Thursday, November 21, 2024

കൊല്ലി പി വത്സലയുടെ പുതിയ കഥാസമാഹാരം – വയനാടൻ  ജീവിതതിന്റെ ബാക്കി പത്രങ്ങൾ

കൂമൻ കൊല്ലിയിലെ ചുവന്ന വീട് എന്ന കഥാ സമാഹാരത്തിൽ നിന്ന് 
ചുവന്ന വീട്, ചുവപ്പല്ല. മണ്‍പുറ്റിന്റെ നിറം. ചെമ്മണ്ണ് നിറമാര്‍ന്ന ഇഷ്ടികയും ഓടും ചേര്‍ത്തു നിര്‍മ്മിച്ച ഒരു ഭവനം. കരിമലക്കാടിന്റെ നേരഭിമുഖം. പടിഞ്ഞാറു നോക്കി. സൂര്യന്‍ പുറകുവശത്ത് ബ്രഹ്മഗിരിയുടെ കൊടുമുടിയില്‍ പടികേറിയെത്തും. തണുത്ത പ്രഭാതങ്ങളില്‍ കരിമ്പടം തച്ചുറങ്ങുന്ന വേനലിന്റെ സുഖസമൃദ്ധിയിലേക്ക് കനിവിന്റെ പ്രകാശം ചൊരിയും.
ഞങ്ങള്‍ കുടിയേറി ഒരു വേനല്‍ക്കൂട് പണിയിക്കുമ്പാഴും കൂമന്‍ കൊല്ലി പടിഞ്ഞാറുണ്ട്. തിരുനെല്ലിപ്പെരുമാള്‍ എന്ന ദൈവം കൂമന്‍ കൊല്ലിയിലെ കാട്ടിരുളിനെ നോക്കി ചിന്താമഗ്നനായി നില്ക്കുന്നേരം, വനഗര്‍ഭത്തില്‍ നിന്നു രാവില്‍ പറന്നെത്തി ഞങ്ങളുടെ കൂരയ്ക്കുമേല്‍ കുട ചൂടി നില്ക്കുന്ന വനവൃക്ഷത്തില്‍ ചേക്കേറാതെ, ബുദ്ധിപൂര്‍വ്വം കാര്‍ഷെഡിനു മേല്‍ ഒരു ഈട്ടിമരത്തിന്റെ ഉച്ചിക്കു താഴെ ഹൃദയഭാഷണം നടത്തും. അന്നേരം ഗ്രാമം കാതോര്‍ത്തു ഉറക്കത്തില്‍ മയങ്ങി വീഴും.
വളരെ രസകരമാണ് കൂമദമ്പതികളുടെ പ്രണയസല്ലാപവും തുടര്‍ന്നുള്ള വാക്കേറ്റവും. അവരുറങ്ങും മുമ്പ് ഞങ്ങള്‍ ഗാഢനിദ്രയില്‍ വീഴും. കോഴിക്കോടു നഗരഭവനത്തിലെ വേനല്‍വറവില്‍ നിന്നു രണ്ടു മാസമെങ്കിലും അവധിയെടുത്ത് ഒളിച്ചു പോരുന്നവര്‍. കരിമ്പടം പുതയ്ക്കണം ഇവിടെ ചില മൂടല്‍ദിനങ്ങളില്‍. ഒരു സൈ്വറ്റര്‍ കൂടി ആവാം. ഹോളോ ബ്രിക്‌സില്‍ പൂര്‍ണ്ണമായും നിര്‍മ്മിച്ച വനത്തില്‍, അമ്മയുടെ മാറിന്റെ ഇളംചൂടാണ്. ഒരൊറ്റ അര്‍ഘനിദ്രയില്‍ പൊന്‍വെയില്‍ നിറഞ്ഞു തൂവുന്ന കുളം കാണാം. കാട് പിടിച്ച്, കാട്ടുകിളികള്‍ക്ക് കളിനിലമായി മാറുന്ന പഴയകുളം. പഴയ ഉടമയുടെ. അത് വാങ്ങുന്നവര്‍ കുളത്തെ കൈവെടിയുമെന്ന് നങ്ങേമയുടെ പൗത്രനായ പഴയ ഉടമയ്ക്ക് അറിയാമായിരുന്നു.
ഈ കുളം മുമ്പ്, അര നൂറ്റാണ്ടിന്നപ്പുറം നങ്ങേമയുടെ സ്വന്തം കുളമായിരുന്നു. ഈ മേട്ടില്‍ അവരുടെ കളപ്പുര. കൃഷിക്കെത്തുമ്പോള്‍ തങ്ങാനൊരിടം.
വീടിന്നുമ്മറം പണിതില്ല. വാതില്‍ തുറന്നിറങ്ങുന്നത് പുഴയിലെ കവിടിക്കല്ലു നിരത്തിയ മുറ്റത്തേക്ക്. ഞങ്ങളുടെ അഭാവത്തില്‍, പുകയില്ലാത്തടുപ്പിന്റെ ഗര്‍ഭത്തില്‍ സ്വന്തം ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് മെത്ത വിരിക്കുന്ന അണ്ണാനമ്മയുടെ സാമര്‍ത്ഥ്യം ഈ നാട്ടിലെ ഗോത്രമനുഷ്യര്‍ക്കു പോലും ഇല്ല.
കഴിഞ്ഞ വേനലില്‍ ശാന്തമായ അവധിദിനങ്ങള്‍ ചെലവഴിക്കാന്‍, നട്ടുച്ചയോടടുത്ത നേരം വീടെത്തി. മുന്‍കതകു താക്കോലിട്ടു തുറന്നു. അകത്തു കേറും മുമ്പ് അടുപ്പുതൊട്ടിലിന്റെ തണുപ്പില്‍ നിന്ന് ഒരു അമ്മയണ്ണാന്‍ കാലുകള്‍ക്കിടയിലൂടെ പുറത്തേക്കു പാഞ്ഞു മറഞ്ഞു. മുറ്റയിറമ്പിലെ കളത്തിന്റെ കുറ്റിക്കാട്ടിലൊളിച്ചു. വള്ളിക്കുടിലില്‍ നിന്നു രണ്ടു കണ്ണുകള്‍ തുറിച്ചുനോക്കുന്നു. ആരാണീ നഗരം മണക്കുന്ന പരദേശികള്‍ എന്ന ചോദ്യത്തോടെ. ”ഒരാഴ്ച ഞങ്ങളിവിടെ കൂടട്ടെ! നീ പിന്നീടു വാ.” അടുക്കളക്കതകിന്റെ പൂട്ടും തുറന്നു. ജന്നലുകളെല്ലാം അടഞ്ഞു തന്നെ കിടക്കുന്നു. അണ്ണാന്‍ കുടുംബം എങ്ങനെ ഇതിനകം കയ്യേറി എന്നായി ചിന്ത. ഒരു പാറ്റയ്‌ക്കോ വണ്ണാത്തനോ കേറിവരാന്‍ പഴുതില്ലാത്തൊരു കുഞ്ഞുവീട്.”
  (കൂമന്‍കൊല്ലിയിലെ ചുവന്ന വീട് എന്ന കഥയിൽ നിന്ന് ).

