Thursday, November 21, 2024

ഇക്കല്ലറതന്‍ ചവിട്ടുപടിയിൽ അല്പമിരുന്നു കരയുക…

എനിക്ക് പാട്ടുപാടുവാന്‍ ആഗ്രഹമുണ്ട്; എൻറെ മുരളി തകര്‍ന്നുപോയി – കൂപ്പുകൈ!”
-ഇടപ്പള്ളി രാഘവന്‍ പിള്ള (ആത്മഹത്യാക്കുറിപ്പില്‍ എഴുതിയത്)

 

ദാര്‍ശനികവ്യഥയാണ് ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ കവിതകളുടെ മുഖമുദ്ര. ഒടുങ്ങാത്ത വൈയക്തിക ദുഃഖങ്ങളുടെ ഭാരം ഇറക്കി വയ്ക്കാന്‍ അത്താണികളൊന്നും കാണായ്കയാല്‍ ആത്മഹത്യയില്‍ അഭയം തേടുകയായിരുന്നു അദ്ദേഹം. ഒരു ഭഗ്നപ്രണയം സൃഷ്ടിച്ച കഠിനവേദന ഇടപ്പള്ളിയുടെ ദുര്‍ബ്ബലഹൃദയത്തിന് താങ്ങാനാകുന്നതിലേറെയായിരുന്നു. ഈ ദുരന്ത പ്രണയകഥ ഇടപ്പള്ളിയുടെ ഉറ്റസുഹൃത്തായിരുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ രമണന്‍ എന്ന പ്രസിദ്ധമായ കാവ്യത്തിൻറെ ഇതിവൃത്തമായി.
തീവ്രവൈകാരികത തുളുമ്പിനില്‍ക്കുന്ന, കാല്‍പനികതയ്‌ക്കൊപ്പം മോഹങ്ങളും മോഹഭംഗങ്ങളും വിലാപങ്ങളും നിറഞ്ഞ കവിതകള്‍ കൊണ്ട് ഇടപ്പള്ളി യുവാക്കളായ അനുവാചകരുടെ ഹൃദയം കവര്‍ന്നു. സമകാലീനനായിരുന്ന ചങ്ങമ്പുഴയും മൃദുലകോമള കാന്ത പദാവലികള്‍ നിറഞ്ഞ തരള കാവ്യങ്ങള്‍ കൊണ്ട് ജനപ്രിയത നേടി. ഈ കവികളുടെ പുഷ്‌കലകാലം ഇടപ്പള്ളി പ്രസ്ഥാനത്തിൻറെ അഥവാ ചങ്ങമ്പുഴ പ്രസ്ഥാനത്തിൻറെ കാലഘട്ടമായി സാഹിത്യചരിത്രത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നു.
വളരെക്കുറച്ചു മാത്രം എഴുതിയ ഇടപ്പള്ളിയുടെ കവിതകളില്‍ ശുഭപ്രതീക്ഷയുടെ തിരികളുണ്ടായിരുന്നില്ല. ലോകം മുഴുവന്‍ തനിക്കെതിരെയാണെന്ന ചിന്ത അദ്ദേഹത്തില്‍ വേരുറയ്ക്കാന്‍ കാരണം തിക്തമായ ജീവിതാനുഭവങ്ങളായിരിക്കണം.

എന്തു ഞാന്‍ ചെയ്യുമല്ലാതിന്നോളം വായിച്ചതാം
ഗ്രന്ഥമൊന്നിലും കണ്ടില്ലാനന്ദം ‘മൂന്നക്ഷരം’
എന്ന് ഇടപ്പള്ളി എഴുതിയിട്ടുണ്ട്. ആനന്ദത്തിൻറെ ഒരു കണികപോലും ചുറ്റിനും കാണാന്‍ കഴിയാതിരുന്ന കവി യഥാര്‍ത്ഥത്തില്‍ കൊതിച്ചിരുന്നത് സുഖനിര്‍ഭരമായ ജീവിതനിമിഷങ്ങള്‍ തന്നെയാണ്. കാലം അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോയത് തികച്ചും വിപരീതദിശയിലുള്ള വഴികളിലേയ്ക്കാണെന്നു മാത്രം. 1909 ജൂണ്‍ 30 ന് ജനിച്ച ഇടപ്പള്ളി രാഘവന്‍ പിള്ള ഇരുപത്തിയേഴാം വയസ്സിലാണ് ജീവനൊടുക്കിയത്.

“പ്രവര്‍ത്തിക്കുവാന്‍ എന്തെങ്കിലുമുണ്ടായിരിക്കുക, സ്‌നേഹിക്കുവാന്‍ എന്തെങ്കിലുമുണ്ടായിരിക്കുക, ആശിക്കുവാന്‍ എന്തെങ്കിലുമുണ്ടായിരിക്കുക – ഈ മൂന്നിലുമാണ് ലോകത്തിലെ സുഖം അന്തര്‍ഭവിച്ചിരിക്കുന്നത്. ഇവയിലെല്ലാം എനിക്ക് നിരാശതയാണ് അനുഭവം. എനിക്ക് ഏക രക്ഷാമാര്‍ഗ്ഗം മരണമാണ്. അതിനെ ഞാന്‍ സസന്തോഷം വരിക്കുന്നു.”
എന്ന് ആത്മഹത്യാക്കുറിപ്പില്‍ എഴുതിവച്ച ഇടപ്പള്ളിയെ സമാനമായ രീതിയില്‍ മരണം വരിച്ച റഷ്യന്‍ കവി മയക്കോവ്‌സ്‌കിയുമായി നിരൂപകര്‍ താരതമ്യം ചെയ്തിട്ടുണ്ട്. ജീവിതാനുഭവങ്ങളുടെ അസാധാരണത്വമാണ് തന്നെ പരാജിതനാക്കിയതെന്ന് മയക്കോവ്‌സ്‌കി ആത്മഹത്യാക്കുറിപ്പില്‍ എഴുതി വച്ചിരുന്നു. ഇടപ്പള്ളിയാകട്ടെ ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് മൃത്യുന്‍മുഖമായ രണ്ടു കവിതകള്‍ (മണിനാദം, നാളത്തെ പ്രഭാതം) പ്രസിദ്ധീകരണത്തിനയച്ചിരുന്നു. അദ്ദേഹത്തിൻറെ മരണത്തിനു തൊട്ടടുത്തദിവസം (1936 ജൂലൈ 6) പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ മണിനാദം അച്ചടിച്ചു വന്നു. കേരളത്തെ നടുക്കിയ മരണവാര്‍ത്ത അന്നത്തെ പത്രങ്ങളിലുമുണ്ടായിരുന്നു.
മണിനാദം എന്ന കവിത ഇടപ്പള്ളിയുടെ ആത്മഹത്യാക്കുറിപ്പു തന്നെയാണ്.

മണിമുഴക്കം! മരണദിനത്തിൻറെ
മണിമുഴക്കം മധുരം! – വരുന്നു ഞാന്‍!
ചിരികള്‍ തോറുമെന്‍ പട്ടടത്തീപ്പൊരി
ചിതറിടുന്നോരരങ്ങത്തുനിന്നിനി,
വിടതരൂ, മതി പോകട്ടെ ഞാനുമെന്‍-
നടനവിദ്യയും മൂകസംഗീതവും!

ജീവിതാനന്ദത്തിൻറെ സംഗീത നദിയൊഴുകുന്ന പുല്ലാങ്കുഴല്‍ നഷ്ടപ്പെട്ട കവിസുഹൃത്തിന് ബാഷ്പാഞ്ജലിയര്‍പ്പിച്ചു കൊണ്ട് ചങ്ങമ്പുഴ രമണനില്‍ എഴുതി:

മാനസം കല്ലുകൊണ്ടല്ലാത്തതായുള്ള
മാനവരാരാനുമുണ്ടെന്നിരിക്കുകില്‍
ഇക്കല്ലറതന്‍ ചവിട്ടുപടിയിലൊ-
രല്പമിരുന്നു കരഞ്ഞേച്ചു പോകണേ!
അസ്സൌഹൃദാശ്രുക്കള്‍ കണ്ടുകൊണ്ടെങ്കിലു-
മാശ്വസിക്കട്ടെയൊന്നി പ്രേമഗായകന്‍…

അസഹ്യമായ ജീവിതവേദനയുടെ അരക്കില്ലത്തില്‍ കത്തിത്തീര്‍ന്ന ഇടപ്പള്ളിയോട് മലയാളകവിതയുടെ ഒരു കനല്‍ക്കാലം എന്നും കടപ്പെട്ടിരിക്കുന്നു.

 

 

 

 

 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles