവേര എന്ന വിപ്ലവകാരിയെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കു വഹിച്ചു. കര്‍ഷകരുടെയും ഖനിത്തൊഴിലാളികളുടെയും ദുരിത ജീവിതം നേരിട്ടു കണ്ടു. കുഷ്ഠരോഗികള്‍ക്കൊപ്പം താമസിച്ച് അവരെ ചികിത്സിച്ചു.
ഈ യാത്ര അവസാനിക്കുമ്പോഴേയ്ക്ക് ഏണസ്‌റ്റോ ചെ ഗുവേരയുടെ രാഷ്ട്രീയമനസ്സ് ഏതാണ്ട് സജ്ജമായിക്കഴിഞ്ഞിരുന്നു. സ്വന്തം ഭൂഖണ്ഡത്തിൻ്റെ ആത്മാവിലൂടെ നടത്തിയ ഈ നീണ്ട യാത്രയുടെ രേഖകളാണ് മോട്ടോര്‍സൈക്കിള്‍ ഡയറീസ് എന്ന പുസ്തകം. വാള്‍ട്ടര്‍ സെലസ് എന്ന സംവിധായകന്‍ പിന്നീട് ഈ പുസ്തകത്തെ ആസ്പദമാക്കി ഒരുക്കിയ സിനിമ എക്കാലത്തെയും മികച്ച ഒരു റോഡ് മൂവി ആണ്.
ഫിഡല്‍ കാസ്‌ട്രോയുമായുള്ള സൗഹൃദം ചെ ഗുവേരയുടെ രാഷ്ട്രീയ ജീവിതത്തെ വഴിതിരിച്ചു വിട്ടു. ക്യൂബയിലെ സ്വേച്ഛാധിപതിയായിരുന്ന ബാറ്റിസ്റ്റയ്‌ക്കെതിരെ പോരാടാന്‍ 1956 ല്‍ ഗ്രാന്‍മ എന്ന പായ്ക്കപ്പലില്‍ ചെ യാത്ര തിരിച്ചു. വിപ്ലവം വിജയിച്ചു. ചെ ക്യൂബന്‍ സര്‍ക്കാരില്‍ സുപ്രീം പ്രോസിക്യുട്ടറായി.1965-ല്‍ കോംഗോയിലേയ്ക്കും പിന്നീട് ബൊളീവിയയിലേയ്ക്കും വിപ്ലവദൗത്യവുമായി ചെ ഗുവേര യാത്ര പുറപ്പെട്ടു. ബൊളീവിയയില്‍ വെച്ച് സി.ഐ.ഐ. യുടേയും അമേരിക്കന്‍ ഐക്യനാടുകളിലെ സൈന്യത്തിൻ്റെ പ്രത്യേക സേനയുടേയും സഹായത്തോടെയുള്ള ആക്രമണത്തില്‍ ചെ ഗുവേര അറസ്റ്റിലായി. 1967 ഒക്ടോബര്‍ 9 ന് ബൊളീവിയന്‍ സൈന്യം വാലിഗ്രനേഡിനടുത്തുള്ള ലാ ഹിഗ്വേരയില്‍ വെച്ച് അദ്ദേഹത്തെ വധിച്ചു. വിചാരണ കൂടാതെയുള്ള ആ വധം ആസൂത്രിതമായ രാഷ്ട്രീയ കൊലപാതകം തന്നെയായിരുന്നു.
കൊലപാതകം കൊണ്ട് ഇല്ലാതാക്കാനാകുന്നതല്ല ചെ ഗുവേരയുടെ രാഷ്ട്രീയ പ്രസക്തിയെന്ന് കാലം തെളിയിച്ചു. ഒരു വിപ്ലവപ്രതീകമായി മാത്രമല്ല, ആവേശം തുള്ളിത്തുളുമ്പുന്ന യുവത്വത്തിൻ്റെ ബിംബമായും ചെ ഗുവേര ലോകമെമ്പാടും നിറഞ്ഞു നില്‍ക്കുന്നു.
ലിങ്കിൽ ക്ലിക് ചെയ്യുക
പാതയിലേയ്ക്ക് വീണ്ടും (ഏണസ്റ്റോ ചെ ഗുവേര)
https://greenbooksindia.com/ernesto-che-guevara/pathayilekku-veendum-ernesto-che-guevara
ആഫ്രിക്കൻ സ്വപ്നം (ഏണസ്റ്റോ ചെ ഗുവേര)
https://greenbooksindia.com/ernesto-che-guevara/african-swapnam-ernesto-che-guevara