കൊല്ലി  എന്ന  സമാഹാരത്തിലേറെ   ഒരു കഥയുടെ ഭാഗമാണ് എടുത്തു ചേർത്തത് . ഒരു  വലിയ ഇടവേളയ്ക്കു ശേഷം  വത്സല ടീച്ചറുടെ പുതിയ കഥ സമാഹാരം – കൊല്ലി – വായനക്കാരുടെ മുമ്പിലേക്ക് വന്നെത്തുന്നു.

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ജൈവ ബന്ധം
തങ്ങൾ പണികഴിപ്പിച്ച കൊല്ലിയിലെ  ഈ ചുകന്ന വീട്ടിൽ  ഇരുന്നാണ് വയനാടൻജീവിതത്തിന്റ കറ  പുരളാത്ത വൃത്താന്തങ്ങളുടെ കഥകളും നോവലുകളൂം വാർന്നു വീണത് –  മനുഷ്യരുടെ സന്താപനകളുടെയും സന്തോഷങ്ങളുടെയും കഥകൾ .  ഭാഷ സാഹിത്യത്തിലെ അപൂർവ സുന്ദരങ്ങളായ കഥകൾ കൊല്ലിയിലുമുണ്ട് .

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ജൈവബോധത്തെ ഊട്ടിയുറപ്പിക്കുന്ന സാഹിത്യ രചനകളാണ് നമ്മുടെ  സാഹിത്യത്തെയും അതുയർത്തുന്ന ബോധമണ്ഡലത്തെയും എന്നും പ്രകാശ മാനമാക്കുന്നത്. കൂമൻ കൊല്ലിയിലെ ആ ചുകന്ന വീട് ആജൈവ  ബോധത്തിന്റെ പ്രതീകമാണ് . ബാവലി പുഴയും പാപനാശിനിയും തിരുനെല്ലിയും ഒത്തു ചേരുന്ന വയനാടൻ  ജീവിതത്തിന്റെ ഉള്ളറകൾ തിരയുന്നത്.
*****************************************************************

 1938 ഏപ്രിൽ 4-ന്‌ കോഴിക്കോട് ജനനം. ഗവ.ട്രൈനിംഗ് സ്കൂളിൽ പ്രധാന അദ്ധ്യാപികയായിരുന്നു. സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർബോർഡ് അംഗമായിട്ടുണ്ട്. “നെല്ല്” ആണ്‌ വത്സലയുടെ ആദ്യ നോവൽ. ഈ കഥ പിന്നീട് എസ്.എൽ.പുരം സദാനന്ദന്റെ തിരക്കഥയിൽ രാമു കാര്യാട്ട് സിനിമയാക്കി. വൈകാതെ പ്രദർശനത്തിനു എത്തുന്ന “ഖിലാഫത്ത്” എന്ന ചലച്ചിത്രം വൽസലയുടെ ‘വിലാപം’ എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ്‌[6]. “നിഴലുറങ്ങുന്ന വഴികൾ” എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷയായിരുന്നു.[7]
ഒരെഴുത്തുകാരി എന്ന നിലയിൽ വത്സല ടീച്ചറുടെ നിലപാടുകൾ അവർ ഉയർത്തി പിടിച്ചു.
സാറ ജോസഫ് മായും സുഗത കുമാരിയുമായും പുകസയുമായും തന്റെ അഭിപ്രായ വ്യതാസങ്ങൾ പങ്കുവയ്ക്കാൻ  ഒട്ടും മടി  കാണിച്ചില്ല.
ജീവിതത്തിലെ തണുത്ത പ്രഭാതങ്ങളും തിളയ്ക്കുന്ന മധ്യാഹ്നകളും ഇരുണ്ട രാവുകളൂം  പിന്നിട്ടു ടീച്ചർ ഇന്ന് തന്റെ എൺപതുകളിൽ എത്തിനിൽക്കുന്നു . ഭർത്താവു ശ്രീ അപ്പുക്കുട്ടിയുമൊത്തു കോഴിക്കോട്ടു  വിശ്രമജീവിതം . പിന്നിട്ടു  ഭാഷ സാഹിത്യത്തിലെ അപൂർവ സുന്ദരങ്ങളായ കഥകൾക്ക്  ജന്മം കൊടുത്ത കഥാകാരിയുടെ തൂലികയിൽ നിന്നുള്ള ഒഴുക്ക് ഇനിയുംഉണ്ടാകട്ടെ  എന്ന് പ്രത്യാശിക്കാം .

കാട്ടുചോലകള്‍ക്കും കറുത്ത കാടിനും വയലേലകള്‍ക്കും കിളിയമ്മകള്‍ക്കും അവിടത്തെ വിശുദ്ധി നിറഞ്ഞ മനുഷ്യര്‍ക്കും അടിമപ്പെട്ട ഒരു എഴുത്തുകാരിയുടെ മനസ്സ് അനേകം പൊന്‍ചെമ്പകങ്ങളായി ഈ

 കഥകളില്‍ വിരിഞ്ഞു നില്‍ക്കുന്നു. അവിടെ കാട്ടുപന്നികളെ
ഉറക്കമിളച്ചിരുന്ന്

 പ്രതിരോധിക്കുന്ന ഗൃഹനാഥനുണ്ട്. വീട്ടമ്മയാകട്ടെ അടുക്കളയിലെ തീവെളിച്ചത്തില്‍ വിരിഞ്ഞുയര്‍ന്ന ഒരു മെലിഞ്ഞ പിച്ചക പൂപോലെ. ഈ കഥകളിലെ വാങ്മയചിത്രങ്ങള്‍ ഭാഷാസാഹിത്യത്തിലെ തിളക്കങ്ങളാണ്. എന്നാല്‍ കാടിന്റെ പ്രശാന്തത തല്ലിയുടയ്ക്കപ്പെടുകയാണ്. താഴ്‌വരകളും കുന്നുകളുമെല്ലാം മാറുകയാണ്. ചതഞ്ഞരഞ്ഞ ലോറിചക്രങ്ങളുടെ ശബ്ദം. കരിമ്പണവുമായി അവരെത്തുന്നു. താഴ്‌വരകളില്‍ റിസോര്‍ട്ടുകള്‍ നിറയുന്നു. കാട്ടുചോലകളില്‍ നിന്ന് വെള്ളം ഊറ്റുന്നു. മൊട്ടകളായി മാറുന്ന കുന്നുകള്‍. ഒപ്പം സ്ത്രീജീവിതത്തിന്റെ വല്ലായ്മകളും ഒറ്റപ്പെടലും കുറിച്ചിടാന്‍ അവര്‍ മറക്കുന്നില്ല.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles