പൂര്‍വ്വ ഭാരതത്തിലെ ഹരിത വനമേഖലകളുടെ പ്രകൃതിസൗന്ദര്യം ഹൃദയത്തിലാവാഹിച്ചു കൊണ്ട് വൈവിദ്ധ്യമുള്ള കഥകള്‍ പറഞ്ഞ പ്രശസ്ത ബംഗാളി സാഹിത്യകാരന്‍ ബുദ്ധദേവ് ഗുഹ (85) വിടവാങ്ങി. കോവിഡ് ബാധ കാരണമുള്ള
ശാരീരികപ്രശ്‌നങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.
1936 ജൂണ്‍ 29 ന് കൊല്‍ക്കത്തയില്‍ ജനിച്ച ഗുഹ ബാല്യകാലം ചെലവഴിച്ചത് ഇപ്പോള്‍ ബംഗ്ലാദേശിന്റെ ഭാഗമായ രംഗ്പൂര്‍, ബരിസാല്‍ ജില്ലകളിലായിരുന്നു. ബാല്യകാലാനുഭവങ്ങളും യാത്രകളും അദ്ദേഹത്തിന്റെ രചനകളെ ആഴത്തില്‍ സ്വാധീനിച്ചു. ഏറെ ജനപ്രിയമായ നോവലുകളും ചെറുകഥകളും രചിച്ച ബുദ്ധദേവ് ഗുഹ നിരൂപകപ്രശംസയും പിടിച്ചുപറ്റി. അറിയപ്പെടുന്ന ബാലസാഹിത്യകാരന്‍ കൂടിയായിരുന്നു ബുദ്ധദേവ്. റിജുദാ, രുദ്ര എന്നീ കഥാപാത്രങ്ങളിലൂടെ അദ്ദേഹം കുട്ടികള്‍ക്കും പ്രിയങ്കരനായി. അറിയപ്പെടുന്ന ഗായകനും ചിത്രകാരനുമായിരുന്ന ബുദ്ധദേവ് പലപ്പോഴും സ്വന്തം പുസ്തകങ്ങളുടെ ചിത്രീകരണം നിര്‍വ്വഹിച്ചിരുന്നു.
ഭര്‍ത്താവിലെ കാട്ടുമൃഗത്തിന് മൃതശരീരം പോലെ വഴങ്ങാന്‍ നിര്‍ബന്ധിതയാകുന്ന കിഷ. മനസ്സിലെ സ്‌നേഹത്തെ നൈമിഷികാനന്ദത്തിനായി ബലി കഴിക്കാന്‍ തയ്യാറല്ലാത്ത അരി എന്ന ജാരന്‍. സ്ത്രീ പുരുഷ ബന്ധത്തിലെ സ്‌നിഗ്ദ്ധതകളും സമസ്യകളും ചര്‍ച്ച ചെയ്യുന്ന നോവലാണ് ജാരന്‍.
ചാര്‍ട്ടേഡ് അക്കൗണ്ടന്റായിരുന്ന ബുദ്ധദേവ് പത്താം വയസ്സില്‍ ഒരു നായാട്ടുകാരനായി. പക്ഷേ, ഒരു വേട്ടക്കാരനെന്നറിയപ്പെടാന്‍ ഒരിക്കലും അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. ബുദ്ധദേവ് എഴുതി: “ഞാന്‍ ഒരു വനചാരിയാണ്, വേട്ടക്കാരനല്ല. ഒരു യഥാര്‍ത്ഥ വനചാരി എപ്പോഴും പ്രകൃതിസ്‌നേഹിയായിരിക്കും. അയാള്‍ ഒരേ സമയം നരവംശ ശാസ്ത്രജ്ഞനും, ജന്തുശാസ്ത്രജ്ഞനും, പക്ഷി ശാസ്ത്രജ്ഞനും സസ്യശാസ്ത്രജ്ഞനുമായിരിക്കും. അയാള്‍ കവിയും സാഹിത്യപ്രേമിയുമായിരിക്കും.”
മധുകരി, കോയലേര്‍ കച്ചേ, ബബ്‌ലി തുടങ്ങി നിരവധി കൃതികള്‍ അദ്ദേഹത്തിന്റേതായുണ്ട്.
ബുദ്ധദേബിന്റെ പത്‌നി, പ്രശസ്ത രബീന്ദ്രസംഗീതജ്ഞയായിരുന്ന റിതു ഗുഹ പത്തു വര്‍ഷം മുന്‍പ് നിര്യാതയായി. മാലിനി, സോഹിനി എന്നിവരാണ് പുത്രിമാര്‍.
ലിങ്കില്‍ ക്ലിക് ചെയ്യുക
ജാരന്‍ (ശ്വേതകേതു) ബുദ്ധദേവ് ഗുഹ
വിവര്‍ത്തനം: ലീലാ സര്‍ക്കാര്‍